Home Blog Page 1093

സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർ അനിശ്ചിതകാല സമരത്തിേലേക്ക്

തിരുവനന്തപുരം. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർ അനിശ്ചിതകാല സമരത്തിേലേക്ക്. ഇന്ന് മുതൽ അനിശ്ചിതകാല OP ബഹിഷ്കരണം ആരംഭിക്കാനാണ് സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടേഴ്സ് സംഘടനയായ കെജിഎംസിറ്റിഎയുടെ തീരുമാനം.ചട്ടപ്പടി സമരവും നിസ്സഹകരണവും തുടരുന്നതിനോടൊപ്പം അധ്യാപന ബഹിഷ്കരണവും അനിശ്ചിതകാല റിലേ സത്യാഗ്രഹവും നിലവിലുണ്ട്. രാവിലെ മെഡിക്കൽ കോളേജുകളിൽ ധർണ്ണ സംഘടിപ്പിക്കും. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി അടുത്ത തിങ്കളാഴ്ച മുതൽ അനിശ്ചിതകാലത്തേക്ക് ശസ്ത്രക്രിയകളും മറ്റു ചികിത്സകളും നിർത്തിവയ്ക്കും.


ഒപ്പം ബുധനാഴ്ച മുതൽ യൂണിവേഴ്സിറ്റി പരീക്ഷാ ജോലികൾ ബഹിഷ്കരിക്കാനുമാണ് തീരുമാനം.അവശ്യ സേവനങ്ങളായ
കാഷ്വാലിറ്റി, ലേബർ റൂം, ICU, IP ചികിത്സ, മറ്റ് അടിയന്തിര ചികിത്സകൾ, അടിയന്തിര ശസ്ത്രക്രിയകൾ, പോസ്റ്റ്‌മോർട്ടം എന്നിവയെ സമരപരിപാടികളിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. രോഗികൾക്ക് ഉണ്ടാകാൻ ഇടയുള്ള ബുദ്ധിമുട്ടുകളിൽ കെജിഎംസിറ്റിഎ ഖേദം പ്രകടിപ്പിച്ചു. സർക്കാർ തീരുമാനമൊന്നും ഉണ്ടാകാത്ത സാഹചര്യത്തിൽ മറ്റു എല്ലാ മാർഗ്ഗങ്ങളും അടഞ്ഞതിനാലാണ് സംഘടന ഈ സമരത്തിലേക്ക് കടക്കേണ്ടിവന്നതെന്നാണ് KGMCTA യുടെ വിശദീകരണം.

വർഗീയ ശക്തികളോട് വിട്ട് വീഴ്ച്ച സ്വീകരിക്കില്ലെന്ന് മുഖ്യമന്ത്രി,നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള LDF ന്റെ മേഖല ജാഥകൾക്ക്‌ തുടക്കം

കാസർഗോഡ്. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള LDF ന്റെ മേഖല ജാഥകൾക്ക്‌ തുടക്കം. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന വടക്കൻ മേഖല വികസന മുന്നേറ്റ ജാഥ കാസർഗോഡ് കുമ്പളയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. മതവികാരം ഇളക്കിവിടാൻ മുസ്ലിം ലീഗ് ശ്രമിക്കുന്നെന്ന് ആരോപിച്ച മുഖ്യമന്ത്രി പ്രതിപക്ഷ സംഘടനകളെ രൂക്ഷമായി വിമർശിച്ചു.

നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചരണം കൊഴുപ്പിക്കുകയാണ് ഇടതുമുന്നണി. കഴിഞ്ഞ പത്ത് വർഷക്കാലത്തെ വികസന നേട്ടങ്ങൾ എണ്ണി പറഞ്ഞാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന എൽ ഡി എഫ് വടക്കൻ മേഖല വികസന മുന്നേറ്റ ജാഥയുടെ തുടക്കം. ശബരിമല സ്വർണ്ണക്കൊള്ള ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിക്കുന്ന പ്രതിപക്ഷത്തിന് മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിയുടെ വർഗീയ നിലപാട് ചൂണ്ടി കാണിച്ച് മുഖ്യമന്ത്രിയുടെ മറുപടി.

അധികാരത്തിലെത്താൻ യു ഡി എഫ് സ്വീകരിക്കുന്ന മാർഗങ്ങൾ ജനം വിലയിരുത്തുന്നുണ്ട്. വർഗീയ ശക്തികളോട് വിട്ട് വീഴ്ച്ച സ്വീകരിക്കില്ലെന്നും കാസർഗോഡ് മഞ്ചേശ്വരത്ത് നടന്ന ഉദ്ഘാടന പ്രസംഗത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്നറിയിപ്പ്.

തദ്ദേശ തെരെഞ്ഞെടുപ്പിൽ നഷ്ടപ്പെട്ട ജനപിന്തുണ തിരിച്ചുപിടിക്കുകയാണ് പ്രചാരണ ജാഥയിലൂടെ LDF പ്രധാനമായും ലക്ഷ്യമിടുന്നത്. ബിനോയ് വിശ്വം നയിക്കുന്ന തെക്കൻ മേഖല ജാഥ ഈ മാസം മൂന്നിനും ജോസ് കെ മാണി നയിക്കുന്ന മധ്യമേഖല ജാഥ ആറിനുമാണ് ആരംഭിക്കുക. ജാഥയിലൂടെ അണികളെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജ്ജരാക്കാനാകുമെന്നാണ് LDF ന്റെ കണക്കുകൂട്ടൽ


ടി20 ലോകകപ്പില്‍ ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരമില്ല

ടി20 ലോകകപ്പില്‍ ഇന്ത്യയുമായുള്ള മത്സരം ബഹിഷ്‌കരിക്കാന്‍ പാകിസ്ഥാന്‍ തീരുമാനിച്ചു. ഫെബ്രുവരി 15-ന് കൊളംബോയില്‍ നടക്കേണ്ട പോരാട്ടത്തില്‍ നിന്ന് പാക് ടീം വിട്ടുനില്‍ക്കുമെന്ന് പാകിസ്ഥാന്‍ സര്‍ക്കാര്‍ ഔദ്യോഗികമായി അറിയിച്ചു. ബംഗ്ലദേശിനെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ചാണ് കടുത്ത തീരുമാനത്തിലേക്ക് പാക്കിസ്ഥാന്‍ നീങ്ങിയത്. മറ്റ് മല്‍സരങ്ങളില്‍ പങ്കെടുക്കാന്‍ ടീമിന് അനുമതിയുണ്ടെന്നും പാക്കിസ്ഥാന്‍ സര്‍ക്കാര്‍ അറിയിച്ചു. ശ്രീലങ്കയിലാണ് പാക്കിസ്ഥാന്റെ മറ്റ് മല്‍സരങ്ങള്‍. ഇന്ത്യയ്‌ക്കെതിരെ കളിക്കില്ലെന്ന പാക്കിസ്ഥാന്റെ നിലപാടില്‍ ഐസിസി പ്രതികരണം നിര്‍ണായകമാവും.
സുരക്ഷാ കാരണങ്ങളാല്‍ ഇന്ത്യയില്‍ നടക്കുന്ന ട്വന്റി20 ക്രിക്കറ്റ് ലോകകപ്പില്‍ കളിക്കില്ലെന്നു പ്രഖ്യാപിച്ച ബംഗ്ലദേശിനെ ടൂര്‍ണമെന്റില്‍നിന്നും പുറത്താക്കിയിരുന്നു. പകരം സ്‌കോട്ലന്‍ഡിന് അവസരം നല്‍കിയതായി രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) പ്രഖ്യാപിച്ചു. തങ്ങളുടെ മത്സരങ്ങള്‍ ശ്രീലങ്കയിലേക്കു മാറ്റണമെന്ന ബംഗ്ലദേശിന്റെ ആവശ്യം വോട്ടിനിട്ടു തള്ളിയ ഐസിസി, ഇന്ത്യയില്‍ സുരക്ഷാ പ്രശ്‌നങ്ങളില്ലെന്ന് ആവര്‍ത്തിച്ചു. ബംഗ്ലദേശിലെ രാഷ്ട്രീയ പ്രതിസന്ധിയെ തുടര്‍ന്ന് ഇന്ത്യയുമായുണ്ടായ നീരസത്തിന്റെ തുടര്‍ച്ചയാണ് ഈ സംഭവവും.
ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര തര്‍ക്കങ്ങളുടെ തുടര്‍ച്ചയായി ബംഗ്ലദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്‌മാനെ ജനുവരി മൂന്നിന് ഐപിഎലില്‍നിന്ന് പുറത്താക്കിയതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് ബന്ധം വഷളായത്.

ആമസംരക്ഷണം കൊളാവിപ്പാലത്തുകാര്‍ക്ക് തമാശയല്ല

കോഴിക്കോട്. കേന്ദ്രബജറ്റില്‍ കേരളത്തിന് കിട്ടിയത് ആമ മുട്ട എന്ന ട്രോളുകള്‍ പെരുകുമ്പോള്‍ വർഷങ്ങളായി ഒരു സർക്കാർ ഫണ്ടുമില്ലാതെ ആമ സംരക്ഷണം നടത്തുന്ന കൊളാവിപ്പാലത്തെ തീരം പ്രവർത്തകർ കേന്ദ്രപ്രഖ്യാപനത്തിന് പിന്നാലെ തങ്ങൾ പരിഗണിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ്.വർഷാവർഷം നൂറ് കണക്കിന് ആമക്കുഞ്ഞുങ്ങളെയാണ് കടലാഴങ്ങളിലേക്ക് ഇവർ ഒഴുക്കി വിടുന്നത്


കൊളാവിയിലെ തീരസംരക്ഷകർ മുട്ടയിടാനെത്തുന്ന കടലാമകളെ കാത്തിരിക്കാൻ തുടങ്ങിയിട്ട് മൂന്ന് പതിറ്റാണ്ട് കഴിഞ്ഞു.മൂൻപ് നൂറോളം ആമകൾ വരെ മുട്ടയിടാനെത്താറുണ്ട്.അമ്മയാമ മുട്ടയിട്ടിടത്തേക്ക് മടങ്ങി വരാനുളള ജനിതകമായ ഓർമ്മ കൊണ്ട് കടലാമ നമ്മെ അത്ഭുതപ്പെടുത്തും.മുട്ട വിരിഞ്ഞിറങ്ങിയ തീരത്ത് ആയിരക്കണക്കിന് കിലോമീറ്ററുകൾ താണ്ടി അവരെത്തും.കടലാമകൾക്ക് സംരക്ഷണമൊരുക്കാൻ തീരം പ്രവർത്തകർ തയ്യാർ പക്ഷേ സൗകര്യങ്ങൾ പേരിന് പോലുമില്ല

ആമ സംരക്ഷണ കേന്ദ്രം കാണാൻ മിനി ഗോവയെന്നറിയപ്പെടുന്ന പ്രദേശത്തേക്ക് നിരവധിപേർ എത്താറുണ്ട്.പക്ഷേ നല്ലൊരു കെട്ടിടം പോലും കാഴ്ചക്കാർക്കായി ഇവിടെയില്ല

ബജറ്റ് പ്രഖ്യാപനത്തിൽ ആമ സംരക്ഷണം നവമാധ്യമങ്ങളിൽ ട്രോളാണെങ്കിൽ ഇവിടുത്തെ തീരസംരക്ഷകർക്ക് അതൊരു പ്രതീക്ഷയാണ്. മുട്ടയിടാനെത്തുന്ന ആമകളെ കാത്തിരിക്കും പോലെ പുതിയ ബജറ്റിലെ കനിവിനായി കാത്തിരിക്കുകയാണ് നാട്ടുകാര്‍

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സര്‍ജിക്കല്‍ റോബോട്ട് എത്തുന്നു

തിരുവനന്തപുരം: തലസ്ഥാന ജില്ലയിലെ സാധാരണക്കാരുടെ ആശ്രയകേന്ദ്രമായ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സര്‍ജിക്കല്‍ റോബോട്ട് എത്തുന്നു. ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ കഴിഞ്ഞ ദിവസം അവതരിപ്പിച്ച ബജറ്റില്‍ മെഡിക്കല്‍ കോളേജില്‍ സര്‍ജിക്കല്‍ റോബോട്ട് സംവിധാനം ആരംഭിക്കാന്‍ 12 കോടി രൂപ അനുവദിച്ചിരുന്നു. ശസ്ത്രക്രിയകള്‍ കൂടുതല്‍ സൂക്ഷ്മതയോടെ നടത്താന്‍ ഇതുവഴി കഴിയും.
ആര്‍സിസിക്ക് പിന്നാലെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും സര്‍ജിക്കല്‍ റോബോട്ട് സംവിധാനം ആരംഭിക്കാന്‍ അധികൃതര്‍ പ്രൊപ്പോസല്‍ തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. ജനറല്‍ സര്‍ജറി, സര്‍ജിക്കല്‍ ഗ്യാസ്‌ട്രോ എന്ററോളജി, യൂറോളജി, ഗൈനക്, കാര്‍ഡിയോ തൊറാസിക് ആന്‍ഡ് വാസ്‌കുലാര്‍ സര്‍ജറി വിഭാഗങ്ങളിലാണ് റോബോട്ടിക് സര്‍ജറി നടപ്പാക്കുന്നത്.

പ്രവാസികൾ നാട്ടിലെ വസ്തു വിൽക്കുമ്പോൾ ഉള്ള ആദായനികുതി നടപടികളിലെ സങ്കീർണതകൾ ഒഴിവാകും

ഡെല്‍ഹി.പ്രവാസികൾക്ക് ആശ്വാസമായി കേന്ദ്ര ബജറ്റ്. പ്രവാസികൾ നാട്ടിലെ വസ്തു വിൽക്കുമ്പോൾ ഉള്ള ആദായനികുതി നടപടികളിലെ സങ്കീർണതകൾ ഒഴിവാകും. മുൻകൂർ നികുതി അടയ്ക്കാൻ തുക നിക്ഷേപിക്കാനും ടാക്സ് ഡിഡക്ഷൻ അക്കൗണ്ട് നമ്പറിന് പകരം ഇനി മുതൽ പാൻ കാർഡ് മതിയാകുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചു.

നാട്ടിലെ വീടോ വസ്തുവോ വിൽക്കുമ്പോൾ പ്രവാസികൾ നേരിടുന്ന ബുദ്ധിമുട്ടുകൾക്കാണ് പുതിയ ബജറ്റോടെ പരിഹാരം ആയിരിക്കുന്നത്.

വീടോ വസ്തുവോ വിൽക്കുമ്പോൾ വിൽപ്പന തുകയിൽ നിന്നും മുൻകൂർ നികുതി അടയ്ക്കാനും തുക നിക്ഷേപിക്കാനും ടാക്സ് ഡിഡക്ഷൻ അക്കൗണ്ട് നമ്പർ അഥവാ TAN വേണമെന്നായിരുന്നു ഇതുവരെയുള്ള ചട്ടം.ഈ നമ്പർ എടുക്കാൻ ഉള്ള ബുദ്ധിമുട്ടുകൾ കാരണം വിൽപ്പന വൈകാനും മുടങ്ങാനും ഇടയാക്കിയിരുന്നു.എന്നാൽ ഇനിമുതൽ ടിഡിഎസ് പിടിക്കാൻ ടാനിനു പകരം പാൻ കാർഡ് മതിയാകുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു.

പ്രവാസികൾക്ക് ഏറെ ആശ്വാസം നൽകുന്നതാണ് പുതിയ ബജറ്റ് നിർദ്ദേശം.ടാൻ നമ്പറിന് പകരം വസ്തു വാങ്ങുന്ന ഇന്ത്യൻ പൗരന്റെ പാൻ നമ്പർ അടിസ്ഥാനമാക്കിയുള്ള ചലാൻ ഉപയോഗിച്ച് ടി ഡി എസ് ഇടപാട് നടത്താമെന്നാണ് ബജറ്റിലെ നിർദ്ദേശം.

നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് അമ്മക്കും മകള്‍ക്കും ദാരുണാന്ത്യം

താമരശ്ശേരി : ദേശീയപാതയിൽ താമരശ്ശേരി അമ്പായത്തോട് നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് രണ്ടു പേർക്ക് ദാരുണാന്ത്യം. കോഴിക്കോട് പന്തീരാങ്കാവ് സ്വദേശികളായ ഫാത്തിമ മകള്‍ റുബീന എന്നിവരാണ് മരിച്ചത്.

വൈകിട്ട് മൂന്നിന് അടിവാരം കോഴിക്കോട് റോഡിലാണ് അപകടം. കാറിലുണ്ടായിരുന്ന ഷംന, മുബാഷിര്‍ എന്നീ രണ്ടു പേർക്ക് പരുക്കേറ്റു. ഇവര്‍ മരിച്ചവരുടെ ബന്ധുക്കളാണ്. കാര്‍ വെട്ടിപ്പൊലിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.

കോഴിക്കോട് ഈങ്ങാപ്പുഴയിൽ പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് അപകടം. വാഹനത്തിലുണ്ടായിരുന്ന രണ്ട് സ്ത്രീകൾ ഉൾപ്പെടെ ഇതര സംസ്ഥാന തൊഴിലാളികൾക്ക് പരുക്കേറ്റു. ഈങ്ങാപ്പുഴ കാക്കവയൽ റോഡിൽ ഉണ്ടായ അപകടത്തിൽ പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക്

കേരളത്തിലെ അതിവേഗ റെയിൽ പദ്ധതി പ്രഖ്യാപനം പ്രതീക്ഷിച്ചിരുന്നില്ലെന്ന് മെട്രോമാൻ,നാളെ തന്നെ ഓഫീസ് തുറക്കും

മലപ്പുറം. കേന്ദ്ര ബജറ്റിൽ കേരളത്തിലെ അതിവേഗ റെയിൽ പദ്ധതി പ്രഖ്യാപനം പ്രതീക്ഷിച്ചിരുന്നില്ലെന്ന് മെട്രോമാൻ ഇ. ശ്രീധരൻ.പ്രഖ്യാപനം ഇല്ലാത്തത് ആശങ്കയുണ്ടാക്കുന്നില്ലെന്നും നാളെ തന്നെ ഓഫീസ് തുറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.അതേസമയം ഇ ശ്രീധരനെ ഉപയോഗിച്ച് കേരളത്തെ കബളിപ്പിക്കാനാണ് ബിജെപി ശ്രമിച്ചതെന്ന് LDF നേതാക്കൾ കുറ്റപ്പെടുത്തി.

DPR തയ്യാറാക്കാൻ DMRC തന്നെ ചുമതലപ്പെടുത്തിയെന്ന ഇ.ശ്രീധരന്റെ തുറന്ന് പറച്ചിലിന് പിന്നാലെയാണ് അതിവേഗ റെയിലിനെ പറ്റിയുള്ള ചർച്ച കേരളത്തിൽ വീണ്ടും സജീവമായത്. ഇ.ശ്രീധരന്റെ പ്രഖ്യാപനത്തിന് പിന്നാലെ RRTS ന് തത്വത്തിൽ അംഗീകാരം നൽകി സംസ്ഥാന സർക്കാർ മറ്റൊരു ആശയവും മുന്നോട്ട് വെച്ചു. ചർച്ചകൾ പുരോഗമിക്കുന്നതിനിടേയുള്ള കേന്ദ്ര ബജറ്റിൽ അതിവേഗ റെയിലിന്റെ പ്രഖ്യാപനം ഉണ്ടാകുമോ എന്ന ചർച്ചകളുമുണ്ടായിരുന്നു. എന്നാൽ പ്രഖ്യാപനം ഉണ്ടാകില്ലെന്ന് തനിക്ക് അറിയാമായിരുന്നു എന്ന് ഇ.ശ്രീധരൻ. ബജറ്റിൽ പ്രഖ്യാപിച്ച അതിവേഗ പാതയിൽ നിന്നും വ്യത്യസ്തമാണ് കേരളത്തിലേത്. നാളെ തന്നെ പൊന്നാനിയിൽ ഓഫീസ് തുറക്കും. ജീവനക്കാരെ നിയമിച്ചു. തനിക്ക് കേന്ദ്ര സർക്കാരിന്റെ പിന്തുണ ഉണ്ടെന്നും ഇ. ശ്രീധരൻ.

ബജറ്റിനെതിരെ LDF നേതാക്കൾ രംഗത്ത് എത്തി.ബിജെപി കേരളത്തെ കബളിപ്പിക്കുകയാണെന്നും രണ്ട് കേന്ദ്ര മന്ത്രിമാരെ കൊണ്ട് കേരളത്ത്തിനു ഗുണം ഇല്ലെന്നും നേതാക്കൾ.ആരോപണങ്ങൾ ശക്തമാകുമ്പോഴും അതിവേഗ റെയിൽ പാത നടപ്പിലാവുമെന്ന് ഇ.ശ്രീധരൻ ഉറപ്പിച്ചു പറയുന്നു.

സെല്‍ഫി എടുക്കുന്നതിനിടെ നിലത്തിരിക്കാന്‍ ശ്രമിച്ച ഇന്ദ്രന്‍സിനെ എഴുന്നേല്‍പ്പിച്ച് മമ്മൂട്ടി; വിനയം അല്‍പം ഓവറല്ലേയെന്ന് സോഷ്യല്‍ മീഡിയ

ആശാന്‍ എന്ന ഇന്ദ്രന്‍സിന്റെ പുതിയ പടത്തിന്റെ ട്രെയിലര്‍ ലോഞ്ചിനിടെയുണ്ടായ സംഭവങ്ങള്‍ ഇന്ദ്രന്‍സിന് ഇത്രയും വിനയം എന്തിനാണെന്നും അല്പം കൂടുതലല്ലേ എന്നും പറഞ്ഞുള്ള പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നു. ചടങ്ങിന് ശേഷം എല്ലാവരും ഒന്നിച്ച് ഗ്രൂപ്പ് സെല്‍ഫി എടുക്കാന്‍ ശ്രമിക്കുകയായിരുന്നു മമ്മൂട്ടി.

ഓടി എത്തിയ ഇന്ദ്രന്‍സ് പക്ഷേ നിലത്ത് ഇരിക്കാനാണ് ശ്രമിച്ചത്. ഉടന്‍ തന്നെ മമ്മൂട്ടി അദ്ദേഹത്തെ എഴുന്നേല്‍ക്കാന്‍ പറയുകയും ശേഷം ഫോട്ടോ എടുക്കുകയും ചെയ്തു. ‘എഴുന്നേല്‍ക്ക്.. അപ്പോഴേ കിട്ടൂ’, എന്നാണ് മമ്മൂട്ടി പറയുന്നതെന്നാണ് ലിപ്‌സിങില്‍ നിന്നും വ്യക്തമാകുന്നത്. എന്നാല്‍ മമ്മൂട്ടി ഇന്ദ്രന്‍സിനോട് ദേഷ്യപ്പെട്ടെന്ന തരത്തിലാണ് സോഷ്യല്‍ മീഡിയയിലെ പ്രചരണങ്ങള്‍. ഒപ്പം ഇന്ദ്രന്‍സിന് ഇത്രയും വിനയം എന്തിനാണെന്നും അല്പം കൂടുതലല്ലേ എന്നും പറഞ്ഞുള്ള പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

വിനോദിനിയ്ക്ക് സഹായ ഹസ്തം,ഒരു പെണ്‍കുട്ടിയുടെ മോഹങ്ങള്‍ ഒരു കൈയിലൊതുങ്ങുമോ?

കൊച്ചി. പാലക്കാട് പല്ലശ്ശനയിൽ ചികിൽസാപ്പിഴവിനെ തുടർന്ന് വലത് കൈ നഷ്ടപ്പെട്ട 9 വയസ്സുകാരിക്ക് കൃത്രിമ കൈ പിടിപ്പിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് സാമ്പത്തിക സഹായം നൽകിയത്.
കൃത്രിമ കൈകൾ കൊണ്ടു പൂക്കൾ നൽകി പ്രതിപക്ഷ നേതാവിനെ വിനോദിനി സ്വീകരിച്ചു.


കഴിഞ്ഞ സെപ്റ്റംബർ 24ന് വീട്ടുമുറ്റത്തു കളിക്കുന്നതിനിടെയാണ് 9 വയസ്സുകാരി വിനോദിനി വീണ് കൈക്ക് പരിക്ക് പറ്റുന്നത്.
ആദ്യം പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചു കയ്യിൽ പ്ലാസ്റ്റർ ഇട്ടു. എന്നാൽ കുറച്ചുദിവസം കഴിഞ്ഞപ്പോഴേക്കും ശക്തമായ നീർക്കെട്ട് ഉണ്ടായി. സ്ഥിതി ഗുരുതരമായതോടെ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും കയ്യിൽ അണുബാധ ഗുരുതരമായതോടെ   വലതു കൈ മുറിച്ചു മാറ്റേണ്ടിവന്നു.
വിനോദിനിയുടെയും കുടുംബത്തിന്റെയും അവസ്ഥ മനസ്സിലാക്കിയ പ്രതിപക്ഷ നേതാവാണ് കൃത്രിമ കൈ വയ്ക്കാനുള്ള മുഴുവൻ ചിലവും ഏറ്റെടുത്തത്.  ഇന്ന് എറണാകുളം കാക്കനാട് വച് വിനോദിനിക്ക് കൃത്രിമ കൈകൾ വച്ചു. തുടർന്ന് കൃത്രിമ കൈകളിൽ പൂക്കളുമായിമായി പ്രതിപക്ഷ നേതാവിനെ വിനോദിനി സ്വീകരിച്ചു.

വിദേശത്തുനിന്നാണ് ലക്ഷങ്ങൾ വിലയുള്ള കൃത്രിമക്കൈ എത്തിച്ചത്. ഇതിനായി കുട്ടിയും രക്ഷിതാക്കളും കഴിഞ്ഞ ദിവസം തന്നെ ആശുപത്രിയിൽ എത്തിയിരുന്നു. കുട്ടിയുടെ വളർച്ചക്കനുസരിച്ച് കൈ മാറ്റേണ്ടി വരും. ഇതിനുള്ള സഹായവും നൽകാമെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചതായി കുട്ടിയുടെ പിതാവ് വിനോദ് പറഞ്ഞു. വിരലുകൾ മടക്കാൻ പറ്റുന്ന തരത്തിൽ ആധുനിക രീതിയിലുള്ള കൈയാണ് ഘടിപ്പിച്ചത്. നാലു മണിക്കൂറോളം ചാർജ് ചെയ്‌താൽ രണ്ടുമൂന്നു ദിവസം പ്രവർത്തിക്കും. വിരലുകൾ ഇഷ്ടാനുസരണം ചലിപ്പിക്കാനും എഴുതാനുമെല്ലാം കഴിയുമെന്നതിനാൽ വിനോദിനിയും കുടുംബവും സന്തോഷത്തിലാണ്. അഴിച്ചുവെക്കാനും വീണ്ടും ഘടിപ്പിക്കാനും കഴിയുന്ന തരത്തിലുള്ള കൈയാണിത്. തിങ്കളാഴ്‌ച കൂടി ആശുപത്രിയിൽ തുടർന്ന ശേഷം ചൊവ്വാഴ്‌ച നാട്ടിലേക്ക് മടങ്ങുമെന്ന് വിനോദ് പറഞ്ഞു. അടുത്ത ദിവസം മുതൽ സ്‌കൂളിൽ പോകാനുള്ള തയാറെടുപ്പിലാണ് വിനോദിനി.

പുതുജീവിതത്തിലേക്ക് തിരിച്ചുവന്നതിൽ കുടുംബത്തിനും ഏറെ സന്തോഷം.വിനോദിനിക്ക് ഇനിയും ഏറെ സ്വപ്നങ്ങൾ ഉണ്ട് . വീടെന്ന സ്വപ്നവും സാക്ഷാത്കരിക്കാൻ ഒപ്പം നിൽക്കാമെന്ന് വി ഡി സതീശൻ ഉറപ്പു നൽകി