നവോദയ സ്കൂളിലെ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം

അടിസ്‌ഥാനസൗകര്യങ്ങൾ കുറവായ ഗ്രാമപ്രദേശങ്ങളിലെ കുട്ടികൾക്ക് മികച്ച റസിഡൻഷ്യൽ സ്‌കൂളുകളിലേതിനു സമാനമായ ഗുണമേന്മയാർന്ന വിദ്യാഭ്യാസം സൗജന്യമായി ലഭ്യമാക്കുകയെന്ന നയമനുസരിച്ച് രാജ്യത്താകെ 649 നവോദയ വിദ്യാലയങ്ങൾ പ്രവർത്തിക്കുന്നു. ഇവയിൽ 14 എണ്ണം കേരളത്തിലെ 14 ജില്ലകളിലായുണ്ട്.

[Image: ഓൺലൈൻ, ഓഫ്‌ലൈൻ എൻട്രൻസ് പരീക്ഷ മേയ് 28ന്; കേന്ദ്രീയ ഹിന്ദി സംസ്ഥാൻ കോഴ്സുകൾ പഠിക്കാൻ ഇപ്പോൾ അപേക്ഷിക്കാം]

സർക്കാർ / സർക്കാർ–അംഗീകൃത സ്‌കൂളിൽ ഇപ്പോൾ അഞ്ചാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് അടുത്ത അധ്യയനവർഷം ആറാം ക്ലാസിലെ പ്രവേശനത്തിന് 31 വരെ ഓൺലൈനായി റജിസ്റ്റർ ചെയ്യാം. അപേക്ഷാഫീയില്ല. അംഗീകൃത ഓപ്പൺ സ്കൂളുകാർ ‘ബി’ ലവൽ കോഴ്സ് പൂർത്തിയാക്കിയിരിക്കണം. ഇന്റർനെറ്റ് കൈകാര്യം ചെയ്യാൻ പ്രയാസമുളളവർക്ക് നവോദയ സ്കൂളുകളിൽ അപേക്ഷാസമർപ്പണത്തിനു സൗജന്യസഹായം ലഭിക്കും.

സ്കൂൾ നിലകൊള്ളുന്ന ജില്ലയിലെ കുട്ടികളെ മാത്രമേ പരിഗണിക്കൂ. ജനനത്തീയതി 2011 മേയ് ഒന്നിനു മുൻപോ 2013 ഏപ്രിൽ 30നു ശേഷമോ ആകരുത്. പട്ടികവിഭാഗക്കാരടക്കം ആർക്കും പ്രായത്തിൽ ഇളവില്ല. 2022–23 ൽ അഞ്ചാം ക്ലാസ് ജയിച്ചവരായിരിക്കണം. അതിനു മുൻപു ജയിച്ചവരെയും രണ്ടാം തവണ പരീക്ഷയെഴുതി ജയിച്ചവരെയും പരിഗണിക്കില്ല.

∙ മറ്റു നിബന്ധനകൾ

ഫോമും പ്രോസ്‌പെക്ടസും www.navodaya.gov.in എന്ന വെബ്സൈറ്റിൽനിന്നു ഡൗൺലോഡ് ചെയ്യാം. ഗ്രാമീണ വിദ്യാർഥികൾക്കുള്ള 75% ക്വോട്ടയിൽ പരിഗണിക്കുന്നത് 3,4,5 ക്ലാസുകളിലെ പഠനം ഗ്രാമപ്രദേശങ്ങളിൽ നടത്തിയവരെയാണ്. ഈ ഘട്ടത്തിൽ ഒരു ദിവസമെങ്കിലും നഗരപ്രദേശങ്ങളിൽ പഠിച്ചിട്ടുണ്ടെങ്കിൽ ഗ്രാമീണരായി പരിഗണിക്കില്ല. അഞ്ചാം ക്ലാസിൽ അതേ ജില്ലയിൽത്തന്നെ പഠിച്ചിരിക്കുകയും വേണം.

എട്ടാം ക്ലാസ് വരെ മലയാളമാധ്യമം. തുടർന്ന് മാത്‌സും സയൻസും ഇംഗ്ലിഷിലും, സോഷ്യൽ സയൻസ് ഹിന്ദിയിലും. പത്തിലും പന്ത്രണ്ടിലും സിബിഎസ്‌ഇ പരീക്ഷയെഴുതാം. മൂന്നിലൊന്നു സീറ്റ് പെൺകുട്ടികൾക്കാണ്. ട്രാൻസ്ജെൻഡർ വിദ്യാർഥികളെ സംവരണത്തിന് ആൺകുട്ടികളായി കരുതും.

പട്ടികജാതി / വർഗ സംവരണം ജില്ലയിലെ ജനസംഖ്യാനുപാതികമായിട്ടാണ്; പക്ഷേ, യഥാക്രമം 15 / ഏഴര ശതമാനത്തിൽ കുറയില്ല. രണ്ടും ചേർത്ത് 50 ശതമാനത്തിൽ കൂടുകയുമില്ല. ഭിന്നശേഷിക്കാർക്ക് കേന്ദ്രസർക്കാർ മാനദണ്ഡം. ഓരോ സ്കൂളിലും 80 കുട്ടികളെവരെ 6–ാം ക്ലാസിൽ പ്രവേശിപ്പിക്കും. 9–ാം ക്ലാസിലേക്കു കടക്കുന്ന കുട്ടികൾ ഹിന്ദി പ്രദേശങ്ങളിലെവിടെയെങ്കിലുമുള്ള സ്‌കൂളിലേക്കു മാറി ഒരു വർഷം പഠിക്കേണ്ടിവരും.

∙ സിലക്‌ഷൻ ടെസ്റ്റ്

ഏപ്രിൽ 29നു 11.30 മുതൽ നടത്തുന്ന ടെസ്‌റ്റിലെ പ്രകടനം ആധാരമാക്കിയാണ് സിലക്‌ഷൻ.

∙ മാനസികശേഷി: 40 ചോദ്യം, 50 മാർക്ക്, 60 മിനിറ്റ്

∙ അരിത്‌മെറ്റിക്: 20 ചോദ്യം, 25 മാർക്ക്, 30 മിനിറ്റ്

∙ ഭാഷ: 20 ചോദ്യം, 25 മാർക്ക്, 30 മിനിറ്റ്

∙ ആകെ: 80 ഒബ്‌ജെക്റ്റീവ് ചോദ്യം, 100 മാർക്ക്, 120 മിനിറ്റ്.

തെറ്റിനു മാർക്ക് കുറയ്‌ക്കില്ല. അഞ്ചാം ക്ലാസിൽ കുട്ടി പഠിച്ച ഭാഷയിൽ പരീക്ഷയെഴുതാം. ഫലം ജൂണിൽ വരും. ഈ പരീക്ഷ ഒരു പ്രാവശ്യം മാത്രമേ എഴുതാൻ അനുവാദമുള്ളൂ. ടെസ്‌റ്റിലെ ചോദ്യമാതൃകകൾ ഉൾപ്പെടെ കൂടുതൽ വിവരങ്ങൾക്കു പ്രോസ്പെക്ടസ് നോക്കാം. പ്രഫഷനൽ കോഴ്സ് പ്രവേശനത്തിനുള്ള ദേശീയപരീക്ഷകളിൽ നവോദയ വിദ്യാർഥികൾ മികച്ച പ്രകടനം കാഴ്ചവയ്ക്കാറുണ്ട്.

പഠനവും താമസവും സൗജന്യം

നവോദയ സ്കൂളുകളിൽ 6 മുതൽ 12 വരെ ക്ലാസുകളിൽ സിബിഎസ്‌ഇ സിലബസ് അനുസരിച്ചാണു പഠനം. സ്‌കൂൾ ക്യാംപസിൽ താമസിച്ചു തന്നെ പഠിക്കണം. പഠനം, താമസം, ഭക്ഷണം, യൂണിഫോം, പാഠപുസ്‌തകങ്ങൾ എന്നിവ സൗജന്യം.

9–12 ക്ലാസുകളിലെ കുട്ടികൾ മാത്രം 600 രൂപ പ്രതിമാസ ഫീസ് നൽകണം. ദാരിദ്ര്യരേഖയ്‌ക്കു താഴെയുള്ളവർ, പെൺകുട്ടികൾ, പട്ടികവിഭാഗക്കാർ എന്നിവർ ഈ ഫീസും നൽകേണ്ട. സർക്കാർ ഉദ്യോഗസ്ഥരുടെ കുട്ടികൾ (ഫീസിളവിന് അർഹതയില്ലാത്തവർ) പ്രതിമാസം 1500 രൂപ വരെ നൽകേണ്ടിവരാം.

Advertisement