Home Blog Page 1071

ദീപക് ജീവനൊടുക്കിയ സംഭവത്തിൽ ഷിംജിതയുടെ ജാമ്യപേക്ഷ പരിഗണിക്കുന്നത് തിങ്കളാഴ്ചയിലേക്ക് മാറ്റി

സമൂഹമാധ്യമത്തിൽ അപകീർത്തിപ്പെടുത്തുന്ന വീഡിയോ പങ്കുവെച്ചതിനെ തുടർന്ന് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിൽ ലീഗ്‌ വനിതാ നേതാവ് ഷിംജിതയുടെ ജാമ്യപേക്ഷ പരിഗണിക്കുന്നത് തിങ്കളാഴ്ചയിലേക്ക് മാറ്റി. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. കഴിഞ്ഞ ദിവസം ഷിംജിതയെ വിശദമായി ചോദ്യം ചെയ്തിരുന്നു. ഇക്കാര്യം ഉൾപ്പെടുത്തി പൊലിസ് ശനിയാഴ്ച കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ദീപകിന്റെ മരണത്തിൽ കുടുംബം നൽകിയ പരാതിയിലാണ് ഷിംജിതയെ ആത്മഹത്യ പ്രേരണകുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. വീഡിയോ പ്രചരിപ്പിച്ചതിനെ തുടർന്ന്‌ ജനുവരി 18നാണ് ഗോവിന്ദപുരം സ്വദേശി ദീപക്‌ ജീവനൊടുക്കിയത്.


ബസിലെ സിസിടിവി ദൃശ്യങ്ങളിൽ അസ്വഭാവികതയില്ലെന്നും പ്രതിക്ക് പീഡന ശ്രമമോ ശാരീരിക ബുദ്ധിമുട്ടുകളോ ഉണ്ടായിട്ടില്ലെന്നുമാണ് പൊലീസിൻ്റെ റിപ്പോർട്ട്. ബസിൽവെച്ച് ദീപക്കിനെ ഉൾപ്പെടുത്തിയുള്ള ഏഴോളം വീഡിയോകളാണ് ഷിംജിത മൊബൈലിൽ ചിത്രീകരിച്ചത്. ഇവ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പങ്കുവെച്ചതായും കണ്ടെത്തി. പൊലീസിൽ പരാതി നൽകാതെയാണ് വീഡിയോ പ്രചരിപ്പിച്ചത്.


വടകരയിലെ ലീഗ് നേതാവും അരീക്കോട് പഞ്ചായത്ത് മുൻ അംഗവുമാണ് ഷിംജിത. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുത്തതിന് പിന്നാലെ ഇവർ ഒളിവിലായിരുന്നു. വടകരയിലെ ബന്ധു വീട്ടിൽ നിന്നാണ് കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് ഷിംജിതയെ അറസ്റ്റ് ചെയ്തത്. നിലവിൽ മഞ്ചേരി വനിതാ ജയിലിലാണുള്ളത്.

സന്തോഷ് ട്രോഫി ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ കിരീടം തേടി കേരളം ഇന്നിറങ്ങുന്നു

ഗുവാഹത്തി: സന്തോഷ് ട്രോഫി ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ കിരീടം തേടി കേരളം ഇന്നിറങ്ങുന്നു. സര്‍വീസസ് ആണ് എതിരാളികള്‍. എട്ടാം കിരീടം തേടിയാണ് കേരള ടീം ഇറങ്ങുന്നത്. അസമിലെ ധാക്കുവാഖാന സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് ഒരു മണി മുതലാണ് മത്സരം.

സന്തോഷ് ട്രോഫി ടൂര്‍ണമെന്റില്‍ കേരളത്തിന്റെ തുടര്‍ച്ചയായ രണ്ടാം ഫൈനലാണിത്. കഴിഞ്ഞ തവണ ഫൈനലില്‍ ബംഗാളിനോടാണ് പരാജയപ്പെട്ടത്. ഗ്രൂപ്പ് ഘട്ടത്തില്‍ അഞ്ച് കളിയില്‍ മൂന്ന് ജയവും ഓരോ സമനിലയും തോല്‍വിയുമായിരുന്നു കേരളത്തിന്റേത്. എട്ടു ഗോള്‍ മാത്രമാണ് നേടിയത്. മൂന്നെണ്ണം വഴങ്ങി.

എന്നാല്‍ നോക്കൗട്ട് റൗണ്ടില്‍ അടുമുടി മാറിയ കേരള ടീമിനെയാണ് കാണാനായത്. സമഗ്രാധിപത്യത്തില്‍ എതിരാളികളുടെ വലയില്‍ ഗോള്‍ നിറച്ചാണ് കേരളം മുന്നേറിയത്. അവസാന രണ്ടു മത്സരങ്ങളില്‍ എതിരില്ലാതെ ഏഴു ഗോളുകളാണ് അടിച്ചത്.


കേരളത്തിന്റെ മധ്യനിര മികച്ച ഫോമിലാണ്. വി അര്‍ജുന്‍, ഒ എം ആസിഫ്, എം എം അര്‍ജുന്‍ ത്രയം പ്രതീക്ഷ പുലര്‍ത്തുന്നു. ക്യാപ്റ്റന്‍ ജി സഞ്ജു നയിക്കുന്ന പ്രതിരോധം കരുത്തുറ്റതാണ്. മുഹമ്മദ് അജ്സല്‍ നാല് ഗോളുമായി മുന്നിലാണ്. സര്‍വീസസിന്റേത് 13 സീസണുകള്‍ക്കിടെ ഏഴാം ഫൈനലാണ്.

നാല് ഇന്ത്യൻ വിദ്യാർഥികൾക്ക് കുത്തേറ്റു, പ്രതി 15കാരൻ രക്തം കൊണ്ട് ചുമരിൽ നാസി ചിഹ്നം വരച്ചു, ഞെട്ടിക്കുന്ന സംഭവം

മോസ്കോ: റഷ്യയിലെ ബാഷ്കോർട്ടോസ്ഥാൻ റിപ്പബ്ലിക്കിലെ യൂണിവേഴ്സിറ്റി ഡോർമിറ്ററിയിൽ നാല് ഇന്ത്യൻ വിദ്യാർഥികൾക്ക് കുത്തേറ്റു. നിരോധിത നവ-നാസി സംഘടനയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന 15 വയസ്സുകാരനാണ് നാല് ഇന്ത്യൻ വിദ്യാർത്ഥികൾ ഉൾപ്പെടെ ആറ് പേരെ ആക്രമിച്ചത്. അക്രമി ഹോളോകോസ്റ്റിനെക്കുറിച്ച് ദേശീയ മുദ്രാവാക്യങ്ങൾ വിളിക്കുകയും ഇരകളുടെ രക്തം ഉപയോഗിച്ച് നാസി ചിഹ്നം വരയ്ക്കുകയും ചെയ്തതായി റിപ്പോർട്ടുണ്ട്.

കത്തിയുമായി ഉഫയിലെ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയുടെ ഒരു ഡോർമിറ്ററിയിൽ പ്രവേശിച്ച കൗമാരക്കാരൻ, അവിടെ താമസിച്ചിരുന്ന വിദ്യാർത്ഥികളെ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. അക്രമി തീവ്രവാദ പ്രത്യയശാസ്ത്രവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പറയുന്നു. അയാൾ നിരോധിത എൻ‌എസ്/ഡബ്ല്യുപി നിയോനാസി സംഘടനയിൽ പെട്ടയാളായിരുന്നുവെന്നും ഹോളോകോസ്റ്റിനെക്കുറിച്ച് ദേശീയവാദ മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ടിരുന്നുവെന്നും ഇരകളുടെ രക്തം ഉപയോ​ഗിച്ച് ചുമരിൽ നാസി ചിഹ്നം വരച്ചുവെന്നും പൊലീസ് പറഞ്ഞു. രണ്ട് പോലീസ് ഉദ്യോഗസ്ഥർക്കും കുത്തേറ്റു.

പരിക്കേറ്റ നാലുപേരിൽ ഒരാളുടെ നില ഗുരുതരമാണെന്നും മറ്റ് മൂന്ന് പേരുടെ നില സാധാരണമാണെന്നും റഷ്യൻ ഫെഡറൽ ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. അക്രമിക്കും പരിക്കേറ്റു. സംഭവത്തെ ദൗർഭാ​ഗ്യകരമായ സംഭവമെന്ന് ഇന്ത്യൻ എംബസി വിശേഷിപ്പിച്ചു. റഷ്യൻ അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും പരിക്കേറ്റ വിദ്യാർത്ഥികൾക്ക് സഹായം നൽകുന്നതിനായി കസാനിലെ ഇന്ത്യൻ കോൺസുലേറ്റിൽ നിന്നുള്ള ഉദ്യോഗസ്ഥർ ഉഫയിലേക്ക് പോകുന്നുണ്ടെന്നും അറിയിച്ചു.

‘പിണറായി വില കൂടിയ മത്സ്യമേ കഴിക്കൂ’; സി ദിവാകരൻ്റെ പരാമർശത്തിന് മറുപടിയുമായി മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: പിണറായി വില കൂടിയ മത്സ്യമേ കഴിക്കൂ എന്ന സിപിഐ നേതാവ് സി ദിവാകരന്റെ അഭിമുഖത്തിലെ പരാമർശത്തിൽ പ്രതികരണവുമായി മന്ത്രി വി ശിവൻകുട്ടി. ചില ആളുകൾക്ക് ചില മീനുകൾ ആയിരിക്കും ഇഷ്ടമെന്നും എ ക്ലാസ്, ബി ക്ലാസ് മീൻ എന്നൊന്നും ഇല്ലെന്നും ശിവൻകുട്ടി പറഞ്ഞു. പിണറായി വിജയന്റെ മൽസ്യ ഭക്ഷണത്തോടുള്ള പ്രിയത്തെപ്പറ്റി കഴിഞ്ഞ ദിവസം സി ദിവാകരൻ പറഞ്ഞത് വലിയ ചർച്ച ആയിരുന്നു. ഒന്നാം ക്ലാസ് മീനുകൾ മാത്രമേ പിണറായി കഴിക്കൂ എന്നും മീൻ ഇഷ്ടപ്പെടാതെ എഴുന്നേറ്റ് പോയിട്ടുണ്ടെന്നും ആയിരുന്നു ദിവാകരൻ പറഞ്ഞത്. ഈ പരാമർശത്തിനാണ് ശിവൻകുട്ടി മറുപടി പറഞ്ഞത്.

ചില ആളുകൾക്ക് ചില മീനുകൾ ആയിരിക്കും ഇഷ്ടം. അതിന് എ ക്ലാസ്, ബി ക്ലാസ് മീൻ എന്നൊന്നും ഇല്ല. സി ദിവാകരൻ്റെ പ്രതികരണം ഓർമ്മക്കുറവ് കൊണ്ടായിരിക്കാം. ബുക്ക്‌ ആകുമ്പോ കുറച്ചു എരിവും പുളിയും ഒക്കെ വേണ്ടേയെന്നും ശിവൻ കുട്ടി പ്രതികരിച്ചു. പിണറായി വിജയൻ ആനത്തലവട്ടം ആനന്ദന്റെ വീട്ടിൽ ഭക്ഷണം കഴിയ്ക്കാൻ പോയത് സംബന്ധിച്ചായിരുന്നു ദിവാകരൻ്റെ വിവാദ പ്രസ്താവന. ആനത്തലവട്ടം ആനന്ദൻ വി എസ് പക്ഷക്കാരനായതിനാൽ അദ്ദേഹത്തിന്റെ വീട്ടിൽനിന്ന് പിണറായിക്ക് ഭക്ഷണം കഴിയ്ക്കാൻ താൽപര്യമുണ്ടായിരുന്നില്ലെന്നും കഴിക്കാൻ നൽകിയ ചൂരമീൻ ഇഷ്ടപ്പെട്ടില്ലെന്നും ദിവാകരൻ പറഞ്ഞു.

എന്നാൽ പരാമർശം വിവാദമായതോടെ ആനത്തലവട്ടം ആനന്ദൻ്റെ മകൻ ജീവ പ്രതികരണവുമായി രംഗത്തെത്തി. ദിവാകരനെ തള്ളിയാണ് ജീവയുടെ പ്രതികരണം. ഫേസ്ബുക്കിലെഴുതിയ പോസ്റ്റിൽ പിണറായി സഖാവ് ഒരിക്കൽ വീട്ടിൽ നിന്നും ഭക്ഷണം കഴിച്ചിട്ടുണ്ടെന്ന് ജീവ പറയുന്നു. ഭക്ഷണം കഴിക്കുന്നതിനിടയിൽ മുഖമുയർത്തി നോക്കി നിൽക്കുന്ന സ്ത്രീകളിലൊരാളെ ചൂണ്ടി ഇതാണോ ആനന്ദന്റെ ഭാര്യ എന്നു പിണറായി ചോദിച്ചു. അപ്പോൾ അടുത്ത് നിന്ന അമ്മയെ ചൂണ്ടി അച്ഛൻ പരിചയപ്പെടുത്തി. ഭക്ഷണമെല്ലാം കഴിച്ചു സന്തോഷത്തോടെ അമ്മയോടും യാത്ര പറഞ്ഞാണ് അന്നു പോയതെന്ന് മകൻ ജീവ ആനന്ദൻ ഫേസ്ബുക്കിൽ പറയുന്നു.

ജീവ ആനന്ദന്‍റെ ഫേസ്ബുക്ക് കുറിപ്പ്

ഭക്ഷണത്തിന്റെ രാഷ്ട്രീയം

പാർടിയുടെ തലമുതിർന്ന സഖാക്കൾ ഇ.എം.എസ്സും ബി.ടി.ആറും തുടങ്ങി സാധാരണ സഖാക്കളും നാട്ടുകാരുമൊക്കെ വീട്ടിൽ നിന്നും ഭക്ഷണം കഴിച്ചിട്ടുണ്ട്. വിശപ്പിന്റെ വില നന്നായി അറിയുന്നവരാണ് കമ്മ്യൂണിസ്റ്റുകാർ. അതുകൊണ്ടു തന്നെ കിട്ടുന്ന ഭക്ഷണം കഴിക്കും. പരാതി പറഞ്ഞതായി ഇന്നു വരെ കേട്ടിട്ടില്ല. അമ്മയ്ക്ക് ഭക്ഷണവും മരുന്നാണ്.. ഇതു വീട്ടിൽ വരുന്ന പല സഖാക്കൾക്കും അറിയാം. പലപ്പോഴും ഗുണമുള്ള മലക്കറി സൂപ്പും പലധാന്യ കുറുക്കുമെല്ലാം രുചിയില്ലെങ്കിലും ഗുണത്തെ ഓർത്തു പലരും കുടിച്ചിട്ടുണ്ട്.

സഖാവ് ഇ.എം.എസ് കഴിക്കുന്ന ഭക്ഷണ രീതി കണ്ടും കേട്ടുമാണ് വളർന്നിട്ടുള്ളത്. ഭക്ഷണം കഴിച്ചു കഴിഞ്ഞ പാത്രത്തിൽ കളയാൻ ഒന്നും കാണില്ല. എല്ലാം കഴിച്ചു പാത്രത്തിൽ എന്തെങ്കിലും പറ്റിയിരുന്നാൽ അതും എടുത്തു കഴിച്ച് ക്ലീൻ ആക്കി വയ്ക്കും. ഞങ്ങൾ കഴിക്കുമ്പോൾ ഒരു ചോറു താഴെ പോയാൽ അതെടുത്ത് കഴിച്ചേ മതിയാകൂ. കളയാൻ അമ്മ സമ്മതിക്കില്ല. ചോറു താഴെ പോയാൽ അപ്പോൾ സഖാവ് ഇ.എം.എസ്. ഭക്ഷണം കഴിക്കുന്ന രീതി പറഞ്ഞു തരും.

തെരഞ്ഞെടുപ്പു കാലങ്ങളിലും പാർടി സമ്മേളനങ്ങൾ നടക്കുമ്പോഴും നേതാക്കൾ ചിറയിൻകീഴ് വരുമ്പോൾ ഭക്ഷണം തയ്യാറാക്കാറുണ്ടായിരുന്നു. നേതാക്കൾക്ക് ഭക്ഷണത്തിൽ എന്തെങ്കിലും പ്രത്യേകത ഉണ്ടെങ്കിൽ അതു എ.കെ.ജി. സെന്ററിൽ നിന്നും വിളിച്ചറിയിക്കും. സ. ഇ.എം.എസ്സിനു കറികളിൽ ഉപ്പും എരിവും പുളിയുമൊന്നും പാടില്ല. തേങ്ങാപ്പാലിൽ മീൻ വേവിച്ച് അതിൽ ഒരു തക്കാളി അരിഞ്ഞു ഇടും. അങ്ങിനെയാണ് സ. ഇ.എം.എസ്. കഴിക്കുന്നത്. ബി.ടി.ആറിനും എരിവും ഉപ്പും പാടില്ല. ബി.ടി.ആറിനു തയ്യാറാക്കിയ ഭക്ഷണം പാത്രത്തിലാക്കി പ്രത്യേകം പേരെഴുതി ഒട്ടിച്ചു വച്ചിരുന്നു എന്നു അമ്മ ഓർക്കുന്നു.

സ. ഗൌരിയമ്മയ്ക്ക് പൊടിയരി കഞ്ഞിയും കായ് കൊണ്ടുള്ള അവിയലും. അതിൽ കടുക് വറുക്കാൻ പാടില്ല. കുഞ്ഞന്മാർക്ക് കൊടുത്തോടൊ എന്നു ചോദിച്ചിട്ടേ സ. ഗൌരിയമ്മ കഴിക്കൂ… സുശീല സഖാവിനു എന്തു കൊടുത്താലും കഴിക്കും.. അതു കൊണ്ടു തന്നെ അമ്മയ്ക്ക് ടെൻഷനുമില്ല.

അമ്മയ്ക്ക് ഇപ്പോഴും വിഷമമുള്ളത് ഒരു ദിവസം ഉച്ചയ്ക്ക് ഊണു നേരം കഴിഞ്ഞ ശേഷം അച്ഛൻ പിരപ്പൻകോട് മുരളി സഖാവിനെയും കൊണ്ടു വന്നപ്പോൾ ചോറും കുറച്ച് നെത്തോലിക്കറിയും മാത്രമാണ് ഉണ്ടായിരുന്നത്. കൊടുത്ത ഭക്ഷണം കഴിച്ചു സഖാവ് സന്തോഷത്തോടെ പോയി.

നായനാർ സഖാവ് പല പ്രാവശ്യം വീട്ടിൽ നിന്നും ഭക്ഷണം കഴിച്ചിട്ടുണ്ട്. സഖാവ് വി.എസ്. ഒരിക്കൽ എത്തുമെന്ന് പറഞ്ഞ ദിവസം വന്നില്ല. പക്ഷെ പിന്നൊരിക്കൽ വന്നപ്പോൾ കൂവരക് കാച്ചിയത് കുടിച്ചു, ഒരു പഴവും കഴിച്ചു. മറ്റു ഭക്ഷണമൊന്നും കഴിച്ചില്ല.

കാട്ടായിക്കോണം സഖാവ് എല്ലാ അശ്വതി-ഭരണി ഉത്സവത്തിനും അശ്വതി ദിവസം ആശാരി സഖാവും ആയി എത്തുമായിരുന്നു. ആൽത്തറമൂട് കരയിൽ തിരുവിഴ ജയശങ്കറിന്റെ നാഗസ്വരവും വളയപ്പെട്ടി സുബ്രഹ്മണ്യത്തിന്റെ തകിലും കേൾക്കാൻ. അപ്പോൾ വീട്ടിൽ നിന്നും ഭക്ഷണം കഴിക്കും.

പിണറായി സഖാവ് ഒരിക്കൽ വീട്ടിൽ നിന്നും ഭക്ഷണം കഴിച്ചിട്ടുണ്ട്. ഭക്ഷണം കഴിക്കുന്നതിനിടയിൽ മുഖമുയർത്തി നോക്കി നിൽക്കുന്ന സ്ത്രീകളിലൊരാളെ ചൂണ്ടി ഇതാണോ ആനന്ദന്റെ ഭാര്യ എന്നു ചോദിച്ചു. അപ്പോൾ അടുത്ത നിന്ന അമ്മയെ ചൂണ്ടി അച്ഛൻ പരിചയപ്പെടുത്തി. ഭക്ഷണമെല്ലാം കഴിച്ചു സന്തോഷത്തോടെ അമ്മയോടും യാത്ര പറഞ്ഞാണ് അന്നു പോയത്.

കരിമീനും പരിച്ചിലുമായിരിക്കും മിക്കവാറും നേതാക്കൾ വരുമ്പോൾ ഉള്ള സ്പെഷ്യൽ. നാട്ടിലെ സഖാക്കളാണ് മീൻ എത്തിക്കുന്നത്. നക്സൽ മാമൻ, തുളസി മാമൻ എന്നിവരൊക്കെ. ഭക്ഷണം പാചകം ചെയ്യാൻ അമ്മയെ സഹായിക്കാനായി ഭാരതി അമ്മ വരും. ഭാരതി അമ്മ സൂപ്പറായി മീൻകറി വയ്ക്കും. അമ്മ ചപ്പാത്തി ഉണ്ടാക്കും. അതിനു മാവു കുഴയ്ക്കാനും മറ്റും ഞങ്ങളും സഹായിക്കും. ഒരിക്കൽ കൊഞ്ച് നുള്ളിയെടുത്തത് ഞാനായിരുന്നു.. ഭക്ഷണം വിളമ്പാൻ സഹായിക്കുന്നത് കനകൻ മാമൻ (സ. കനകദാസ്) ആണ്. മാമൻ ആകുമ്പോൾ എല്ലാർക്കും വിളമ്പി എത്തിക്കും.

മേൽപ്പറഞ്ഞവർ മാത്രമല്ല, മുതിർന്ന സഖാക്കളും മന്ത്രിമാരും ഉദ്യോഗസ്ഥരുമെല്ലാം പലപ്പോഴും വീട്ടിൽ വന്നിട്ടുണ്ട്, ഭക്ഷണം കഴിച്ചിട്ടുമുണ്ട്. 2016, 2017 ഓണത്തിനുള്ള വള്ളംകളിക്കു പക്ഷേ വീട്ടിൽ തയ്യാറാക്കിയ ഭക്ഷണമല്ലായിരുന്നു. പുറത്തു നിന്നും വരുത്തി നല്കുകയായിരുന്നു.

അച്ഛൻ എം.എൽ.എ ആയിരുന്ന കാലഘട്ടത്തിലൊക്കെ അവധി ദിവസങ്ങളിൽ അച്ഛനെ കാണാൻ വരുന്നവരൊക്കെ പോയി അച്ഛനും ഇറങ്ങിയ ശേഷമായിരുന്നു ഞാൻ ഭക്ഷണം കഴിച്ചിരുന്നത്. കാരണം വരുന്നവരിൽ ചിലരോടെങ്കിലും ഭക്ഷണം കഴിച്ചോ എന്നു അച്ഛൻ ചോദിക്കുമ്പോൾ കഴിച്ചില്ല എന്നു പറഞ്ഞാൽ ലൈലേ… കാപ്പി കൊടുക്കൂ എന്ന് വിളിച്ചു പറയും. ഉണ്ടാക്കിയ ഭക്ഷണം തീർന്നു പോയാൽ അമ്മയ്ക്ക് അങ്കലാപ്പാകും. ഇതു മനസ്സിലാക്കി ഞാൻ അത്തരം ദിവസങ്ങളിൽ ആളൊഴിഞ്ഞ ശേഷം ഉച്ചയോടെ ആയിരിക്കും രാവിലത്തെ ഭക്ഷണം കഴിക്കാറുണ്ടായിരുന്നുള്ളൂ..

ഇതൊന്നും പറയണമെന്ന് വിചാരിച്ചതല്ല..

പോറ്റിയുമായി സാമ്പത്തിക ഇടപാട് ഇല്ല,അടൂര്‍ പ്രകാശ് എസ്‌ഐടിക്ക് നല്‍കിയ മൊഴി പുറത്ത്

തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എസ്‌ഐടിക്ക് നല്‍കിയ മൊഴി പുറത്ത്. സ്വര്‍ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി സാമ്പത്തിക ഇടപാട് ഇല്ലെന്ന് അടൂര്‍ പ്രകാശ് അന്വേഷണ സംഘത്തിന് മൊഴി നല്‍കി. അതേസമയം പോറ്റിയെ പരിചയമുണ്ടെന്ന് അടൂര്‍ പ്രകാശ് സമ്മതിച്ചു. സൗഹൃദത്തിനപ്പുറം മറ്റു ഇടപാടുകളില്ലെന്നും എസ്‌ഐടിയോട് യുഡിഎഫ് കണ്‍വീനര്‍ പറഞ്ഞു.

പോറ്റിക്കൊപ്പമുള്ള ചിത്രങ്ങളില്‍ നേരത്തെ മാധ്യമങ്ങളോട് പറഞ്ഞ വിശദീകരണം തന്നെയാണ് അടൂര്‍ പ്രകാശ് നല്‍കിയിട്ടുള്ളത്. കൂടിക്കാഴ്ചകള്‍ സംബന്ധിച്ച് കൃത്യമായ തീയതികള്‍ അടൂര്‍ പ്രകാശിന് പറയാന്‍ സാധിച്ചിട്ടില്ല. ഓര്‍മ്മകള്‍ വെച്ചു പറഞ്ഞ കാലയളവ് എസ്‌ഐടി പരിശോധിച്ചു വരികയാണ്. 2019 മുതലാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ബന്ധം സ്ഥാപിക്കുന്നത് എന്നാണ് അടൂര്‍ പ്രകാശ് പറഞ്ഞിട്ടുള്ളത്. ഇക്കാര്യവും വിശദമായി അന്വേഷിക്കുന്നുണ്ട്.

പുറത്തു വന്ന ചിത്രങ്ങളുടെ കാലയളവ് സംബന്ധിച്ചും പരിശോധനകള്‍ നടക്കുന്നുണ്ട്. പോറ്റിയാണ് തന്നെ ശബരിമലയില്‍ വെച്ച് പരിചയപ്പെട്ടത്. ശബരിമലയിലെ അന്നദാന മണ്ഡപത്തിന്റെ ഉദ്ഘാടനത്തിന് ക്ഷണിച്ചിരുന്നു. വീട്ടില്‍ വെച്ച് പോറ്റിയെ കണ്ടിട്ടുണ്ട്. പിന്നീട് ബംഗളൂരുവിലേക്ക് ക്ഷണിച്ചിരുന്നു. അവിടെ വെച്ചാണ് പോറ്റിയുടെ സുഹൃത്തായ ബെല്ലാരിയിലെ സ്വര്‍ണ്ണവ്യാപാരി ഗോവര്‍ധനെ പരിചയപ്പെടുന്നത്. സൗഹൃദം എന്നതിനപ്പുറം ഇവരുമായി മറ്റൊരു ഇടപാടുമില്ല എന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

പോറ്റി ക്ഷണിച്ചിട്ടാണ് സോണിയാഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ഒപ്പം പോയതെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. യുഡിഎഫ് കണ്‍വീനറുടെ മൊഴിയില്‍ കൂടുതല്‍ പരിശോധന വേണമെന്ന വിലയിരുത്തലിലാണ് എസ്‌ഐടി സംഘം. അടൂര്‍ പ്രകാശിനെ വീണ്ടും എസ്‌ഐടി വിളിപ്പിച്ചേക്കുമെന്നാണ് സൂചന. അടൂര്‍ പ്രകാശിന്റെ മൊഴി രേഖപ്പെടുത്തിയതിനു ശേഷം ഉണ്ണികൃഷ്ണന്‍ പോറ്റിയെ വീണ്ടും വിളിച്ചുവരുത്തി ചോദ്യം ചെയ്തതായാണ് സൂചന. അടൂര്‍ പ്രകാശ് പറഞ്ഞ കാര്യങ്ങളില്‍ പോറ്റിയില്‍ നിന്നും അന്വേഷണ സംഘം വ്യക്തത തേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

സ്പായിലെ കൂട്ടബലാത്സംഗക്കേസിലെ ഒളിവിലുള്ള പ്രതികള്‍ സംസ്ഥാനം വിട്ടതായി സൂചന

സ്പാ ജീവനക്കാരിയെ സുബിന്‍ ഭീഷണിപ്പെടുത്തുന്ന സിസി ടിവി ദൃശ്യം

പത്തനംതിട്ട: തിരുവല്ല സ്പായിലെ കൂട്ടബലാത്സംഗക്കേസിലെ ഒളിവിലുള്ള പ്രതികള്‍ സംസ്ഥാനം വിട്ടതായി സൂചന. നാലു പ്രതികളെ കണ്ടെത്താനായി അന്വേഷണം ഊര്‍ജ്ജിതമാക്കി. കൂടുതല്‍ പേരെ പ്രതി ചേര്‍ക്കാനും സാധ്യതയുണ്ട്. അന്വേഷണം അതിജീവിതയുടെ സഹപ്രവര്‍ത്തകയിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. ഫെബ്രുവരി ഒന്നാം തീയതിയാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്.

മുഖ്യപ്രതി മരണ സുബിന്‍ എന്നറിയപ്പെടുന്ന സുബിന്‍ അലക്‌സാണ്ടര്‍, കൂട്ടുപ്രതി ബെര്‍ലിന്‍ ദാസ് എന്നിവര്‍ പിടിയിലായിട്ടുണ്ട്. നാലു പ്രതികളാണ് ഒളിവിലുള്ളത്. ക്രൂരപീഡനത്തിന് സ്പായിലെ സഹപ്രവര്‍ത്തകയും ഒത്താശ നല്‍കിയതായി അതിജീവിത വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ആ യുവതിയിലേക്കും അന്വേഷണം നീളും. ഇവരുടെ ആണ്‍സുഹൃത്തും നിരീക്ഷണത്തിലാണ്.

തിരുവല്ലയിലെ ഗുണ്ടാ പൊലീസ് കൂട്ടുകെട്ടിനെക്കുറിച്ചുള്ള ആരോപണങ്ങളില്‍ വിജിലന്‍സ് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. തിരുവല്ലയില്‍ മാഫിയാസംഘവുമായി കൂട്ടുകെട്ടുള്ള പൊലീസുകാര്‍ മാസപ്പടി പറ്റുന്നതായിട്ടാണ് ആക്ഷേപം ഉയര്‍ന്നിട്ടുള്ളത്. സ്പായിലെ അതിക്രമം പൊലീസ് അറിഞ്ഞെങ്കിലും അലംഭാവം കാണിച്ചെന്നും, എസ്പി വിവരം അറിഞ്ഞ് കര്‍ശന നടപടിക്ക് ഉത്തരവ് നല്‍കിയതിനെത്തുടര്‍ന്നാണ് കടുത്ത നടപടികളിലേക്ക് കടന്നതെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

ഭാര്യയെ കടന്നല്‍ ആക്രമിക്കുന്നത് കണ്ട ഗൃഹനാഥന്‍ ഹൃദയാഘാതംമൂലം മരിച്ചു

കാസര്‍കോട്: ഭാര്യയെ കടന്നല്‍ ആക്രമിക്കുന്നത് കണ്ട ഗൃഹനാഥന്‍ ഹൃദയാഘാതംമൂലം മരിച്ചു. കാഞ്ഞങ്ങാട് സൗത്ത് കൊവ്വല്‍ സ്റ്റോറിലെ അമ്പങ്ങാട് നാരായണന്‍ നായരാണ് (75) മരിച്ചത്.

വീട്ടുപറമ്പില്‍നിന്ന് തെങ്ങോല ശേഖരിക്കുന്നതിനിടെ ശനിയാഴ്ച വൈകീട്ടാണ് നാരായണന്‍ നായരുടെ ഭാര്യ രാജാമണിയെ കടന്നല്‍ ആക്രമിച്ചത്. ഭാര്യയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാരായണന്‍ പിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നു. അയല്‍ക്കാര്‍ ഇടപെട്ട് ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നാരായണന്‍ നായര്‍ മരിച്ചു. രാജാമണി ചികിത്സയിലാണ്.

ഓടിക്കൂടിയ നാട്ടുകാര്‍ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും നാരായണന്‍ നായര്‍ മരിച്ചു. മക്കള്‍: ഷിബു, ഷീബ (ഇരുവരും ഗള്‍ഫ്). മരുമക്കള്‍: മധു, ലയ. സഹോദരങ്ങള്‍: ലക്ഷ്മി, പരേതരായ കേളുനായര്‍, കൃഷ്ണന്‍.

പ്രശസ്ത ചിത്രകാരന്‍ ശേഖര്‍ അയ്യന്തോളിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മലപ്പുറം: പ്രശസ്ത ചിത്രകാരന്‍ ശേഖര്‍ അയ്യന്തോളിനെ (71) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എടപ്പാള്‍-കുറ്റിപ്പുറം റോഡിലെ സ്വന്തം സ്ഥാപനമായ ജെഡി ഡിജിറ്റല്‍ ആര്‍ട്ട് ഗാലറിയില്‍ ആണ് ശേഖര്‍ അയ്യന്തോളിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അഞ്ചുപതിറ്റാണ്ടായി കേരളത്തിലെ ചിത്രകലാമേഖലയില്‍ നിറഞ്ഞുനില്‍ക്കുന്ന വ്യക്തിത്വമാണ് ശേഖര്‍ അയ്യന്തോള്‍.

കേരള ചിത്രകലാപരിഷത്തിന്റെ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. കുമരനല്ലൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ചിത്രകലാ അധ്യാപകനായിരുന്നു. തൃശ്ശൂരിലെ അയ്യന്തോളില്‍ 1954ല്‍ജനിച്ച അദ്ദേഹം ഗവ. ഒക്യുപേഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന ഇന്നത്തെ കോളേജ് ഓഫ് ഫൈന്‍ ആര്‍ട്സില്‍നിന്ന് ഡ്രോയിങ്ങിലും പെയിന്റിങ്ങിലും ഡിപ്ലോമ നേടി. 1976-ല്‍ ഇവിടെ ആര്‍ട്ട് ഇന്‍സ്ട്രക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഭാര്യ: പി.കെ. ഓമന (റിട്ട. പ്രഥമാധ്യാപിക, ജി.എച്ച്.എസ്.എസ്. കുമരനെല്ലൂര്‍, പാലക്കാട്). മക്കള്‍: ജിനന്‍ ശേഖര്‍, ധനന്‍ ശേഖര്‍. സംസ്‌കാരം ഇന്ന്.

മേഘാലയയിലെ അനധികൃത കൽക്കരി ഖനിയിലുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 27 ആയി

ഷില്ലോങ്: മേഘാലയയിലെ അനധികൃത കൽക്കരി ഖനിയിലുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 27 ആയി. മൂന്നാം ദിവസമായ ശനിയാഴ്‌ച രണ്ടു മൃതദേഹങ്ങൾ കൂടി കണ്ടെടുത്തതോടെയാണ്‌ മരണസംഖ്യ വീണ്ടും ഉയർന്നത്‌. ഖനിയിൽ ഇനിയും തൊഴിലാളികൾ കുടുങ്ങി കിടക്കുന്നതായാണ്‌ വിവരം. ദുരന്ത സമയത്ത്‌ ഖനിയിൽ ഉണ്ടായിരുന്നവരുടെ വിവരം കൃത്യമായി ലഭ്യമാകാത്തതിനാൽ അപകടത്തിൽപ്പെട്ടവരുടെ എണ്ണത്തിൽ വ്യക്തതയില്ല. വ്യാഴാഴ്ച പുലർച്ചെ ഈസ്റ്റ് ജയന്തിയാ ഹിൽസ് ജില്ലയിലെ മയൻസങ്ത്-താങ്‌സ്കോ മേഖലയിൽ പ്രവർത്തിച്ചിരുന്ന ഖനിയിലാണ് അപകടമുണ്ടായത്. ഖനനത്തിനായി ഉപയോഗിച്ച ഡൈനാമൈറ്റ് പൊട്ടിത്തെറിച്ചാണ് ദുരന്തമുണ്ടായതെന്ന് പൊലീസ് സ്ഥിരീകരിച്ചു.


സ്ഫോടനത്തെത്തുടർന്ന് കുന്നിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണത് രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചു. സംസ്ഥാന ദുരന്തനിവാരണ സേനയും അഗ്നിശമന സേനയും സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. മരിച്ചവരുടെ എണ്ണം ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് ഈസ്റ്റ് ജയന്തിയാ ഹിൽസ് പൊലീസ് സൂപ്രണ്ട് വികാസ് കുമാർ അറിയിച്ചു. ഇതുവരെ 12 മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്.


ദേശീയ ഹരിത ട്രൈബ്യൂണൽ നിരോധിച്ചിട്ടുള്ള ശാസ്ത്രീയമല്ലാത്ത ‘എലിമട ഖനനം’ നടന്ന ഖനിയിലായിരുന്നു അപകടം. ഇതേ പ്രദേശത്ത് കഴിഞ്ഞ ഡിസംബർ 23-നും സ്ഫോടനമുണ്ടാവുകയും രണ്ട് തൊഴിലാളികൾ കൊല്ലപ്പെടുകയും ചെയ്തിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി.

വീടുകളുടെ ഉടമസ്ഥാവകാശം മാറ്റുന്നതിന് വയോധികയില്‍നിന്നും കൈക്കൂലി, റവന്യൂ ഇന്‍സ്പെക്ടര്‍ പിടിയില്‍

കൊച്ചി.മകളുടെയും മരുമകന്റേയും പേരിൽ മരട് മുനിസിപ്പാലിറ്റിയില്‍ വാങ്ങിയ രണ്ട് വീടുകളുടെ ഉടമസ്ഥാവകാശം മാറ്റി നല്കുന്നതിന് 3,000/- രൂപ കൈക്കൂലി വാങ്ങിയ എറണാകുളം മരട് മുനിസിപ്പാലിറ്റിയിലെ റവന്യൂ ഇൻസ്പെക്ടറും ആലപ്പുഴ കൊറ്റംകുളങ്ങര സ്വദേശിയുമായ സൈജു.എ.ജി യെ വിജിലൻസ്കൈയ്യോടെ പിടികൂടി.

എറണാകുളം ചമ്പക്കര സ്വദേശിയായ പരാതിക്കാരിയുടെ വിദേശത്ത് ജോലി ചെയ്തുവരുന്ന മകളുടേയും മരുമകൻറേയും പേരിൽ മരട് മുനിസിപ്പാലിറ്റി വാങ്ങിയ രണ്ട് വീടുകളുടെ ഉടമസ്ഥാവകാശം മാറ്റുന്നതിന് 03.01.2026 തീയതി മരട് മുനിസിപ്പാലിറ്റിയിൽ അക്ഷയ വഴി 1,200/- രൂപ ഫീസ് അടച്ച് അപേക്ഷകൾ നൽകിയിരുന്നു. തുടർന്ന് റവന്യൂ ഇൻസ്പെക്ടറായ സൈജു നേരിട്ട് വന്ന് രണ്ട് വീടുകളുടെയും സ്ഥല പരിശോധന നടത്തുകയും ചെയ്തിരുന്നു. പരിശോധനയ്ക്ക് ശേഷവും ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് ലഭിച്ചില്ല. സൈജുവിനെ നേരിൽ കണ്ട് തിരക്കിയപ്പോൾ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് ലഭിക്കണമെങ്കില്‍ 5000 രൂപ വേണമെന്നും ആദ്യ ഗഡുവായി 2,000/- രൂപ സൈജു നിർബന്ധിച്ച് വാങ്ങിയെടുക്കുകയും ചെയ്തു. പണം കൈപ്പറ്റിയ സൈജു ഈ തുകയ്ക്ക് ഒരു വീടിൻ്റെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് മാത്രമേ നൽകൂ എന്നും, രണ്ടാമത്തെ വീടിൻ്റെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് വേണമെങ്കിൽ വീണ്ടും അക്ഷയ വഴി അപേക്ഷിക്കണമെന്നും, പഴയ അപേക്ഷ

അക്ഷയിലേയ്ക്ക് റീ-ഡയറക്ട് ചെയ്തിട്ടുണ്ടെന്നും പറഞ്ഞ് പരാതിക്കാരിയെ തിരികെ അയച്ചു. തുടർന്ന് പരാതിക്കാരി വീണ്ടും അക്ഷയ വഴി അപേക്ഷ നല്കിയതിന് ശേഷം ഇന്നലെ (06.02.2026) റവന്യൂ ഇൻസ്പെക്ടറായ സൈജുവിനെ നേരിൽ കണ്ടപ്പോൾ ബാക്കി തുകയായ 3,000/- രൂപയുമായി ഇന്ന് (07.02.2026) വരാൻ പറഞ്ഞു. എന്നാൽ നിയമപരമായി ലഭിക്കേണ്ട സർക്കാർ സേവനം കൈക്കൂലി നൽകി നേടിയെടുക്കാൻ താല്പര്യമില്ലാതിരുന്ന പരാതിക്കാരി ഈ വിവരം വിജിലൻസ് എറണാകുളം യണിറ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ അറിയിക്കുകയും, അദ്ദേഹത്തിൻ്റെ നിർദ്ദേശാനുസരണം വിജിലൻസ് സംഘം കെണിയൊരുക്കി നിരീക്ഷിച്ചു . ഇന്ന് (07.02.2026) ഉച്ചക്ക് 12.50 മണിക്ക് പരാതിക്കാരിയിൽ നിന്നും 3,000/- രൂപ കൈക്കൂലി വാങ്ങിയ എറണാകുളം മരട് മുനിസിപ്പാലിറ്റിയിലെ റവന്യൂ ഇൻസ്പെക്ടറും ആലപ്പുഴ കൊറ്റംകുളങ്ങര സ്വദേശിയുമായ സൈജു.എ.ജിയെ മുനിസിപ്പാലിറ്റി ഓഫീസിനുള്ളിൽ വച്ച് വിജിലൻസ് സംഘം കൈയ്യോടെ പിടികൂടുകയാണുണ്ടായത്. അറസ്റ്റ് ചെയ്ത പ്രതിയെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കും.

പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ, വിജിലൻസിൻ്റെ ടോൾ ഫ്രീ നമ്പറായ 1064 എന്ന നമ്പറിലോ, 8592900900 എന്ന നമ്പരിലോ, വാട്‌സ് ആപ്പ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ -ശ്രീ. മനോജ് എബ്രഹാം ഐ.പി.എസ്സ് അഭ്യർത്ഥിച്ചു.