26.6 C
Kollam
Monday 21st September, 2026 | 08:01:49 PM
Home News Breaking News ലഖ്‌നൗവില്‍ കോച്ചിങ് സെന്ററില്‍ തീപിടിത്തം; 14 പേര്‍ കൊല്ലപ്പെട്ടു

ലഖ്‌നൗവില്‍ കോച്ചിങ് സെന്ററില്‍ തീപിടിത്തം; 14 പേര്‍ കൊല്ലപ്പെട്ടു

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ലഖ്‌നൗവില്‍ അലിഗഞ്ചിലുള്ള മൂന്നുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു. കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന കോച്ചിങ് സെന്ററിലാണ് തീപിടിത്തമുണ്ടായത്. തിങ്കളാഴ്ച വൈകുന്നേരം മൂന്നു മണിയോടെയായിരുന്നു സംഭവം. തീയും കനത്ത പുകയും പടര്‍ന്നതോടെ പരിഭ്രാന്തരായ പല വിദ്യാര്‍ഥികളും ജീവന്‍ രക്ഷിക്കാന്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് ചാടി. ഗുരുതരമായി പരിക്കേറ്റ നിരവധി പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. കൂടുതല്‍ ആളുകള്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്.
അലിഗഞ്ചിലെ ഉഷാ മേത്ത മാര്‍ഗിലുള്ള വാണിജ്യ സമുച്ചയത്തിലാണ് അപകടമുണ്ടായത്. അഗ്‌നിരക്ഷാസേനയുടെ 14 യൂണിറ്റുകളും എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ്, പ്രാദേശിക പൊലീസ് സംഘങ്ങളും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. കെട്ടിടത്തിനുള്ളില്‍ ഉയര്‍ന്ന കനത്ത പുക രക്ഷാപ്രവര്‍ത്തനത്തിന് തുടക്കത്തില്‍ വലിയ വെല്ലുവിളിയുയര്‍ത്തി. തുടര്‍ന്ന് പുക പുറന്തള്ളാനായി വലിയ എക്‌സോസ്റ്റ് ഫാനുകള്‍ സ്ഥാപിക്കുകയും തൊട്ടടുത്ത കെട്ടിടത്തിന്റെ ഭിത്തി തകര്‍ത്ത് അകത്തുകടന്നുമാണ് സേനാംഗങ്ങള്‍ മുറികളില്‍ പരിശോധന നടത്തിയത്. ശുചിമുറിയില്‍ ഉള്‍പ്പെടെ ഒളിച്ചിരുന്ന് ജീവന്‍ രക്ഷിച്ച നിരവധി വിദ്യാര്‍ഥികളെ രക്ഷാപ്രവര്‍ത്തകര്‍ സുരക്ഷിതമായി പുറത്തെത്തിച്ചു. ഹൈഡ്രോളിക് പ്ലാറ്റ്‌ഫോം വാഹനങ്ങള്‍ ഉള്‍പ്പെടെ ഉപയോഗിച്ചാണ് മുകളിലത്തെ നിലകളിലെ തീയണയ്ക്കുന്നത്.
ദുരന്തത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഃഖം രേഖപ്പെടുത്തി. യുദ്ധകാലാടിസ്ഥാനത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്താനും പരിക്കേറ്റവര്‍ക്ക് സാധ്യമായ ഏറ്റവും മികച്ച വൈദ്യസഹായം ഉറപ്പാക്കാനും അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.