ബ്ലാസ്റ്റേഴ്സിന് വഴിപാടുമായി ആരാധകർ

കൊച്ചി: കേരളത്തിലെ ഫുട്‌ബോൾ ആരാധകരെ ആവേശത്തിലാഴ്‌ത്തിയ ബ്ലാസ്‌റ്റേഴ്‌സിന്റെ ഫൈനൽ മത്സരത്തിന് ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്.

വിജയ കിരീടം ലക്ഷ്യമിട്ട് ഇറങ്ങുന്ന മഞ്ഞപ്പടയ്‌ക്ക് ആവേശം പകരാൻ ആരവങ്ങളുമായി ആരാധകർ ഒരുങ്ങിക്കഴിഞ്ഞു. ചിലർ തെരുവിൽ നൃത്തമാടുമ്പോൾ മറ്റുചിലർ ഇരു കൈകളും കൂപ്പി പ്രാർത്ഥനയിലാണ്.

ക്ഷേത്രത്തിൽ പോയി ബ്ലാസ്റ്റേഴ്സിനായി പുഷ്പാഞ്ജലി കഴിപ്പിച്ച ആരാധകരുടെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. കൊച്ചി ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രത്തിൽ ശ്രീലക്ഷ്മി ലാൽ എന്ന ആരാധിക പുഷ്പാഞ്ജലി അർപ്പിച്ചു. ഇതിന്റെ ചിത്രവും ആരാധിക ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്. ‘എല്ലാം പറഞ്ഞ് സെറ്റാക്കിയിട്ടുണ്ട്. നമ്മൾ ഫൈനൽസ് ജയിക്കും. ഐഎസ്‌എൽ കപ്പ് കൊച്ചിയിലോട്ട് കൊണ്ടുവരുവേം ചെയ്യും.’ ചിത്രത്തിനൊപ്പമുള്ള കുറിപ്പിൽ ആരാധിക പറഞ്ഞു. പാറമേക്കാവിൽ പോയി ഭാഗ്യസൂക്ത പുഷ്പാഞ്ജലി കഴിപ്പിച്ചതിന്റെ ചിത്രമാണ് ശ്രീജിത്ത് ചന്ദ്രൻ എന്ന ആരാധകൻ പങ്കുവെച്ചത്.

കോതമംഗലത്തെ ഒരു റസ്റ്ററന്റിൽ ഒരു ചെമ്പ് മന്തിയാണ് സൗജന്യമായി നൽകുന്നത്. മഞ്ഞപ്പട കപ്പടിച്ചാൽ തിങ്കളാഴ്ച ഉച്ചയ്‌ക്ക് മൂന്ന് മണിക്ക് ശേഷം ബ്ലാസ്റ്റേഴ്‌സിന്റെ ജഴ്‌സി അണിഞ്ഞ് ഹോട്ടലിലെത്തുന്ന ആദ്യത്തെ നൂറ് ആരാധകർക്കാണ് ഫ്രീ മന്തി. കന്നിക്കിരീടം നേടാൻ ഇറങ്ങുന്ന ബ്ലാസ്റ്റേഴ്‌സിന് ആശംസാപ്രവാഹമാണ് എത്തുന്നത്.

Advertisement