Home Blog Page 1072

സഹകരണ സംഘത്തിൻ്റെ കോടികൾ വിലമതിക്കുന്ന ഭൂമി സിപിഎം നിയന്ത്രണത്തിലുള്ള ആശുപത്രിക്ക് നൽകാൻ ഉത്തരവ്; എതിർത്ത് സിപിഐ

ശാസ്താംകോട്ട:സഹകരണ സംഘത്തിന്റെ കോടികൾ വില മതിക്കുന്ന സ്ഥലവും കെട്ടിടങ്ങളും സഹകരണ ആശുപത്രിക്ക് കൈമാറാനുള്ള സിപിഎമ്മിന്റെ രഹസ്യ നീക്കത്തിനെതിരെ പ്രതിഷേധവുമായി സിപിഐ
രംഗത്ത്.പുതിയകാവ്- ചക്കുവള്ളി പ്രധാന പാതയോരത്ത് ശൂരനാട് വായനശാല ജംഗ്ഷനിലുള്ള ശാസ്താംകോട്ട കോക്കനട്ട് പ്രോസസിങ് ആൻഡ് മാർക്കറ്റിങ് സഹകരണ സംഘത്തിന്റെ രണ്ടര ഏക്കർ സ്ഥലവും കെട്ടിടങ്ങളുമാണു അഡ്മിനിസ്ട്രേറ്റർ ഭരണത്തിന്റെ മറവിൽ സിപിഎം നിയന്ത്രണത്തിലുള്ള ആശുപത്രിക്ക് വാടകയ്ക്ക് കൈമാറാൻ ഉത്തരവായത്.

കൊല്ലം പാലത്തറയിൽ സിപിഎം നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സഹകരണ ആശുപത്രിയുടെ പതാരത്ത് പ്രവർത്തിക്കുന്ന ശാഖയുടെ വിപുലീകരണത്തിനു വേണ്ടിയാണ് ഭരണത്തിൻ്റെ തണലിൽ ഉത്തരവായത്.സിപിഐ ജില്ലാ കൗൺസിൽ അംഗങ്ങളും ലോക്കൽ കമ്മിറ്റികളും ഇതിനെതിരെ പ്രതിഷേധവുമായി ഇതിനകം രംഗത്ത് വന്നു കഴിഞ്ഞു.കൊല്ലം- പത്തനംതിട്ട ജില്ലകളിലെ പറക്കോട്,ശാസ്താംകോട്ട,ഓച്ചിറ ബ്ലോക്ക് പഞ്ചായത്തുകളിലെ ആയിരത്തിൽപരം എ ക്ലാസ് വ്യക്തി അംഗങ്ങളും 40 ബി ക്ലാസ് സഹകരണസംഘം അംഗങ്ങളും ചേർന്നുള്ള സ്ഥാപനത്തിന്റെ സ്വത്തുക്കൾ യഥാർഥ ഉടമകൾ അറിയാതെ,സിപിഎം നിയന്ത്രണത്തിലുള്ള മറ്റൊരു സ്‌ഥാപനത്തിന് കൈമാറാൻ സഹകരണ വകുപ്പ് ശ്രമിച്ചെന്നാണ് പരാതി.

സർക്കാർ വകുപ്പുകളുടെ സഹായത്തോടെ സഹകരണ നിയമങ്ങളും ചട്ടങ്ങളും മറികടന്നുള്ള ജനാധിപത്യവിരുദ്ധമായ നീക്കം ഏറെ വൈകിയാണ് സിപിഐ നേതാക്കൾ അറിഞ്ഞത്.സിപിഐ പ്രസിഡൻ്റ് സ്‌ഥാനം വഹിച്ചിരുന്ന സംഘം 6 വർഷമായി അഡ്‌മിനിസ്ട്രേറ്റർ ഭരണത്തിലാണ്.സംഘത്തിന്റെ പൊതുയോഗമോ തിരഞ്ഞെടുക്കപ്പെട്ട ഭരണ സമിതിയോ അറിയാതെ രഹസ്യമായി നടക്കുന്ന നീക്കം അടിയന്തരമായി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാന സഹകരണ വകുപ്പിന് സിപിഐ ഘടകങ്ങളും നേതാക്കളും പരാതി നൽകിയത്.അഡ്മിനിസ്ട്രേറ്റർ ഭരണം എത്രയും വേഗത്തിൽ അവസാനിപ്പിച്ച് സംഘത്തിൽ തിരഞ്ഞെടുപ്പ് നടത്തണമെന്നും അല്ലാത്തപക്ഷം നിലവിലുള്ള ഹൈക്കോടതി ഉത്തരവിനെതിരെ മേൽക്കോടതിയെ സമീപിക്കുമെന്നും സിപിഐ ജില്ലാ നേതൃത്വം അറിയിച്ചു.

ഏറെ നാടകീയമായാണ് ശൂരനാട്ടെ ചില സിപിഎം നേതാക്കള്‍ ഈ സംഘത്തിന്‍റെ ആസ്തിസ്വന്തമാക്കാന്‍ നീക്കം നടത്തിയത്. കൊല്ലത്തെ ആശുപത്രിയുടെ ബ്രാഞ്ച് പതാരത്ത് കൊണ്ടുവന്നതാണ് ആദ്യ തന്ത്രം. അവിടെ സൗജന്യ ക്യാമ്പുകളും കുറഞ്ഞനിരക്കിലെ ചികില്‍സയും ലഭ്യമാക്കി നാട്ടുകാരുടെ അഭിപ്രായം സ്വരൂപിച്ചു. ഇതെല്ലാം ശൂരനാട്ടെ ചില നേതാക്കളുടെ കൃത്യമായ താല്‍പര്യത്തിലാണ് നടന്നത്. എന്നിട്ടും സിപിഐ ഈ തന്ത്രം മനസിലാക്കിയില്ലെന്നതാണ് സത്യം. 1969ലെ പഴയൊരു സഹകരണ നിയമം മുന്നോട്ടു വച്ചാണ് അനുകൂലമായ ഹൈക്കോടതി വിധി നേടിയതെന്നതും സിപിഐക്കാരെ അമ്പരപ്പിക്കുന്നു.

‘

വെമ്പായത്ത് നിയന്ത്രണം വിട്ട കെ എസ് ആർ റ്റി സി ബസ് കടയിലേക്ക് ഇടിച്ചു കയറി; ഒരു മരണം, നിരവധി പേര്‍ക്ക് പരുക്ക്

തിരുവനന്തപുരം: വെമ്പായത്ത് നിയന്ത്രണം വിട്ട കെഎസ്‌ആർടിസി ബസ് കടയില്‍ ഇടിച്ചു കയറി അപകടം. ഒരാള്‍ മരിച്ചു. ബസ് ഇടിച്ച ബൈക്ക് യാത്രികനാണ് മരിച്ചത്.

നിരവധി പേർക്ക് പരുക്കേറ്റു. വെമ്പായത്ത് നിന്നും തിരുവനന്തപുരത്തേക്ക് വന്ന ഓർഡിനറി ബസാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട ബസ് ബൈക്കുകളില്‍ ഇടിച്ച ശേഷം കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
35ലധികം ആളുകള്‍ ബസിലുണ്ടായിരുന്നു. കടയില്‍ ഉണ്ടായിരുന്നവര്‍ക്കും പരുക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. മറ്റുള്ളവരെ സമീപത്തുള്ള ആശുപത്രിയിലേക്കുമാണ് മാറ്റിയത്. നിയന്ത്രണം വിട്ട ബസ് ഉടനെ ഒരു കാറിലും നിരവധി ബൈക്കുകളിലും ഇടിച്ച്‌ കടയിലേക്ക് ഇടിച്ച്‌ കയറുകയായിരുന്നു.

ബസ് ഇടിച്ച ബൈക്ക് യാത്രികന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്.

ഐവർകാലയെ ‘വെട്ടിപ്പൊളിച്ച്’ വാട്ടർ അതോറിറ്റി;പ്ലാൻ്റ് നിർമ്മാണം തടഞ്ഞ് നാട്ടുകാർ

കുന്നത്തൂർ:ജലജീവൻ മിഷൻ്റെ ഭാഗമായി കുന്നത്തൂർ-കരുനാഗപ്പള്ളി നിയോജക മണ്ഡലങ്ങളിലെ 6 പഞ്ചായത്തുകളെ ഉൾപ്പെടുത്തി 125 കോടി ചെലവിൽ നടപ്പാക്കുന്ന സംയോജിത ശുദ്ധജല പദ്ധതിയുടെ ജലശുദ്ധീകരണ പ്ലാൻ്റ് നിർമ്മാണം തടഞ്ഞ് നാട്ടുകാർ പ്രതിഷേധിച്ചു.കുന്നത്തൂർ ഞാങ്കടവിൽ കല്ലടയാറ്റിൽ തടയണ സ്ഥാപിച്ച് വെള്ളം പമ്പ് ചെയ്ത് അമ്പുവിളയിൽ നിർമ്മിക്കുന്ന ടാങ്കിൽ എത്തിച്ച ശുദ്ധീകരിച്ച ശേഷം വിതരണം ചെയ്യാനാണ് പദ്ധതിയുടെ ലക്ഷ്യം.എന്നാൽ ഇതിൻ്റെ ഭാഗമായി പൈപ്പ് ഇടാനായി കുന്നത്തൂർ പഞ്ചായത്തിലെ കിഴക്കൻ മേഖലയായ ഐവർകാലയിലെ മുഴുവൻ റോഡുകളും  വെട്ടിപ്പൊളിച്ചതാണ് ജനങ്ങൾക്ക് വിനയായത്.ഐവർകാലയിലെ പ്രധാനപ്പെട്ടതും അപ്രധാനവുമായ മുഴുവൻ റോഡുകളും വാട്ടർ അതോറിറ്റി കുളം തോണ്ടിയിരിക്കയാണ്.കളിക്കലഴികത്ത് ജംഗ്ഷൻ,അമ്പുവിള റോഡ്,പ്ലാമുക്ക് തുടങ്ങിയ ഭാഗങ്ങളിൽ കൂടി കാൽനടയാത്ര പോലും അപ്രാപ്യമാണ്.പാതയോരത്ത് കൂറ്റൻ
പൈപ്പുകൾ അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്നത് അപകടങ്ങൾക്കും കാരണമാകുന്നു.മാസങ്ങളായി ഇത്തരം
പൈപ്പുകളിൽ കാട്ടുപന്നികൾ വസിക്കുന്നതായും പ്രദേശവാസികൾ പറയുന്നു.പൊടി ശല്യവും അതിരൂക്ഷമാണ്.മേഖലയിൽ ജനങ്ങൾ ഒറ്റപ്പെട്ട അവസ്ഥയിലാണ്.അപകടങ്ങൾ പതിവായിട്ടും ജനങ്ങൾ ദുരിതം പേറി കഴിയാൻ തുടങ്ങിയിട്ടും മാസങ്ങൾ ഏറെയായെങ്കിലും റോഡുകൾ സഞ്ചാരയോഗ്യമാക്കാൻ അധികൃതർ തയ്യാറായിരുന്നില്ല.തുടർന്ന് നാട്ടുകാർ പ്രതിഷേധവുമായി എത്തിയതോടെ
ബ്ലോക്ക് – ഗ്രമ പഞ്ചായത്ത് പ്രസിഡൻ്റുമാർ,മറ്റ് ജനപ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിൽ വാട്ടർ അതോറിറ്റി എൻജിനിയറുമായി ചർച്ച നടത്തുകയുണ്ടായി.ജലം നിറച്ച് പരിശോധന നടത്തി ഫെബ്രുവരി ആദ്യ ആഴ്ചയിൽ പൈപ്പ് ഇടീൽ പൂർത്തികരിക്കുമെന്നും,തുടർന്ന് റോഡ് ടാറിങ് നടത്തുമെന്നുമായിരുന്നു ലഭിച്ച ഉറപ്പ്.ഇതിനായി നബാഡിൽ നിന്നും ഉടനടി പണം ലഭ്യമാകുമെന്നും അറിയിച്ചിരുന്നു.എന്നാൽ മാസങ്ങൾ പലത് പിന്നിട്ടിട്ടും നൽകിയ ഉറപ്പുകളിൽ ഒന്നു പോലും പാലിക്കാൻ അധികൃതർ തയ്യാറായില്ലെന്ന് നാട്ടുകാർ പറയുന്നു.നിരവധി തവണ കോവൂർ കുഞ്ഞുമോൻ എംഎൽഎയ്ക്ക് നേരിട്ട് പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല.മാത്രമല്ല പ്രതിഷേധം ഭയന്ന് പൊട്ടിപ്പൊളിഞ്ഞ റോഡുകൾ അവശേഷിക്കുന്ന ഐവർകാലയിലേക്ക് എംഎൽഎ എത്താറില്ലെന്നും ആക്ഷേപമുണ്ട്.ഈ സാഹചര്യത്തിലാണ് കുന്നത്തൂർ അമ്പുവിളയിലെ ജലശുദ്ധീകരണ പ്ലാൻ്റ് നിർമ്മാണം ജനപ്രതിനിധികളും പ്രദേശവാസികളും ചേർന്ന് തടഞ്ഞത്.ആർവൈഎഫ് സംസ്ഥാന പ്രസിഡൻ്റ് ഉല്ലാസ് കോവൂർ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് അംഗങ്ങളായ പി.അനിൽകുമാർ,ടി.കെ പുഷ്പകുമാർ,ആക്ഷൻ കൗൺസിൽ കൺവീനർ രാജേഷ്കുമാർ,ഹരീന്ദ്രകുമാർ, ജയൻ.എസ്,ദേവരാജൻ നായർ എന്നിവർ പ്രസംഗിച്ചു.

ഭരണിക്കാവിലെ ട്രാഫിക് പരിഷ്ക്കരണം; തീരുമാനങ്ങൾ നടപ്പാക്കുന്നതിന് 13ന് സംയുക്തയോഗം

ശാസ്താംകോട്ട ജംഗ്ഷനിൽ ഹൈമാസ്റ്റ് ലൈറ്റ് മറച്ചു കൊണ്ട് സ്ഥാപിച്ചിരിക്കുന്ന പരസ്യ ബോർഡ്

ശാസ്താംകോട്ട:ഭരണിക്കാവിലെ ട്രാഫിക് പരിഷ്ക്കരണവുമായി ബന്ധപ്പെട്ട് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗത്തിലെടുത്ത തീരുമാനങ്ങൾ നടപ്പാക്കുന്നത് സംബന്ധിച്ച് 13ന് പകൽ രണ്ടിന് താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ സംയുക്തയോഗം ചേരാൻ താലൂക്ക് വികസന സമിതി യോഗത്തിൽ തീരുമാനം.ബ്ലോക്ക് – ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമാർ,കുന്നത്തൂർ തഹസീൽദാർ,കൊല്ലം എൻഫോഴ്സ്മെൻ്റ് ആർടിഒ, ശാസ്താംകോട്ട ഡിവൈഎസ്പി,കുന്നത്തൂർ ജെആർടിഒ,കെഎസ്ആർടിസി കരുനാഗപ്പള്ളി,പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയേഷൻ ഭാരവാഹികൾ,വ്യാപാരി വ്യവസായി പ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തി യോഗം ചേരാൻ ശാസ്താംകോട്ട പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി.

ശാസ്താംകോട്ട ജംഗ്ഷനിൽ ഹൈമാസ്റ്റ് ലൈറ്റ് മറച്ചു കൊണ്ട് സ്ഥാപിച്ചിരിക്കുന്ന ബോർഡ് നീക്കം ചെയ്യാൻ പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി.പുതിയകാവ് – ചക്കുവള്ളി റോഡിൽ കെസിടി ജംഗ്ഷനു സമീപം സ്ഥിരമായി വാഹനാപകടങ്ങൾ ഉണ്ടാകുന്നത് സംബന്ധിച്ച് വിശദ പരിശോധന നടത്തി നടപടികൾ കൈക്കൊള്ളുന്നതിന് പിഡബ്ല്യൂഡി ഓച്ചിറ റോഡ് അസി.എൻജിനീയർക്ക് നിർദ്ദേശം നൽകി.

ശൂരനാട് വടക്ക് മണലിക്കൽ പുഞ്ചയിൽ നിന്ന് അനധികൃതമായി ചെളിയെടുക്കുന്നത് സംബന്ധിച്ച് പരിശോധന നടത്തി നടപടി സ്വീകരിക്കുന്നതിന് ശൂരനാട് എസ്എച്ച്ഒയെ ചുമതലപ്പെടുത്തി.സീസ് ചെയ്ത് കാലങ്ങളായി താലൂക്കാഫീസ് വളപ്പിൽ സൂക്ഷിച്ചിരിക്കുന്ന പഴയ വാഹനങ്ങൾ നീക്കം ചെയ്യുന്നതിന് ശാസ്താംകോട്ട എസ്എച്ച്ഒയെ ചുമതലപ്പെടുത്തി.ലോറികളും ടിപ്പറുകളും അമിത വേഗതയിൽ സഞ്ചരിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുന്നതിനായി കുന്നത്തൂർ ജെആർടിഒയ്ക്ക് നിർദ്ദേശം നൽകി.താലൂക്ക് പരിധിയിലുള്ള മുഴുവൻ പഞ്ചായത്ത് കിണറുകളും വൃത്തിയാക്കുന്നതിന് എല്ലാ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരെയും ചുമതലപ്പെടുത്തി.

താലൂക്കാശുപത്രിക്കെട്ടിട നിര്‍മ്മാണത്തിന് നടപടി സ്വീകരിക്കാത്തതില്‍പ്രതിഷേധിച്ച് കോണ്‍ഗ്രസ് അംഗം തുണ്ടില്‍ നൗഷാദ് താലൂക്ക് സഭ ബഹിഷ്കരിച്ചു.

താലൂക്ക് വികസന സമിതിയിൽ ഓഫീസ് മേധാവികൾ തന്നെ പങ്കെടുക്കണമെന്ന് താലൂക്ക് പരിധിയിലെ ഓഫീസുകൾക്ക് നിർദ്ദേശം നൽകുന്നതിനായി തഹസീൽദാരെ ചുമതലപ്പെടുത്തി.യോഗത്തിൽ കോവൂർ കുഞ്ഞുമോൻ എംഎൽഎ അധ്യക്ഷത വഹിച്ചു.വൈ.ഗ്രിഗറി,പ്രൊഫ.എസ്. അജയൻ,തുണ്ടിൽ നൗഷാദ്,കുറ്റിയിൽ നിസാം,അഡ്വ.എ.നൗഷാദ്,പുത്തൂർ സനിൽ,വിവിധ വകുപ്പ് മേധാവികർ,കുന്നത്തൂർ തഹസീൽദാർ,ഭൂരേഖാ തഹസീൽദാർ എന്നിവർ പങ്കെടുത്തു.

സിമെറ്റ് നഴ്സിങ് കോളജുകളിൽ അധ്യാപക ഒഴിവ്; ഫെബ്രുവരി 20 വരെ അപേക്ഷിക്കാം

സ്‌റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് ടെക്നോളജിക്കു (സി–മെറ്റ്) കീഴിൽ 39 അധ്യാപക ഒഴിവ്. കോന്നി, പള്ളുരുത്തി, ഉദുമ, തളിപ്പറമ്പ്, ധർമടം, താനൂർ, മലമ്പുഴ എന്നിവിടങ്ങളിലെ നഴ്സിങ് കോളജുകളിലാണ് അവസരം. ഒരു വർഷ കരാർ നിയമനമാണ്. ഫെബ്രുവരി 20 വരെ അപേക്ഷിക്കാം.

തസ്തിക, യോഗ്യത:

∙അസിസ്റ്റന്റ് പ്രഫസർ: എംഎസ്‌സി നഴ്സിങ്, 3 വർഷ അധ്യാപന പരിചയം; 33,320.

∙സീനിയർ ലക്ചറർ: എംഎസ്‌സി നഴ്സിങ്, 2 വർഷ അധ്യാപന പരിചയം; 33,320.

∙ലക്ചറർ: എംഎസ്‌സി നഴ്സിങ്; 32,450.

∙ട്യൂട്ടർ: ബിഎസ്‌സി നഴ്സിങ്/ പോസ്റ്റ് ബേസിക് നഴ്സിങ്, ഒരു വർഷ പരിചയം; 30,000.

∙പ്രായപരിധി: 50.

∙ഫീസ്: 250. പട്ടിക വിഭാഗം–100. എസ്ബി കളക്ട് ലിങ്ക് മുഖേനയോ ചലാൻ ഡൗൺലോഡ് ചെയ്ത് ഏതെങ്കിലും എസ്ബിഐ ബ്രാഞ്ച് മുഖേയോ ഫീസ് അടയ്ക്കാം.

ഡ്രൈവർ ഒഴിവ്

സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് ടെക്നോളജിക്കു കീഴിൽ താനൂരിലെ സിമെറ്റ് കോളജ് ഓഫ് നഴ്‌സിങ്ങില്‍ ഡ്രൈവറുടെ ദിവസവേതന നിയമനം നടത്തുന്നു. അഭിമുഖം ഫെബ്രുവരി 11ന്. യോഗ്യത: 10–ാം ക്ലാസ് ജയം, ഹെവി വെഹിക്കിള്‍ ലൈസന്‍സ്, 10 വര്‍ഷത്തില്‍ കുറയാത്ത പരിചയം. അപേക്ഷ ഫെബ്രുവരി 9നകം പ്രിന്‍സിപ്പല്‍, സിമെറ്റ് കോളജ് ഓഫ് നഴ്സിങ്, താനൂര്‍ ജിഎച്ച്എസ്എസ് ചെറിയമുണ്ടം ക്യാംപസ്, തലക്കടത്തൂര്‍ പിഒ, പിൻ–676 103 എന്ന വിലാസത്തില്‍ അയയ്ക്കണം. 0494–2580048.

www.simet.in

കുട്ടികൾക്ക് ആവശ്യത്തിന് വിറ്റാമിൻ ഡി ലഭിക്കുന്നുണ്ടോ? ഈ ഭക്ഷണങ്ങൾ നൽകൂ

കുട്ടികളുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും ആവശ്യമായ, എല്ലാ പോഷകങ്ങളും അടങ്ങിയ സമീകൃതാഹാരം നൽകാൻ ശ്രദ്ധിക്കേണ്ടതുണ്ട്. ചെറുപ്പത്തിൽ തന്നെ ആരോഗ്യകരമായ ഭക്ഷണശീലം അവരിൽ വളർത്തിയെടുക്കേണ്ടത് പ്രധാനമാണ്. കുട്ടികൾക്ക് ഏതൊക്കെ പോഷകങ്ങളാണ് വേണ്ടതെന്ന് മാതാപിതാക്കൾക്ക് വ്യക്തമായ ധാരണയുണ്ടായിരിക്കണം. വിറ്റാമിൻ ഡി അത്തരത്തിലുള്ള ഒരു പോഷകമാണ്. എന്നാൽ

മറ്റ് പോഷകങ്ങളെപ്പോലെ, വിറ്റാമിൻ ഡിയുടെ ഉറവിടം ഭക്ഷണം മാത്രമല്ല. സൂര്യപ്രകാശം ഏൽക്കുമ്പോൾ മനുഷ്യശരീരം ഇത് ഉത്പാദിപ്പിക്കുന്നു. രോഗങ്ങളെ തടയാനും, പ്രായമാകുമ്പോൾ എല്ലുകളെ ബലപ്പെടുത്താനും, ശരീരഭാരം നിയന്ത്രിക്കാനും കുട്ടികൾക്കും മുതിർന്നവർക്കും ഈ വിറ്റാമിൻ ആവശ്യമാണ്. വിറ്റാമിൻ ഡിയുടെ കുറവ് ഇന്ന് ഒരു സാധാരണ പ്രശ്നമാണ്. പേശികളുടെ ബലക്കുറവ്, സന്ധിവേദന തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് പലരും പരാതിപ്പെടുന്നു. ജീവിതശൈലിയിലെ ചില മാറ്റങ്ങളിലൂടെയും സമീകൃതാഹാരത്തിലൂടെയും നമുക്ക് ഈ പ്രശ്നം പരിഹരിക്കാനാകും.

വിറ്റാമിൻ ഡിയുടെ അളവ് കൂട്ടാൻ ഈ ഭക്ഷണങ്ങൾ കഴിക്കൂ

കുട്ടികൾക്ക് മുട്ട, ചീര, കൂൺ, സാൽമൺ മത്സ്യം, പാൽ, മറ്റ് ക്ഷീര ഉത്പന്നങ്ങൾ, ഓറഞ്ച് എന്നിവ നൽകുന്നുണ്ടെന്ന് ഉറപ്പാക്കുക. ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് ശരീരത്തിൽ വിറ്റാമിൻ ഡിയുടെ അളവ് കൂട്ടാൻ സഹായിക്കുന്നു. കൂടാതെ കുട്ടികളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിനും വളർച്ചയ്ക്കും ഇത് സഹായിക്കും. അതേസമയം പുറത്ത് കളിക്കാനും സൂര്യപ്രകാശം കൊള്ളാനും അവരെ പ്രോത്സാഹിപ്പിക്കുക. ഇത് അവരുടെ ശരീരത്തിലെ വിറ്റാമിൻ ഡി അളവ് മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

പുതിയ റെക്കോർഡുമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം, ജനുവരിയിൽ യാത്രക്കാരുടെ എണ്ണം കുതിച്ചുയ‍ർന്നു

തിരുവനന്തപുരം: യാത്രക്കാരുടെ എണ്ണത്തിൽ പുതിയ റെക്കോർഡുമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം. 2026 ജനുവരിയിൽ 450,090 പേർ വിമാനത്താവളം വഴി യാത്ര ചെയ്തു. പ്രതിമാസ കണക്കിൽ ഇതുവരെയുള്ള ഏറ്റവും ഉയർന്ന എണ്ണമാണിത്. യാത്രക്കാരുടെ പ്രതിദിന ശരാശരി ഇതാദ്യമായി 15,000 കടന്നു.

ജനുവരിയിൽ യാത്ര ചെയ്തവരിൽ 227,275 പേർ അന്താരാഷ്ട്ര യാത്രക്കാരാണ്. ഇതും ഇതുവരെയുള്ള കണക്കിൽ ഏറ്റവും ഉയർന്നതാണ്. ആഭ്യന്തരയാത്രക്കാർ 222,815 പേരാണ്. ജനുവരിയിൽ വിമാനത്താവളം മൊത്തം 2,751 എയർ ട്രാഫിക് മൂവ്‌മെന്റുകൾ (എടിഎമ്മുകൾ) കൈകാര്യം ചെയ്തു. വരുന്ന സമ്മർ ഷെഡ്യൂളിൽ കൂടുതൽ സർവീസുകൾക്ക് വേണ്ടിയുള്ള ചർച്ചകൾ പുരോഗമിക്കുന്നുണ്ട്.

2070ലെ സന്ദി​​ഗ്ധാവസ്ഥ തരണം ചെയ്യാനുള്ള ബജറ്റ്; അവതരിപ്പിക്കും മുമ്പേ എതിർക്കാനുള്ള സ്ക്രിപ്റ്റ് തയാറാക്കിയെന്ന് സുരേഷ് ​ഗോപി

തിരുവനന്തപുരം: 2070ൽ നേരിടാനുള്ള സന്ദി​​ഗ്ധാവസ്ഥ തരണം ചെയ്യാനുള്ള ബജറ്റാണ് അവതരിപ്പിച്ചതെന്ന് എംപി സുരേഷ് ​ഗോപി. ഭാവി ലക്ഷ്യമിട്ടുള്ളതാണ് കേന്ദ്ര ബജറ്റെന്നും ബജറ്റ് പുറത്തു വരുന്നതിനു മുമ്പേ അതിനെ എതിർക്കാനുള്ള സ്ക്രിപ്റ്റ് ചിലർ തയാറാക്കിയിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. ഈയൊരു സംവിധാനത്തിൽ ജനം കബളിപ്പിക്കപ്പെട്ടു പോകരുതെന്നും അദ്ദേഹം പറഞ്ഞു. 50 വർഷത്തെ ബജറ്റ് അവലോകനം ചെയ്ത വിചക്ഷരുടെ അറിവിന്റെ പെട്ടിയിൽ നിന്ന് പകർന്നെടുത്ത അംശങ്ങൾ പകർന്നെടുന്ന് ഞാൻ വിശ്വസിക്കുന്ന ഭാവിയെ മുന്നിൽക്കണ്ടുള്ള ഏറ്റവും പ്രധാധാനപ്പെട്ട ബജറ്റാണിതെന്നും അദ്ദേഹം പറഞ്ഞു.

വളരെ വ്യക്തമായ ദിശാബോധമുള്ള, പ്രധാനമന്ത്രിയുടെ വാക്കുകൾ കടമെടുത്താൽ ഈ നൂറ്റാണ്ടിലെ രണ്ടാം പകുതിയിലെ ആദ്യ ബജറ്റാണിതെന്നും 20147 ലെ വികസിത് ഭാരത് ലക്ഷ്യം വെച്ചുള്ള ബജറ്റാണിതെന്നും അദ്ദേഹം പറഞ്ഞു. ഡിമോ​ഗ്രാഫിഖ് ഡിവിഡന്റ് 2070ൽ നേരിടാനുള്ള സന്ദി​ഗ്ദാവസ്ഥ തരണം ചെയ്യാനുള്ള ബജറ്റാണ് രൂപകൽപ്പന ചെയതിരിക്കുന്നതെന്നും 2070 വരെയുള്ള ബജറ്റിന്റെ തുടക്കമാണ് കുറിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര ബജറ്റിന് പിന്നാലെ സുരേഷ് ഗോപിക്ക് രൂക്ഷ വിമര്‍ശനമുയര്‍ന്നിരുന്നു. എയിംസ് വരുമെന്നുള്ള സുരേഷ് ഗോപിയുടെ പ്രഖ്യാപനം ഇത്തവണയും ബജറ്റില്‍ ഉണ്ടായിരുന്നില്ല. നേരത്തെ പ്രഖ്യാപിച്ച ടൂറിസം സര്‍ക്യൂട്ടും ബജറ്റില്‍ ഇടം പിടിച്ചില്ല. വിഴിഞ്ഞം, ശബരിപാത തുടങ്ങിയ പദ്ധതികളും ബജറ്റില്‍ ഇടംപിടിച്ചില്ല.

സ്വർണക്കൊള്ളയിലെ ഇഡി അന്വേഷണം സ്വാഗതം ചെയ്ത് ജയകുമാർ; ‘രാജീവരുടെ ഊഴം വരട്ടെ, തന്ത്രി സ്ഥാനത്തിൽ ധർമ്മനിഷ്ഠമായ തീരുമാനം ഉണ്ടാകും’

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) നടത്തുന്ന അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ വ്യക്തമാക്കി. എത്ര വലിയ സാമ്പത്തിക ക്രമക്കേടാണെങ്കിലും അത് പുറത്തുവരണമെന്നും അന്വേഷണം അതിന്റെ വഴിക്ക് നടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

കേസിലെ പ്രതിയായ കണ്ഠരര് രാജീവരെ തന്ത്രിസ്ഥാനത്ത് നിന്ന് മാറ്റുന്ന കാര്യത്തിൽ നിലവിൽ തീരുമാനമെടുക്കുന്നതിന് പ്രസക്തിയില്ലെന്നും ജയകുമാർ വ്യക്തമാക്കി. രാജീവരുടെ ഊഴം വരട്ടെ, ഊഴം വരുമ്പോൾ ധർമ്മനിഷ്ഠമായ തീരുമാനമുണ്ടാകുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് വിവരിച്ചു. ഒക്ടോബർ വരെ കണ്ഠരര് മഹേഷ് മോഹനർക്കാണ് തന്ത്രിയുടെ ചുമതലയുള്ളതെന്നും അത് കഴിയുന്ന മുറക്ക് തീരുമാനമെടുക്കുമെന്നും ജയകുമാർ കൂട്ടിച്ചേർത്തു.

ജയകുമാർ ഇന്നലെ പറഞ്ഞത്

ശബരിമല സ്വർണകൊള്ള കേസിൽ പ്രതിയായ തന്ത്രി കണ്ഠരര് രാജീവരെ തന്ത്രിസ്ഥാനത്തുനിന്നും മാറ്റുന്നതിൽ തീരുമാനം പിന്നീട് എടുക്കേണ്ടിവരുമെന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ഇന്നലെ പറഞ്ഞത്. നിലവിൽ തീരുമാനം എടുത്തിട്ടില്ല, തീരുമാനം എടുക്കുന്നതിൽ മനസ്ഥാപമില്ലെന്നും ജയകുമാർ വ്യക്തമാക്കിയിരുന്നു. അടുത്ത് മകര വിളക്ക് സീസണിൽ ശബരിമലയിൽ സമഗ്രമായ മാറ്റം കൊണ്ടുവരാനുള്ള റിപ്പോർട്ട് തയ്യാറാക്കിയെന്നും ജയകുമാർ പറഞ്ഞു. സ്വയം സ്പോൺസർമാർ ഇനിവേണ്ടെയെന്നും ബോർഡ് തീരുമാനിച്ചു. ശബരിമലയിൽ സമഗ്ര മാറ്റം ലക്ഷ്യമിട്ട് വിഷൻ ശബരിമല അവതരിപ്പിച്ച ശേഷമായിരുന്നു ദേവസ്വം പ്രസിഡൻറിൻറെ പ്രതികരണം.

ശബരിമലയിൽ സമഗ്ര മാറ്റം മുന്നോട്ടുവെക്കുന്നതാണ് വിഷൻ ശബരിമല. ശബരിമലക്കായി പ്രത്യേക ബജറ്റ് ഉണ്ടാകും. പമ്പയിൽ പിൽഗ്രിം സെൻറർ ആരംഭിക്കും. ശബരിമലയിലെ തന്ത്രിമാർ ഒരോ സീസണിലും മാറി മാറി വരുന്നതിൽ തീരുമാനമെടുക്കേണ്ടിവരുമെന്നും കെ ജയകുമാർ പറഞ്ഞു. സന്നിധാനത്ത് ഉച്ചഭാഷിണി ഉപയോഗം നിയന്ത്രിക്കും. കാണാതായവരെ കുറിച്ചുള്ള അനൗൺസ്മെൻറ് 30 മണിക്കൂർ ഇടവിട്ടായിരിക്കും ഉണ്ടാകുക. എല്ലാ ഭാഷയിലും അറിയിപ്പ് നൽകും. 483 കോടിയാണ് ഈ സീസണിലെ വരുമാനമെന്നും ദേവസ്വം പ്രസിഡൻറ് വ്യക്തമാക്കി. ഈ സീസണിലെ ചെലവ് തിട്ടപ്പെടുത്തിയിട്ടില്ല. മകരവിളക്ക് കഴിഞ്ഞ് പത്ത് ദിവസത്തിനുള്ളിൽ ഓഡിറ്റ് നടത്താനും തീരുമാനിച്ചു. സ്വയംഭൂ സ്പോൺസർമാരിൽ നിന്ന് സംഭാവന സ്വീകരിക്കില്ല. ആവശ്യമെങ്കിൽ ബോർഡ് സ്പോൺസറെ കണ്ടെത്തും. പൂർണമായും ഇടപാടുകൾ ഡിജിറ്റലാകും. ഉദ്യോഗസ്ഥർക്ക് ഇതിനായി പരിശീലനം നൽകും. താൽക്കാലിക ജീവനക്കാരുടെ എണ്ണം കുറയ്ക്കാനും തീരുമാനിച്ചു. ശബരിമലയിൽ വിലക്ക് ലംഘിച്ച് സിനിമ ഷൂട്ടിങ് നടന്നതിൽ ആവശ്യമായ പരിശോധന നടത്തും. എന്ത് കാര്യത്തിനാണ് ഷൂട്ടിങ് നടത്തിയതെന്നും പരിശോധിക്കും. ഷൂട്ടിങിന് അനുമതി നൽകിയിട്ടില്ലെന്നും ഷൂട്ട് ചെയ്ത ദൃശ്യങ്ങൾ പരിശോധിക്കുമെന്നും കെ ജയകുമാർ പറഞ്ഞു.

‘വന്ദേ ഭാരത് ട്രെയിൻ ബോംബ് വെച്ച് തകർക്കും, 250 പേരെ ഇല്ലാതാക്കുക ലക്ഷ്യം’; 2 കോടി രൂപ ആവശ്യപ്പെട്ട് റെയിൽവെക്ക് ഭീഷണി കത്ത്

ഹൈദരാബാദ്: വന്ദേ ഭാരത ട്രെയിൻ ബോംബ് വെച്ച് തകർക്കുമെന്ന് ഭീഷണി. സെക്കന്ദരാബാദിലെ റെയിൽപ്പാളത്തിൽ വച്ച് ബോംബ് വെച്ച് തകർക്കും എന്നാണ് ജിഹാദികൾ എന്ന സ്വയം വിശേഷിപ്പിച്ച അജ്ഞാത ഭീഷണി സന്ദേശത്തിൽ ഉള്ളത്. ആക്രമണം ഒഴിവാക്കാൻ റെയിൽവേ രണ്ടു കോടി രൂപ നൽകണമെന്നും ഭീഷണി കത്തിൽ ആവശ്യപ്പെടുന്നു.

ഹൈദരാബാദിലെ ഒരു അഭിഭാഷകന്റെ വിലാസത്തിലേക്ക് ആണ് ഭീഷണി കത്ത് എത്തിയത്. ഒരു റെയിൽവേ ജനറൽ മാനേജറുടെ അക്കൗണ്ടിൽ രണ്ടുകോടി രൂപ നിക്ഷേപിക്കണമെന്ന് ആവശ്യപ്പെട്ടതാണ് കത്ത്. സ്ഫോടനത്തിലൂടെ 250 പേരെ ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നും കത്തിൽ പറയുന്നുണ്ട്. ഷോയിബ്, ഷംഷീർ, നിസാമി എന്നീ മൂന്ന് പേരുകളാണ് കത്തിൽ ജിഹാദികൾ എന്ന് വിശേഷിപ്പിച്ചവർ തങ്ങളുടെ പേരായി രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഇത് വ്യാജ ഭീഷണി കത്താണ് എന്നാണ് റെയിൽവേയുടെ പ്രതികരണം. പ്രതികൾ പണം സ്വീകരിക്കാൻ എന്തിനാണ് വിലാസം രേഖപ്പെടുത്തിയത് എന്നാണ് റെയിൽവേ ഉന്നയിക്കുന്ന പ്രധാനപ്പെട്ട ചോദ്യം. അതേസമയം സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.