ഡീസൽ വില ലിറ്ററിന് 25 രൂപ കൂട്ടി! വലിയ അളവിൽ ഡീസൽ ഉപയോഗിക്കുന്നവർക്ക് തിരിച്ചടി

ന്യൂഡൽഹി: വലിയ അളവിൽ ഡീസൽ ഉപയോഗിക്കുന്നവർക്ക് തിരിച്ചടിയായി ഡീസൽ വില ലിറ്ററിന് 25 രൂപ വർധിപ്പിച്ചു.
ഞായറാഴ്ചയാണ് വൃത്തങ്ങൾ ഇക്കാര്യം അറിയിച്ചത്. അന്താരാഷ്‌ട്ര വിപണിയിൽ അസംസ്‌കൃത എണ്ണയുടെ വില 40 ശതമാനത്തോളം വർധിച്ചതിന് ശേഷം മൊത്തമായി വാങ്ങുന്ന ഉപഭോക്താക്കൾക്ക് ഡീസൽ വില ലിറ്ററിന് 25 രൂപ വർധിപ്പിച്ചതായും എന്നാൽ പെട്രോൾ പമ്പുകളിലെ ചില്ലറ വിൽപനക്കാർക്ക് നിരക്കിൽ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നും വൃത്തങ്ങൾ വ്യക്തമാക്കി.

മുംബൈയിൽ മൊത്തമായി വാങ്ങുന്ന ഉപഭോക്താക്കൾക്ക് ഡീസൽ വില ലിറ്ററിന് 122.05 രൂപയായി ഉയർന്നു. പെട്രോൾ പമ്പുകളിൽ വിൽക്കുന്ന ഡീസലിന്റെ വില ലിറ്ററിന് 94.14 രൂപയാണ്. ഡൽഹിയിലെ പെട്രോൾ പമ്പുകളിൽ ഡീസൽ വില ലിറ്ററിന് 86.67 രൂപയാണ്, എന്നാൽ മൊത്തമായോ വ്യാവസായികമായോ വാങ്ങുന്നവർക്ക് ഇത് 115 രൂപയോളമാണ്. ആഗോള എണ്ണ, വാതക വിലകൾ വർധിച്ചിട്ടും സർകാർ ഉടമസ്ഥതയിലുള്ള എണ്ണ കമ്പനികൾ 2021 നവംബർ നാല് മുതൽ പെട്രോളിന്റെയും ഡീസലിന്റെയും ചില്ലറ വില ഉയർത്തിയിട്ടില്ല.

ഡീസൽ മൊത്തമായി വാങ്ങുന്നവരിൽ വൻ ബസ് സർവീസ് നടത്തുന്നവർ, മോളുകൾ, വിമാനത്താവളങ്ങൾ, വ്യവസായങ്ങൾ മുതലായവ ഉൾപെടുന്നു. അതേസമയം ലിറ്ററിന് ഏകദേശം 25 രൂപയുടെ വ്യത്യാസം എണ്ണകമ്പനികളിൽ നിന്ന് നേരിട്ട് ടാങ്കറുകൾ ബുക്ക് ചെയ്യാതെ പെട്രോൾ പമ്പുകളിൽ ഇന്ധനം നിറയ്ക്കാൻ ഇവരെ പ്രേരിപ്പിച്ചതായി റിപ്പോർട്ടുകളുണ്ട്.

Advertisement