Home Blog Page 1092

നിർമല സീതാരാമന്റെ സാമ്പത്തിക ഭൂപടത്തിൽ നിന്നും ചെറുകിട വ്യാപാരികൾ പുറത്ത്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി

തിരുവനന്തപുരം. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ സാമ്പത്തിക ഭൂപടത്തിൽ നിന്നും ചെറുകിട വ്യാപാരികൾ പണ്ടേ പുറത്തായെന്ന് കേന്ദ്ര ബഡ്ജറ്റിലൂടെ വീണ്ടും തെളിഞ്ഞൂവെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റും കോൺഫെഡറേഷൻ ഓഫ് ആൾ ഇന്ത്യാ ട്രേഡേഴ്സ് (CAIT) ദേശീയ സെക്രട്ടറിയുമായ എസ്. എസ്. മനോജ് പറഞ്ഞു.

MSMEകൾക്ക് 2000 കോടി രൂപയുടെ പാക്കേജ് നാമമാത്രമാണ്. ചെറുകിട വ്യവസായങ്ങൾക്ക് 10000 കോടിയുടെ സഹായം നൽകിയ നടപടി സ്വാഗതം ചെയ്യുന്നു. എന്നാൽ വൻകിട കുത്തുകൾ ഇതിന്റെ ആനുകൂല്യം പിൻവാലിലൂടെ നേടുവാനുള്ള പഴുതുകൾ അടക്കണം. എന്നാൽ രാജ്യത്ത് ഉത്പാദിപ്പിക്കപ്പെടുന്ന ഉത്പന്നങ്ങൾ വിപണനം ചെയ്യുന്ന ചെറുകിട വിപണന കേന്ദ്രങ്ങൾക്ക് യാതൊരു സഹായവും പ്രഖ്യാപിക്കാത്ത അവസ്ഥ തുടർന്നു വരുന്നത് പ്രതിഷേധാഹമാണെന്നും അദ്ദേഹം പറഞ്ഞു.

ചെറുകിട വ്യാപാരികൾക്ക് വായ്പ അനുവദിക്കുന്നതിന് ലഘൂകരിച്ച നടപടികൾ ഉണ്ടാവേണ്ടതായിരുന്നു. ചെറുകിട – ഇടത്തരം വ്യാപാരികൾക്ക് വായ്പ നൽകുന്നതിന് ദേശസാൽകൃത ബാങ്കുകൾ ഇപ്പോഴും കടുത്ത നിബന്ധനകളാണ് മുന്നോട്ടു വയ്ക്കുന്നത്. എന്നാൽ അത്തരം നിബന്ധനകൾ വൻകിട കുത്തുകൾക്ക് ബാധകമല്ല. സാമ്പത്തിക ഞെരുക്കം അനുഭവപ്പെടുമ്പോൾ സഹായത്തിന് ആരുമില്ലാത്ത അവസ്ഥയാണ് ചെറുകിട വ്യാപാരികൾ നേരിടുന്നത്. ചെറുകിട വ്യാപാര മേഖലയ്ക്ക് പ്രോത്സാഹനം നൽകുന്നതിൽ വലിയ വീഴ്ച വരുത്തിയന്നും അദ്ദേഹം പറഞ്ഞു.

ജി.എസ്.ടി സിംപ്ലിഫിക്കേഷൻ നടപടികൾ ബഡ്ജറ്റിലൂടെ ധനമന്ത്രി പ്രഖ്യാപിക്കണമായിരുന്നു. ജി.എസ്.ടി കൗൺസിൽ വഴി സിമ്പിളിഫിക്കേഷൻ നടപടി പ്രഖ്യാപിക്കുവാൻ ശ്രമിച്ചാൽ ഗുണം പ്രതീക്ഷിക്കാനാവില്ല എന്നും അദ്ദേഹം പറഞ്ഞു.

തിരുവാണിയൂരിൽ കൊല്ലം സ്വദേശിനി പെൺകുട്ടിക്ക് നേരെ കൂട്ടംചേർന്ന് സദാചാര ആക്രമണം

കൊച്ചി. തിരുവാണിയൂരിൽ പെൺകുട്ടിക്ക് നേരെ കൂട്ടംചേർന്ന് സദാചാര ആക്രമണം. ഓഫീസിൽനിന്ന് രാത്രി ഷിഫ്റ്റ് കഴിഞ്ഞ് മടങ്ങുകയായിരുന്ന കൊല്ലം സ്വദേശിനിയെ ചീത്ത വിളിച്ച് ക്രൂരമായി മർദ്ദിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു. 9 പേർക്കെതിരെ പുത്തൻ കുരിശ് പോലീസ് കേസെടുത്തു. പോലീസ് കേസ് ഒതുക്കാൻ ശ്രമിക്കുന്നുവെന്ന് ചികിത്സയിൽ കഴിയുന്ന പെൺകുട്ടി പറഞ്ഞു.

ജനുവരി 29ന് രാത്രി 10 മണിയോടെ തിരുവാണിയൂരിൽ പെൺകുട്ടിക്ക് നേരെ നടന്നത് സദാചാര ഗുണ്ടായിസം . സ്വകാര്യ കമ്പനിയിൽ നിന്ന് ഷിഫ്റ്റ് കഴിഞ്ഞ് രാത്രി 10 മണിയോടെ ആൺ സുഹൃത്തുമായി പെയിൻ ഗസ്റ്റ് ആയി താമസിക്കുന്ന വീട്ടിലേക്ക് വരികയായിരുന്നു പെൺകുട്ടി. ഈ സമയം ഒന്നാം പ്രതിയായ മണിക്കുട്ടൻ ആക്രോശിച്ചുകൊണ്ട് ഇവർക്ക് നേരെ വരികയും രാത്രി ഇരുവരും ഒരുമിച്ചു വരുന്നത് ചോദ്യം ചെയ്യുകയും ചെയ്തു. പെൺകുട്ടി തിരിച്ച് സംസാരിച്ചപ്പോൾ മർദ്ദനം. രണ്ടാം പ്രതിയായ ബിബിനും ബേബിയും കണ്ടാലറിയാവുന്ന ആറുപേരും ചേർന്ന് മർദ്ദിക്കുകയും നിലത്തേക്ക് തള്ളിയിട്ട് ചവിട്ടുകയും മാനഹാനി വരുത്തുകയും ചെയ്തുവെന്ന് എ പുത്തൻ കുരിശു പോലീസിന്റെ എഫ്ഐആറിൽ പറയുന്നു. കൂടെയുണ്ടായിരുന്ന ആൺ സുഹൃത്തിനെയും ക്രൂരമായി മർദ്ദിച്ചു. കളമശ്ശേരി മെഡിക്കൽ കോളേജിൽ നിന്ന് കൊല്ലത്തേക്ക് തിരിച്ചുപോയ പെൺകുട്ടി മൂന്നുദിവസമായി ചികിത്സയിലാണ്. മൂക്കിനും വായിലും ഗുരുതര പരിക്കേറ്റു.

പോലീസ് കേസ് ഒതുക്കി തീർക്കാൻ ശ്രമിക്കുന്നു എന്നതാണ് കുടുംബത്തിൻറെ പരാതി. ഇതുവരെ പോലീസ് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പ്രതി പട്ടികയിൽ ഉള്ളവർ നാട്ടിൽ തന്നെയുണ്ടെന്ന് പ്രദേശവാസികൾ തന്നെ പറയുന്നു. പെൺകുട്ടിയും സുഹൃത്തും ചേർന്ന് മർദ്ദിച്ചു എന്ന പ്രതികളുടെ കൗണ്ടർ പരാതിയിൽ പോലീസ് കേസെടുത്തിട്ടുണ്ട്.

‘ലഹരിക്കടത്തുകാരുമായി മന്ത്രിക്കും ബന്ധം,ആക്ഷേപവുമായി യൂത്ത്കോണ്‍ഗ്രസ് നേതാവ്

ആലപ്പുഴ. ഗുരുതര ആരോപണവുമായി യൂത്ത് കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് ബിനു ചുള്ളിയിൽ. ‘ആലപ്പുഴയിലെ സിപിഐഎം നേതാവിന്റെ ലഹരിക്കടത്ത് കേസിൽ മന്ത്രി സജി ചെറിയാനും പങ്ക്’. ‘ലഹരിക്കേസിൽ പാർട്ടി പുറത്താക്കിയ വ്യക്തിയുടെ കാറാണ് തെരഞ്ഞെടുപ്പ് കാലത്ത് മന്ത്രി ഉപയോഗിച്ചത്’. തെളിവുകൾ പുറത്തുവിടുമെന്നും ബിനു ചുള്ളിയിൽ

‘ലഹരിക്കടത് കേസിലെ ആരോപണവിധേയനെ സംരക്ഷിക്കുന്നത് സജി ചെറിയാൻ’. ‘പാർട്ടിയിൽ തിരിച്ചെടുക്കാതെ പാർട്ടി ചിഹ്നത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകിയതും സജി ചെറിയാൻ’. ആലപ്പുഴയിൽ നടന്ന യൂത്ത് കോൺഗ്രസ് പരിപാടിയിലാണ് ബിനു ചുള്ളിയിലിന്റെ ആരോപണം

ബിനു ചുള്ളിയിലിനെതിരെ പൊലീസ് കേസെടുത്തു. നടപടി മന്ത്രി സജി ചെറിയാന്റെ പരാതിയെ തുടർന്ന്. മന്ത്രിക്കെതിരെ ആലപ്പുഴയിൽ ബിനു നടത്തിയ പ്രസംഗത്തിൽ ചെങ്ങന്നൂർ പൊലീസാണ് കേസെടുത്തത്

ചോരമരവിക്കും, ബസിനുമുന്നില്‍നിന്നും ഈ കുരുന്നിന്‍റെ രക്ഷപ്പെടല്‍ കണ്ടാല്‍, നടുക്കുന്ന വിഡിയോ

കോഴിക്കോട് കൊടിയത്തൂരിലാണ് ബസിന് മുന്നിൽ നിന്ന് പിഞ്ചുകുഞ്ഞിന്റെ അത്ഭുതകരമായ രക്ഷപ്പെടൽ. വീട്ടുകാര്‍ നിര്‍ത്തിയ ഓട്ടോയില്‍നിന്നിറങ്ങി മറുവശത്തേക്ക് ഓടുന്ന കുട്ടി പാഞ്ചുവന്ന ബസിനുമുന്നില്‍പെടുകയായിരുന്നു. ബസ് ഡ്രൈവര്‍ ബസ് വലത്തേക്ക് വെട്ടിച്ച് നിര്‍ത്തുന്നുണ്ട്. ബസ് ചക്രങ്ങള്‍ തൊട്ട കുട്ടി രക്ഷപ്പെട്ടത് തലനാരിഴക്ക്. ഒതായി സ്വദേശി ഷിനോജ് ആണ് കേരളം തിരയുന്ന ആ ഡ്രൈവർ

മിനിഞ്ഞാന്ന് രാവിലെയാണ് സംഭവം. ഇതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ആണ് വൈറലായത്. ബസ് ഡ്രൈവറുടെ മനസാന്നിധ്യത്തിനെ അഭിനന്ദിക്കുന്ന സോഷ്യല്‍ മീഡിയ കുട്ടിയുടെ ഒപ്പമുള്ളവരുടെ ഉത്തരവാദിത്വമില്ലായ്മയേയും ഓട്ടോ ഡ്രൈവറുടെ നിരുത്തരവാദിത്തത്തെയും പഴിക്കുന്നുണ്ട്. ഓട്ടോ നടു റോഡില്‍ തന്നെയാണ് നിര്‍ത്തിയിരിക്കുന്നത്. കുട്ടിഇറങ്ങി ഓടിപ്പോയിട്ടുപോലും ഒപ്പം വന്നവര്‍ അറിയുന്നില്ല.

ദൈവത്തിന്‍റെ കരങ്ങള്‍ മാത്രമാണ് ഈ രക്ഷപ്പെടലിനുപിന്നിലെന്ന് കാഴ്ചക്കാര്‍ പറയുന്നു. കുരുന്നു പെണ്‍കുട്ടി താനെന്തോ അബദ്ധമാണ് ചെയ്തതെന്നുമനസിലാക്കി തിരികെ ഓടുന്നതും ശ്രദ്ധേയമാണ്. തയ്യില്‍ എന്ന ബസിലെ ഡ്രൈവറെ കണ്ടെത്തിയ നാട്ടുകാര്‍ ഇയാളെ അനുമോദിക്കുകയാണ്.

രണ്ട് കേന്ദ്ര ബജറ്റുകൾ കൂടി കഴിഞ്ഞു,എയിംസ് കണ്ടില്ല സര്‍

തിരുവനന്തപുരം.സംസ്ഥാനത്തിന് എയിംസ് അനുവദിക്കാത്ത കേന്ദ്ര ബജറ്റ്. രാഷ്ട്രീയവിവാദം കത്തുന്നു

ഭൂമി കൊടുക്കാത്തത് കൊണ്ടാണ് കേരളത്തിന് എയിംസ് കിട്ടാത്തതെന്ന് BJP ന്യായീകരണത്തിന് മറുപടിയുമായി ആരോഗ്യ മന്ത്രി വീണാ ജോർജ്. “വീണ്ടും രണ്ട് കേന്ദ്ര ബജറ്റുകൾ കൂടി കഴിഞ്ഞു.
എയിംസ് കണ്ടില്ല സര്‍!” – എന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് എയിംസിന് കേരളത്തിൽ
ഭൂമി അനുവദിച്ചത് അറിയിച്ചതിനു ശേഷം 2024 ൽ കേന്ദ്രത്തിൽനിന്ന് ലഭിച്ച മറുപടി കത്ത് പരസ്യപ്പെടുത്തിയാണ് ആരോഗ്യമന്ത്രിയുടെ മറുപടി

കേരളത്തിന് എയിംസ് അനുവദിക്കുന്നതിന് തത്വത്തിൽ അംഗീകാരം നൽകാൻ ധനമന്ത്രാലയത്തോട് അഭ്യർത്ഥിച്ചു എന്നും അടുത്ത പ്രഖ്യാപനത്തിൽ കേരളത്തിന്റെ എയിംസ് ഉൾപ്പെടും എന്നും 2024 ലെ കേന്ദ്രസർക്കാർ മറുപടി

സ്പോർട്സ് അതോറിറ്റിയിൽ അസിസ്റ്റന്റ് കോച്ച് തസ്തികയിൽ റഗുലർ നിയമനം; 323 ഒഴിവ്

ഡൽഹി ആസ്ഥാനമായ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്കു കീഴിൽ വിവിധ കായിക ഇനങ്ങളിലായി അസിസ്റ്റന്റ് കോച്ചുമാരുടെ 323 റഗുലർ ഒഴിവ്. വിവിധ റീജനൽ സെന്ററുകൾ, നാഷനൽ സെന്റർ ഒാഫ് എക്സലൻസ്, ട്രെയിനിങ് സെന്ററുകൾ എന്നിവിടങ്ങളിലാണ് നിയമനം. ഫെബ്രുവരി 1 മുതൽ 15 വരെ ഓൺലൈനായി അപേക്ഷിക്കാം.

∙കായിക ഇനങ്ങൾ: സ്വിമ്മിങ്, അത്‌ലറ്റിക്സ്, സൈക്ലിങ്, ജിംനാസ്റ്റിക്സ്, റസ്‌ലിങ്, കനോയിങ്, ജൂഡോ, റോവിങ്, ഷൂട്ടിങ്, ബോക്സിങ്, ഫെൻസിങ്, വെയ്റ്റ് ലിഫ്റ്റിങ്, തായ്ക്വാൻണ്ടോ, ആർച്ചറി, ടേബിൾ ടെന്നിസ്, ബാഡ്മിന്റൻ, ടെന്നിസ്, ബാസ്കറ്റ് ബോൾ, വോളിബോൾ, ഫീൽഡ് ഹോക്കി, ഫുട്ബോൾ, ഹാൻഡ് ബോൾ, കബഡി, ഖോ–ഖോ, സെപക് തക്രോ, വുഷു.

∙യോഗ്യത: സായ് എൻഎസ്–എൻഐഎസ്, പട്യാല/മറ്റേതെങ്കിലും അംഗീകൃത ഇന്ത്യൻ/വിദേശ സർവകലാശാലകളുടെ കോച്ചിങ് ഡിപ്ലോമ അല്ലെങ്കിൽ ഒളിംപിക്സ്/ പാരാലിംപിക്സ്/ഏഷ്യൻ ഗെയിംസ്/വേൾഡ് ചാംപ്യൻഷിപ് പങ്കാളിത്തവും സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ കോച്ചിങ്ങും അല്ലെങ്കിൽ ദ്രോണാചാര്യ അവാർഡ്.

∙പ്രായപരിധി: 30.

∙ശമ്പളം: 35,400-1,12,400.

∙തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, കോച്ചിങ് എബിലിറ്റി ടെസ്റ്റ് എന്നിവ മുഖേന. തിരുവനന്തപുരത്തു പരീക്ഷാകേന്ദ്രമുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് www.sportsauthorityofindia.nic.in സന്ദർശിക്കുക

ബ്ലാങ്കറ്റ് കഴുകുമ്പോൾ നിർബന്ധമായും ഒഴിവാക്കേണ്ട അബദ്ധങ്ങൾ

തണുപ്പുകാലം കഴിയുമ്പോൾ ആദ്യം ചെയ്യേണ്ട കാര്യങ്ങളിലൊന്ന് കട്ടിയുള്ള ബ്ലാങ്കറ്റുകളും പുതപ്പുകളും കഴുകി സൂക്ഷിക്കുക എന്നതാണ്. എന്നാൽ ബ്ലാങ്കറ്റ് തെറ്റായ രീതിയിൽ കഴുകിയാൽ അതിന്റെ മൃദുത്വം നഷ്ടപ്പെടാനും, നിറം മങ്ങാനും ദുർഗന്ധം ഉണ്ടാവാനുമൊക്കെ കാരണമാകുന്നു. ചിലപ്പോൾ ബ്ലാങ്കറ്റ് ചുരുങ്ങിപ്പോകാനും സാധ്യതയുണ്ട്. അതിനാൽ ബ്ലാങ്കറ്റ് കഴുകുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അവ എന്തൊക്കെയാണെന്ന് അറിയാം.

1.ബ്ലാങ്കറ്റ് കഴുകുന്നതിന് മുൻപ് ലേബൽ വായിക്കാൻ മറക്കരുത്
എല്ലാ ബ്ലാങ്കറ്റുകളും ഒരുപോലെയല്ല. ചിലത് കമ്പിളികൊണ്ടുള്ളതും, ചിലത് ഫ്ലീസ് അല്ലെങ്കിൽ മൈക്രോ ഫൈബർ കൊണ്ടുള്ളതുമാണ്. അതിനാൽ തന്നെ ബ്ലാങ്കറ്റിൽ നൽകിയിട്ടുള്ള വാഷ് കെയർ ലേബൽ തീർച്ചയായും വായിക്കണം. ലേബൽ അവഗണിക്കുന്നത് ബ്ലാങ്കറ്റിന്റെ ഗുണമേന്മ നഷ്ടപ്പെടാൻ കാരണമാകുന്നു.

  1. അമിതമായി ഡിറ്റർജന്റ് ഉപയോഗിക്കുന്നത് ഒഴിവാക്കണം

ബ്ലാങ്കറ്റിൽ ഡിറ്റർജന്റ് തങ്ങിനിൽക്കുന്നത് അതിനെ കട്ടിയുള്ളതാക്കാനും ദുർഗന്ധം വരാനും കാരണമാകും. എപ്പോഴും വീര്യം കുറഞ്ഞ ലിക്വിഡ് ഡിറ്റർജന്റ് അല്ലെങ്കിൽ ബേബി ഡിറ്റർജന്റ് ഉപയോഗിക്കുക. ആവശ്യമെങ്കിൽ കഴുകിയതിന് ശേഷം അൽപം വെള്ള വിനാഗിരി ചേർത്ത വെള്ളത്തിൽ മുക്കിയെടുക്കാവുന്നതാണ്. ഇത് ഡിറ്റർജന്റ് തങ്ങി നിൽക്കുന്നത് തടയുന്നു.

  1. ചൂടുവെള്ളവും വേഗതയേറിയ സ്പിൻ മോഡും ഒഴിവാക്കുക

ചൂടുവെള്ളം ബ്ലാങ്കറ്റിന്റെ നൂലിഴകളെ ഇല്ലാതാക്കുന്നു. പ്രത്യേകിച്ച് കമ്പിളി ബ്ലാങ്കറ്റുകളിൽ. എല്ലായ്പ്പോഴും തണുത്തതോ ഇളം ചൂടുള്ളതോ ആയ വെള്ളം മാത്രം ഉപയോഗിക്കുക. വാഷിംഗ് മെഷീനിൽ കഴുകുമ്പോൾ വേഗതയേറിയ സ്പിൻ മോഡ് ഒഴിവാക്കാം.

  1. വെയിലത്ത് ഉണക്കുന്ന രീതിയും പ്രധാനമാണ്

ബ്ലാങ്കറ്റ് നേരിട്ടുള്ള കനത്ത വെയിലത്ത് ഉണക്കുന്നത് നിറം മങ്ങാനും തുണി കട്ടിയാകാനും കാരണമാകും. തണലത്തോ ഇളം വെയിലത്തോ വിരിച്ച് ഉണ്ടാക്കുന്നതാണ് നല്ലത്. പൂർണ്ണമായും ഉണങ്ങിയ ശേഷം മാത്രം എടുത്തു വെക്കുക, അല്ലെങ്കിൽ ഈർപ്പം കാരണം പൂപ്പലും ദുർഗന്ധവും ഉണ്ടാവാൻ കാരണമാകുന്നു.

മകൾ ഉറക്കത്തിൽ, അമ്മയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി വീട്ടുജോലിക്കാരൻ, വീട്ടുകാർക്ക് സർപ്രൈസ് നൽകാനെത്തിയ പ്രവാസി കാണുന്നത് ഭാര്യയുടെ മൃതദേഹം

ബെംഗളൂരു:ഒന്നാം നിലയിൽ വിശ്രമിച്ച് മകൾ. താഴെ ജീവന് വേണ്ടി പോരാടി അമ്മ. വീട്ടിലേക്കെത്തിയ പ്രവാസി ഭർത്താവ് കണ്ടത് ഭാര്യയുടേയും വീട്ടുജോലിക്കാരന്റേയും മൃതദേഹങ്ങൾ. ബെംഗളൂരുവിലെ സിൽക്ക് റോഡിന് സമീപത്തെ കെ എ എസ് കോളനിയിലാണ് ദാരുണ സംഭവമുണ്ടായത്. 65കാരിയായ സ്ത്രീയാണ് കൊല്ലപ്പെട്ടത്.

ഇവരുടെ വീട്ടിൽ ദീർഘകാലമായി ഉണ്ടായിരുന്ന അന്യസംസ്ഥാന തൊഴിലാളിയെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ പുലർച്ചെ 4.30ഓടെയാണ് ബെംഗളൂരുവിനെ ഞെട്ടിച്ച സംഭവങ്ങൾ നടന്നത്. ഈ വീട്ടിൽ ഏറെക്കാലമായി സഹായിയായി ജോലി ചെയ്തിരുന്ന 50കാരനായ ദേവരാജു എന്നയാളാണ് കൊലപാതകം നടത്തിയ ശേഷം ജീവനൊടുക്കിയെന്നാണ് പൊലീസ് നൽകുന്ന വിവരങ്ങൾ. എന്നാൽ കൊലപാതകത്തിന് ഇയാൾക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചുവോയെന്നതിൽ അന്വേഷണം നടക്കുകയാണെന്നാണ് പൊലീസ് വിശദമാക്കിയത്. കൊല്ലപ്പെട്ട 65കാരിയുടെ ഭർത്താവ് ദുബായിയിൽ ആയിരുന്നു.

വീട്ടുകാർക്ക് സർപ്രൈസ് നൽകാനെത്തിയ പ്രവാസി കാണുന്നത് ഭാര്യയുടെ മൃതദേഹം

സംഭവം നടക്കുമ്പോൾ 65കാരിയുടെ 27 വയസുള്ള മകൾ വീട്ടിലെ ഒന്നാം നിലയിലെ മുറിയിൽ ഉണ്ടായിരുന്നു. പ്രവാസിയായ ഭർത്താവ് വീട്ടിലെത്തി കോളിംഗ് ബെൽ അടിച്ചപ്പോൾ വാതിൽ തുറക്കാനായി 27കാരി താഴെ നിലയിൽ എത്തിയപ്പോഴാണ് വീട്ടിൽ നടന്ന സംഭവങ്ങൾ അറിഞ്ഞത്. താഴത്തെ നിലയിലെ കിടപ്പുമുറിയിലാണ് 65കാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇതേ മുറിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു വീട്ടുജോലിക്കാരൻ. മികോ ലേ ഔട്ട് പൊലീസാണ് സംഭവം അന്വേഷിക്കുന്നത്. വീട്ടുജോലിക്കാരന്റേയും 65കാരിയുടേയും മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചിരിക്കുകയാണ്. പ്രാഥമിക അന്വേഷണത്തിൽ ലൈംഗിക അതിക്രമ ശ്രമം നടന്നതായി കണ്ടെത്താനായിട്ടുണ്ടെന്നാണ് പൊലീസ് നൽകുന്ന സൂചന.

(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)

ശബരിമല സ്വർണ്ണ കൊള്ള, തന്ത്രി കണ്ഠരര് രാജീവരെ ഇന്ന് ആൻജിയോഗ്രാമിനു വിധേയനാക്കും, സ്വർണ്ണപാളികളുടെ കാലപ്പഴക്കം വീണ്ടും പരിശോധിക്കണമെന്ന ആവശ്യവുമായി എസ്ഐടി വിഎസ്എസ് സിയെ സമീപിച്ചു

തിരുവനന്തപുരം.ശബരിമല സ്വർണ്ണ കൊള്ള കേസുകളിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന പ്രതി തന്ത്രി കണ്ഠരര് രാജീവരെ ഇന്ന് ആൻജിയോഗ്രാമിനു വിധേയനാക്കും..
നേരത്തെ ജയിലിൽ വച്ച് തന്ത്രിക്ക് നെഞ്ചുവേദന അനുഭവപ്പെട്ടതായി പറഞ്ഞിരുന്നു. ഇതെ തുടർന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും ആൻജിയോഗ്രാമിനു ഡേറ്റ് നൽകിയത്.

ആൻജിയോഗ്രാം ചെയ്യുന്നതിനായി തന്ത്രിയെ ഇന്നലെ വൈകിട്ടാണ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. രാവിലെ ആൻജിയോഗ്രാം ചെയ്തു വൈകിട്ട് വരെ നിരീക്ഷണത്തിൽ ഇരുത്തിയ ശേഷമായിരിക്കും തിരികെ പൂജപ്പുര ജയിലിലേക്ക് മാറ്റുക.
മെഡിക്കൽ കോളേജിലെ സെല്ലിലാണ് തന്ത്രിയെ അഡ്മിറ്റ് ചെയ്തത്.

അതേസമയം ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പാളികളുടെ കാലപ്പഴക്കം വീണ്ടും പരിശോധിക്കണമെന്ന ആവശ്യവുമായി എസ്ഐടി വിഎസ്എസ് സിയെ സമീപിച്ചു. ദ്വാരപാലക പാളികളുടെയും കട്ടിളപ്പാളികളുടെയും താരതമ്യ പരിശോധന കൂടാതെ കാലപ്പഴക്കം നിർണയിക്കാനുള്ള പരിശോധന കൂടി നടത്തണമെന്നാണ് എസ്ഐടിയുടെ ആവശ്യം. ഇതിനായി വീണ്ടും പാളികളുടെ സാമ്പിൾ എടുക്കണോ എന്നതിൽ വ്യക്തത വരുത്തണമെന്നും വിഎസ്എസ് സിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ശാസ്ത്രീയ തെളിവുകളുടെ അഭാവം മൂലം കുറ്റപത്രം സമർപ്പിക്കാനുള്ള നടപടികൾ വൈകിയതോടെയാണ് എസ്ഐടി നീക്കം. കേസിൽ അന്വേഷണം തുടങ്ങി 115 ദിവസം പിന്നിട്ടിട്ടും എത്ര സ്വർണം മോഷണം പോയെന്നും തൊണ്ടിമുതൽ എവിടെയെന്നും വ്യക്തമായിട്ടില്ല. ഈ മാസം ഒമ്പതിന് ഹൈക്കോടതിയിൽ എസ്ഐടി അന്വേഷണ പുരോഗതി റിപ്പോർട്ട്‌ സമർപ്പിക്കുമ്പോൾ ഇക്കാര്യങ്ങൾ സൂചിപ്പിക്കും. ഇതിനിടെ, ദേവസ്വം മുൻ കമ്മീഷണർ എൻ വാസുവിന്റെ റിമാൻഡ് കാലാവധി ഇന്ന് അവസാനിക്കും. പ്രതികളായ മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറിന്റെയും , കട്ടിളപ്പാളി കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെയും ജാമ്യാപേക്ഷയും ഇന്ന് പരിഗണിക്കുന്നുണ്ട്

സി ജെ റോയിയുടെ മരണം; 9 പേജുകളുള്ള ആത്മഹത്യാക്കുറിപ്പ് കിട്ടിയെന്ന് റിപ്പോര്‍ട്ട്, ജനുവരി 31 ന് സഹോദരനെ വിളിച്ചത് ജീവനൊടുക്കാന്‍ തീരുമാനിച്ച ശേഷം

ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ ഡോക്ടർ സി ജെ റോയ് ആത്മഹത്യ ചെയ്യാൻ നേരത്തെ തീരുമാനിച്ചിരുന്നെന്ന് സംശയം. ഒമ്പത് പേജുകളുള്ള ആത്മഹത്യാക്കുറിപ്പ് കുടുംബാംഗങ്ങൾക്ക് ലഭിച്ചതായി വിവരം. ജനുവരി 31ന് സഹോദരനെ വിളിച്ചത് ജീവനൊടുക്കാൻ തീരുമാനിച്ച ശേഷമാണ് എന്നാണ് സൂചന. ആദായനികുതി വകുപ്പിന്റെ ഇടപെടലിൽ റോയ് സമ്മർദ്ദത്തിലായിരുന്നു.

അതേസമയം, പ്രത്യേക സംഘം അന്വേഷണം ഊർജ്ജിതമാക്കി. അന്വേഷണസംഘം ഐടി ഉദ്യോഗസ്ഥരെ വീണ്ടും ചോദ്യം ചെയ്യാൻ വീണ്ടും വിളിപ്പിക്കും. പ്രാഥമിക വിവരശേഖരണം മാത്രമാണ് ഇന്നലെ നടത്തിയതെന്ന് എസ്ഐടി അറിയിച്ചു. ബെംഗളൂരു വിട്ടു പോകരുതെന്ന് ഐടി ഉദ്യോഗസ്ഥരോട് രേഖാമൂലം നിർദ്ദേശം നൽകി.

ആദായനികുതി വകുപ്പിന്റെ റെയ്ഡിനിടെ ജീവനൊടുക്കിയ സി ജെ റോയിയുടെ മൃതദേഹം ഇന്നലെ ബെംഗളൂരുവിൽ സംസ്കരിച്ചു. രാവിലെ 10 മുതൽ രണ്ട് മണി വരെ റോയിയുടെ പ്രിയപ്പെട്ട നേച്ചേഴ്സ് ലക്ഷ്വറി കാസ്കേഡിൽ പൊതുദർശനം നടത്തിയ ശേഷമായിരുന്നു സംസ്കാരം. നാട്ടുകാരും വ്യവസായ പ്രമുഖരുമടക്കം സിനിമാ പ്രവർത്തകരുമടക്കം ആയിരക്കണക്കിനാളുകൾ റോയിക്ക് അന്ത്യാഞ്ജലിയർപ്പിക്കാൻ എത്തി. ശേഷം വൈകിട്ട് നാലരയോടെ നേച്ചേഴ്സ് ലക്ഷ്വറിയിൽ തന്നെയാണ് സംസ്കാരവും നടത്തിയത്. നേച്ചർസ് ലക്ഷ്വറിയിൽ വികാര നിർഭര രംഗങ്ങളായിരുന്നു പൊതുദർശനത്തിനിടെ കണ്ടത്. കർണാടക ഗതാഗത മന്ത്രി രാമലിംഗ റെഡ്‌ഡി, നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ, സംവിധായകൻ വി കെ പ്രകാശ്, നടനും അവതാരകനുമായ മിഥുൻ തുടങ്ങി വിവിധ രംഗങ്ങളിൽ നിന്നുള്ള പ്രമുഖർ അന്തിമോപചാരം അർപ്പിച്ചു.

റോയിയുടെ സംസ്കാര ചടങ്ങുകൾക്ക് പിന്നാലെ കുടുംബത്തിന്‍റെ നിലപാട് വ്യക്തമാക്കി സഹോദരൻ സി ജെ ബാബുവാണ് രംഗത്തെത്തിയത്. കമ്പനിയുടെ എല്ലാ പ്രോജക്ടുകളും മുൻനിശ്ചയിച്ച പ്രകാരം തന്നെ തുടരുമെന്നും കേരളത്തിലെ ചുമതലയുള്ള ജോസഫും റോയിയുടെ മകൻ രോഹിത്തും ചേർന്ന് ഇനി കമ്പനിയെ നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. റോയിക്ക് കടബാധ്യതകളോ മറ്റ് സാമ്പത്തിക പ്രശ്നങ്ങളോ ഉണ്ടായിരുന്നില്ലെന്നും മരണവുമായി ബന്ധപ്പെട്ട കുടുംബത്തിന്റെ ആശങ്കകൾ പൊലീസിനെ അറിയിച്ചിട്ടുണ്ടെന്നും ബാബു വിവരിച്ചു. കർണാടക പൊലീസ് അന്വേഷണത്തിൽ തൃപ്തി രേഖപ്പെടുത്തിയ അദ്ദേഹം, തന്നെ മൂന്ന് തവണ വിളിച്ചിരുന്നെന്നും കൂട്ടിച്ചേർത്തു.