Home Blog Page 1060

തീ തുപ്പിയ കാറിന് രണ്ടുവര്‍ഷം വിശ്രമം,ഉടമയ്ക്ക് ഒരു വര്‍ഷവും

കൊല്ലം: രൂപമാറ്റം വരുത്തുകയും പുകക്കുഴല്‍ വഴി തീ തുപ്പി സഞ്ചരിക്കുകയും ചെയ്ത കാര്‍ ഉടമയ്ക്ക് 40,500 രൂപ പിഴയിട്ട് മോട്ടോര്‍ വാഹനവകുപ്പ്. വാഹന ഉടമയായ പള്ളിക്കല്‍ സ്വദേശി മുഹമ്മദ് ഇര്‍ഫാന്‍ കൊല്ലം ആര്‍ടിഒ എന്‍ഫോഴ്‌സ്‌മെന്റിന് മുന്നില്‍ ഹാജരായി. കാറിന്റെ റജിസ്‌ട്രേഷന്‍ രണ്ടുവര്‍ഷത്തേക്കും ഉടമയുടെ ലൈസന്‍സ് ഒരു വര്‍ഷത്തേക്കും റദ്ദാക്കിയതായി മോട്ടര്‍ വാഹന വകുപ്പ് അധികൃതര്‍ പറഞ്ഞു.

തീ തുപ്പുന്ന കാറിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. കാര്‍ സ്റ്റാര്‍ട്ട് ആക്കുമ്പോഴും റേസ് ചെയ്യുമ്പോഴുമാണ് തീ തുപ്പിയിരുന്നത്. തുടര്‍ന്ന് മോട്ടോര്‍ വാഹനവകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം നടത്തിയ അന്വേഷണത്തിലാണ് മുഖത്തല നടുവിലക്കര ഭാഗത്തുള്ള ഒരു പെയിന്റിങ് വര്‍ക് ഷോപ്പില്‍ നിന്ന് കാര്‍ കണ്ടെത്തിയത്. കാറിന്റെ ഇരു വശങ്ങളില്‍ സ്ഥാപിച്ചിരുന്ന പുകക്കുഴലുകളും ചക്രങ്ങളും അഴിച്ചു മാറ്റിയ നിലയിലായിരുന്നു. നിറം മാറ്റാനുള്ള ശ്രമത്തിനിടെയാണ് പിടിയിലാകുന്നത്.

മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ അനില്‍, ടി.ജി.പ്രമോദ്, അസിസ്റ്റന്റ് മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ രാകേഷ്, രൂപേഷ്, നിഥിന്‍ എന്നിവരാണ് കാര്‍ കസ്റ്റഡിയില്‍ എടുത്തത്.

നെല്ല് സംഭരണത്തില്‍ സപ്ലൈക്കോ നേരിടുന്ന ബാധ്യത തീര്‍ക്കാന്‍ 253.06 കോടി

തിരുവനന്തപുരം: നെല്ല് സംഭരണത്തില്‍ സപ്ലൈക്കോ നേരിടുന്ന ബാധ്യത തീര്‍ക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍. 2019- 20 മുതല്‍ 2021- 22 വരെയുള്ള വര്‍ഷങ്ങളില്‍ ഉണ്ടായ സാമ്പത്തിക ബാധ്യതയായ 253.06 കോടി രൂപ സര്‍ക്കാര്‍ അനുവദിക്കും. ഇത് സംബന്ധിച്ച നടപടി പൂര്‍ത്തിയാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

നെല്ല് സംഭരണ പദ്ധതി പ്രകാരം സംഭരിക്കുന്ന നെല്ലിന്റെ ഔട്ട് ടേണ്‍ റേഷ്യോ (ഒടിആര്‍) 68 ശതമാനത്തില്‍ നിന്നും 64. 5 ശതമാനം ആയി കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവാത്തത് മൂലമാണ് സപ്ലൈക്കോയ്ക്ക് ബാധ്യത ഉണ്ടായതെന്നും സര്‍ക്കാര്‍ അറിയിച്ചു. 2017 സെപ്തംബറില്‍ നെല്ല് സംഭരണം ആരംഭിക്കേണ്ട സമയത്ത് നെല്ല് സംസ്‌കരണത്തില്‍ കിട്ടുന്ന അരിയുടെ ഔട്ട് ടേണ്‍ റേഷ്യോ കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള 68 ശതമാനം കിട്ടുന്നില്ല എന്ന കാരണത്താല്‍ മില്ലുടമകള്‍ യഥാസമയം നെല്ലെടുക്കാന്‍ വിസമ്മതിച്ചിരുന്നു. ഔട്ട് ടേണ്‍ റേഷ്യോ ഒരു ക്വിന്റല്‍ നെല്ലിന് 68 ശതമാനത്തില്‍ നിന്നും 64.5 ശതമാനം ആയി കേന്ദ്ര സര്‍ക്കാര്‍ കുറവ് വരുത്തുന്നത് വരെയുള്ള സാമ്പത്തിക ബാധ്യത സംസ്ഥാന സര്‍ക്കാര്‍ വഹിക്കുന്നതാണെന്ന് 2018 ല്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

കുട്ടനാട് പാക്കേജ്

കുട്ടനാട് പാക്കേജിന്റെ രണ്ടാം ഘട്ടം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് രൂപീകരിച്ച കുട്ടനാട് വികസന ഏകോപന കൗണ്‍സിലിന്റെ ഘടനയിലും പ്രവര്‍ത്തനത്തിലും ഭേദഗതികള്‍ വരുത്താനും ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗം തീരുമാനിച്ചു. സെന്‍ട്രല്‍ പ്രോജക്ട് പ്രോസസിംഗ് യൂണിറ്റ് – കുട്ടനാട് മേഖലാ വികസനം ഇസ്ലിമെന്റേഷന്‍ ആന്‍ഡ് ടെക്‌നിക്കല്‍ കമ്മിറ്റി, വര്‍ക്കിംഗ് ഗ്രൂപ്പുകള്‍, കുട്ടനാട് സെല്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് പുതിയ ഘടന വരുന്നത്.

കുട്ടനാട് വികസന ഏകോപന കൗണ്‍സിലിന്റെ കണ്‍വീനറായി ചീഫ് സെക്രട്ടറിയെ നിശ്ചയിച്ചു. കൃഷി, ജലവിഭവ, ഫിഷറീസ്, മൃഗസംരക്ഷണ മേഖലകള്‍ കൈകാര്യം ചെയ്യുന്ന ആസൂത്രണ ബോര്‍ഡ് അംഗം കൗണ്‍സിലില്‍ അംഗമായിക്കും.

സംസ്ഥാന ആസൂത്രണ ബോര്‍ഡ് തലത്തില്‍ സെന്റര്‍ പ്രോജക്ട് പ്രോസസിംഗ് യൂണിറ്റ് കുട്ടനാട് മേഖല വികസനത്തിനായി രൂപീകരിക്കും. കുട്ടനാട് പാക്കേജ് സ്‌പെഷ്യല്‍ ഓഫീസര്‍ കൂടിയായ ആസൂത്രണ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറിക്ക് സെന്‍ട്രല്‍ പ്രോജക്ട് പ്രോസസിംഗ് യൂണിറ്റ് കുട്ടനാട് മേഖലാ വികസനം സംബന്ധിച്ച കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണം. ഐടി, ധനകാര്യം, ജലവിഭവ മേഖലകളില്‍ നിന്നുള്ള വിദഗ്ധര്‍ കൂടി ഉള്‍പ്പെടുത്തി പ്രവര്‍ത്തിക്കും. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമാര്‍ അധ്യക്ഷനായും ജില്ലാ കളക്ടര്‍ കണ്‍വീനര്‍ ആയും ഇംപ്ലിമെന്റേഷന്‍ & ടെക്‌നിക്കല്‍ കമ്മിറ്റികള്‍ നിലവില്‍ വരും. ബന്ധപ്പെട്ട ജില്ലാതല ഉദ്യോഗസ്ഥര്‍ അംഗങ്ങളായിരിക്കും. രൂപീകരിക്കുന്ന ഇംപ്ലിമെന്റേഷന്‍ & ടെക്‌നിക്കല്‍ കമ്മിറ്റികള്‍ ജില്ലാ ആസൂത്രണ സമിതിയുടെ ഉപസമിതി ആയി പ്രവര്‍ത്തിക്കും. ജോയിന്റ് രജിസ്ട്രാര്‍ സഹകരണം, പ്രോജക്ട് കോഡിനേറ്റര്‍, എം എന്‍ ആര്‍ ഇ ജി എസ്, എന്നിവര്‍ കൂടി ജില്ലാതല ഇംപ്ലിമെന്റേഷന്‍ & ടെക്‌നിക്കല്‍ കമ്മിറ്റി അംഗങ്ങള്‍ ആയിരിക്കും.

ഗവ.എൽ പി എസ് പനപ്പെട്ടിയിൽ വർണക്കൂടാരം ശിൽപശാല നടത്തി

ശാസ്താംകോട്ട. സമഗ്രശിക്ഷാ കേരളം ശാസ്താം കോട്ട ബിആർസി സ്റ്റാർസ് പദ്ധതി പ്രകാരം അനുവദിച്ച അന്താരാഷ്ട്ര പ്രീസ്കൂൾ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് ശില്പശാല സംഘടിപ്പിച്ചത്.

ശാസ്താംകോട്ട ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി.ബിന്ദുഗോപാലകൃഷ്ണൻ ശില്പശാല ഉദ്ഘാടനം ചെയ്തു.

വർണകൂടാരം ചുമതലയുള്ള ബി.ആർ സി അധ്യാപകപരിശീലകൻ ശ്രീ. ജി. പ്രദീപ് കുമാർ പദ്ധതി വിശദീകരണം നടത്തി. SMC അംഗം ശ്രീമതി രേഷ്മ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി വിദ്യാറാണി സ്വാഗതം പറഞ്ഞു. ബി ആർ സി സ്പെഷ്യലിസ്റ്റ് അധ്യാപകർ ശ്രീ. സുരേന്ദ്രൻ, രാജു, രാധ എന്നിവർ ക്ലാസ് നയിച്ചു. അധ്യാപികമാരായ ദീപ്തി ഗംഗാധരൻ , സുനിത എസ് എന്നിവർ ആശംസകൾ അറിയിച്ചു. സീനിയർ അധ്യാപിക ലീന പാപ്പച്ചൻ നന്ദി പറഞ്ഞു. SMC അംഗങ്ങളായ സൂഫിയാൻ, ഹസീന, ഷക്കീൽ ,ദീപ്തി, ഷിബിന എന്നിവർ പങ്കെടുത്തു.

രക്ഷാപ്രവര്‍ത്തനത്തിന്റെ അടിസ്ഥാന പാഠങ്ങളുമായി ജടായുപ്പാറയില്‍ മോക്ഡ്രില്‍

ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെയും ദേശീയ ദുരന്തപ്രതികരണ സേനയുടെയും സംയുക്താഭിമുഖ്യത്തില്‍ ചടയമംഗലം ജടായു എര്‍ത്ത് സെന്ററില്‍ കേബിള്‍ കാര്‍ അപകട രക്ഷാപ്രവര്‍ത്തനം സംബന്ധിച്ച മോക്ക് ഡ്രില്‍ സംഘടിപ്പിച്ചു.

അപ്രതീക്ഷിതമായി വീശിയ ശക്തമായ കാറ്റില്‍ കേബിള്‍ കാറുകള്‍ കൂട്ടിമുട്ടുകയും റോപ്പ് വേയില്‍ രണ്ട് കേബിള്‍ കാറുകളിലായി മൂന്ന് പേര്‍ കുടുങ്ങിക്കിടക്കുകയും ചെയ്യുന്നതായി രാവിലെ 8.15 ന് ജടായുപ്പാറ അധികൃതര്‍ ചടയമംഗലം പോലീസില്‍ വിവരം അറിയിച്ചതോടെയാണ് മോക്ഡ്രില്‍ ആരംഭിച്ചത്. ചടയമംഗലം പോലീസ്, കടയ്ക്കല്‍ അഗ്‌നിരക്ഷാ നിലയം എന്നിവിടങ്ങളില്‍ നിന്നും ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ സ്ഥലത്തെത്തി ജടായു എര്‍ത്ത് സെന്ററിലെ കേബിള്‍ കാര്‍ വിഭാഗം സേഫ്റ്റി ടീമിന്റെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. എന്നാല്‍ ശക്തമായ കാറ്റ് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ടിച്ചതോടെ തഹസില്‍ദാര്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ സഹായം തേടി. അതോറിറ്റി അധ്യക്ഷനായ ജില്ലാ കളക്ടര്‍, എന്‍ഡിആര്‍എഫ് സംഘത്തിന്റെ സേവനം ആവശ്യപ്പെട്ടു. ഇന്‍സ്പെക്ടര്‍ പ്രശാന്ത് ജി ചീനാത്തിന്റെ നേതൃത്വത്തില്‍ എത്തിയ എന്‍ഡിആര്‍എഫ് സംഘത്തിലെ റോപ്പ് വേ രക്ഷാപ്രവര്‍ത്തനവിദഗ്ദ്ധരായ മുരളി, ഹരി എന്നിവരും ജടായു എര്‍ത്ത് സെന്റര്‍ സേഫ്റ്റി ടീമും റോപ്പ് വേയിലൂടെ കേബിള്‍ കാറിന് മുകളില്‍ എത്തി വാതിലുകള്‍ തുറന്ന് അകത്തുണ്ടായിരുന്ന മൂന്നു പേരെയും സുരക്ഷിതമായി താഴെയിറക്കി.

ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായ അഡിഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ജി നിര്‍മല്‍ കുമാറിന്റെ നേതൃത്വത്തിലാണ് മോക്ക് ഡ്രില്ലില്‍ സംഘടിപ്പിച്ചത്. ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദേശാനുസരണം രാജ്യത്തെ എല്ലാ കേബിള്‍ കാര്‍ വിനോദസഞ്ചാര കേന്ദ്രങ്ങളിലും വര്‍ഷത്തിലൊരിക്കല്‍ മോക്ക് ഡ്രില്ലുകള്‍ നടത്തുന്നു.

കൊട്ടാരക്കര ഡിവൈഎസ്പി ജി ബി മുകേഷ്, ഡെപ്യൂട്ടി ഡി എം ഓ ഡോ. രേഖ എം രവീന്ദ്രന്‍, കടയ്ക്കല്‍ താലൂക്ക് ആശുപത്രി ആര്‍ എം ഓ ഡോ.ഹരിലാല്‍, ചടയമംഗലം പോലീസ് ഇന്‍സ്പെക്ടര്‍ എന്‍ സുനീഷ്, ചടയമംഗലം മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ജിനു ജോണ്‍, കടയ്ക്കല്‍ അഗ്‌നിരക്ഷാ നിലയം സ്റ്റേഷന്‍ ഓഫീസര്‍ പ്രദീപ് കുമാര്‍ എന്നിവര്‍ വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. കൊല്ലം കളക്ട്രേറ്റ് ദുരന്തനിവാരണ വിഭാഗം സൂപ്രണ്ട് രമേശ് മാധവന്‍, ഹസാഡ് അനലിസ്റ്റ് പ്രേം ജി പ്രകാശ്, ജടായു എര്‍ത്ത് സെന്റര്‍ ഓപ്പറേഷന്‍ മാനേജര്‍ മനു ജി ആര്‍, കേബിള്‍ കാര്‍ വിഭാഗം മാനേജര്‍ സെബിന്‍ ജേക്കബ് എന്നിവര്‍ മോക്ഡ്രില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു.

‘ഭ്രമയുഗം’ നാളെ ലോസാഞ്ചല്‍സിലെ പ്രശസ്തമായ ഓസ്‌കര്‍ അക്കാദമി മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കും

ലോസാഞ്ചല്‍സ്: മലയാള സിനിമയ്ക്ക് മറ്റൊരു ചരിത്ര നിമിഷം കൂടി. മമ്മൂട്ടി നായകനായ വിസ്മയ ചിത്രം ‘ഭ്രമയുഗം’ നാളെ ലോസാഞ്ചല്‍സിലെ പ്രശസ്തമായ ഓസ്‌കര്‍ അക്കാദമി മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കും.

അക്കാദമി മ്യൂസിയത്തിന്റെ ‘വേര്‍ ദി ഫോറസ്റ്റ് മീറ്റ്‌സ് ദി സീ’ എന്ന പ്രത്യേക ചലച്ചിത്ര പരമ്പരയില്‍ പ്രദര്‍ശിപ്പിക്കുന്ന ഏക ഇന്ത്യന്‍ ചിത്രമാണ് ഭ്രമയുഗം. ഫോക്ലോര്‍, മിത്ത്, ഹൊറര്‍ വിഭാഗങ്ങളില്‍പ്പെട്ട ലോക സിനിമകളെ പരിചയപ്പെടുത്തുന്ന പരമ്പരയുടെ ഭാഗമായാണ് രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഈ ചിത്രം തിരഞ്ഞെടുക്കപ്പെട്ടത്.

ഓസ്‌കര്‍ അക്കാദമി മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്ന ആദ്യ മമ്മൂട്ടി ചിത്രം എന്ന സവിശേഷതയും ഇതിനുണ്ട്. നാളെ ലോസാഞ്ചല്‍സ് സമയം വൈകുന്നേരം നടക്കുന്ന പ്രദര്‍ശനത്തിനായി സിനിമാ ലോകം ആവേശത്തോടെയാണ് കാത്തിരിക്കുന്നത്.

ദേശീയ പുരസ്‌കാര പട്ടികയില്‍ നിന്ന് ചിത്രം ഒഴിവാക്കപ്പെട്ടതില്‍ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്ന പശ്ചാത്തലത്തില്‍, ഈ അന്താരാഷ്ട്ര അംഗീകാരം മലയാള സിനിമയുടെ കരുത്തുറ്റ സാന്നിധ്യമായി വിലയിരുത്തപ്പെടുന്നു.

മമ്മൂട്ടിയുടെ ‘കൊടുമണ്‍ പോറ്റി’ എന്ന കഥാപാത്രം ആഗോള സിനിമ പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയാകാന്‍ ഈ സ്‌ക്രീനിംഗ് വഴിതുറക്കും. ചിത്രത്തിന്റെ സംവിധായകന്‍ രാഹുല്‍ സദാശിവനും മമ്മൂട്ടിയും ഈ അഭിമാന നിമിഷം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്.

അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, അമല്‍ഡ ലിസ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോര്‍മാറ്റിലാണ് ഒരുക്കിയത്. സ്‌ക്രീനിംഗിന്റെ ഭാഗമായി പുറത്തിറങ്ങിയ ടീസര്‍ വീഡിയോയില്‍ ഭ്രമയുഗത്തിലെ ദൃശ്യങ്ങളും അക്കാദമി മ്യൂസിയം ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പി എസ് സി ഓണ്‍ലൈന്‍ പരീക്ഷ മാറ്റി

തിരുവനന്തപുരം: കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ഫെബ്രുവരി 12ന് നടത്താനിരുന്ന ഓണ്‍ലൈന്‍ പരീക്ഷ 21-ലേക്ക് മാറ്റി. വ്യവസായ പരിശീലന വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (കംപ്യൂട്ടര്‍ എയ്ഡഡ് എംബ്രോയ്ഡറി ആന്‍ഡ് ഡിസൈനിങ്-കാറ്റഗറി നമ്പര്‍ 580/2024) തസ്തികയിലേക്കുള്ളതാണ് പരീക്ഷ.
സമയത്തില്‍ മാറ്റമില്ല. 12-ന് പണിമുടക്കായതിനാലാണ് 21 ലേക്ക് പരീക്ഷ മാറ്റിയത്.

മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു : പൊതുചിറകളുടെ നവീകരണം പൂർത്തിയായി

കൊല്ലം : ഇടമുളയ്ക്കൽ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള പൊതുചിറകളുടെ നവീകരണം പൂർത്തിയായതായി പഞ്ചായത്ത് സെക്രട്ടറി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.

കമ്മീഷൻ അംഗം വീ. ഗീതയുടെ നിർദ്ദേശാനുസരണമാണ് റിപ്പോർട്ട് സമർപ്പിച്ചത്.  17,08,913 രൂപ വകയിരുത്തിയെന്നും 2024-25 സാമ്പത്തിക വർഷം സ്പിൽ ഓവർ പദ്ധതിയായി നിർമ്മാണ പ്രവൃത്തികൾ പൂർത്തിയാക്കിയെന്നും റിപ്പോർട്ടിൽ പറഞ്ഞു.  റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസ് തീർപ്പാക്കി.

പുത്തൂരില്‍ 16 വയസ്സുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ പ്രതി ‘മുരാരി തന്ത്രി’യെ പോലീസ് ഉടന്‍ കസ്റ്റഡിയില്‍ വാങ്ങും

കൊല്ലം: പുത്തൂരില്‍ 16 വയസ്സുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ പ്രതി ‘മുരാരി തന്ത്രി’ എന്ന രാജന്‍ ബാബുവിനെ പൊലീസ് ഉടന്‍ കസ്റ്റഡിയില്‍ വാങ്ങും. പ്രതി നടത്തിയത് കരുതിക്കൂട്ടിയുള്ള ലൈംഗികാതിക്രമമാണെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍.

നിലവില്‍ റിമാന്‍ഡിലുള്ള പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡി അപേക്ഷ കോടതിയില്‍ സമര്‍പ്പിക്കും. സംഭവസമയത്ത് ജ്യോതിഷാലയത്തില്‍ ഉണ്ടായിരുന്ന പ്രതിയുടെ ഭാര്യയുടെയും അമ്മയുടെയും മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും.

പീഡനവിവരം ഇവര്‍ക്ക് നേരത്തെ അറിയാമായിരുന്നോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്. രാജന്‍ ബാബുവിന്റെ മുന്‍കാല ചരിത്രവും സാമ്പത്തിക ഇടപാടുകളും അന്വേഷിക്കാനാണ് പൊലീസിന്റെ തീരുമാനം.

പ്രതിയുടെ വീട്ടിലെ മുറിയില്‍ നിന്ന് കണ്ടെത്തിയ രക്തക്കറ ആരുടേതാണെന്ന് സ്ഥിരീകരിക്കാന്‍ ഫോറന്‍സിക് പരിശോധന നടത്തും. ജ്യോത്സ്യമെന്ന പേരില്‍ പെണ്‍കുട്ടിയെ വിശ്വസിപ്പിച്ച് എത്തിച്ച ശേഷം പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി.

പ്രതിക്കെതിരെ മുന്‍പും സമാനമായ പരാതികള്‍ ഉയര്‍ന്നിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കേസില്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ച് കുറ്റപത്രം വേഗത്തില്‍ സമര്‍പ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

ബിജു മേനോന്‍ അനൂപ് കണ്ണന് 15 ലക്ഷം രൂപ നല്‍കണമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍

നടന്‍ ബിജു മേനോനെതിരായ നിര്‍മാതാവ് അനൂപ് കണ്ണന്റെ പരാതിയില്‍ നിലപാട് വ്യക്തമാക്കി പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍. ബിജു മേനോന്‍ അനൂപ് കണ്ണന് 15 ലക്ഷം രൂപ നല്‍കണമെന്നാണ് നിര്‍മാതാക്കളുടെ സംഘടനയുടെ അറിയിപ്പ്. ഈ തുക ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മിക്കുന്ന ചിത്രത്തിലെ ബിജു മേനോന്റെ പ്രതിഫലത്തില്‍ നിന്നും ഈടാക്കാനാണ് തീരുമാനം.
അതേസമയം നഷ്ടം നികത്താന്‍ ബിജു മേനോന്‍ തയ്യാറായില്ലെങ്കില്‍ ഭാവിയില്‍ സഹകരിക്കില്ലെന്നും നിര്‍മാതാക്കളുടെ സംഘടന അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട കത്ത് ബിജു മേനോന് നല്‍കിയെന്നാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍ അറിയിച്ചത്. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു ലിസ്റ്റിന്റെ പ്രതികരണം.
ബിജു മേനോന്‍ നായകനായ നടന്ന സംഭവം എന്ന സിനിമയുടെ നിര്‍മാതാവാണ് അനൂപ് കണ്ണന്‍. ഈ ചിത്രത്തിന്റെ പ്രൊമോഷന് വേണ്ടി 10 ദിവസം നല്‍കാമെന്ന കരാറില്‍ ബിജു മേനോന്‍ ഒപ്പിട്ടിരുന്നു. എന്നാല്‍ രണ്ടര മണിക്കൂര്‍ മാത്രമാണ് താരം നല്‍കിയത്. ഇതോടെ തനിക്ക് 25 ലക്ഷം രൂപ നഷ്ടമായെന്നാണ് അനൂപ് കണ്ണന്‍ നിര്‍മാതാക്കളുടെ സംഘടനയ്ക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞത്.
നേരത്തെ സംവിധായകനും നിര്‍മാതാവുമായ ബി ഉണ്ണികൃഷ്ണനാണ് ബിജു മേനോന്റെ പേര് പരസ്യമായി ഉന്നയിച്ചത്. ബിജു മേനോന്‍ കാരണം ഒരു നിര്‍മാതാവിന് 25 ലക്ഷം രൂപ നഷ്ടമായെന്നാണ് ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞത്. പിന്നാലെയാണ് അനൂപും രംഗത്തെത്തിയത്. ബിജു മേനോനേയും അദ്ദേഹത്തിന്റെ മാനേജരേയും ബന്ധപ്പെടാന്‍ താന്‍ ഒരുപാട് ശ്രമിച്ചുവെങ്കിലും പ്രതികരിക്കാന്‍ തയ്യാറായില്ലെന്നും അനൂപ് പറഞ്ഞിരുന്നു.

നടന്‍ റിയാസ് പത്താന് കാറപകടത്തില്‍ പരിക്ക്

കൊച്ചി: നടന്‍ റിയാസ് പത്താന് കാറപകടത്തില്‍ പരിക്കേറ്റു. തമിഴ്നാട്ടിലെ തേനിയ്ക്ക് അടുത്ത് വച്ച് കഴിഞ്ഞ ദിവസം രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം. ഇദ്ദേ?ഹം സഞ്ചരിച്ച കാര്‍ ഡിവൈഡറില്‍ ഇടിച്ച് കയറുകയായിരുന്നു. റിയാസ് ഇരുന്ന ഭാഗമാണ് ഇടിച്ചു കയറിയത്. റിയാസിന്റെ മകന്‍ അജ്മല്‍ ആണ് കാര്‍ ഓടിച്ചിരുന്നത്.

പരിക്കേറ്റതിനെ തുടര്‍ന്ന് ആദ്യം തേനി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച നടനെ പിന്നീട് വിദഗ്ധ ചികിത്സക്കായി വൈക്കം ഇന്‍ഡോ അമേരിക്കന്‍ ഹോസ്പിറ്റലിലേക്ക് മാറ്റി. ആലപ്പുഴയിലെ വീട്ടില്‍ നിന്ന് രാവിലെ നാല് മണിക്കാണ് ഇവര്‍ യാത്ര തിരിച്ചത്.

‘ഫ്‌ലാറ്റ് നമ്പര്‍ 4 ബി’യില്‍ പ്രധാനകഥാപാത്രമായെത്തി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച റിയാസ് ‘കായംകുളം കൊച്ചുണ്ണി’, ‘ക്ലിന്റ്’, ‘റാണി’, കന്നഡ ചിത്രമായ ‘ഗഡിയാറ’ തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ച മനോരമ മാക്‌സില്‍ റിലീസ് ചെയ്ത ‘രണ്ടാം മുഖം’ എന്ന ചിത്രത്തിലും റിയാസ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

രണ്ട് സിനിമകളുടെ തിരക്കഥ രചിച്ച് വരുന്നതിനിടെയാണ് അപകടം സംഭവിച്ചത്. റിയാസ് ഉടന്‍ ആശുപത്രിവിടുമെന്ന് അധികൃതര്‍ അറിയിച്ചു. റിയാസിന്റെ മകന്‍ അജ്മല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.