25.8 C
Kollam
Saturday 10th October, 2026 | 08:45:02 AM
Home News Breaking News ഗ്യാനേഷ് കുമാറിന്റെ രാജി: സിജെപിയുടെ രണ്ടാം ജന്തർ മന്തർ സമരം ഇന്ന് തുടങ്ങും, സമരം നേരിടാൻ...

ഗ്യാനേഷ് കുമാറിന്റെ രാജി: സിജെപിയുടെ രണ്ടാം ജന്തർ മന്തർ സമരം ഇന്ന് തുടങ്ങും, സമരം നേരിടാൻ ഡൽഹി യെ പൂട്ടിക്കെട്ടി പൊലീസ്

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് സിജെപി പ്രഖ്യാപിച്ച രണ്ടാം ജന്തർ മന്തർ സമരം ഇന്ന് തുടങ്ങും. രാവിലെ 10 മണിയോടെ ജന്തർ മന്തറിൽ എത്തിച്ചേരാൻ ആണ് സിജെപി ആഹ്വാനം. ഇടത് വിദ്യാർഥി സംഘടനകളും തൃണമൂൽ കോൺഗ്രസ്സും സിപിഎമ്മും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. അതേസമയം, സമരത്തിന് എത്തുന്ന സിജെപി നേതാക്കളെ വിമാനത്താവളത്തിൽ വച്ച് കസ്റ്റഡിയിലെടുത്തേക്കുമെന്നാണ് സൂചന.

Also Read: തെളിവില്ലാതെ വോട്ട് കവര്‍ച്ച ആരോപണം ഉന്നയിക്കുന്നത് ജനാധിപത്യത്തിലുള്ള ജനവിശ്വാസം നഷ്ടപ്പെടുത്തും,രൂക്ഷവിമര്‍ശനവുമായി 42 മുന്‍ ജഡ്ജിമാര്‍ രംഗത്ത്

ജന്തർ മന്തർ 2.0 സമരം നയിക്കാൻ സിജെപി നേതാക്കളായ അഭിജിത് ദീപ്കെ, സൗരവ് ദാസ്, അശുതോഷ് രംഗ എന്നിവർ 10.15:ഓടെ ഡൽഹി വിമാനത്താവളത്തിൽ എത്തും എന്നാണ് വിവരം. വിമാനത്താവളത്തിൽ നിന്നും നേരെ ജന്തർ മന്തറിലേക്ക് പോകാനാണ് തീരുമാനം. എന്നാൽ വിമാനത്താവളത്തിൽ വച്ച് തന്നെ അറസ്റ്റ് ചെയ്തേക്കാം എന്ന് അഭിജീത് ദിപ്കെ പറഞ്ഞു. ഗ്യാനേഷ് കുമാറിനെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുക, എസ്.ഐ.ആർ നടപടികൾ അടിയന്തരമായി മരവിപ്പിക്കുകയും 2025 ജനുവരിയിലെ വോട്ടർ പട്ടിക പുനഃസ്ഥാപിക്കുകയും ചെയ്യുക, തെരഞ്ഞെടുപ്പ് കമീഷണർമാരുടെ നിയമനവുമായി ബന്ധപ്പെട്ട 2023 ലെ നിയമം തിരുത്തി കമ്മീഷന്റെ ഘടനയിൽ സമഗ്രമായ പരിഷ്കരണം വരുത്തുക എന്നിവയാണ് സിജെപിയുടെ ആവശ്യങ്ങൾ.

പ്രതിഷേധം നേരിടാൻ

ഇന്ന് നടക്കുന്ന സിജെപി സമരത്തെ നേരിടാൻ വിപുലമായ സജീകരണങ്ങളാണ് ഡൽഹി പൊലീസ് ഒരുക്കിയിരിക്കുന്നത്. ഡൽഹി പൊലീസിനും സൈനിക അർധ സൈനിക വിഭാഗങ്ങൾക്കും പുറമേ 70 കമ്പനി കേന്ദ്രസേനയെ കൂടി ദില്ലിക്ക് നിയോഗിച്ചിട്ടുണ്ട്. ഗതാഗത ക്രമീകരണങ്ങൾ മുതൽ ഇന്റർനെറ്റ്‌ നിരോധനം വരെയുള്ള നടപടികൾ സ്വീകരിച്ച് സമരത്തെ നേരിടാനാണ് പൊലീസ് നീക്കം. 57 മെട്രോ സ്റ്റേഷനുകൾ ഇന്നലെ രാത്രി ഒൻപത് മണിമുതൽ അടച്ചിട്ടിരിക്കുകയാണ്. ഒപ്പം ജന്തർ മന്തിറിന് ചുറ്റുമുള്ള മേഖലകളിലേക്ക് ഊബർ, ഓല, റാപ്പിഡോ സൈകര്യങ്ങളും ലഭ്യമായിരിക്കില്ല.

ഗതാഗത ക്രമീകരണങ്ങളുടെ ഭാഗമായി ഇന്ന് പുലർച്ചെ നാല് മണി മുതൽ ഉച്ചയ്ക്ക് രണ്ട് മണി വരെ ന്യൂഡൽഹി, ഹസ്രത്ത് നിസാമുദ്ദീൻ സ്റ്റേഷനുകളിലേക്കും തിരിച്ചുമുള്ള എല്ലാ ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. ഗതാഗത നിയന്ത്രണങ്ങൾക്ക് പുറമേ ഇന്നലെ രാത്രി പത്ത് മണി മുതൽ കർത്തവ്യപഥിൻ്റെ നാല് കിലോമീറ്റർ ചുറ്റളവിൽ ഇൻ്റർനെറ്റ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ജൻപഥ്- കർത്തവ്യപഥ് മേഖലകളിലാണ് ഇന്ന് രാത്രി പത്ത് മണിവരെ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. കൂടാതെ മേഖലയിലുള്ള എല്ലാ ചില്ലറ മദ്യവിൽപ്പനശാലകളും ഇന്നലെയും ഇന്നുമായി അടച്ചിട്ടിരിക്കുകയാണ്.

ഡൽഹി പൊലീസിൽ നിന്ന് ലഭിച്ച വിവരങ്ങളും നിലവിലുള്ള സാഹചര്യവും കണക്കിലെടുത്ത് പൊതു ക്രമസമാധാനം നിലനിർത്തുന്നതിനുള്ള പ്രതിരോധ നടപടിയായാണ് തീരുമാനമെടുത്തതെന്ന് എക്സൈസ് വകുപ്പ് അറിയിച്ചു. എങ്കിലും ലൈസൻസുള്ള റെസ്റ്റോറന്റുകൾ, ബാറുകൾ, ക്ലബ്ബുകൾ എന്നിവയിലെ മദ്യവിൽപ്പന പതിവുപോലെ തുടരുമെന്ന് ഒരു ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്.

ജന്തർ മന്തിറിലേക്ക് ആളുകൾ എത്തുന്നത് തടയാൻ ഫരീദാബാദ്, ബദർപൂർ അതിർത്തി, പുൽ പെഹ്ലാദ്പൂർ, ഷൂട്ടിംഗ് റേഞ്ച് അതിർത്തി, മംഗർ ചൗക്ക് എന്നിവയുൾപ്പെടെ ഡൽഹിയിലേക്കുള്ള എട്ട് പ്രധാന പ്രവേശന സ്ഥലങ്ങളിൽ പൊലീസ് ചെക്ക്‌പോസ്റ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. തലസ്ഥാനത്തുട നീളമുള്ള ഹോട്ടലുകളിലും ഗസ്റ്റ് ഹൗസുകളിലും പൊലീസ് പരിശോധന തുടരുകയാണ് പ്രതിഷേധത്തിനായി എത്തുന്ന ആളുകളെ പ്രവേശിപ്പിക്കരുതെന്നാണ് ഇവർക്ക് നൽകിയിട്ടുള്ള പ്രധാന നിർദ്ദേശം. പ്രതിഷേധത്തിന് എത്തുന്ന ആളുകളെ കരുതൽ തടങ്കലിലിൽ പാർപ്പിക്കാനായി ഏകദേശം 15 ഓളം തടങ്കൽ കേന്ദ്രങ്ങളാണ് ഡൽഹിയിലാകെ സജ്ജമാക്കിയിരിക്കുന്നത്. ഏതായാലും ഈ ക്രമീകരണങ്ങൾക്കൊണ്ടൊക്കെ പ്രതിഷേധക്കാരെ തടയാൻ സാധിക്കുമോ എന്നാണ് ഇനി നോക്കി കാണേണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here