Home Blog Page 1393

റെയിൽവേയുടെ അനാസ്ഥ,ചികിത്സ കിട്ടാതെ യാത്രക്കാരൻ മരിച്ചു

കാട്പാടി.സമയത്ത് ചികിത്സ കിട്ടാതെ യാത്രക്കാരൻ മരിച്ചു. തമിഴ് നാട് കാട്പ്പാഡി സ്വദേശി സന്ദീപ് ആണ് മരിച്ചത്.കേരള എക്സ് പ്രസ്‌ (12626)ട്രെയിനിൽ ആണ് സംഭവം. സഹയാത്രികർ അഭ്യര്‍ഥിച്ചിട്ടും 1 മണിക്കൂറിൽ ഏറെ വൈദ്യ സഹായം ലഭിച്ചില്ല. വിജയവാഡ സ്റ്റേഷനിൽ എത്തിയ ശേഷവും ഡോക്ടർ എത്താൻ വൈകിയതായി സഹയാത്രികർ.

ബാലമുരുകൻ രക്ഷപ്പെട്ട സംഭവം,മൂന്ന് തമിഴ്നാട് പോലീസുകാർക്ക് സസ്പെൻഷൻ

തൃശൂര്‍.കുപ്രസിദ്ധ കുറ്റവാളി ബാലമുരുകൻ രക്ഷപ്പെട്ട സംഭവം. മൂന്ന് തമിഴ്നാട് പോലീസുകാർക്ക് സസ്പെൻഷൻ. ബന്ദൽഗുഡി എസ്.ഐ നാഗരാജനടകം മൂന്ന് പേർക്കെതിരെയാണ് നടപടി. പ്രതിയെ കണ്ടെത്താൻ ക്യൂ ബ്രാഞ്ചിനെ ചുമതലപ്പെടുത്തി തമിഴ്നാട് പൊലീസ്. തൃശൂർ വിയ്യൂരിൽ നിന്ന് സ്കൂട്ടർ മോഷ്ട്ടിച്ച് രക്ഷപ്പെട്ടത് ബാലമുരുകൻ എന്ന നിഗമനത്തിൽ കേരള പൊലീസ്

സി എം ആർ എൽ മാസപ്പടി, സിബിഐ അന്വേഷണം വേണമെന്ന ഹർജി ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി.സി എം ആർ എൽ മാസപ്പടി കേസ്. സിബിഐ അന്വേഷണം വേണമെന്ന ഹർജി ഇന്ന് ഹൈക്കോടതിയിൽ. സിബിഐ അന്വേഷണം വേണ്ട എന്ന് മുഖ്യമന്ത്രിയും ടി വീണയും. മടിയിൽ കനമില്ലാത്ത മുഖ്യമന്ത്രി എന്തിന് അന്വേഷണത്തെ ഭയപ്പെടുന്നുവെന്ന് മാത്യു കുഴല്‍ നാടൻ

മെത്താംഫെറ്റാമിനുമായി യുവാവ് അറസ്റ്റിൽ

തിരൂർ.മെത്താംഫെറ്റാമിനുമായി യുവാവ് അറസ്റ്റിൽ. മലപ്പുറം ആദർശ്ശേരി സ്വദേശി സക്കീർ ഹുസൈൻ (43) ആണ് അറസ്റ്റിലായത്.തിരൂർ എക്സൈസ് ആണ് പ്രതിയെ പിടികൂടിയത്.2.2 ഗ്രാം മെത്താംഫെറ്റമിൻ ,കാറ്,മൊബൈൽ ഫോൺ,പണം എന്നിവ പ്രതിയിൽ നിന്ന് കസ്റ്റഡിയിൽ എടുത്തു

കേരളത്തിൽ ഒറ്റയ്ക്ക് മത്സരിക്കാൻ ഡിഎംകെ

ഇടുക്കി.തദ്ദേശ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഒറ്റയ്ക്ക് മത്സരിക്കാൻ ഡിഎംകെ. പീരുമേട് ദേവികുളം താലൂക്കുകളിലെ തമിഴ് ഭൂരിപക്ഷ മേഖലകളിൽ ആയിരിക്കും സ്ഥാനാർത്ഥികളെ ഇറക്കുക. പാർട്ടി ചിഹ്നത്തിൽ തന്നെ മത്സരിക്കുമെന്ന പ്രഖ്യാപനവും നേതാക്കൾ നടത്തിയിട്ടുണ്ട്.


തമിഴ്നാട് അതിർത്തി പങ്കിടുന്ന ഇടുക്കിയിലെ പീരുമേട്, ദേവികുളം താലൂക്കുകളിലെ പഞ്ചായത്തുകളിലാണ് ഡിഎംകെ മത്സരത്തിനിറങ്ങുന്നത്. നിലവിൽ ഉപ്പുതറ പഞ്ചായത്തിൽ ആറു വാർഡുകളിലും, ചിന്നക്കനാൽ പഞ്ചായത്തിൽ അഞ്ചു വാർഡുകളിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. തമിഴ് വോട്ടർമാർ കൂടുതലുള്ള മറ്റ് പഞ്ചായത്ത് വാർഡുകളിലും ഡിഎംകെ കണ്ണു വച്ചിട്ടുണ്ട്. പാർട്ടി പ്രവർത്തനം ശക്തിപ്പെടുത്താൻ മൂന്നാറിലും, ഉപ്പുതറയിലും ഓഫീസ് തുറന്നു.

തമിഴ്നാട് സർക്കാരിൻറെ ആനുകൂല്യങ്ങൾ കേരളത്തിൽ എത്തിക്കാനുള്ള നീക്കങ്ങളും കേരള ഘടകം നേതാക്കൾ തുടങ്ങിയിട്ടുണ്ട്. ഇടുക്കിയിൽ 2000 പാർട്ടി അംഗങ്ങളുമുണ്ട്. കഴിഞ്ഞ ലേക്സഭ തെരഞ്ഞെടുപ്പിൽ ഡിഎംകെ എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇത്തവണ മറ്റു മുന്നണികളൊന്നും പിന്തുണ ആവശ്യപ്പെടാത്തതിലാണ് ഒറ്റക്ക് മത്സരിക്കാൻ തീരുമാനിച്ചത്. 201 5 -ൽ പീരുമേട് പഞ്ചായത്തിൽ എഐഎഡിഎംകെ അംഗമായ എസ് പ്രവീണ വിജയിച്ച ചരിത്രമുണ്ട്.

ഉറക്കം നഷ്ടപ്പെട്ട തലമുറ ; ഇത് വെറും ഉറക്കമില്ലായ്മയല്ല, ആരോഗ്യപ്രതിസന്ധിയാണ്

നിങ്ങൾ ഉറങ്ങറുണ്ടോ ? അതോ രാവിലെ വരെയും ഫോൺ താഴെ വെക്കാൻ കഴിയാതെ കട്ടിലിൽ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നവരിൽ നിങ്ങളും ഉൾപ്പെടുന്നുണ്ടോ? എങ്കിൽ സൂക്ഷിക്കുക. മൊബൈലിൽ ഒതുങ്ങിയ നിങ്ങളുടെ ലോകം ഉറക്കത്തെ മാത്രമല്ല, ആരോഗ്യത്തെയും കവർന്നെടുക്കുകയാണ്.

മറ്റ് തലമുറകളെ അപേക്ഷിച്ച് ജെൻ സി കൾ ഏറ്റവും കൂടുതൽ മൊബൈൽ ഉപയോഗിക്കുന്നവരാണ്. ഉറങ്ങാൻ കിടന്നാലും റീൽസുകളും ഷോട്‌സുകളും കണ്ട് സമയം പോവുന്നതറിയില്ല. ഇതിനെ ശാസ്ത്രം വിളിക്കുന്നത് ‘സ്ലീപ്പ് പ്രോക്രാസ്റ്റിനേഷൻ’ എന്നാണ്. ഉറക്കത്തെ മനഃപൂർവം നാളത്തേക്ക് മാറ്റി വെക്കുന്ന പ്രവണത. രാത്രിയിൽ മൊബൈലിൽ നിന്ന് വരുന്ന നീല വെളിച്ചം, നമ്മുടെ ശരീരത്തെ ഉറക്കത്തിലേക്ക് നയിക്കേണ്ട പ്രധാന ഹോർമോണായ മെലടോണിന്റെ ഉത്പാദനത്തെ പൂർണ്ണമായി തടയുന്നു. ഓരോ നോട്ടിഫിക്കേഷനും, ഓരോ ലൈക്കും നമ്മുടെ മസ്തിഷ്കത്തിലെ ഡോപാമിൻ ലെവൽ കൂട്ടുന്നു. ഇതിലൂടെ ഉറങ്ങേണ്ട സമയത്തും തലച്ചോറ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.

‘ഫോമോ’ എന്ന ‘മാരകവൈറസ്’
‘Fear of Missing Out’ അഥവാ ‘ഫോമോ’ ഇന്ന് ജെൻ സി യെ പിടികൂടിയ ഒരു മാരകവൈറസാണ്. സോഷ്യൽ മീഡിയയിൽ പുതിയതായി എന്തെങ്കിലും ട്രെൻഡ് വന്നിട്ടുണ്ടോ, കൂട്ടുകാർ എന്തു ചെയ്യുന്നു എന്നറിയാനുള്ള ഈ അമിതമായ ആകാംഷയാണ് ഉറക്കത്തെ ഇല്ലാതാക്കുന്നത്. അതുകൂടാതെ Social Media Fatigue എന്ന അവസ്ഥ ഈ തലമുറയെ മാനസികമായി തളർത്തുന്നു. നിരന്തരമായ ‘പോസ്റ്റുകളും’ ‘സ്റ്റാറ്റസുകളും’ കാണുമ്പോൾ സ്വന്തം ജീവിതം മോശമാണെന്ന തോന്നൽ ഉണ്ടാകുന്നു. ഇത് ഉത്കണ്ഠയും വിഷാദവും വർദ്ധിപ്പിക്കുന്നു.

ഉറക്കക്കുറവ് തമാശയല്ല. അത് ഒരു വ്യക്തിയുടെ ആരോഗ്യത്തിന് മൂന്ന് പ്രധാന പ്രശ്നങ്ങളാണ് ഉണ്ടാകുന്നത്

പ്രതിരോധശേഷി കുറയുന്നു, ഹൃദയസംബന്ധമായ രോഗങ്ങൾ വരാനുള്ള സാധ്യത കൂടുന്നു.
കടുത്ത ഉത്കണ്ഠ, വിഷാദം, പെട്ടെന്നുള്ള ദേഷ്യം.
പഠനത്തിലും ജോലിയിലും ശ്രദ്ധക്കുറവ്
ഈ പ്രതിസന്ധിയിൽ നിന്ന് രക്ഷപ്പെടാൻ ഒരു ‘ഡിജിറ്റൽ ഡിറ്റോക്സ്’ എടുക്കേണ്ടത് അത്യാവശ്യമാണ്.

രാത്രി 10 മണിക്ക് ശേഷം ഫോൺ മറ്റ് മുറിയിലേക്ക് മാറ്റുക.
കിടക്ക ഉറങ്ങാൻ വേണ്ടി മാത്രം ഉപയോഗിക്കുക; അവിടെയിരുന്ന് പഠിക്കുകയോ, ജോലി ചെയ്യുകയോ, ഫോൺ ഉപയോഗിക്കുകയോ ചെയ്യരുത്.
കിടക്കും മുമ്പ് പുസ്തകം വായിക്കുക, മെഡിറ്റേഷൻ ചെയ്യുക, അല്ലെങ്കിൽ ശാന്തമായ സംഗീതം കേൾക്കുക.
ഈ മാറ്റങ്ങൾ സമാധാനപരമായ ഉറക്കവും മെച്ചപ്പെട്ട ആരോഗ്യവും നൽകാൻ നിങ്ങളെ സഹായിക്കും.

റെയില്‍വേയില്‍ 2,569 ഒഴിവുകള്‍; നവംബര്‍ 30 വരെ അപേക്ഷിക്കാം, വിശദാംശങ്ങള്‍

വിവിധ സോണുകളിലായി 2,569 ഒഴിവുകളിലേക്ക് വിജ്ഞാപനം പുറത്തിറക്കി റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ്(ആര്‍ആര്‍ബി). ജൂനിയര്‍ എന്‍ജിനീയര്‍ (ജെഇ), ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട് (ഡിഎംഎസ്), കെമിക്കല്‍ & മെറ്റലര്‍ജിക്കല്‍ അസിസ്റ്റന്റ് (സിഎംഎ) എന്നീ തസ്തികകളിലാണ് നിയമനം.

യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ rrbapply.gov.in വഴി 2025 നവംബര്‍ 30 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

യോഗ്യതാ മാനദണ്ഡം
ജൂനിയര്‍ എഞ്ചിനീയര്‍(ജെഇ): സിവില്‍, മെക്കാനിക്കല്‍, പ്രൊഡക്ഷന്‍, ഓട്ടോമൊബൈല്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ്, ഇന്‍സ്ട്രുമെന്റേഷന്‍ & കണ്‍ട്രോള്‍, ടൂള്‍സ് & മെഷീനിങ്, ടൂള്‍സ് & ഡൈ മേക്കിങ്, കമ്പ്യൂട്ടര്‍ സയന്‍സ്, അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ എന്‍ജിനിയറിങ് എന്നിവയില്‍ മൂന്നുവര്‍ഷത്തെ ഡിപ്ലോമയോ ബി.എസ്.സി ബിരുദമോ ഉണ്ടായിരിക്കണം.

ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട് (ഡിഎംഎസ്):എന്‍ജിനിയറിങ്ങില്‍ ഏതെങ്കിലും വിഷയത്തിലുള്ള ത്രിവത്സര ഡിപ്ലോമ.

കെമിക്കല്‍ & മെറ്റലര്‍ജിക്കല്‍ അസിസ്റ്റന്റ് (സിഎംഎ): ഫിസിക്‌സും കെമിസ്ട്രിയും വിഷയങ്ങളായി, കുറഞ്ഞത് 45% മാര്‍ക്കോടെ ബി.എസ്.സി ബിരുദം നേടിയിരിക്കണം.

പ്രായപരിധി
2026 ജനുവരി 1-ന് അപേക്ഷകര്‍ക്ക് 33 വയസ്സ് കവിയരുത്. സംവരണ വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ നിയമങ്ങള്‍ക്കനുസരിച്ച് പ്രായപരിധിയില്‍ ഇളവ് ലഭിക്കും.

തിരഞ്ഞെടുപ്പ് പ്രക്രിയ
കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ (സിബിടി), തുടര്‍ന്ന് രേഖാപരിശോധന, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.

പരീക്ഷാ രീതി

സിബിടി ഒന്നാം ഘട്ടം: 100 മാര്‍ക്കിന്റെ 100 മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങള്‍; സമയം – 90 മിനിറ്റ്.
സിബിടി രണ്ടാം ഘട്ടം: 150 മാര്‍ക്കിന്റെ 150 മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങള്‍; സമയം – 120 മിനിറ്റ്.
രണ്ട് ഘട്ടങ്ങളിലും ഓരോ തെറ്റായ ഉത്തരത്തിനും മൂന്നിലൊന്ന് മാര്‍ക്ക് നെഗറ്റീവ് മാര്‍ക്കായി കുറയ്ക്കും.
ശമ്പള സ്‌കെയില്‍
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് പ്രതിമാസം 35,400 രൂപ മുതല്‍ 1,12,400 രൂപ വരെ ശമ്പളം ലഭിക്കും.

അപേക്ഷാ ഫീസ്
SC/ST, വനിതകള്‍, ട്രാന്‍സ്ജെന്‍ഡര്‍, ന്യൂനപക്ഷ, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗക്കാര്‍ക്ക് അപേക്ഷാ ഫീസ് 250 രൂപയാണ് (സിബിടി ഒന്നാം ഘട്ടത്തില്‍ പങ്കെടുത്താല്‍ ബാങ്ക് ചാര്‍ജുകള്‍ കിഴിച്ച് ഈ തുക തിരികെ നല്‍കും).

മറ്റെല്ലാ ഉദ്യോഗാര്‍ഥികള്‍ക്കും 500 രൂപയാണ് അപേക്ഷാ ഫീസ് (സിബിടി ഒന്നാം ഘട്ടത്തില്‍ പങ്കെടുത്താല്‍ ബാങ്ക് ചാര്‍ജുകള്‍ കിഴിച്ച് 400 രൂപ തിരികെ നല്‍കും).

അപേക്ഷാ ഫീസ് ഓണ്‍ലൈനായി അടയ്ക്കണം. വിശദവിവരങ്ങള്‍ക്കും ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനും ആര്‍ആര്‍ബിയുടെ ഔദ്യോഗിക പോര്‍ട്ടലായ rrbapply.gov.in സന്ദര്‍ശിക്കുക.

തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയം, സിന്തറ്റിക് ട്രാക്കിന് പിടി ഉഷ വാഗ്ദാനം ചെയ്ത 19 കോടി നഷ്ടപ്പെടുത്തി; കേന്ദ്ര മന്ത്രി സുരേഷ് ​ഗോപി

തൃശൂർ: തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ സിന്തറ്റിക് ട്രാക്കിന് പിടി ഉഷ വാഗ്ദാനം ചെയ്ത തുക നഷ്ടപ്പെടുത്തിയെന്ന് കേന്ദ്ര മന്ത്രി സുരേഷ് ​ഗോപി. 19 കോടിയാണ് നഷ്ടപ്പെടുത്തിയത്. പിന്നീട് ഈ തുക കൊണ്ടാണ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് സ്റ്റേഡിയം സിന്തറ്റിക്ക് ട്രാക്ക് ആക്കിയതെന്നും സുരേഷ് ​ഗോപി പറഞ്ഞു. തൃശ്ശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന കോഫി ടൈം പരിപാടിയിലാണ് സുരേഷ് ഗോപിയുടെ ആരോപണം.

സായിയുടെ ഫണ്ട് കൊണ്ടുവരാൻ ശ്രമിക്കുകയാണ്. പക്ഷേ സ്റ്റേഡിയത്തിന്റെ ഡിസൈൻ സായിക്കായിരിക്കും. ഇപ്പോൾ സ്വകാര്യ ഏജൻസികളെ ഏൽപ്പിച്ചാണ് ഗ്രൗണ്ട് നവീകരിക്കുന്നത്. സായിയുടെ ഫണ്ട് വേണ്ട എങ്കിൽ ട്രാക്കും സ്വകാര്യ ഏജൻസികളെക്കൊണ്ട് ചെയ്യിക്കാൻ കോർപ്പറേഷൻ തയ്യാറാവണം. കൊച്ചി മെട്രോ തൃശൂർ ടൗണിൽ വരുമെന്നല്ല പറഞ്ഞത്. പാലിയേക്കര വഴി പാലക്കാടേക്കും കോയമ്പത്തൂരേക്കും വരണമെന്നാണ് പറഞ്ഞത്. അതിനാണ് അവഹേളിച്ചത്. ദില്ലി മെട്രോ ഹരിയാനയിലെത്തി. ഹരിയാനയിലെത്തിയപ്പോഴത് ദില്ലി മെട്രോ അല്ല, ആർആർടി ആയിരുന്നു. ഗുരുവായൂർ പൊന്നാനി ആർആർടിഎസിന് തുരങ്കം വച്ചത് വിഘടനവാദികളാണെന്നും സുരേഷ് ​ഗോപി പറഞ്ഞു.

ഇടുക്കിയും ആലപ്പുഴയുമാണ് ഏറ്റവും അടിതെറ്റിക്കിടക്കുന്നത്. എയിംസ് ഇടുക്കിയിൽ സാധ്യമല്ല. ആലപ്പുഴയാണ് ഏറ്റവും അനുയോജ്യം എന്നാണ് അന്നും ഇന്നും പറയുന്നത്. ആലപ്പുഴയ്ക്ക് എന്തെങ്കിലും കാരണം കൊണ്ട് അനുവദിക്കുന്നില്ലെങ്കിൽ അത് തൃശ്ശൂരിന് തന്നെ വേണം. ആലപ്പുഴയ്ക്ക് കിട്ടിയില്ലെങ്കിൽ തൃശ്ശൂരിൽ തന്നെ എന്നു പറയും. ഒരു പോരാളിയെ പോലെ നിങ്ങൾക്കൊപ്പം നിന്ന് പോരാടും. 2029 എംയിംസിന്റെ തറക്കല്ലിടാതെ വോട്ട് അഭ്യർത്ഥിച്ചു വരില്ല. 2029 എംയിംസിന്റെ തറക്കല്ലിടാതെ വോട്ട് അഭ്യർത്ഥിച്ചു വരില്ല. കോർപ്പറേഷൻ സ്റ്റേഡിയ നവീകരണം സ്വകാര്യ ഏജൻസിയെ ഒഴിവാക്കാൻ രണ്ടു കോടി മടക്കി നൽകാം. 20 പേർ അതിന് തയ്യാറായാൽ മതി. അതിൽ ഒരു വിഹിതം താൻ നൽകാം. തൃശ്ശൂരുകാർ എംപിയുടെ നേതൃത്വത്തിൽ ധനശേഖരണം നടത്തും. ബിജെപിയുടെ കൗൺസിൽ ആണ് എത്തുന്നതെങ്കിൽ കോർപ്പറേഷൻ സ്റ്റേഡിയത്തിന്റെ കാര്യത്തിൽ തീരുമാനമെടുത്തില്ലെങ്കിൽ അവരുടെ നടുവൊടിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.

രാഹുലിന്‍റെ ‘എച്ച്’ ബോംബ് ബിഹാർ ജനതയുടെ മനസ് ഇളക്കുമോ? തേജസ്വിക്കടക്കം നിർണായകമായ ആദ്യ ഘട്ട വിധി ഇന്ന്; 18 ജില്ലകളിലെ 121 മണ്ഡലങ്ങളിൽ

പട്ന: ബിഹാറിൽ ആദ്യ ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. 18 ജില്ലകളിലെ 121 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്. ഇന്ത്യ സഖ്യത്തിന്‍റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി തേജസ്വി യാദവ്, ഉപമുഖ്യമന്ത്രിമാരായ വിജയ് സിൻഹ, സമ്രാട്ട് ചൗധരി തുടങ്ങിയവരുടെ സീറ്റുകളാണ് ആദ്യ ഘട്ടത്തിലെ ശ്രദ്ധാകേന്ദ്രങ്ങൾ. കഴിഞ്ഞതവണ ഈ സീറ്റുകളിൽ 60 എണ്ണം വിജയിക്കാൻ ഇന്ത്യ സഖ്യത്തിന് കഴിഞ്ഞിരുന്നു. 59 സീറ്റുകളിലാണ് കഴിഞ്ഞതവണ എൻ ഡി എ വിജയിച്ചത്. രണ്ട് സീറ്റുകൾ മറ്റുള്ളവർക്കും കിട്ടി. അതുകൊണ്ട് കഴിഞ്ഞ തവണത്തെ മുൻതൂക്കം നിലനിർത്തുക എന്നത് ബീഹാറിലെ അധികാര വഴിയിൽ 20 കൊല്ലത്തിന് ശേഷം തിരിച്ചെത്താൻ ശ്രമിക്കുന്ന ആർ ജെ ഡിക്ക് ഏറെ നിർണായകമാണ്.

മറുവശത്ത് എൻ ഡി എയും അരയും തലയും മുറുക്കി രംഗത്തുണ്ട്. 18 മന്ത്രിമാർ ഇന്ന് ജനവിധി തേടുന്നുണ്ട് എന്നത് എൻ ഡി എ സഖ്യത്തെ സംബന്ധിച്ചടുത്തോളം നിർണായകമാണ്. തലസ്ഥാനമായ പറ്റ്നയിലും ഇന്നാണ് വോട്ടെടുപ്പ്. പറ്റ്ന അടക്കമുള്ള എല്ലായിടത്തും കനത്ത സുരക്ഷാ സന്നാഹം ഏർപ്പെടുത്തിയിരിക്കുകയാണ്. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്നലെ പുറത്തുവിട്ട ‘എച്ച്’ ബോംബ് ആരോപണങ്ങൾ ബിഹാർ ജനതയുടെ മനസിനെ എങ്ങനെ സ്വാധീനിക്കും എന്നത് കണ്ടറിയണം.

രാഹുൽ ഗാന്ധിയുടെ ‘എച്ച്’ ബോംബ് ആരോപണം

ഹരിയാനയിൽ ബി ജെ പി അധികാരത്തിലെത്തിയത് വോട്ടർ പട്ടികയിൽ വ്യാപക വോട്ട് ക്രമക്കേട് നടത്തിയെന്നാണ് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചത്. 25 ലക്ഷത്തിലധികം കള്ളവോട്ട് നടന്നുവെന്നാണ് തെളിവുകൾ നിരത്തിയുള്ള വാർത്ത സമ്മേളനത്തിലെ ആരോപണം. ഹരിയാനയിൽ പോൾ ചെയ്തതിൽ എട്ടിൽ ഒന്നും കള്ളവോട്ടാണെന്നാണ് രാഹുലിന്‍റെ വാദം. ബ്രസീലിയൻ മോഡലിന്‍റെ ഫോട്ടോ ഉപയോഗിച്ച് പത്ത് ബൂത്തിലായി 22 വോട്ട് ചെയ്തെന്നും തെളിവുകൾ നിരത്തി രാഹുൽ ആരോപിച്ചു. ബ്രസീലിയൻ മോഡലിന്‍റെ ഫോട്ടോ ഉപയോഗിച്ച് സീമ, സ്വീറ്റി, സരസ്വതി എന്നിങ്ങനെ പേരുകളിൽ പത്ത് ബൂത്തിലായാണ് 22 വോട്ട് ചെയ്തത്. ഒരു സ്ത്രീ 223 തവണ വോട്ട് ചെയ്തു. ഈ തെളിവുകൾ കണ്ടെത്താതിരിക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ സി സി ടിവി ഫുട്ടേജുകൾ നൽകാത്തതെന്നും രാഹുൽ അഭിപ്രായപ്പെട്ടു.

സ്ത്രീ വോട്ടുകൾ നിർണായകം

സ്ത്രീകളുടെ പിന്തുണ നിതീഷ് കുമാറിന് കിട്ടുന്നു എന്ന റിപ്പോർട്ടുകൾക്കിടെ കൂടുതൽ വാഗ്ദാനങ്ങളുമായി തേജസ്വി യാദവ് രംഗത്തെത്തിയത് ആർ ജെ ഡിക്ക് ഗുണമാകുമോ എന്നത് കണ്ടറിയണം. എന്നാൽ വോട്ടെടുപ്പ് നടക്കാൻ പോകുന്ന ഇന്നും പതിനായിരം രൂപ അക്കൗണ്ടുകളിലേക്ക് നൽകുന്നത് സർക്കാർ തുടരുന്നു എന്നത് ഗുരുതരമായ ചട്ടലംഘനമാണെന്നാണ് ആർ ജെ ഡി ചൂണ്ടിക്കാട്ടുന്നത്. ഇക്കാര്യത്തിൽ ഇന്ത്യ സഖ്യം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുമുണ്ട്. ബീഹാറിൽ ഇത്തവണ ആദ്യമായി മത്സരരംഗത്തുള്ള പ്രശാന്ത് കിഷോറിന്‍റെ ജൻ സുരാജ് പാർട്ടി നേടുന്ന വോട്ടുകൾ പ്രധാനമാകും. അതേസമയം യുവാക്കളുടെ പിന്തുണയിലൂടെ മാറ്റം കൊണ്ടുവരാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യാ സഖ്യവും തേജസ്വി യാദവും രാഹുൽ ഗാന്ധിയും.

അതീവ സുരക്ഷ

അതേസമയം ജൻ സുരാജ് പ്രവർത്തകന്‍റെ കൊലപാതകത്തെ തുടർന്ന് മൊകാമയിലെ ജെ ഡി യു സ്ഥാനാർത്ഥി ആനന്ദ് സിംഗ് അറസ്റ്റിലായ പശ്ചാത്തലത്തിൽ സംസ്ഥാനത്തുടനീളം സുരക്ഷ കൂട്ടിയിട്ടുണ്ട്. ജെ ഡി യു സ്ഥാനാർത്ഥി ആനന്ദ് സിംഗ് അറസ്റ്റിലായത് ആയുധമാക്കിയുള്ള പ്രചരണമാണ് അവസാന ഘട്ടത്തിൽ മഹാ സഖ്യം ശക്തമാക്കിയത്. ജൻസുരാജ് പ്രവർത്തകന്റെ കൊലപാതകത്തിൽ കഴിഞ്ഞ ദിവസം രാത്രി വീട്ടിൽ കയറിയാണ് ജെ ഡി യു സ്ഥാനാർത്ഥി ആനന്ദ് സിംഗിനെ അറസ്റ്റ് ചെയ്തത്. അതേസമയം ദേശീയ രാഷ്ട്രീയത്തെ ഏറെ സ്വാധീനിക്കാൻ പോകുന്ന ബീഹാറിലെ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള മുതിർന്ന നേതാക്കളെ എല്ലാം ഇറക്കിയാണ് ബി ജെ പി ഇത്തവണ പ്രചാരണ രംഗം ഇളക്കിമറിച്ചത്. സംസ്ഥാനത്തെ ഫലം കേന്ദ്രഭരണത്തിലും ചലനങ്ങൾക്ക് ഇടയാക്കിയേക്കാമെന്നതാണ് പ്രധാന കാരണം.

റഷ്യൻ പരീക്ഷണം: ലോകം വീണ്ടും ആണവപ്പന്തയത്തിലേക്കോ?

ആണവായുധ ഭീഷണി ഇടക്കിടെ മുഴക്കുന്ന റഷ്യൻ പ്രസിഡന്‍റ് ഇത്തവണ അത് പരീക്ഷണം വരെയെത്തിച്ചു എന്ന് റിപ്പോർട്ട്. ഇല്ലെന്ന് പുടിൻ പറയുന്നത് വെറും സാങ്കേതികത്വം മാത്രമാണ്. അതോടെ അമേരിക്കയും ഇളകി. 33 വർഷത്തെ മൊറട്ടോറിയം അവസാനിപ്പിച്ച് അണ്വായുധ പരീക്ഷണം തുടങ്ങാനാണ് പ്രസിഡന്‍റ് ട്രംപിന്‍റെ ആഹ്വാനം. അതെത്രമാത്രം ഗൗരവത്തിലെടുക്കണമെന്ന് വ്യക്തമായിട്ടില്ല. പിന്നെയുമൊരു ആണവപന്തയമാണോ വരാൻ പോകുന്നതെന്ന ആശങ്ക ചിലർക്കെങ്കിലുമുണ്ട്.

റഷ്യൻ പരീക്ഷണം

റഷ്യ പരീക്ഷിച്ചത് പോസിഡോൺ (Poseidon) ആണ്. ആണവ പോർമുനയുള്ള ആണവോർജ്ജത്തിൽ പ്രവർത്തിക്കുന്ന അത്യുഗ്ര ശേഷിയുള്ള ഡ്രോൺ. അന്തർവാഹിനികളേക്കാൾ വേഗത്തിൽ സഞ്ചരിക്കാനും ഏതുരാജ്യം വരെയുമെത്താനും കഴിവുള്ളതെന്നാണ് പുടിൻ വിശദീകരിക്കുന്നത്. ഒരു വിധത്തിലും കണ്ടെത്താനോ തടയാനോ ആവാത്തതെന്ന് വിശേഷിപ്പിച്ച പ്രസിഡന്‍റ് രണ്ടുകാര്യങ്ങൾ കൂട്ടിച്ചേർത്തു. അടുത്ത ഭാവിയിലൊന്നും ഇതുപോലൊന്ന് പ്രത്യക്ഷപ്പെടില്ലെന്നും ഒരു രാജ്യത്തിനും പോസിഡോണിനെ വെല്ലുവിളിക്കാനാവില്ലെന്നും.

അധികാരവും സ്വർണ്ണഖനികളും; സുഡാനിൽ അരങ്ങേറുന്നത് വംശഹത്യ

പിന്നെ പരീക്ഷിച്ചത് ബ്യൂറെവെസ്റ്റ്നിക് മിസൈൽ (Burevestnik Missile) ആണ്. 14,000 കിമി സഞ്ചരിക്കാനുള്ള കഴിവുണ്ട്. ഇതുരണ്ടും ആണവായുധ പരീക്ഷണത്തോട് ഉപമിക്കേണ്ടെന്നാണ് പക്ഷേ, പുടിൻ പിന്നീട് പറഞ്ഞത്. മിസൈലിന് പക്ഷേ, അമേരിക്കൻ തീരം വരെയെത്താൻ കഴിയുമെന്ന് ക്രെംലിൻ അറിയിച്ചു. അമേരിക്കയെ നേരത്തെ അറിയിച്ചിരുന്നു എന്നുമറിയിച്ചു. അത് പതിവുള്ള രീതിയാണ്. പക്ഷേ, റഷ്യയുടെ പരീക്ഷണം കഴിഞ്ഞതോടെ അമേരിക്കൻ പ്രസിഡന്‍റ് സ്വന്തം സൈന്യത്തിനും ഒരു നിർദ്ദേശം നൽകി. 33 വർഷത്തെ മൊറട്ടോറിയം അവസാനിപ്പിക്കുക, ആണവായുധ പരീക്ഷണം തുടങ്ങുക. റഷ്യയെയും ചൈനയെയും എടുത്തുപറഞ്ഞാണ് ഉത്തരവ്. ട്രൂത്ത് സോഷ്യലിലൂടെ അതറിയിക്കുകയും ചെയ്തു.

ട്രംപിന്‍റെ പോസ്റ്റ്

ചൈനീസ് പ്രസിഡന്‍റുമായുള്ള കൂടിക്കാഴ്ചക്ക് തൊട്ടുമുമ്പാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. നിർദ്ദേശത്തിൽ ചെറിയൊരു അവ്യക്തതയുണ്ട്. തുല്യാടിസ്ഥാനത്തിൽ എന്നേ പറയുന്നുള്ളൂ, ആയുധപരീക്ഷണം എന്ന് പറയുന്നില്ല. ഇതൊന്നും റഷ്യയെ ഔദ്യോഗികമായി അറിയിച്ചിട്ടുമില്ല. പരമാധികാര രാഷ്ട്രമായ അമേരിക്കക്ക് തീരുമാനങ്ങളെടുക്കാം. പക്ഷേ, മൊറട്ടോറിയം ലംഘിച്ചാൽ റഷ്യ പ്രതികരിക്കുമെന്ന് ക്രെംലിൻ വ്യക്തമാക്കി. ട്രംപ് – ഷീ കൂടിക്കാഴ്ചക്ക് മുമ്പ് ട്രംപിന്‍റെ പ്രഖ്യാപനത്തോട് ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിരുന്നു. അമേരിക്ക ആണവ നിർവ്യാപന കരാർ അനുസരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പ്രാദേശിക സമാധാനത്തിനായി പ്രവർത്തിക്കും, മറിച്ചല്ലെന്നുമാണ് വക്താവ് മാധ്യമങ്ങളോട് പറഞ്ഞതും.

യുഎസ്എയും ആണവായുധവും

അമേരിക്ക ഏറ്റവുമൊടുവിൽ പൂർണ ആണവായുധ പരീക്ഷണം നടത്തിയത് 1992-ലാണ്. റഷ്യ 1990 -ന് ശേഷം പരീക്ഷിച്ചിട്ടില്ല, ചൈന 1996 -ന് ശേഷവും. 1998 -ന് ശേഷം വടക്കൻ കൊറിയ അല്ലാതെ മറ്റൊരു രാജ്യവും സ്ഫോടന ശക്തിയുള്ള ആണവപരീക്ഷണം നടത്തിയിട്ടില്ല. 2018 വടക്കൻ കൊറിയയും മൊറട്ടോറിയം പ്രഖ്യാപിച്ചു. കമ്പ്യൂട്ടറുകൾ ഉപയോഗിച്ചുള്ള സിമുലേഷൻസേ നടത്തിയിട്ടുള്ളൂ അമേരിക്കയും റഷ്യയും. ആണവ നിരായുധീകരണം ഷീയുമായി ചർച്ച ചെയ്തുവെന്നാണ് ട്രംപ് പിന്നീട് പറഞ്ഞത്. ആണവപന്തയത്തിലേക്കൊരു തിരിച്ചുപോക്കുണ്ടാവില്ലെന്ന് പ്രതീക്ഷിക്കാമെങ്കിലും ഇപ്പോഴത്തെ സംഭവവികാസങ്ങൾ അത്ര ശുഭമല്ല. റഷ്യ പരീക്ഷിച്ച മിസൈലിന് ദീർഘദൂരം സഞ്ചരിക്കാനും നഗരങ്ങൾ അപ്പാടെ ആണവവികിരണത്തിൽ മുക്കിത്താഴ്ത്താനുമുള്ള കഴിവുണ്ട്.

1992 -ൽ അമേരിക്ക ഡിവൈഡർ (Divider) എന്ന് കോഡ് പേരിട്ട് നടത്തിയ 1054 -മത്തെ പരീക്ഷണം നെവാദയിലാണ്, ഭൂഗർഭ പരീക്ഷണത്തിന് ആ വർഷം തന്നെ അന്നത്തെ പ്രസിഡന്‍റ് ജോർജ് ഡബ്ല്യു ബുഷ് മൊറട്ടോറിയം പ്രഖ്യാപിച്ചു. പക്ഷേ, എപ്പോൾ വേണമെങ്കിലും നെവാദയിൽ പരീക്ഷണം പുനരാരംഭിക്കാം. ട്രംപിന്‍റെ പോസ്റ്റിന് നെവാദ കോൺഗ്രസ് അംഗം നൽകിയ മറുപടി അതനുവദിക്കില്ലെന്നാണ്. നിയമം കൊണ്ടുവരുമെന്നും.

1945 -ൽ നടത്തിയ ട്രിനിറ്റി ടെസ്റ്റ് (Trinity test) ആണ് അമേരിക്കയുടെ ആദ്യത്തെ ആണവായുധ പരീക്ഷണം. ന്യൂമെക്സിക്കോയിലായിരുന്നു അത്. ഹിരോഷിമ – നാഗസാക്കി ബോംബിങ്ങോടെ യുദ്ധത്തിൽ ആണവായുധം പ്രയോഗിച്ച ആദ്യരാജ്യമായി അമേരിക്ക. അന്ന് ഹിരോഷിമയിൽ മരിച്ച് 1,40,000 പേർ, നാഗസാക്കിയിൽ 74,000 പേരും. മരണങ്ങൾ പിന്നെയും തു‍ടർന്നു. പൊള്ളലും പരിക്കുമേറ്റ് കിടന്നവർ, ആണവ വികിരണം കാരണം പിന്നെയും കുറേപ്പർ.

ആണവായുധ കണക്കുകൾ

പോസ്റ്റിൽ ട്രംപ് അവകാശപ്പെട്ടത് അമേരിക്കക്കാണ് ഏറ്റവും കൂടുതൽ ആണവായുധശേഖരം എന്നാണ്. അത് തെറ്റെന്നാണ് കണക്കുകൾ. റഷ്യക്കാണ് കൂടുതൽ, രണ്ടാം സ്ഥാനത്താണ് അമേരിക്ക. ചൈന മൂന്നാം സ്ഥാനത്തും. കഴിഞ്ഞ 5 വർഷത്തിനിടെ ചൈന സ്വന്തം ശേഖരം ഇരട്ടിയാക്കിയിരുന്നു. 2030 ഓടെ എണ്ണം 1,000 കടക്കുമെന്നാണ് റിപ്പോർട്ടുകൾ. പുതിയ മിസൈൽ പ്രതിരോധ സംവിധാനമായ ഗോൾഡൻ ഡോം (Golden Dome) വികസിപ്പിക്കാനുള്ള അമേരിക്കയുടെ നീക്കത്തെ, ട്രംപിന്‍റെ പ്രഖ്യാപനത്തെ ക്രെംലിൻ നേരത്തെ അപലപിക്കയും ചെയ്തിരുന്നു.

ആദ്യഭരണ കാലത്ത് ആണവശേഖരം പത്തിരട്ടിയാക്കാൻ ശ്രമിച്ചിരുന്നു ട്രംപ്. അതുണ്ടായില്ലന്ന് മാത്രം. അമേരിക്കയും റഷ്യയും തമ്മിലുള്ള ‘New start arms reduvtion treaty’ അടുത്ത ഫെബ്രുവരിയിൽ അവസാനിക്കയാണ്. അതനുസരിച്ച് ഓരോ രാജ്യത്തിനും 1,550 ആണവപോർമുനകളേ പാടുള്ളൂ. ഇപ്പോഴത്തെ ട്രംപിന്‍റെ പ്രഖ്യാപനത്തെ ഡമോക്രാറ്റുകളും ആണവ വിദഗ്ധരും ഒരേപോലെ എതിർത്തിട്ടുണ്ട്. നെവാദയിൽ നിന്ന് ശക്തമായ എതിർപ്പുണ്ടാകുമെന്ന് വ്യക്തമാണ്. അതുമാത്രമല്ല, അത്ര പെട്ടെന്നൊന്നും പരീക്ഷണം തുടങ്ങാൻ പറ്റില്ലെന്നാണ് വിദഗ്ധ പക്ഷം. 36 മാസമെങ്കിലും എടുക്കും തയ്യാറെടുപ്പുകൾക്കെന്ന് വിദഗ്ദർ പറയുന്നു. തൽകാലം കാര്യങ്ങൾ പ്രവചനാതീതം.