നെടുമങ്ങാട് നഗരത്തിൽ തിങ്കളാഴ്ച രാത്രിയുണ്ടായ വൻ തീപിടിത്തത്തിൽ 3.5 കോടിയിലേറെ രൂപയുടെ നാശനഷ്ടമുണ്ടായതായി പ്രാഥമിക വിലയിരുത്തൽ. മാർക്കറ്റ് ജങ്ഷനു സമീപത്തെ കോക്‌ടെയ്‌ൽ ടെക്‌സ്റ്റൈൽസ്, റോജ സിൽക്സ്, ബ്രാൻഡ് ഹൗസ് റെഡിമെയ്ഡ് ഷോപ്പ്, ജെവിഎം മൊബൈൽസ്, കുമാർ ജ്വല്ലറി, സമീപത്തെ വീട് എന്നിവിടങ്ങളിലേക്കാണ് തീ പടർന്നത്.
കോക്‌ടെയ്‌ൽ ടെക്‌സ്റ്റൈൽസ് പൂർണമായും കത്തിനശിച്ചു. ലക്ഷക്കണക്കിന് രൂപയുടെ വസ്ത്രങ്ങൾ, ഇന്റീരിയർ ഡെക്കറേഷൻ, വസ്ത്ര കൗണ്ടറുകൾ, എയർ കണ്ടീഷനറുകൾ എന്നിവ അഗ്നിക്കിരയായി. ഒരുകോടിയിലേറെ രൂപയുടെ നഷ്ടമുണ്ടായതായി ഉടമ അധികൃതരെ അറിയിച്ചു.
റോജ സിൽക്സ് പ്രവർത്തിച്ചിരുന്ന ബഹുനിലമന്ദിരത്തിന്റെ പകുതിയിലേറെയും കത്തിനശിച്ചു. ലക്ഷക്കണക്കിന് രൂപയുടെ വസ്ത്രങ്ങൾ, ക്യാഷ് കൗണ്ടർ, സ്റ്റോർ റൂമുകൾ, ഡെക്കറേഷൻ സാമഗ്രികൾ, എയർ കണ്ടീഷനറുകൾ എന്നിവ നശിച്ചു. രണ്ടുകോടിയിലേറെ രൂപയുടെ നഷ്ടമുണ്ടായതായി ഉടമ പറഞ്ഞു.
ജെവിഎം മൊബൈൽസ് പൂർണമായും കത്തിനശിച്ചു. വിലപിടിപ്പുള്ള മൊബൈൽ ഫോണുകളും അനുബന്ധ സാമഗ്രികളും ഉൾപ്പെടെ അരക്കോടിയോളം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. കുമാർ ജ്വല്ലറിയും പൂർണമായും കത്തി നശിച്ചു. ബ്രാൻഡ് ഹൗസ് റെഡിമെയ്ഡ് ഷോപ്പിലെ ഭൂരിഭാഗം വസ്ത്രങ്ങളും ഫർണിച്ചറും കൗണ്ടറുകളും കത്തിനശിച്ചു. 10 ലക്ഷത്തിലേറെ രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.
ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് ഉദ്യോഗസ്ഥർ ചൊവ്വാഴ്ച സ്ഥലത്തെത്തി പരിശോധന നടത്തി. നെടുമങ്ങാട് ആർഡിഒ കെ.പി. ജയകുമാർ, തഹസിൽദാർ നന്ദകുമാർ എന്നിവർ സ്ഥാപന ഉടമകളുടെ മൊഴിയെടുത്തു. പ്രാഥമിക റിപ്പോർട്ട് കലക്ടർക്ക് കൈമാറി.
കോക്‌ടെയ്‌ൽ ടെക്‌സ്റ്റൈൽസിനു സമീപത്തെ വൈദ്യുത പോസ്റ്റിൽ ചുറ്റിവരിഞ്ഞ നിലയിലുണ്ടായിരുന്ന കേബിളുകൾക്കിടയിൽ ഉണ്ടായ തീപ്പൊരിയാണ് തീപിടിത്തത്തിന് കാരണമായതെന്ന പ്രാഥമിക നിഗമനത്തിലാണ് അധികൃതർ. കൃത്യമായ കാരണം കണ്ടെത്തുന്നതിനായി സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചുവരികയാണ്.
നഷ്ടമുണ്ടായ വ്യാപാരികൾക്ക് ഇൻഷുറൻസ് ക്ലെയിം ചെയ്യുന്നതിനാവശ്യമായ സർട്ടിഫിക്കറ്റുകൾ പരിശോധന പൂർത്തിയായാലുടൻ നൽകുമെന്ന് അഗ്നിരക്ഷാസേനാ സ്റ്റേഷൻ ഓഫീസർ അറിയിച്ചു. ജി.ആർ. അനിൽ എംഎൽഎ, നഗരസഭാ ചെയർമാൻ ആർ. ജയദേവൻ, വ്യാപാരി-വ്യവസായി സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ സ്ഥാപന ഉടമകളെ സന്ദർശിച്ചു.






























