കൊട്ടാരക്കര: ഭരത് മുരളി കള്‍ച്ചറല്‍ സെന്റര്‍ ഏര്‍പ്പെടുത്തിയ പതിമൂന്നാമത് ഭരത് മുരളി ചലച്ചിത്ര അവാര്‍ഡ് നടി ദുര്‍ഗ്ഗകൃഷ്ണക്ക. സംവിധായകന്‍ ആര്‍. ശരത് ചെയര്‍മാനും സംവിധായകനായ വിജയകൃഷ്ണന്‍, പത്രപ്രവര്‍ത്തകനായ എം.കെ.സുരേഷ്, ഭരത് മുരളി കള്‍ച്ചറല്‍ സെന്റര്‍ ചെയര്‍മാന്‍ പല്ലിശ്ശേരി, സെക്രട്ടറി അഡ്വ. വി.കെ.സന്തോഷ് കുമാര്‍ എന്നിവരടങ്ങിയ അവാര്‍ഡ് കമ്മിറ്റിയാണ് പുരസ്‌കാര നിര്‍ണയം നടത്തിയത്.
ഉടല്‍ എന്ന ചിത്രത്തിലെ കഥാപാത്രത്തിനാണ് ദുര്‍ഗ്ഗകൃഷ്ണ അവാര്‍ഡ്. ദുര്‍ഗ്ഗ കൃഷ്ണയ്‌ക്കൊപ്പം രേവതിയും മഞ്ജുപിള്ളയും പൂര്‍ണ്ണിമ ഇന്ദ്രജിത്തും മത്സരരംഗത്തുണ്ടായിരുന്നു. 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.
ഓഗസ്റ്റ് 30ന് കൊല്ലം പ്രസ്സ് ക്ലബ്ബില്‍ നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ അവാര്‍ഡ് സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.