Home Blog Page 1043

ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മിഷനിൽ കൺസൽറ്റന്റ്; നിയമ ബിരുദക്കാർക്ക് അവസരം

തിരുവനന്തപുരത്തെ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മിഷനിൽ ജൂനിയർ കൺസൽറ്റന്റ് (ലീഗൽ) ഒഴിവ്. കരാർ നിയമനം. ഫെബ്രുവരി 23 വരെ ഓൺലൈനായി അപേക്ഷിക്കാം.

∙യോഗ്യത: നിയമ ബിരുദം, ഇംഗ്ലിഷ്, മലയാളം ഭാഷകളിൽ പ്രാവീണ്യം.

∙പ്രായപരിധി: 30.

കൂടുതൽ വിവരങ്ങൾക്ക് www.erckerala.org

ശരീരഭാരം കുറയ്ക്കാൻ ഈ ഭക്ഷണ സാധനങ്ങൾ വറുത്ത് കഴിക്കൂ

കൃത്യമായ സമയത്ത് കൃത്യമായ ഭക്ഷണങ്ങൾ കഴിക്കുന്നതാണ് ആരോഗ്യകരമായി ശരീരഭാരം നിയന്ത്രിക്കുന്നതിന് സഹായിക്കുന്നത്. ശരീരഭാരം കുറയ്ക്കുന്നതിന് ഇവ വറുത്ത് കഴിക്കൂ.

ബദാം

നല്ല കൊഴുപ്പ്, ഫൈബർ, ആന്റിഓക്‌സിഡന്റുകൾ എന്നിവ ധാരാളം ബദാമിൽ അടങ്ങിയിട്ടുണ്ട്. ഇത് വറുത്ത് കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.

വെള്ളക്കടല

വെള്ളക്കടലയിൽ ധാരാളം പ്രോട്ടീനും ഫൈബറും അടങ്ങിയിട്ടുണ്ട്. ഇത് കഴിക്കുന്നത് വയറ് നിറയാനും വിശപ്പ് കുറയ്ക്കാനും സഹായിക്കുന്നു.

മഖാന

മഖാനയിൽ കലോറി വളരെ കുറവാണ്. ഇത് ദഹനത്തേയും മെറ്റബോളിസം പ്രവർത്തനങ്ങളെയും മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

ചെറുപയർ

ചെറുപയറിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ ഇത് എളുപ്പം ദഹിക്കും. കൂടാതെ നിങ്ങളുടെ ഊർജ്ജം കൂട്ടാനും ശരീരഭാരം കുറയ്ക്കാനും ഇത് കഴിക്കുന്നത് നല്ലതാണ്.

പീനട്ട്

പീനട്ടിൽ ആരോഗ്യകരമായ കൊഴുപ്പും, പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. ഇത് വിശപ്പിനെ നിയന്ത്രിക്കാൻ സഹായിക്കുന്നു. അതിനാൽ തന്നെ ശരീരഭാരം കുറയ്ക്കാൻ പീനട്ട് നല്ലതാണ്.

വെല്ലൂരിൽ ക്ഷേത്രോത്സവത്തിനിടെ രഥം മറിഞ്ഞ് അപകടം; ഏഴ് പേർക്ക് പരിക്ക്, നില ​ഗുരുതരം

ചെന്നൈ: തമിഴ്നാട് വെല്ലൂരിൽ ക്ഷേത്ര ഉത്സവത്തിലെ രഥഘോഷയാത്രയ്ക്കിടെ അപകടം. രഥം മറിഞ്ഞ് ഏഴ് പേർക്ക് ​ഗുരുതരമായി പരിക്കേറ്റു. 60 അടി ഉയരമുള്ള രഥമാണ് മറിഞ്ഞത്. വെല്ലൂരിലെ ഒരു പ്രധാനപ്പെട്ട പ്രാദേശിക ഉത്സവമാണ് മായാന കൊല്ലൈ. ശിവരാത്രിക്ക് തൊട്ടുപിറ്റേന്ന് നടക്കുന്ന ഒരു ഉത്സവമാണ് ഇത്. ഇതുമായി ബന്ധപ്പെട്ട രഥഘോഷയാത്രയ്ക്കിടെയാണ് അപകടമുണ്ടായത്.

രഥം ഭക്തർ വലിച്ചുകൊണ്ടുപോകുന്നതിനിടെ മറിയുകയായിരുന്നു. രഥം മറിഞ്ഞപ്പോൾ ഏഴുപേർ അതിനിടയിൽ പെട്ടുപോകുകയായിരുന്നു. കുടുങ്ങിയപ്പോയവരെ വളരെയേറെ ബുദ്ധിമുട്ടിയാണ് പുറത്തെടുത്തത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരുടെ നില ​ഗുരുതരമാണ്. ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് നൽകിയിരുന്ന നിർദേശങ്ങൾ ലംഘിച്ചിട്ടുണ്ടോ എന്ന് സംശയമുണ്ട്. ഇതുസംബന്ധിച്ച പരിശോധനകൾ നടത്തുന്നതായി ജില്ലാ ഭരണകൂടം അറിയിച്ചു.

ആഗോള എഐ ഉച്ചകോടിയിൽ ബിൽ ഗേറ്റ്സിന്റെ പങ്കാളിത്തത്തിൽ രാഷ്ട്രീയ പോര്, ഇതാണോ പുതിയ ഇന്ത്യ എന്ന് കോൺഗ്രസ്

ന്യൂഡൽഹി: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന പ്രഥമ ആഗോള എഐ ഉച്ചകോടിക്ക് ഇന്ന് ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ തുടക്കമാകും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്ന ഉച്ചകോടിയിൽ ലോകത്തെ പ്രമുഖ സാങ്കേതിക കമ്പനികളുടെ തലവന്മാരും വിവിധ രാജ്യങ്ങളിലെ പ്രതിനിധികളും പങ്കെടുക്കും. എന്നാൽ, ഉച്ചകോടിയിലേക്ക് ബിൽ ഗേറ്റ്സിനെ ക്ഷണിച്ചതിനെച്ചൊല്ലി വലിയ രാഷ്ട്രീയ തർക്കങ്ങളാണ് ഉടലെടുത്തിരിക്കുന്നത്.

ലൈംഗിക അതിക്രമക്കേസുകളിൽ പ്രതിയായ ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട എപ്സ്റ്റീൻ ഫൈൽസിൽ ബിൽ ഗേറ്റ്സിന്റെ പേര് പരാമർശിക്കപ്പെട്ടത് ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനേറ്റ് വിമർശനം ഉന്നയിച്ചത്. ബിൽക്കിസ് ബാനു കേസിലെ പ്രതികളെ മാലയിട്ടു സ്വീകരിച്ചവരാണ് ഇപ്പോൾ എപ്സ്റ്റീൻ ഫയൽസിൽ പേരുള്ള ബിൽ ഗേറ്റ്സിനെ അതിഥിയായി സ്വീകരിക്കുന്നതെന്ന് അവർ പരിഹസിച്ചു. ഇതാണ് പുതിയ ഇന്ത്യ’ എന്നായിരുന്നു സുപ്രിയയുടെ വിമർശനം. എപ്സ്റ്റീനുമായുള്ള ബന്ധത്തിൽ തനിക്ക് ഖേദമുണ്ടെന്നും അത് വലിയൊരു തെറ്റായിപ്പോയെന്നും നേരത്തെ ബിൽ ഗേറ്റ്സ് മാപ്പ് ചോദിച്ചിരുന്നു. ഇത് വീണ്ടും ചർച്ചയാക്കിയാണ് കോൺഗ്രസിന്റെ കടന്നാക്രമണം.

യുകെ, ദക്ഷിണ കൊറിയ, ഫ്രാൻസ് എന്നീ രാജ്യങ്ങൾക്ക് ശേഷം എഐ ഉച്ചകോടിക്ക് വേദിയാകുന്ന രാജ്യമായി ഇന്ത്യ മാറി. വികസ്വര രാജ്യങ്ങളുടെ കൂട്ടായ്മയിൽ നടക്കുന്ന ആദ്യ ഉച്ചകോടി കൂടിയാണിത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ബ്രസീൽ പ്രസിഡന്റ് ലുല ഡസിൽവ എന്നിവർ പങ്കെടുക്കും. സുന്ദർ പിച്ചൈ, ഡെമിസ് ഹസാബിസ്, ബ്രാഡ് സ്മിത്ത് തുടങ്ങി നൂറിലധികം കമ്പനികളുടെ പ്രതിനിധികൾ ഉച്ചകോടിയുടെ ഭാഗമാകും.

136 രാജ്യങ്ങളിൽ നിന്നായി 15,000-ത്തോളം പേർ ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. കൃഷി, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, ഭരണം തുടങ്ങിയ മേഖലകളിൽ നിർമ്മിത ബുദ്ധി എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്നതാണ് പ്രധാന ചർച്ചാ വിഷയം. എഐ സാങ്കേതികവിദ്യയുടെ വികസനത്തിൽ വികസ്വര രാജ്യങ്ങളുടെ ശബ്ദം ഉറപ്പാക്കുക എന്നതാണ് ഇന്ത്യ ഇതിലൂടെ ലക്ഷ്യമിടുന്നത്.

നാട്ടുകാർ ഇന്ത്യ പാക് മത്സര ലഹരിയിൽ, വീട്ടുകാർ ശിവരാത്രി ആഘോഷത്തിന് ക്ഷേത്രത്തിൽ, വീട് കുത്തിത്തുറന്ന് കവർന്നത് 20 പവനും പണവും

വിജയപുര: ഗ്രാമത്തിലുള്ളവർ ഇന്ത്യ പാകിസ്ഥാൻ ക്രിക്കറ്റ് മത്സരത്തിന്റെ ആഘോഷത്തിൽ, വീട്ടുകാർ ശിവരാത്രി ചടങ്ങുകൾക്ക് ക്ഷേത്രത്തിൽ, കിട്ടിയ അവസരം മുതലാക്കി മോഷ്ടാക്കൾ. വീട്ടിൽ ആളില്ലാത്ത തക്കം നോക്കി 20 പവനും അരലക്ഷം രൂപയും കവർന്ന് മോഷ്ടാക്കൾ. കർണാടകയിലെ വിജയപുരയിലാണ് സംഭവം. ശാരദ നഗറിലുള്ള സോമശേഖര ഗാനിയുടെ വീട്ടിലാണ് കള്ളന്മാർ കയറിയത്. 270 ഗ്രാം വെള്ളി ആഭരണങ്ങളും മോഷ്ടാക്കൾ അടിച്ചുമാറ്റി. ശിവരാത്രി ആഘോഷത്തിന് ശേഷം കുടുംബം തിരിച്ച് വീട്ടിലെത്തിയപ്പോഴാണ് മോഷണം പുറത്ത് അറിയുന്നത്.

മഹാശിവരാത്രി ആഘോഷത്തിന്റെ തിരക്ക് മുതലെടുത്ത് വിജയപുര, കൊപ്പാൽ, റായ്ച്ചൂർ മേഖലയിൽ വലിയ രീതിയിലെ മോഷണങ്ങളാണ് നടന്നിട്ടുള്ളത്. ഇന്ത്യ-പാകിസ്ഥാൻ ടി20 ക്രിക്കറ്റ് മത്സരം നടക്കുകയായിരുന്നതിനാൽ തെരുവുകളിലും ആളനക്കം കുറവായിരുന്നു. ഈ സാഹചര്യം കള്ളന്മാർക്ക് കാര്യങ്ങൾ എളുപ്പമാക്കി. സോമശേഖര ഗാനിയുടെ വീട്ടിൽ സൂക്ഷിച്ചിരുന്ന 40,000 രൂപയും ഏകദേശം 154 ഗ്രാം സ്വർണാഭരണങ്ങളും 270 ഗ്രാം വെള്ളി ആഭരണങ്ങളും കള്ളന്മാർ കൊണ്ടുപോയി. വിവരമറിഞ്ഞയുടൻ ഗോൽ ഗുംബസ് പൊലീസ് സ്റ്റേഷനിൽ നിന്നുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്.

റായ്ച്ചൂർ, കൊപ്പാൽ മേഖലയിലും മോഷണം

ഗോൽ ഗുംബസ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കള്ളന്മാരെ കണ്ടെത്താനായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഉത്സവ ദിവസങ്ങളിൽ വീട് പൂട്ടി പുറത്തുപോകുമ്പോൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് പൊലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. കൊപ്പാളിൽ പർദ്ദ ധരിച്ചെത്തിയ സ്ത്രീകൾ സ്വർണ കമ്മലുകളുമായാണ് മുങ്ങിയത്. നഗരത്തിലെ ജവഹർ റോഡിലുള്ള വിശാൽ ജ്വല്ലറിയിൽ പർദ്ദ ധരിച്ചെത്തിയ രണ്ട് സ്ത്രീകൾ 40,000 രൂപ വിലവരുന്ന കമ്മൽ മോഷ്ടിച്ചു. കമ്മൽ വാങ്ങാനെന്ന വ്യാജേന കടയിലെത്തിയ ഇവർ, കടയുടമ കമ്മലുകൾ കാണിക്കുന്നതിനിടെ ശ്രദ്ധ തിരിച്ചു. ഈ സമയം രണ്ടാമത്തെ സ്ത്രീ കമ്മൽ മോഷ്ടിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. മോഷണം നടത്തിയ ഉടൻ ഇരുവരും കടയിൽ നിന്ന് രക്ഷപ്പെട്ടു. കൊപ്പാൾ നഗർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

‘ഈഴവർക്കുൾപ്പെടെ സമുദായ ചിന്തയില്ല, കിട്ടിയതൊന്നും പോരെന്നാണ് ലീഗിന്‍റെ നിലപാട്’: അധികാര പങ്കാളിത്തം ഔദാര്യമല്ലെന്ന് വെള്ളാപ്പള്ളി

തിരുവനന്തപുരം: അധികാര പങ്കാളിത്തം ഔദാര്യമല്ലെന്ന് യോഗനാദത്തിൽ വെള്ളാപ്പള്ളി നടേശന്‍റെ ലേഖനം. അടികൊള്ളാൻ പിന്നോക്കക്കാർ, അധികാരത്തിലേറാൻ മറ്റുള്ളവർ എന്നാണ് സ്ഥിതിയെന്ന് അദ്ദേഹം ലേഖനത്തിൽ കുറ്റപ്പെടുത്തുന്നു. ഭൂരിപക്ഷ സമുദായങ്ങളെ അദ്ദേഹം വിമർശിച്ചു. ഈഴവർക്കുൾപ്പെടെ സമുദായ ചിന്തയില്ല. ഈഴവർ ഉൾപ്പെടെ ഭൂരിപക്ഷ ജനങ്ങൾ തമ്മിൽ തല്ലി നശിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ അർഹമായ പ്രാധാന്യം നൽകണം. ഇല്ലെങ്കിൽ ചോദിച്ചു വാങ്ങണം. അധികാര പങ്കാളിത്തത്തിൽ എത്തിയാലേ സാമൂഹ്യ നീതി ഉറപ്പാകൂ. അതിനായി വിലപേശേണ്ടിവരും. അർഹതപ്പെട്ടത് നിഷേധിക്കുന്നവർക്ക് ബാലറ്റിലൂടെ മറുപടി നൽകണം. പ്രതികരിച്ചില്ലെങ്കിൽ തുടച്ചു നീക്കപ്പെടുമെന്നും വെള്ളാപ്പളളി ലേഖനത്തിൽ പറയുന്നു.

മുസ്ലിം ലീഗ് കടന്നുകയറാവുന്നിടത്തെല്ലാം കയറി. കിട്ടിയതൊന്നും പോരെന്നാണ് മുസ്ലിം ലീഗിന്റെ നിലപാട്. പുതിയ അവകാശ വാദങ്ങൾ ഉന്നയിക്കുന്നു. ഭൂരിപക്ഷ സമുദായം വൈകാതെ ന്യൂനപക്ഷമാകുന്ന അവസ്ഥയാണ്. മുസ്ലിം ലീഗ് നേതാക്കളുടെ പ്രസ്താവന ഭൂരിപക്ഷത്തിനുള്ള മുന്നറിയിപ്പാണ്. മുസ്ലിങ്ങൾക്ക് വേണ്ടിയാണ് നിലകൊള്ളുന്നതെന്നാണ് ലീഗ് നേതാക്കളുടെ പ്രസ്താവനയെന്നും വെള്ളാപ്പള്ളി വിമർശിച്ചു.

ശബരിമല യുവതി പ്രവേശനം: സർക്കാർ തിരുത്തേണ്ടത് തിരുത്തണമെന്ന് വെള്ളാപ്പള്ളി
ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സർക്കാർ തിരുത്തേണ്ടത് തിരുത്തണമെന്ന് എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഇന്നലെ പറഞ്ഞിരുന്നു. എസ്എൻഡിപി നിലപാട് നേരത്തെ വ്യക്തമാക്കിയിരുന്നുവെന്നും വിധി നിരാശാജനകം എന്നാണ് പറഞ്ഞതെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. സ്ത്രീ പ്രവേശനം നടപ്പാക്കാൻ ശ്രമിക്കുന്നത് ശരിയല്ല. സ്ത്രീകൾ ശബരിമലയിലേക്ക് പോകില്ല. പോകരുതേ എന്ന് അപേക്ഷിക്കുന്നു. കേരളത്തിലെ പ്രബുദ്ധരായ സ്ത്രീകൾ ശബരിമലയിലേക്ക് പോകില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

എസ്എൻഡിപി നിലപാട് സ്ത്രീ പ്രവേശനത്തിന് എതിരാണ്. ജനവികാരം സർക്കാർ കണ്ടതല്ലേയെന്നും വെള്ളാപ്പള്ളി ചോദിച്ചു. അന്ന് അനുകൂലിച്ചവർ ഇന്ന് എതിർത്തു തുടങ്ങിയെന്ന് പറഞ്ഞ അദ്ദേഹം കേസ് പിൻവലിക്കുന്ന കാര്യത്തിൽ സർക്കാർ തീരുമാനം എടുക്കട്ടെയെന്നും ശബരിമലയിലെ ആചാരങ്ങൾ മാറ്റപ്പെടേണ്ടത് അല്ലെന്നും ചൂണ്ടിക്കാട്ടി. സർക്കാർ എന്തു ചെയ്യണം എന്നു അവർ തീരുമാനിക്കട്ടെ. സർക്കാർ യുവതിപ്രവേശനത്തെ എതിർക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ജി സുകുമാരൻ നായരും വിഷയത്തിൽ അഭിപ്രായം പറഞ്ഞിട്ടുണ്ട്. എല്ലാം കേട്ടിട്ട് സർക്കാർ തീരുമാനിക്കട്ടെയെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. ആഗോള അയ്യപ്പ സംഗമത്തിലെ കണക്കുകളിലെ ശരിയും തെറ്റും കോടതി കണ്ടുപിടിക്കട്ടെ. തനിക്ക് ആ കണക്കുകൾ അറിയില്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

കാറില്‍ കടത്തിയ 300 കിലോയിലേറെ കഞ്ചാവ് പോലീസ് പിടികൂടി

തിരുവനന്തപുരത്ത് കാറില്‍ കടത്തിയ 300 കിലോയിലേറെ കഞ്ചാവ് പൊലീസിലെ ഡാന്‍സാഫ് സംഘം പിടികൂടി. ആന്ധ്രയില്‍ നിന്ന് കേരളത്തിലേക്ക് വില്‍പ്പനക്കെത്തിച്ചതെന്നാണ് പ്രാഥമിക നിഗമനം.
സമീപകാലത്ത് തലസ്ഥാന നഗരം കണ്ട ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണ് ഇതെന്ന് പോലീസ് പറയുന്നു. പാക്കറ്റുകളായി പൊതിഞ്ഞ് കാറിന്‍റെ ഡിക്കിയിലും സീറ്റിനടിയിലുമെല്ലാം ഒളിപ്പിച്ച കഞ്ചാവ്. 88 പാക്കറ്റുകള്‍ പ്രാഥമികമായി തൂക്കി നോക്കിയപ്പോള്‍ തന്നെ 320 കിലോയിലേറെ ഉറപ്പിച്ച് കഴിഞ്ഞു. ഇത്രയും കഞ്ചാവുമായി വന്ന് പിടിയിലായത് തിരുവനന്തപുരം കരകുളം സ്വദേശി അഫ്സല്‍. പക്ഷെ അഫ്സല്‍ വലിയ കഞ്ചാവ് മാഫിയാ സംഘത്തിന്‍റെ ചെറിയ കണ്ണി മാത്രമാണെന്നാണ് പൊലീസ് കരുതുന്നത്. ആന്ധ്രയിലടക്കം വ്യാപിച്ച് കിടക്കുന്ന സംഘത്തിന്‍റേതാണ് ഈ വന്‍ കഞ്ചാവ് ശേഖരമെന്നും കരുതുന്നു.



ദിവസങ്ങളായി തിരുവനന്തപുരം സിറ്റി ഡാന്‍സാഫ് സംഘം നടത്തിയ നിരീക്ഷണത്തിന് ഒടുവിലാണ് വന്‍ കഞ്ചാവ് വേട്ടക്ക് കളമൊരുങ്ങിയത്. കഞ്ചാവുമായി വന്ന കാര്‍ ഞായറാഴ്ച വൈകിട്ട് മുതല്‍ പാപ്പനംകോട് റോഡരുകില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. പഞ്ചറാണെന്നാണ് പലരും കരുതിയത്. എന്നാല്‍ കഞ്ചാവുമായി വന്ന വാഹനം മറ്റ് ചിലര്‍ക്ക് കൈമാറാനുള്ള തക്കം നോക്കി കിടക്കുകയാണെന്ന് പൊലീസിന് മനസിലായത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ രഹസ്യ നിരീക്ഷണം ഏര്‍പ്പെടുത്തി. ഇന്നലെ വൈകിട്ട് അഫ്സല്‍ കാറെടുക്കാന്‍ എത്തിയതോടെ പൊലീസ് പിടികൂടുകയായിരുന്നു.

നിരവധി മാറ്റങ്ങളോടെ സിബിഎസ്‌ഇ 10, 12 ക്ലാസുകളിലെ ബോർഡ്‌ പരീക്ഷയ്ക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം: സിബിഎസ്‌ഇ 10, 12 ക്ലാസുകളിലെ ബോർഡ്‌ പരീക്ഷയ്ക്ക് ഇന്ന് തുടക്കം. വിദ്യാർഥികൾ രാവിലെ പത്തിന്‌ മുൻപ്‌ പരീക്ഷാ കേന്ദ്രത്തിൽ ഹാജരാകാണമെന്ന്‌ സിബിഎസ്‌ഇ നിർദേശിച്ചു. പരീക്ഷ രാവിലെ 10.30ന് ആരംഭിക്കും. പരീക്ഷ ജൂലൈ 15 വരെ നീളും. വിവരങ്ങൾക്ക്‌: https://www.cbse.gov.in സന്ദർശിക്കുക.


നിരവധി മാറ്റങ്ങളോടെയാണ് ഇത്തവണ മുതൽ സിബിഎസ്‍സി പരീക്ഷകൾ നടക്കുന്നത്. ഇ‍ൗ വർഷം മുതലാണ്‌ പത്താം ക്ലാസിൽ രണ്ട്‌ വാർഷിക പരീക്ഷകൾ എന്ന പരിഷ്‌കാരം സിബിഎസ്‌ഇ കൊണ്ടുവന്നത്‌. പരിഷ്‌കാരത്തെ സംബന്ധിച്ച്‌ വിദ്യാർഥികളും അധ്യാപകരും വ്യാപകമായി സംശയം ഉയർത്തിയിരുന്നു. പത്താം ക്ലാസിലെ ആദ്യ പരീക്ഷയിൽ മൂ‍ന്നോ അതിൽ കൂടുതലോ വിഷയങ്ങൾ എഴുതാത്തവർക്ക്‌ രണ്ടാം പരീക്ഷയ്‌ക്ക്‌ അവസരമില്ലെന്ന്‌ സിബിഎസ്‌ഇ വ്യക്തമാക്കി.


ഇ‍ൗ വിഭാഗത്തിൽപ്പെടുന്ന വിദ്യാർഥികൾക്ക്‌ പിന്നീടുള്ള അവസരം അടുത്ത വർഷത്തെ ആദ്യ പരീക്ഷയിലായിരിക്കും. ഇന്ന് ആരംഭിക്കുന്ന ഒന്നാം പരീക്ഷയുടെ ഫലം ഏപ്രിലിലും രണ്ടാം പരീക്ഷയുടേത്‌ ജൂണിലുമാണ്‌ പ്രഖ്യാപിക്കുക. മുഴുവൻ വിദ്യാർഥികൾക്കും ആദ്യ പരീക്ഷ നിർബന്ധമാണെന്ന്‌ സിബിഎസ്‌ഇ വ്യക്തമാക്കി. ആദ്യ പരീക്ഷയിൽ പാസായ വിദ്യാർഥികൾക്ക്‌ ശാസ്ത്രം, ഗണിതം, സാമൂഹ്യശാസ്ത്രം, ഭാഷാപേപ്പറുകൾ എന്നിവയിൽ നിന്നുള്ള ഏതെങ്കിലും മൂന്ന് വിഷയങ്ങളിൽ പ്രകടനം മെച്ചപ്പെടുത്താൻ രണ്ടാം പരീക്ഷ എഴുതാം.


ഒന്നാം പരീക്ഷയിൽ പരാമവധി രണ്ടുവിഷയങ്ങൾക്ക്‌ പരാജയപ്പെട്ടവരെ കംമ്പാർട്ട്‌മെന്റ്‌ വിഭാഗമായി പരിഗണിക്കുമെന്ന്‌ സിബിഎസ്‌ഇ നേരത്തേ പറഞ്ഞിരുന്നു. ഇവർക്ക്‌ മേയിൽ പരീക്ഷ എഴുതാം. പരമാവധി മൂന്ന്‌ അവസരമാണ്‌ ഈ വിഭാഗത്തിനുള്ളത്‌.

തൊണ്ടി മുതൽ കേസിൽ ആന്‍റണി രാജുവിന് ഇന്ന് നിർണായ ദിനം

തിരുവനന്തപുരം: തൊണ്ടി മുതൽ കേസിൽ മുൻ എംഎൽഎയുമായ ആന്‍റണി രാജുവിന് ഇന്ന് നിർണായ ദിനം. ആന്‍റണി രാജു സമർപ്പിച്ച അപ്പീലിൽ തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് ഉത്തരവ് പുറപ്പെടുവിക്കും. നേരത്തെ രണ്ട് തവണ ഉത്തരവ് പറയുന്നത് കോടതി മാറ്റി വെച്ചിരുന്നു. കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിധിയും ശിക്ഷാവിധിയും റദ്ദാക്കണമെന്നാണ് ആന്‍റണി രാജുവിന്‍റെ ആവശ്യം.

മജിസ്ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കിയാൽ എംഎൽഎയായി തിരികെയെത്താം. അപ്പീൽ തള്ളിയാൽ വലിയ തിരിച്ചടിയാകും. അഭിഭാഷകനായിരിക്കെ തൊണ്ടിമുതലായ അടിവസ്ത്രത്തിൽ കൃത്രിമം നടത്തിയ സംഭവത്തിലാണ് ആന്‍റണി രാജുവിനെ നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി മൂന്നുവർഷത്തേക്ക് ശിക്ഷിച്ചിരുന്നത്. ഇതിനെ തുടർന്ന് എംഎൽഎ സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെടുകയായിരുന്നു.

ശബരിമല സ്വർണക്കൊള്ള; നടൻ ജയറാമിനെ ചോദ്യം ചെയ്യാൻ ഇഡി

കൊച്ചി: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് നോട്ടീസ് അയച്ച നടന്‍ ജയറാം ചോദ്യം ചെയ്യലിനായി ഇന്ന് ഹാജരായേക്കും. കൊച്ചി ഇ ഡി ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുളള സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കും. ശബരിമലയില്‍ നിന്ന് കൊണ്ടുപോയ കട്ടിളപ്പാളികള്‍ ജയറാമിന്റെ ചെന്നൈയിലെ വീട്ടില്‍ എത്തിച്ചതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. അതിന്റെ മറവില്‍ നടന്ന സാമ്പത്തിക ഇടപാടുകളും പരിശോധിക്കും. നേരത്തെ എസ്ഐടി ജയറാമിന്റെ മൊഴിയെടുത്തിരുന്നു.