Home Blog Page 1039

നിയമസഭ തെരഞ്ഞെടുപ്പില്‍ ന്യായമായ ആവശ്യങ്ങള്‍ക്ക് സഹായിക്കുന്ന മുന്നണിയ്ക്ക് ഒപ്പം നില്‍ക്കും- യു.എം.സി സ്റ്റേറ്റ് കൗണ്‍സില്‍


കൊല്ലം. യുണൈറ്റഡ് മര്‍ച്ചന്റ്‌സ് ചേമ്പര്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേരളത്തിലെ ചെറുകിട ഇടത്തരം വ്യാപാര മേഖല ദീര്‍ഘകാലമായി അഭിമൂഖീകരിച്ചുവരുന്ന പ്രതിസന്ധികളുടെ വ്യാപ്തിയും രൂക്ഷതയും സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി ഉള്‍പ്പെടെയുളള ഭരണകര്‍ത്താക്കളേയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരേയും നേരില്‍ക്കണ്ടും നിവേദനങ്ങള്‍ വഴിയും നിരന്തരം ബോധ്യപ്പെടുത്തിയിട്ടും യാതൊരുവിധ പരിഹാര മാര്‍ഗ്ഗങ്ങളും ഇതുവരെ ഉണ്ടായിട്ടില്ലെന്ന് യു.എം.സി സ്റ്റേറ്റ് കൗണ്‍സില്‍ വിലയിരുത്തി. സര്‍ക്കാരിന്റെ വികസന പദ്ധതികളുടെ വിജയകരമായ നടത്തിപ്പിന് സഹായകമായി വ്യാപാര മേഖലയില്‍ നിന്നും ലഭിക്കുന്ന വിവിധ വരുമാനങ്ങളുടെ തുച്ഛമായ ഒരു വിഹിതമെങ്കിലും വ്യാപാരികളുടെ ക്ഷേമത്തിനായി ബഡ്ജറ്റില്‍ വകയിരുത്താനുളള സൗമനസ്യം പോലും സര്‍ക്കാര്‍ കാണിക്കുന്നില്ല.

സര്‍ക്കാരിന്റെ പദ്ധതികള്‍ക്കായി യാതൊന്നും സംഭാവന ചെയ്യാത്ത വിവിധ വിഭാഗങ്ങളുടെ ക്ഷേമത്തിനും നിലനില്‍പ്പിനുമായി വാരിക്കോരി ചെലവിടുന്നു. വഴിയോര വാണിഭക്കാരേയും ഓണ്‍ലൈന്‍ വ്യാപാരത്തേയും പരിധിവിട്ട് സഹായിക്കുന്ന സര്‍ക്കാര്‍ ചെറുകിട വ്യാപാരികളെ ക്ഷേമബോര്‍ഡ് വഴി പങ്കാളിത്ത പെന്‍ഷനായി തുച്ഛമായ സംഖ്യകള്‍ നല്‍കി പാവപ്പെട്ട വ്യാപാരികളുടെ വായ അടയ്ക്കുന്നു. ഈ അടുത്ത സമയത്ത് വ്യാപാര ക്ഷേമബോര്‍ഡില്‍ നിന്നും വന്‍തുക തട്ടിപ്പ് നടത്തിയത് പോലും മറച്ചുവയ്ക്കപ്പെട്ടു. എന്‍.എച്ച്. 66 പോലുളള വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഭൂമി ഏറ്റെടുക്കുമ്പോള്‍ ഈ വസ്തുവില്‍ നിലകൊള്ളുന്ന കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുമ്പോള്‍ സ്ഥല ഉടമകള്‍ക്കും കെട്ടിട ഉടമകള്‍ക്കും പൊന്നുംവില നല്‍കി സന്തോഷിപ്പിക്കുന്നു. എന്നാല്‍ പ്രസ്തുത കെട്ടിടങ്ങളില്‍ വാടക കച്ചവടക്കാരായി മുപ്പതും നാല്പതും വര്‍ഷങ്ങളായി കച്ചവടം നടത്തിവരുന്ന വ്യാപാരികള്‍ക്ക് യാതൊന്നും നല്‍കാതെ ഇറക്കിവിടുന്ന ക്രൂരവിനോദമാണ് സര്‍ക്കാര്‍ പിന്‍തുടരുന്നത്.

ഈ കാര്യങ്ങള്‍ക്ക് പരിഹാരം തേടി മുഖ്യമന്ത്രിയുമായുളള മുഖാമുഖം പരിപാടികളിലും നേരിട്ട് സന്ദര്‍ശിച്ച് നല്‍കിയ നിവേദനങ്ങള്‍ വഴിയും പ്രശ്‌നപരിഹാരത്തിന് ശ്രമിച്ചെങ്കിലും യാതൊരു പരിഗണനയും ലഭിച്ചിട്ടില്ല. വ്യാപാരമേഖലയില്‍ സമീപകാലത്തായി വര്‍ദ്ധിച്ചുവരുന്ന പ്രതിസന്ധിയില്‍ സാമ്പത്തികമായി തകര്‍ന്നുപോയ ചെറുകിട വ്യാപാരികളില്‍ നല്ലൊരു ശതമാനവും തൊഴില്‍ ഉപേക്ഷിച്ച് പോവുകയാണുണ്ടായത്. ഈ സാഹചര്യത്തില്‍ ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതിസന്ധിയിലായ ലക്ഷക്കണക്കിന് വരുന്ന ചെറുകിട ഇടത്തരം വ്യാപാരി വ്യവസായികളുടെ ക്ഷേമം ഉറപ്പാക്കുന്ന മുന്നണിയേയും മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളേയും അധികാരത്തിലെത്തിക്കാന്‍ യു.എം.സി സംസ്ഥാന കമ്മിറ്റിയും ജില്ലാകമ്മിറ്റിയും യൂണിറ്റ്തലകമ്മിറ്റികളും പ്രതിജ്ഞാബദ്ധമാണെന്ന് ഷൊര്‍ണ്ണൂര്‍ മയില്‍വാഹനം കമ്മ്യൂണിറ്റിഹാളില്‍ ചേര്‍ന്ന യു.എം.സി സംസ്ഥാന കൗണ്‍സില്‍ യോഗം പ്രമേയം പാസ്സാക്കി.

സംസ്ഥാന പ്രസിഡന്റ് ജോബി വി ചുങ്കത്ത് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി സി,എഫ്.സെബാസ്റ്റ്യന്‍, ട്രഷറര്‍ നിജാംബഷി, സംസ്ഥാന ഭാരവാഹികളായ ടി.കെ.ഹെന്‍ട്രി, വി.എ.ജോസ്, ആസ്റ്റിന്‍ബെന്നന്‍, കെ.ഗോകുല്‍ദാസ്, ടി.കെ.മൂസ ,ഷിനോജ് നരിതൂക്കില്‍, അലി അയന, പി.എസ്.സിംപ്‌സണ്‍, എം.ഉണ്ണികൃഷ്ണന്‍, എം.കെ.വേണുഗോപാല്‍, വി.സി.പ്രിന്‍സ് എന്നിവര്‍ സംസാരിച്ചു.

പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞു മരിച്ച സംഭവത്തില്‍ അടിയന്തര അന്വേഷണത്തിന് നിര്‍ദേശിച്ച് ആരോഗ്യ വകുപ്പ് മന്ത്രി

തിരുവനന്തപുരം. നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞു മരിച്ച സംഭവത്തില്‍ അടിയന്തര അന്വേഷണത്തിന് നിര്‍ദേശിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംഭവത്തില്‍ അന്വേഷണം നടത്തി ശക്തമായ നടപടി സ്വീകരിക്കാന്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.പാലോട് സ്വദേശിനി നിരഞ്ജനയുടെയും ബിനിലിന്റെയും കുഞ്ഞാണ് മരിച്ചത്.

ആരോപണത്തില്‍ അന്വേഷണം നടത്തുമെന്നും ഡോക്ടര്‍ക്കെതിരെ ഉടന്‍ നടപടി ഉണ്ടാകുമെന്നും നെടുമങ്ങാട് ആര്‍ഡിഒ ജയകുമാര്‍ പറഞ്ഞു. ഇന്ന് തന്നെ വകുപ്പിന് റിപ്പോര്‍ട്ട് കൈമാറുമെന്നും നടപടി ഉണ്ടാകുമെന്ന് ജില്ലാ ആശുപത്രി സൂപ്രണ്ട് സുമി കെ.വി പറഞ്ഞു.ഡോ. ബിന്ദു സുന്ദറെ നിര്‍ബന്ധിതമായി അവധിയില്‍പ്രവേശിപ്പിച്ചു.

സംഭവത്തില്‍ ഡോക്ടര്‍ക്ക് എതിരെ ഗുരുതര ആരോപണവുമായി പിതാവ് രംഗത്തെത്തയിരുന്നു. താന്‍ അല്ല ശാസ്ത്രക്രിയ ചെയ്തതെന്ന് ഡോക്ടര്‍ ബിന്ദു സുന്ദര്‍ പറഞ്ഞു. പക്ഷെ ഓപ്പറേഷന്‍ തിയേറ്ററില്‍ കൂടെ ഉണ്ടായിരുന്നവര്‍ ബിന്ദു സുന്ദര്‍ തന്നെയാണ് ചെയ്തതെന്ന് പറഞ്ഞെന്നും കുഞ്ഞിന്റെ അച്ഛന്‍ ബിനില്‍ പ്രതികരിച്ചു. വിഷയത്തിഷല്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. സൂപ്രണ്ടിന്റെ ഓഫീസിന് മുന്നിലായിരുന്നു പ്രതിഷേധം.

നേമത്ത് രാജീവ് ചന്ദ്രശേഖർ തന്നെ, കെ സുരേന്ദ്രൻ മഞ്ചേശ്വരത്തേക്ക്, ബിജെപി സ്ഥാനാര്‍ഥിപട്ടിക ഇങ്ങനെ

  • തിരുവനന്തപുരം.നിയമസഭ തിരഞ്ഞെടുപ്പിന് കച്ചമുറുക്കി ബിജെപി. എ ക്ലാസ് മണ്ഡലങ്ങളിൽ സ്ഥാനാർഥികൾ റെഡി
  • നേമത്ത് രാജീവ് ചന്ദ്രശേഖർ തന്നെ. കെ സുരേന്ദ്രൻ മഞ്ചേശ്വരത്തേക്ക്. പാലക്കാട് പിടിക്കാൻ ശോഭ സുരേന്ദ്രൻ
  • പ്രശാന്ത് ശിവനും പാലക്കാട് പരിഗണനയിലുണ്ട്. കഴക്കൂട്ടത്ത വി. മുരളീധരനും കാട്ടാക്കടയിൽ പി.കെ കൃഷ്ണദാസും
  • തൃശൂരിൽ എം ടി രമേശിനെ മത്സരിപ്പിക്കാൻ നീക്കം. സമ്മതം മൂളാതെ രമേശ്
  • വട്ടിയൂർക്കാവിൽ ആദ്യപേര് ആർ. ശ്രീലേഖ. ശോഭ സുരേന്ദ്രനും നടൻ കൃഷ്ണകുമാറും വട്ടിയൂർക്കാവിലെ പട്ടികയിൽ
  • സി. കൃഷ്ണകുമാറിന് മലമ്പുഴ. തിരുവല്ലയിൽ ഊഴം അനൂപ് ആന്റണിക്ക്
  • ആറന്മുളയിൽ കുമ്മനം രാജശേഖരൻ. ഷോൺ ജോർജിന്റെ കന്നിയങ്കം പാലായിൽ. ബി ഗോപാലകൃഷ്ണൻ കൊടുങ്ങല്ലൂരിൽ
  • കോർകമിറ്റിയിലെ ഭൂരിഭാഗം അംഗങ്ങളും മത്സരിക്കും. പട്ടികയിൽ ഇടം പിടിക്കാതെ പത്മജ വേണുഗോപാൽ
  • ആകെ പരിഗണിക്കുന്നത് വട്ടിയൂർക്കാവിൽ മാത്രം. ആദ്യ ഘട്ട പട്ടികയിൽ മുപ്പതുപേർ
  • പട്ടിക അനുമതിക്കായി കേന്ദ്രനേതൃത്വത്തിന് ഉടൻ അയക്കും. നേതാക്കളിൽ ഭൂരിഭാഗവും മണ്ഡലങ്ങളിൽ സജീവം

ബാറുകളുടെ പ്രവൃത്തി സമയം, സർക്കാർ തീരുമാനത്തിൽ ഉറച്ച് തന്നെ

തിരുവനന്തപുരം. ബാറുകളുടെ പ്രവൃത്തി സമയം. സർക്കാർ തീരുമാനത്തിൽ ഉറച്ച് തന്നെ.നിയമം രണ്ട് ദിവസത്തിനകം പ്രാബല്യത്തിൽ വന്നേക്കും. പ്രതിപക്ഷ സംഘടനകളുടെ നിലപാട് നിർണായകം. തീരുമാനം സർക്കാർ നയത്തിന് വിരുദ്ധമെന്ന് ഒരു വിഭാഗം. തിരഞ്ഞെടുപ്പിൽ സർക്കാറിനെതിരെ പ്രചരണായുധമാക്കാൻ സാധ്യത

സർക്കാരിനെ സംബന്ധിച്ച് നിർണായക ഉത്തരവ്. ബാറുടമകളുടെ നിരന്തരമായ ആവശ്യം പരിഗണിച്ചെന്ന് വിശദീകരണം. വിനോദസഞ്ചാര മേഖലയ്ക്ക് ഗുണകരമെന്ന് വിലയിരുത്തൽ. പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് പ്രത്യേക ഇളവുകൾ. ബാറുകളുടെ പ്രവര്‍ത്തനസമയം രണ്ട് മണിക്കൂര്‍ കൂട്ടിയത് മുന്നണി യോഗത്തിലോ മന്ത്രിസഭാ യോഗത്തിലോ അറിയിക്കാതെയെന്ന് സൂചന. നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെയാണ് ബാറുടമകളുടെ ദീര്‍ഘകാല ആവശ്യം സര്‍ക്കാര്‍ സാധിച്ചുകൊടുത്തിരിക്കുന്നത്. കൂടിയാലോചനകള്‍ ഇല്ലാതെ തീരുമാനമെടുത്തതില്‍ ഇടുതുമുന്നണിയില്‍ ഒരുവിഭാഗത്തിന് കടുത്ത അതൃപ്തിയുള്ളതായാണ് സൂചന.

2025 സെപ്റ്റംബറില്‍ ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍സ് അസോസിയേഷന്‍ നല്‍കിയ അപേക്ഷയാണ് മുഖ്യമന്ത്രിയുടെ അനുമതിയോടെ അംഗീകരിച്ച് നികുതി വകുപ്പ് വിജ്ഞാപനമിറക്കിയത്. ഡ്രൈഡേകളില്‍ 50,000 രൂപ പ്രത്യേക ഫീസ് ഈടാക്കി മദ്യം വിളമ്പാന്‍ ബാറുകള്‍ക്ക് കഴിഞ്ഞ മദ്യനയത്തില്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. അടുത്ത മദ്യനയമിറക്കേണ്ടത് പുതിയ സര്‍ക്കാരാണ് എന്നിരിക്കെയാണ് നയത്തിനുമുന്‍പേ ബാറുകള്‍ക്ക് സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചത്.

ഇതുവരെ വിജ്ഞാപനം ചെയ്യപ്പെട്ട ടൂറിസം കേന്ദ്രങ്ങൡ മാത്രമായിരുന്നു ബാറുകള്‍ക്ക് 10-12 എന്ന സമയം അനുവദിച്ചിരുന്നത്. വിദേശമദ്യ ചട്ടത്തില്‍ വരുത്തിയ വരുത്തിയ ഭേദഗതിയോടെ ഇത് എല്ലാ ബാറുകള്‍ക്കും ബാധകമാക്കി. പുതിയ പരിഷ്‌കാരം അനുസരിച്ച് ഫൈവ് സ്റ്റാര്‍ ബാറുകള്‍ അധികഫീസ് അടച്ചാല്‍ പുലര്‍ച്ചെ മൂന്നിന് അടച്ചാല്‍ മതി. വിവാഹ സല്‍ക്കാരം, കോണ്‍ഫറന്‍സ് ടൂറിസം ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ കണക്കിലെടുത്താണ് ഇതെന്നാണ് വാദം. എന്നാല്‍ പിറ്റേദിവസം ഡ്രൈഡേ ആണെങ്കില്‍ തലേന്ന് രാത്രി പന്ത്രണ്ടിന് തന്നെ അടയ്ക്കണം.

2025 സെപ്റ്റംബറില്‍ തന്നെ ബാറുടമകളുടെ അപേക്ഷയില്‍ തീരുമാനമെടുക്കാന്‍ നികുതി വകുപ്പ് ഫയല്‍ തുറന്നിരുന്നു. കഴിഞ്ഞ പുതുവത്സത്തലേന്ന് വിനോദസഞ്ചാരികളുടെ വരവ് കണക്കിലെടുത്ത് എല്ലാ ബാറുകള്‍ക്കും ഡിസംബര്‍ 31ന് രാത്രി പന്ത്രണ്ട് മണി വരെ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയത് അതിന്റെ ഭാഗമായിരുന്നു.

ജയലക്ഷ്മി സില്‍ക്സിലുണ്ടായ തീപിടുത്തത്തിന് കാരണം ഷോര്‍ട് സര്‍ക്യൂട്ട് ആകാമെന്ന് വിലയിരുത്തൽ

കോഴിക്കോട് ജയലക്ഷ്മി സില്‍ക്സിലുണ്ടായ തീപിടുത്തത്തിന് കാരണം ഷോര്‍ട് സര്‍ക്യൂട്ട് ആകാമെന്ന് അഗ്നിരക്ഷാസേനയുടെ പ്രാഥമിക വിലയിരുത്തല്‍. തീപിടിത്തത്തിന്‍റെ രീതി കണ്ടാണ് ഈ നിഗമനത്തില്‍ എത്തിയതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഷോര്‍ട് സര്‍ക്യൂട്ട് ആകാം കാരണമെന്ന് ജയലക്ഷ്മി സില്‍ക്സ് ഉടമയും പറഞ്ഞിരുന്നു. ഇന്നലെ വൈകിട്ട് ആറ് മണിക്ക് തുടങ്ങിയ തീപിടുത്തം പത്തരയോടെയാണ് അണയ്ക്കാനായത്. 

ഓടിക്കൊണ്ടിരുന്ന ബസിൽ തീ പിടുത്തം

പാലക്കാട്. ഒറ്റപ്പാലത്ത് ഓടിക്കൊണ്ടിരുന്ന ബസിൽ തീ പിടുത്തം.പാലക്കാട് ഗുരുവായൂർ റൂട്ടിൽ സർവീസ് നടത്തുന്ന അമ്പടിക്കണ്ണൻ ബസിലാണ് തീ പിടിച്ചത്. നിറയെ യാത്രക്കാരുമായി ഓടിക്കൊണ്ടിരിക്കെയാണ് അടിയിൽ നിന്ന് തീ ഉയരുകയായിരുന്നു. ഇന്നലെ വൈകീട്ട് 6.45ഓടെയാണ് സംഭവം

ബസിനുള്ളിലേക്ക് പുക ഉയരുന്നതോടെ ബസ് നിർത്തുകയായിരുന്നു.ഉടൻ തന്നെ നാട്ടുകാർ ചേർന്ന് ബസിലെ യാത്രക്കാരെ വാതിൽ തകർത്തു പുറത്തിറക്കിയതിനാൽ വലിയ അപകടം ഒഴിവായി. സമീപവാസികൾ ചേർന്ന് തീ അണച്ചു. ഡീസൽ പൈപ്പ് പൊട്ടിയാതന തീ പിടിക്കാൻ കാരണമെന്ന് സംശയം. പൈപ്പ് പൊട്ടിയ നിലയിലാണ്

യൂട്യൂബ് ലോകമെമ്പാടും പണിമുടക്കി

വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ യൂട്യൂബ് ലോകമെമ്പാടും പണിമുടക്കി. ഇന്ത്യയുൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിൽ ബുധനാഴ്ച രാവിലെ മുതൽ യൂട്യൂബ് സേവനങ്ങൾ തടസ്സപ്പെട്ടതായാണ് റിപ്പോർട്ട്. ഇന്ത്യയിൽ ഇപ്പോൾ സേവനം പുനഃസ്ഥാപിച്ചിട്ടുണ്ട്.


ഹോം പേജ് ലോഡ് ആകുന്നില്ലെന്നും വീഡിയോകൾ പ്ലേ ചെയ്യുന്നില്ലെന്നും ചൂണ്ടിക്കാട്ടി ലക്ഷക്കണക്കിന് ഉപയോക്താക്കൾ പരാതിയുമായി രംഗത്തെത്തി. ഡെസ്ക്ടോപ്പ് പതിപ്പിലും മൊബൈൽ ആപ്പിലും ഒരേപോലെ പ്രശ്നങ്ങൾ അനുഭവപ്പെടുന്നുണ്ട്.


‘Something went wrong’ എന്ന സന്ദേശമാണ് പലർക്കും ദൃശ്യമാകുന്നത്. സെർവർ തകരാറാണ് ഇതിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. യൂട്യൂബ് മ്യൂസിക് ഉൾപ്പെടെയുള്ള മറ്റ് സേവനങ്ങളെയും തകരാർ ബാധിച്ചിട്ടുണ്ട്.


പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് ഗൂഗിൾ വൃത്തങ്ങൾ അറിയിച്ചു. എന്നാൽ തകരാറിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. തകരാർ സംബന്ധിച്ച റിപ്പോർട്ടുകൾ സമൂഹമാധ്യമങ്ങളിൽ ട്രെൻഡിംഗാണ്.

‘സർക്കാർ ബ്രാൻഡി’ പേര് ഇപ്പോഴും സർപ്രൈസ്; പക്ഷേ 21ന് പുറത്തിറങ്ങും

തിരുവനന്തപുരം: മലബാർ ഡിസ്റ്റിലറിയിൽ ഉദ്പാദിപ്പിച്ചതും
പേര് നിർദേശത്തിലൂടെ വിവാദവുമായ സർക്കാർ ബ്രാൻഡി ഈ മാസം 21ന് പുറത്തിറക്കും. ബ്രാൻഡിയുടെ പേര് ഇപ്പോഴും സർപ്രൈസ് ആയിത്തന്നെ തുടരുകയാണ്. നേരത്തെ പൊതുജനങ്ങളിൽ നിന്ന് പേര് സ്വീകരിച്ചത് ഹൈക്കോടതി തടഞ്ഞിരുന്നു. വിപണിയിൽ 21 മുതൽ എത്തുന്ന സർക്കാരിന്റെ ബ്രാൻഡിക്ക് വിലയും കുറവായിരിക്കും. നിലവിൽ സർക്കാർ ഉൽപാദിപ്പിക്കുന്നത് ജവാൻ റം മാത്രമാണ്.

ജനങ്ങളിൽ നിന്ന് സ്വീകരിക്കുന്ന പേര് ബ്രാൻഡിക്ക് ഇടുമെന്നും തെരഞ്ഞെടുത്ത് പേരിന് 10,000 രൂപ സമ്മാനമായി നൽകുമെന്നും ബെവ്കോ എംഡി പ്രഖ്യാപിച്ചിരുന്നു. മദ്യ ഉപഭോഗം പ്രോത്സാഹിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ ഹർജിയെത്തിയതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. കേസിൽ അബ്കാരി ചട്ടങ്ങളുടെ ലംഘനമാണ് നടന്നതെന്ന് നിരീക്ഷിച്ച ഹൈക്കോടതി, പുതിയ ബ്രാൻഡിന്റെ പേരും ലോഗോയും പ്രഖ്യാപിക്കുന്നത് ഇടക്കാല ഉത്തരവിലൂടെ സ്റ്റേ ചെയ്തിരിക്കുന്ന നടപടിയും സ്വീകരിച്ചു. പരസ്യം വിവാദമായതോടെ ബെവ്കോ ഇങ്ങനെയൊരു പരസ്യമേ നൽകിയിട്ടില്ലെന്ന് കോടതിയിൽ സത്യവാങ്മൂലം നൽകി. സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ബെവ്കോയ്ക്ക് ഇത്തരമൊരു മത്സരത്തെക്കുറിച്ച് അറിവില്ലെന്നും കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പഞ്ഞു.

അതേ സമയം, സംസ്ഥാനത്തെ ബാറുകളുടെ പ്രവര്‍ത്തന സമയം ഏകീകരിച്ചു. ഇനി മുതൽ രാവിലെ പത്തു മുതൽ രാത്രി 12വരെയായിരിക്കും സംസ്ഥാനത്തെ എല്ലാ ബാറുകളും പ്രവര്‍ത്തിക്കുക. ഇതുസംബന്ധിച്ച വിജ്ഞാപനം ഉടൻ പുറത്തിറങ്ങും. വിജ്ഞാപനം പുറത്തിറങ്ങിയാൽ പുതിയ സമയക്രമം പ്രാബല്യത്തിലാകും. നിലവിൽ ടൂറിസം മേഖലയിൽ പ്രവര്‍ത്തിക്കുന്ന ബാറുകള്‍ക്കായായിരുന്നു രാവിലെ 10 മുതൽ അര്‍ധരാത്രി 12വരെ പ്രവര്‍ത്തിക്കാൻ അനുമതിയുള്ളത്.

ശബരിമല സ്വർണക്കൊള്ള: തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യഹർജിയിൽ ഇന്ന് വിധി പ്രസ്താവിക്കും

ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യഹർജിയിൽ ഇന്ന് വിധി പ്രസ്താവിക്കും. കൊല്ലം വിജിലൻസ് കോടതിയാണ് വിധി പറയുന്നത്. തന്ത്രിയുടെയും കുടുംബത്തിന്റെയും സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ പ്രത്യേക അന്വേഷണസംഘം കോടതിയിൽ ഹാജരാക്കിയിരുന്നു.


ശബരിമലയിലെ കട്ടിളപ്പാളിയിലെയും ദ്വാരപാലക ശിൽപങ്ങളിലെയും സ്വർണം കവർച്ച ചെയ്യപ്പെട്ട കേസുകളിൽ തന്ത്രി കണ്ഠര് രാജീവര് പ്രതിയാണ്. ഉണ്ണികൃഷ്ണൻ പോറ്റിക്ക് തന്ത്രിയുമായി ഉള്ള ബന്ധം സ്വർണക്കൊള്ളയിലേക്ക് വഴിവച്ചു എന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. എന്നാൽ ആചാരപരമായ കാര്യങ്ങളിൽ മാത്രമാണ് തന്ത്രിക്ക് ബന്ധമുള്ളൂ എന്നും, ഭരണപരമായ കാര്യങ്ങളിൽ ഇടപെടാൻ കഴിയില്ലെന്നും കണ്ഠര് രാജീവര് കോടതിയിൽ വാദിച്ചു.


തന്ത്രിയുടെ പേരിൽ രണ്ട് കോടി അഞ്ച് ലക്ഷം രൂപയും, ഭാര്യയുടെ പേരിൽ 62 ലക്ഷം രൂപയും സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിക്ഷേപമുണ്ടെന്ന് അന്വേഷണസംഘം കോടതിയെ അറിയിച്ചിട്ടുണ്ട്. തന്ത്രിയുടെ ഇടപാടുകളെക്കുറിച്ച് അന്വേഷണം തുടരുകയാണ്. മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി അടുത്ത ബന്ധമുണ്ട്. ഈ ഘട്ടത്തിൽ ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. ദേവസ്വം ബോർഡിൽ നിന്ന് തന്ത്രി ഏഴര ലക്ഷം രൂപ കൈപ്പറ്റിയതായും എസ്ഐടി കോടതിയിൽ ചൂണ്ടിക്കാട്ടി.

മണിശങ്കര്‍ അയ്യര്‍ സി.പി.എം വാടക ഗുണ്ട: ചെറിയാന്‍ ഫിലിപ്പ്

തിരുവനന്തപുരം: കെ.സി.വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള പ്രമുഖ കോണ്‍ഗ്രസ് നേതാക്കളെ ആക്രമിക്കാന്‍ സി.പി.എം ഇറക്കിവിട്ടിരിക്കുന്ന ഒരു വാടക ഗുണ്ടയാണ് മണിശങ്കര്‍ അയ്യറെന്ന് കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ്. കേരള സര്‍ക്കാര്‍ യാത്രാ കൂലിയും താമസ സൗകര്യവും നല്‍കിയാണ് മണിശങ്കര്‍ അയ്യരെ ക്ഷണിച്ചു വരുത്തിയത്. ഇപ്പോള്‍ അയ്യര്‍ നാടോടിക്കാറ്റ് എന്ന സിനിമയിലെ പവനായിയാണെന്നും ചെറിയാന്‍ ഫിലിപ്പ് ആരോപിച്ചു.

അമ്പതു വര്‍ഷത്തെ ത്യാഗപൂര്‍ണ്ണമായ രാഷ്ട്രീയ പാരമ്പര്യമുള്ള വേണുഗോപാലിനെ വിമര്‍ശിക്കാന്‍ ആകാശത്തുനിന്നും നൂലില്‍ കെട്ടിയിറക്കിയ കാറ്റുപോയ ബലൂണായ മണിശങ്കര്‍ അയ്യര്‍ക്ക് ഒരു അര്‍ഹതയുമില്ല.താനൊരു കരിയറിസ്റ്റ് ആയതു കൊണ്ടാണ് ശശി തരൂരിനെയും ഒരു കരിയറിസ്റ്റ് ആയി അയ്യര്‍ ചിത്രീകരിച്ചത്.

ആത്മകഥയില്‍ സോണിയ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും ക്രൂരമായി അധിക്ഷേപിച്ച മണിശങ്കര്‍ അയ്യര്‍ കോണ്‍ഗ്രസിന്റെ ശത്രുവാണെന്നും ചെറിയാന്‍ഫിലിപ്പ് പറഞ്ഞു. സി.പി.എമ്മില്‍ നിന്നുള്ള വ്യാപക കൊഴിഞ്ഞു പോക്കിന് തടയിടാനാണ് മണിശങ്കര്‍ അയ്യരെ പോലെയുള്ള കത്തി തീര്‍ന്ന കതിനാ വെടികളെ സി.പി.എം കേരളത്തില്‍ ഇറക്കുന്നതെന്നും ചെറിയാന്‍ഫിലിപ്പ് പറഞ്ഞു.