Home Blog Page 1037

കൊല്ലം കളക്ട്രേറ്റില്‍ വ്യാജ ബോംബ് ഭീഷണി മുഴക്കിയയാള്‍ പിടിയില്‍

കൊല്ലം: കൊല്ലം കളക്ട്രേറ്റില്‍ വ്യാജ ബോംബ് ഭീഷണി മുഴക്കിയയാള്‍ പിടിയില്‍. പോലീസിന്റെ എമര്‍ജന്‍സി നമ്പരായ 112-ല്‍ വിളിച്ച് വ്യാജ ഭീഷണി മുഴക്കിയ യുവാവിനെ മണിക്കൂറുകള്‍ക്കുള്ളില്‍ വലയിലാക്കുകയായിരുന്നു. മയ്യനാട് സ്വദേശിയായ പ്രമോദ് ജോണ്‍(44) ആണ് പോലീസിന്റെ പിടിയിലായത്.
പ്രമോദ് ഇന്നലെ രാവിലെ പത്ത് മണിയോടെ തന്റെ മൊബൈല്‍ നമ്പരില്‍ നിന്നും എമര്‍ജന്‍സി നമ്പരിലേക്ക് വിളിച്ച് ബോംബ് ഭീഷണി മുഴക്കുകയായിരുന്നു. കളക്ട്രേറ്റില്‍ താന്‍ ബോംബ് വച്ചിട്ടുണ്ടെന്നും 50 മിനിറ്റിനുള്ളില്‍ പൊട്ടി തെറിക്കുമെന്നുമായിരുന്നു ഭീഷണി. പോലീസ് പിടികൂടിയപ്പോള്‍ ജയിലില്‍ നിന്നുള്ള ഭക്ഷണം കഴിക്കുന്നതിന് വേണ്ടിയാണ് സന്ദേശം അയച്ചതെന്ന മറുപടിയാണ് ഇയാള്‍ നല്‍കിയത്

ആറ്റുകാല്‍ പൊങ്കാല: ട്രെയിന്‍ യാത്രാ ക്രമീകരണങ്ങള്‍ ഇങ്ങനെ…

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് ദക്ഷിണ റെയില്‍വേയുടെ യാത്രാ ക്രമീകരണങ്ങള്‍. നാഗര്‍കോവിലിലേക്കും എറണാകുളത്തേക്കും പ്രത്യേക ട്രെയിനുകള്‍ അനുവദിച്ചതിന് പുറമെ, വിവിധ എക്‌സ്പ്രസ്സ്, മെയില്‍ ട്രെയിനുകള്‍ക്ക് താല്‍ക്കാലിക സ്റ്റോപ്പുകളും അനുവദിച്ചിട്ടുണ്ട്.

മാര്‍ച്ച് മൂന്നിന് അധിക സ്റ്റോപ്പുകള്‍ അനുവദിച്ച ട്രെയിനുകള്‍:

തിരുവനന്തപുരം – ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് (12624): പകല്‍ 3.14ന് കഴക്കൂട്ടത്തും 3.26ന് ചിറയിന്‍കീഴിലും നിര്‍ത്തും.

കണ്ണൂര്‍ – തിരുവനന്തപുരം ജനശതാബ്ദി (12081), മംഗളൂരു – തിരുവനന്തപുരം വന്ദേഭാരത് (20631): ഇവയ്ക്ക് പേട്ടയില്‍ സ്റ്റോപ്പ് അനുവദിച്ചു.

മധുര – പുനലൂര്‍ എക്സ്പ്രസ് (16729): മാര്‍ച്ച് 2-ന് പുലര്‍ച്ചെ 4.57ന് പള്ളിയാടിയിലും 5.39ന് ബാലരാമപുരത്തും നിര്‍ത്തും.

രാമേശ്വരം – തിരുവനന്തപുരം അമൃത എക്സ്പ്രസ് (16344): മാര്‍ച്ച് 2-ന് പുലര്‍ച്ചെ 3.25ന് ചിറയിന്‍കീഴില്‍ സ്റ്റോപ്പ്.

ഗുരുവായൂര്‍ – ചെന്നൈ എഗ്മോര്‍ എക്സ്പ്രസ്: പുലര്‍ച്ചെ 1.43ന് തുറവൂരും 2.02ന് മാരാരിക്കുളത്തും നിര്‍ത്തും.

കൊല്ലം – കന്യാകുമാരി മെമ: മാര്‍ച്ച് 3-ന് പകല്‍ 12.50ന് കൊല്ലത്ത് നിന്നും 3.20ന് തിരുവനന്തപുരം സെന്‍ട്രലില്‍ നിന്നും പുറപ്പെടും. നാഗര്‍കോവില്‍ – കോട്ടയം എക്സ്പ്രസ് തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് പകല്‍ 3.20ന് പുറപ്പെടും.

തിരുവനന്തപുരം സെന്‍ട്രല്‍ – ഹസ്രത്ത് നിസാമുദ്ദീന്‍ എക്‌സ്പ്രസ്, തിരുവനന്തപുരം – നാഗര്‍കോവില്‍ പാസഞ്ചര്‍ എന്നിവ നിശ്ചയിച്ച സമയത്തേക്കാള്‍ വൈകി മാത്രമേ സര്‍വീസ് ആരംഭിക്കൂ. പൊങ്കാല പ്രമാണിച്ച് തിരുവനന്തപുരം സെന്‍ട്രലില്‍ പ്ലാറ്റ്ഫോം ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കൊല്ലം ഭാഗത്തേക്കുള്ള ട്രെയിനുകള്‍ 1 മുതല്‍ 4 വരെയുള്ള പ്ലാറ്റ്ഫോമുകളില്‍ നിന്നും നാഗര്‍കോവില്‍ ഭാഗത്തേക്കുള്ളവ 5-ാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ നിന്നുമായിരിക്കും പുറപ്പെടുക. ടിക്കറ്റ് ബുക്കിംഗ് വേഗത്തിലാക്കാന്‍ അധിക കൗണ്ടറുകളും ക്യുആര്‍ കോഡ് സൗകര്യങ്ങളും സജ്ജമാക്കും.

ശബരിമല സ്വർണ്ണക്കൊള്ള, അന്തിമ റിപ്പോർട്ട് മാർച്ച് 31ന് മുമ്പ് നൽകും

കൊച്ചി.ശബരിമല സ്വർണ്ണക്കൊള്ള സംബന്ധിച്ച അന്തിമ റിപ്പോർട്ട് മാർച്ച് 31ന് മുമ്പ് നൽകാനാകുമെന്ന് പ്രത്യേക അന്വേഷണസംഘം ഹൈക്കോടതിയിൽ. ജാംഷെഡ്പൂര്‍ ദേശീയ മെറ്റലര്‍ജിക്കല്‍ ലബോറട്ടറിയില്‍ നടത്തുന്ന പരിശോധനയുടെ റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് അന്തിമ റിപ്പോർട്ട് നൽകാനാണ് എസ്ഐടിയുടെ നീക്കം. കേസിൽ പ്രതികളുടെ രണ്ടു വർഷത്തെ ഫോൺ രേഖകൾ പരിശോധിക്കാനും അന്വേഷണ സംഘത്തിന് ഹൈക്കോടതി അനുമതി നൽകി.

ഫോൺ കോളുകളുടെ വിശദാംശങ്ങൾ നൽകാൻ വോഡഫോൺ ഐഡിയ, ജിയോ, ബിഎസ്എൻഎൽ, എയർടെൽ എന്നീ കമ്പനികൾക്ക് ഹൈക്കോടതി നിർദേശം നൽകി. കൊടിമര പുനപ്രതിഷ്ഠ സംബന്ധിച്ച കേസിൽ പ്രത്യേക സംഘം രൂപീകരിച്ചതായി വിജിലൻസ് ഡയറക്ടർ ഹൈക്കോടതിയെ അറിയിച്ചു. കേസിൽ പ്രാഥമിക അന്വേഷണത്തിന് ഡിവൈഎസ്പി ഹരി സി എസിനെ ചുമതലപ്പെടുത്തിയതായും വിജിലൻസ് വ്യക്തമാക്കി. ഇതുസംബന്ധിച്ച റിപ്പോർട്ട് 30 ദിവസത്തിനകം നൽകാനും കോടതി ഉത്തരവിട്ടു.

മൈക്രോ ഫിനാന്‍സ് തട്ടിപ്പ്,വെള്ളാപ്പള്ളി നടേശനെ വിജിലന്‍സ് ചോദ്യം ചെയ്തു

ആലപ്പുഴ.മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വിജിലന്‍സ് ചോദ്യം ചെയ്തു. എസ് ശശിധരന്റെ നേതൃത്വത്തില്‍ ഇന്നലെയായിരുന്നു ചോദ്യം ചെയ്യല്‍. കുറ്റപത്രം നല്‍കുന്നതിന് മുന്നോടിയായിരുന്നു നടപടി.

കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തിയായിരുന്നു ചോദ്യം ചെയ്യല്‍. കേസിന്റെ അന്വേഷണം വേഗത്തിലാക്കണമെന്ന് കഴിഞ്ഞ ജൂലൈയില്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. അന്ന് വിജിലന്‍സ് എസ്പി ആയിരുന്ന എസ്. ശശിധരന്‍തന്നെ കേസ് അന്വേഷണം തുടര്‍ന്നും നടത്തണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. വെള്ളാപ്പള്ളിക്കൊപ്പം അഞ്ച് പ്രതികള്‍ കൂടിയാണ് കേസിലുള്ളത്.

2016ല്‍ മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ നല്‍കിയ ഹര്‍ജിക്ക് പിന്നാലെയാണ് മൈക്രോ ഫിനാന്‍സ് കേസില്‍ അന്വേഷണം തുടങ്ങിയത്. പിന്നോക്ക വികസന കോര്‍പ്പറേഷനില്‍ നിന്നും മൈക്രോഫിനാന്‍സ് പദ്ധതിക്കായി കോടിക്കണക്കിന് രൂപയെടുക്കുകയും വിവിധ എസ്എന്‍ഡിപി ശാഖകള്‍ വഴി വിതരണം ചെയ്യുകയും ചെയ്തിരുന്നു. ഈ പണം ഗുണഭോക്താക്കളില്‍ എത്തിയില്ലെന്നും പണം തിരിച്ചടച്ചില്ലെന്നുമാണ് കേസ്.

ആറ്റുകാലമ്മ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടോ,ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതില്‍ കടുത്ത വിമര്‍ശനവുമായി വീണ്ടും ഹൈക്കോടതി,മുതലക്കോടത്ത് കുഴിയില്‍ വീണ് 27 വയസുകാരന് ജീവന്‍ നഷ്ടമായതിൽ ആര്‍ക്കും ഒരു വേദനയും തോന്നുന്നില്ലേ എന്നും കോടതി

കൊച്ചി.ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതില്‍ കടുത്ത വിമര്‍ശനവുമായി വീണ്ടും ഹൈക്കോടതി. ഫ്‌ളക്‌സ് ബോര്‍ഡ് വയ്ക്കാന്‍ ആറ്റുകാലമ്മ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടോയെന്ന് ഹൈക്കോടതി ചോദിച്ചു. രാഷ്ട്രീയക്കാരും സിനിമാക്കാരും ബോര്‍ഡ് വെക്കുന്നത് മനസിലാക്കാമെന്നും ആറ്റുകാലമ്മയുടെ പേരില്‍ എന്തിനാണ് ബോര്‍ഡെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് വിമർശിച്ചു.

തൊടുപുഴ മുതലക്കോടത്ത് യുവാവ് കുഴിയില്‍ വീണ് മരിച്ച സംഭവത്തിലും ഹൈക്കോടതി കടുത്ത വിമര്‍ശനമുയര്‍ത്തി. കുഴിയാണ് അപകടത്തിന് കാരണമെന്ന് പരസ്പരം കുറ്റപ്പെടുത്തരുത്. സർക്കാരിന് വകുപ്പുകളുടെ പ്രവർത്തനത്തിൽ അറിവും ഏകോപനവും ഉണ്ടാകണമെന്നും കോടതി പറഞ്ഞു. 27 വയസുകാരന് ജീവന്‍ നഷ്ടമായതിൽ ആര്‍ക്കും ഒരു വേദനയും തോന്നുന്നില്ലേ എന്നും ഹൈക്കോടതി ചോദിച്ചു. അപകടത്തിന്റെ യഥാര്‍ഥ വസ്തുത സംബന്ധിച്ച് വിശദമായ പരിശോധനയ്ക്ക് സര്‍ക്കാരിന് ഹൈക്കോടതി നിർദേശം നല്‍കി.

ഹണി എം വർഗീസിന് സ്ഥലം മാറ്റം

കൊച്ചി. നടി ആക്രമണക്കേസിൽ വിധി പുറപ്പെടുവിച്ച ജഡ്‌ജി ഹണി എം വർഗീസിന് സ്‌ഥലംമാറ്റം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നിന്ന് ആലപ്പുഴ ജില്ലാ കോടതിയിലേക്കാണ് ഇവരെ മാറ്റുന്നത്. നിലവിൽ ആലപ്പുഴ പ്രിൻസിപ്പൽ സെഷൻസ് ജഡ്‌ജിയായ കെ.കെ. ബാലകൃഷ്‌ണൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്‌ജിയായി ചുമതലയേൽക്കും. ഇത് സ്വാഭാവിക സ്‌ഥലംമാറ്റമാണെന്ന് വിവരമുണ്ട് ഏറെ വിവാദമായ നടിയെ ആക്രമിച്ച കേസിൽ ജഡ്‌ജി ഹണി എം. വർഗീസിനെതിരെ നിരവധി ആക്ഷേപങ്ങൾ ഉയർന്നുവന്നിരുന്നു.

നടി ആക്രമിക്കപ്പെട്ട കേസിൽ എട്ടാം പ്രതിയായിരുന്ന ദിലീപിനെ വെറുതെ വിട്ടതിന് പിന്നാലെയാണ് ജഡ്‌ജി ഹണി എം. വർഗീസിനെതിരെ സൈബർ ആക്രമണം രൂക്ഷമായത് ഇതിനെത്തുടർന്ന്, ജഡ്‌ജിക്കെതിരായ സൈബർ ആക്രമണങ്ങളിലും വ്യക്തിഹത്യയിലും ഇടപെടണമെന്നാവശ്യപ്പെട്ട് കേരള ജുഡീഷ്യൽ ഓഫീസേഴ്സ് അസോസിയേഷൻ ഹൈക്കോടതിക്ക് നിവേദനം സമർപ്പിച്ചിരുന്നു. ജഡ്‌ജിയെ പരസ്യമായി അപമാനിക്കുന്നത് നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കണമെന്നുമാണ് നിവേദനത്തിൽ ആവശ്യപ്പെട്ടിരുന്നു

സിഡിഎസ് തിരഞ്ഞെടുപ്പ് 20ന്

കുടുംബശ്രീ കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് സൊസൈറ്റികളിലെ തിരഞ്ഞെടുപ്പ് ഫെബ്രുവരി 20ന് നടക്കും. ജില്ലയിലെ 74 സിഡിഎസ്‌കളിലാണ് തിരഞ്ഞെടുപ്പ്. ഫെബ്രുവരി 21നാണ് പുതിയ ഭരണസമിതിയുടെ സത്യപ്രതിജ്ഞ.

കല്ലുംതാഴം-അയത്തില്‍ ബൈപാസില്‍ ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച് 31 വരെ ഗതാഗത നിരോധനം

ദേശീയപാത പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങൾക്കായി കല്ലുംതാഴം – അയത്തില്‍ ബൈപാസ് റോഡിൽ ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച് 31 വരെ ഗതാഗത നിരോധനം ഏര്‍പ്പെടുത്തി. ബദല്‍ ഗതാഗത സൗകര്യങ്ങള്‍ ഉറപ്പാക്കുമെന്ന് കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ അറിയിച്ചു. 21 മുതല്‍ 28 വരെ രാത്രി 9 മണിക്ക് ശേഷമാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍. 30 ട്രാഫിക് വാര്‍ഡന്മാരെ നിയോഗിക്കും. വഴിതിരിച്ചു വിടാനുള്ള സൈന്‍ ബോര്‍ഡുകളും സ്ഥാപിക്കും. പരീക്ഷ കാലയളവില്‍ വിദ്യാര്‍ഥികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്തവിധം അധിക സൗകര്യം ഒരുക്കും. പുളിയത്ത്മുക്ക് – കല്ലുംതാഴം റോഡ് നവീകരണം ഫെബ്രുവരി 28ന് മുമ്പ് പൂര്‍ത്തിയാക്കി സഞ്ചാരയോഗ്യമാക്കും. റെയില്‍ ലെവല്‍ ക്രോസ് സാഹചര്യത്തിനനുസൃതമായി അധികസമയം തുറന്ന് നല്‍കുന്നതിനും നിര്‍ദേശം നല്‍കി.

കല്ലുംതാഴം, അയത്തില്‍ ജംഗ്ഷനുകളിലെ അടിപ്പാതയില്‍ ഇരുവശത്തേക്കും സഞ്ചാരം ഉറപ്പാക്കും. പാല്‍ക്കുളങ്ങര – എന്‍ എച്ച് അപ്രോച്ച് റോഡും ഗതാഗത യോഗ്യമാക്കും.

എറണാകുളത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന ഹെവി/ മള്‍ട്ടിപ്പിള്‍ ആക്‌സല്‍ വാഹനങ്ങള്‍ ചവറ കെഎംഎംഎല്‍ ഭാഗത്ത്‌നിന്ന് ശാസ്താംകോട്ട- ഭരണിക്കാവ് – കണ്ണനല്ലൂര്‍ വഴി കടത്തിവിടാനും തിരുവനന്തപുരത്ത് നിന്നും എറണാകുളത്തേക്ക് പോകുന്ന വാഹനങ്ങള്‍ കൊട്ടിയത്ത് നിന്ന് തിരിഞ്ഞ് കണ്ണനല്ലൂര്‍ – ഭരണിക്കാവ് – ശാസ്താംകോട്ട – ചവറ കെഎംഎംഎല്‍ വഴി എന്‍.എച്ചിലേക്ക് പ്രവേശിപ്പിക്കാനും തീരുമാനിച്ചു. ഫെബ്രുവരി 21 ന് ട്രയല്‍ റണ്‍ നടത്തും. എഡിഎം ജി നിര്‍മല്‍കുമാര്‍, പോലീസ്, ആര്‍ടിഒ, പിഡബ്ല്യുഡി, വിദ്യാഭ്യാസ വകുപ്പുകള്‍, എന്‍എച്ച്എഐ അധികൃതര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

ഒടുവില്‍ ആ സസ്‌പെന്‍സ് തീര്‍ന്നു… സര്‍ക്കാരിന്റെ പുതിയ ബ്രാന്‍ഡിയുടെ പേര് പുറത്തുവിട്ടു

തിരുവനന്തപുരം: ഒടുവില്‍ ആ സസ്‌പെന്‍സ് തീര്‍ന്നു, സര്‍ക്കാര്‍ ഉത്പാദിപ്പിക്കുന്ന പുതിയ ബ്രാന്‍ഡിയുടെ പേര് പുറത്തുവിട്ടു. ‘മലബാര്‍ മിസ്റ്ററി’ എന്നാണ് പുതിയ ബ്രാന്‍ഡിന് പേര് നല്‍കിയിരിക്കുന്നത്. ഫെബ്രുവരി 21ന് മന്ത്രി എം ബി രാജേഷ് പേര് ഔദ്യോഗികമായി പ്രഖ്യാപിക്കും. പാലക്കാട് മലബാര്‍ ഡിസ്റ്റിലറിയില്‍ ഉത്പാദിപ്പിക്കുന്ന ബ്രാന്‍ഡിക്കാണ് പേരായിരിക്കുന്നത്. പുതിയ ബ്രാന്‍ഡ് കുറഞ്ഞ വിലയില്‍ ഈ മാസം 21ന് വിപണിയിലെത്തും.
അതേസമയം മദ്യത്തിന് ഉചിതമായ പേരും ലോഗോയും നിര്‍ദേശിക്കുന്നവര്‍ക്ക് 10,000 രൂപ നല്‍കുമെന്ന ബെവ്‌കോ പരസ്യം വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. സര്‍ക്കാര്‍ മദ്യ ഉപഭോഗം പ്രോത്സാഹിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് ഹര്‍ജി സമര്‍പ്പിച്ചതിന് പിന്നാലെ സര്‍ക്കാരിന് ഹൈക്കോടതി നോട്ടീസ് അയക്കുകയും ചെയ്തു. പാലക്കാട്ടെ മലബാര്‍ ഡിസ്റ്റലറീസില്‍ നിന്നും പുറത്തിറക്കുന്ന ബ്രാന്‍ഡിക്ക് ഉചിതമായ പേരും ലോഗോയും ക്ഷണിച്ച് സര്‍ക്കാര്‍ പുറത്തിറക്കിയ പരസ്യത്തിനെതിരെയായിരുന്നു ഹൈക്കോടതി നോട്ടീസ് അയച്ചത്. എന്നാല്‍ ഹൈക്കോടതിയുടെ വിമര്‍ശനത്തിന് പിന്നാലെ പരസ്യം നല്‍കിയത് തങ്ങളല്ലെന്ന് ബെവ്‌കോ വ്യക്തമാക്കി. തുടര്‍ന്ന് മദ്യത്തിന് പേരിടാനുള്ള പരസ്യം കോടതി സ്റ്റേ ചെയ്തു.
വിഷയത്തില്‍ കേരള സ്റ്റേറ്റ് ബീവറേജസ് കോര്‍പ്പറേഷന്‍(ബെവ്‌കോ) കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ട്. മദ്യത്തിന് പേരിടല്‍ മത്സരത്തെക്കുറിച്ച് തങ്ങള്‍ക്ക് അറിവോ വിവരമോ ഇല്ലെന്നാണ് ബെവ്‌കോ കോടതിയെ അറിയിച്ചത്. ബെവ്‌കോയുടെ വിശദീകരണത്തിന് പിന്നാലെ ഹൈക്കോടതി മലബാര്‍ ഡിസ്റ്റലറീസിനോട് വിശദീകരണം തേടി.

വേനൽച്ചൂടിൽ ആശ്വാസമായി വേനൽമഴ എത്തുന്നു

തിരുവനന്തപുരം: കനത്ത വേനൽച്ചൂടിൽ വെന്തുരുകുന്ന കേരളത്തിന് ആശ്വാസമായി വേനൽമഴ എത്തുന്നു. വരും ദിവസങ്ങളിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബംഗാൾ ഉൾക്കടലിലും ഇന്ത്യൻ മഹാസമുദ്രത്തിലും രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെ ഫലമായാണ് മഴ ലഭിക്കുന്നത്.

ജാഗ്രതയുടെ ഭാഗമായി വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഫെബ്രുവരി 21 ന് (ശനി) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ഫെബ്രുവരി 22 ന് (ഞായർ) പത്തനംതിട്ട, കോട്ടയം, ഇടുക്കി, എന്നീ ജില്ലകളിൽ മുന്നറിയിപ്പുണ്ട്.

24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ‘ശക്തമായ മഴ’ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. തെക്കൻ ശ്രീലങ്കൻ തീരത്തിന് അകലെയായി നിലനിൽക്കുന്ന കാലാവസ്ഥാ മാറ്റമാണ് മഴയ്ക്ക് കാരണമാകുന്നത്.

ഇത് ക്രമേണ വടക്കോട്ട് വ്യാപിക്കുമെന്നും ഫെബ്രുവരി 21, 22 തീയതികളിൽ സംസ്ഥാനമൊട്ടാകെ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. മഴയ്‌ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശിച്ചു.

വിളവെടുപ്പിന് പാകമായ നെല്ല് ഉൾപ്പെടെയുള്ള കാർഷിക ഉൽപ്പന്നങ്ങൾ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാൻ കർഷകർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നതിന് നിലവിൽ തടസ്സമില്ലെങ്കിലും കാലാവസ്ഥാ അറിയിപ്പുകൾ ശ്രദ്ധിക്കണം.