ന്യൂഡല്‍ഹി: വിജയദശമി ആഘോഷങ്ങളുടെ ഭാഗമായി പീതംപുരയില്‍ സംഘടിപ്പിക്കുന്ന രാംലീലയില്‍ ഇത്തവണ പാറ്റയുടെ രൂപം കത്തിക്കുന്നതില്‍ പ്രതികരണവുമായി സിജെപി കണ്‍വീനര്‍ അഭിജീത് ദീപ്‌കെ. ‘ഫ്രീ പബ്ലിസിറ്റിക്ക് നന്ദി’ എന്നാണ് കൂറ്റന്‍ പാറ്റയുടെ വീഡിയോ പങ്കുവെച്ച് ദീപ്‌കെയുടെ പ്രതികരണം. ഇതിനിടെ ഉത്തരരേന്ത്യയിലെ അവധി ദിനങ്ങളിൽ കുടുംബത്തോടൊപ്പം ചിലവഴിക്കുകയാണെന്നും പ്രതിഷേധം ഇനി ഉത്സവനാളുകൾക്ക് ശേഷമെന്നും സമാധാനപരമായി സമരം തുടരുമെന്നും അഭിജിത്ത് ദീപ്കെ പറഞ്ഞു .
രാവണന്‍, കുംഭകര്‍ണന്‍, മേഘനാഥന്‍ എന്നിവരുടെ കോലങ്ങള്‍ക്കൊപ്പം 30 അടി ഉയരമുള്ള പാറ്റയുടെ രൂപം കൂടി ദഹിപ്പിക്കാനാണ് സംഘാടകരുടെ തീരുമാനം. ഇതിനായി പാറ്റയുടെ കൂറ്റന്‍ രൂപം തയ്യാറാക്കിയിരിക്കുകയാണ്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സിജെപി പ്രതിഷേധം ശക്തമാക്കിയിരിക്കെയാണ് ഡല്‍ഹിയില്‍ പാറ്റാ ദഹനത്തിന് ഒരുങ്ങുന്നത് എന്നതാണ് ശ്രദ്ധേയം.
പീതംപുരയിലെ ശ്രീ കേശവ് രാംലീല കമ്മിറ്റിയാണ് പരിപാടിക്ക് നേതൃത്വം നല്‍കുന്നത്. ബിജെപി എംഎല്‍എ അശോക് ഗോയലാണ് കമ്മിറ്റിയുടെ അധ്യക്ഷന്‍. പാറ്റ ദഹനത്തിന് രാഷ്ട്രീയവുമായി ബന്ധമില്ലെന്നാണ് സംഘാടകരുടെ വിശദീകരണം. അഴുക്കിന്റെ പ്രതീകമായാണ് പാറ്റയെ അവതരിപ്പിക്കുന്നതെന്നും സ്വച്ഛ് ഭാരത് അഭിയാന്‍ പ്രചാരണത്തിന്റെ ഭാഗമായാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നതെന്നും കമ്മിറ്റി പറയുന്നു.































