27.7 C
Kollam
Wednesday 22nd July, 2026 | 04:48:03 PM
Home News Breaking News മസ്തിഷ്ക മരണം സംഭവിച്ച കൊല്ലം കോർപ്പറേഷൻ കൗൺസിലർ ബി. അജിത് കുമാറിന്റെ അവയവങ്ങൾ അഞ്ചുപേർക്ക് പുതുജീവനേകും

മസ്തിഷ്ക മരണം സംഭവിച്ച കൊല്ലം കോർപ്പറേഷൻ കൗൺസിലർ ബി. അജിത് കുമാറിന്റെ അവയവങ്ങൾ അഞ്ചുപേർക്ക് പുതുജീവനേകും

കൊല്ലം: മസ്തിഷ്ക മരണം സംഭവിച്ച കൊല്ലം കോർപ്പറേഷൻ കൗൺസിലറും വിദ്യാഭ്യാസ-കായിക സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ ബി. അജിത് കുമാറിന്റെ (53) അവയവങ്ങൾ അഞ്ചുപേർക്ക് പുതുജീവനേകും.
കുരീപ്പുഴ കോനവെട്ടത്ത് വീട് സ്വദേശിയായ അജിത് കുമാർ കൊല്ലം കോർപ്പറേഷന്റെ ഏഴാം ഡിവിഷനെ പ്രതിനിധീകരിക്കുന്ന കൗൺസിലറായിരുന്നു. ജൂലൈ 19-ന് സ്ട്രോക്ക് അനുഭവപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ കൊല്ലത്തെ ട്രാവൻകൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ (മെഡിസിറ്റി) പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച പുലർച്ചെ 1 മണിയോടെ ഡോക്ടർമാർ മസ്തിഷ്ക മരണം സ്ഥിരീകരിച്ചു.
തുടർന്ന് സഹോദരങ്ങളായ സുരേഷ് കുമാറും അജിത് കുമാരിയും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ അവയവദാനത്തിന് സന്നദ്ധത അറിയിക്കുകയായിരുന്നു. അവിവാഹിതനായിരുന്ന അജിത് കുമാറിന്റെ അവയവങ്ങൾ കെ-സോട്ടോയുടെ (Kerala Network for Organ Sharing) മേൽനോട്ടത്തിലാണ് വിവിധ ആശുപത്രികളിലേക്ക് കൈമാറുന്നത്.
കരൾ തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്കും, ഒരു വൃക്ക തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും, മറ്റൊരു വൃക്ക കൊല്ലം ട്രാവൻകൂർ മെഡിസിറ്റി ആശുപത്രിയിലേക്കും നൽകും. ഇരുകണ്ണുകളും തിരുവനന്തപുരം റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താൽമോളജിയിലെ ചികിത്സയിലുള്ള രോഗികൾക്ക് കൈമാറും.
അവയവങ്ങൾ സമയബന്ധിതമായി തിരുവനന്തപുരം ആശുപത്രികളിലെത്തിക്കുന്നതിനായി ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ കൊല്ലത്തുനിന്ന് തിരുവനന്തപുരം വരെ പൊലീസ് ‘ഗ്രീൻ കോറിഡോർ’ ഒരുക്കി.
പൊതുപ്രവർത്തന രംഗത്ത് സജീവ സാന്നിധ്യമായിരുന്ന അജിത് കുമാറിന്റെ അകാലവിയോഗത്തിനിടയിലും, അദ്ദേഹത്തിന്റെ അവയവദാനത്തിലൂടെ അഞ്ചുപേർക്ക് പുതുജീവിതം ലഭിക്കുകയാണ്. മരണാനന്തരവും മനുഷ്യസ്നേഹത്തിന്റെ മഹത്തായ സന്ദേശം പകർന്ന അദ്ദേഹത്തിന് നാടിന്റെ ആദരാഞ്ജലികൾ.

LEAVE A REPLY

Please enter your comment!
Please enter your name here