31 C
Kollam
Tuesday 10th November, 2026 | 10:43:42 AM
Home News National പവൻ കല്യാണും അന്നയും വേർപിരിയുന്നു; 13 വർഷത്തെ ദാമ്പത്യത്തിന് വിരാമം

പവൻ കല്യാണും അന്നയും വേർപിരിയുന്നു; 13 വർഷത്തെ ദാമ്പത്യത്തിന് വിരാമം

Advertisement

ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രിയും തെലുങ്ക് സൂപ്പർതാരവുമായ പവൻ കല്യാണും ഭാര്യ അന്ന കൊനിഡേലയും വേർപിരിയുന്നു. 13 വർഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിക്കാൻ ഇരുവരും തീരുമാനിച്ചു. പരസ്പര ധാരണയോടെയും ബഹുമാനത്തോടെയുമാണ് തീരുമാനമെടുത്തതെന്ന് പവൻ കല്യാണിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പുറത്തുവിട്ട സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.

വിവാഹബന്ധം അവസാനിപ്പിക്കുകയാണെങ്കിലും നല്ല സുഹൃത്തുക്കളായി തുടരുമെന്ന് ഇരുവരും അറിയിച്ചു. മക്കളുടെ സന്തോഷത്തിനും ക്ഷേമത്തിനുമാകും പ്രഥമ പരിഗണന. അവരുടെ സംരക്ഷണത്തിന്റെ ഉത്തരവാദിത്തം ഇരുവരും ഒരുപോലെ നിർവഹിക്കും. ജീവിതത്തിലെ ഈ ഘട്ടത്തിൽ സ്വകാര്യത മാനിക്കണമെന്നും ഇതുവരെ പിന്തുണച്ച എല്ലാവർക്കും നന്ദിയുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു.

പവൻ കല്യാണിന്റെ മൂന്നാമത്തെ വിവാഹബന്ധമാണ് ഇതോടെ അവസാനിക്കുന്നത്. 1997ൽ നന്ദിനിയെയാണ് ആദ്യം വിവാഹം കഴിച്ചത്. 1999ൽ ഇരുവരും വേർപിരിഞ്ഞു. പിന്നീട് നടി രേണു ദേശായിയെ വിവാഹം കഴിച്ചു. ഈ ബന്ധത്തിൽ ഒരു മകനും മകളുമുണ്ട്. 2012ൽ രേണുവുമായുള്ള വിവാഹബന്ധം അവസാനിച്ചു. തുടർന്ന് 2013ലാണ് റഷ്യൻ സ്വദേശിയായ അന്നയെ വിവാഹം കഴിച്ചത്. പോളേന അഞ്ജന പവനോവ, മാർക്ക് ശങ്കർ പവനോവിച്ച് എന്നിവരാണ് അന്നയുമായുള്ള മക്കൾ.

തെലുങ്ക് സൂപ്പർതാരം ചിരഞ്ജീവിയുടെ ഇളയ സഹോദരനായ പവൻ കല്യാൺ 1996ൽ പുറത്തിറങ്ങിയ ‘അക്കഡ അമ്മായി ഇക്കഡ അബ്ബായി’ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. 2008ൽ ചിരഞ്ജീവി രൂപീകരിച്ച പ്രജാരാജ്യം പാർട്ടിയുടെ യുവജനവിഭാഗം അധ്യക്ഷനായാണ് രാഷ്ട്രീയത്തിലെത്തിയത്. 2014ൽ ജനസേന പാർട്ടി രൂപീകരിച്ചു. നിലവിൽ ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here