‘ദേവദൂതര്‍ പാടി’ എന്ന പാട്ടിന് ചുവട് വയ്ക്കുന്ന കുഞ്ചാക്കോ ബോബന്റെ വീഡിയോ ഏറെ ഹിറ്റാവുകയാണ്. കഴിഞ്ഞയാഴ്ച ഇറങ്ങിയ വീഡിയോ ഇതിനോടകം കണ്ടത് ഒരു കോടിയലധികം ആളുകളാണ്. കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമായ ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിലാണ് കുഞ്ചക്കോ ബോബന്റെ തകര്‍പ്പന്‍ ചുവടുവയ്പ്പുകള്‍ ഉള്ളതും ആരാധകരെ കൈയിലെടുത്തിരിക്കുന്നതും. ആഗസ്റ്റ് 11ന് ഈ ചിത്രം തീയേറ്ററുകളില്‍ എത്തും. റിലീസിന് മുന്‍പായി തന്നെ ചിത്രത്തില്‍ ‘ദേവദൂതര്‍ പാടി’ എന്ന പാട്ടിന് ചുവട് വയ്ക്കുന്ന കുഞ്ചാക്കോ ബോബന്റെ വീഡിയോ ഇന്റര്‍നെറ്റില്‍ തരംഗമായിരുന്നു.


ഭരതന്‍ ചിത്രമായ കാതോട് കാതോരത്തിന് വേണ്ടി ഒഎന്‍വി കുറുപ്പ്-ഔസപ്പേച്ചന്‍-യേശുദാസ് എന്നിവരാണ് ഈ ഗാനം അണിയിച്ചൊരുക്കിയത്. 1985ല്‍ പുറത്തിറങ്ങിയ ഈ ഗാനം പുതുതായി ആലപിച്ചിരിക്കുന്നത് ബിജു നാരായണനാണ്.
37 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ‘ദേവദൂതര്‍ പാടി’ എന്ന ഗാനം വീണ്ടും എത്തുന്നത്. ചാക്കോച്ചന്റെ വേറിട്ട ഡാന്‍സ് ആയിരുന്നു ഇത്തവണ പാട്ടിന്റെ ഹൈലൈറ്റ്. ഉത്സവ പറമ്പുകളിലും മറ്റും ഇത്തരമൊരു കഥാപാത്രം ഉണ്ടാകുമെന്നും ആ വ്യക്തിയെ വളരെ തന്മയത്വത്തോടെയാണ് ചാക്കോച്ചന്‍ അവതരിപ്പിരിക്കുന്നതുമെന്നാണ് ആരാധകര്‍ പറയുന്നത്.