ശാസ്താംകോട്ട: കൊല്ലം ജില്ലാ നിയമ സേവന അതോറിറ്റിയുടെയും കുന്നത്തൂർ താലൂക്ക് നിയമ സേവന കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ ശാസ്താംകോട്ട മിനി സിവിൽ സ്റ്റേഷനിലെയും കോടതികളിലെയും വനിതാ ജീവനക്കാർക്കായി സ്ത്രീകൾക്കെതിരെയുള്ള അതിക്രമ നിർമാർജ്ജന ദിനം ആചരിച്ചു.
താലൂക്ക് കോൺഫറൻസ് ഹാളിൽ ചേർന്ന പരിപാടിയിൽ തഹസിൽദാർ കെ.ആർ.ജോൺ പ്രിൻസ് അധ്യക്ഷത വഹിച്ചു. താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി ചെയർപേഴ്സണും മോഡൽ ഡിജിറ്റൽ കുടുംബകോടതി ജഡ്ജിയുമായ ടി.സഞ്ജു പരിപാടി ഉദ്ഘാടനം ചെയ്തു. ലോകത്ത് വനിതകൾക്കെതിരെയുള്ള അതിക്രമങ്ങളുടെ തോത് ആധുനിക കാലത്തും വർദ്ധിച്ചു വരുന്നത് ആശങ്കാജനകമാണെന്നും രാജ്യത്തെ നിയമങ്ങൾ ഒരു പരിധിവരെ അതിനെ നിയന്ത്രിച്ചു നിർത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകളെ രണ്ടാം തരം പൗരരായി കാണുന്ന സമൂഹത്തിന്റെ കാഴ്ചപ്പാട് മാറേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തൊഴിലിടങ്ങളിലെ അതിക്രമങ്ങൾ തടയുന്ന പോഷ് നിയമത്തെക്കുറിച്ച് താലൂക്ക് ലീഗൽ സർവീസസിലെ പാനൽ അഭിഭാഷക എസ്.സുകന്യ ക്ലാസ്സെടുത്തു. നിയമമനുസരിച്ച് എല്ലാ തൊഴിലിടങ്ങളിലും ആഭ്യന്തര പരാതി പരിഹാര സമിതികൾ രൂപീകരിക്കേണ്ടത് അത്യാവശ്യമാണെന്ന് അവർ വ്യക്തമാക്കി.
താലൂക്ക് ലീഗൽ സർവീസസ് സെക്രട്ടറി ഉദയ് ശബരീശം, എഇഒ ഓഫീസിലെ സീനിയർ സൂപ്രണ്ട് വി.എൽ.ബൈജു, പാരാ ലീഗൽ വാളണ്ടിയർ എം.റഹിയാനത്ത് എന്നിവർ ചടങ്ങിൽ സംസാരിച്ചു.
ലീഗൽ സർവീസസിന്റെ വനിത അതിക്രമ നിർമാർജ്ജന ദിനാചരണം
Advertisement























