ബെംഗളൂരു: കോളേജ് അധ്യാപികയെ പിതാവ് കുത്തിപരിക്കേൽപ്പിച്ചു. ബെംഗളൂരുവിലെ സ്വകാര്യ കോളേജിൽ അസി. പ്രൊഫസറായ ലക്ഷ്മി ദുർഗയെയാണ് പിതാവ് നാഗേന്ദ്ര കോളേജിൽവെച്ച് ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവതി നിലവിൽ ചികിത്സയിലാണ്. പ്രതിയായ നാഗേന്ദ്രയെ പൊലീസ് അറസ്റ്റ് ചെയ്തു.
ജൂലായ് 25-നാണ് കേസിനാസ്പദമായ സംഭവമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. സംഭവദിവസം വൈകിട്ട് മൂന്നുമണിയോടെയാണ് ടാക്സി ഡ്രൈവറായ നാഗേന്ദ്ര മകളെ തിരക്കി കോളേജിലെത്തിയത്. തുടർന്ന് വകുപ്പ് മേധാവിയുടെ മുറിയിൽവെച്ച് മകളെ കണ്ടു. ഇതിനിടെ ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് നാഗേന്ദ്ര മകളെ കുത്തിപരിക്കേൽപ്പിക്കുകയുമായിരുന്നു. നെഞ്ചിലും കഴുത്തിലും വയറ്റിലും പലതവണ കുത്തേറ്റ ലക്ഷ്മി ദുർഗയെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം, സംഭവത്തിന് പിന്നാലെ രക്ഷപ്പെട്ട നാഗേന്ദ്രയെ പൊലീസ് പിന്നീട് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ലക്ഷ്മി ദുർഗയുടെ വിവാഹാലോചനയുമായി ബന്ധപ്പെട്ട കുടുബംപ്രശ്നങ്ങളാണ് ആക്രമണത്തിന് കാരണമായതെന്നാണ് പൊലീസ് പറയുന്നത്. ടാക്സി ഡ്രൈവറായ നാഗേന്ദ്ര മകൾക്കായി ഒരു വിവാഹാലോചന കൊണ്ടുവന്നിരുന്നു. എന്നാൽ, മകളുടെ പ്രതിശ്രുത വരനിൽനിന്ന് ഇയാൾ 40 ലക്ഷം രൂപ ആവശ്യപ്പെട്ടു. മകളുടെ വിദ്യാഭ്യാസത്തിനും മറ്റുമായി താൻ ഒരുപാട് പണം ചെലവഴിച്ചതാണെന്നും അതിനാൽ 40 ലക്ഷം രൂപ വേണമെന്നുമായിരുന്നു ഇയാളുടെ ആവശ്യം. പകരം വിവാഹശേഷം മകളുടെ മുഴുവൻ ശമ്പളവും ഭർത്താവിന് നൽകുമെന്നും പറഞ്ഞു. ഇക്കാര്യത്തിന് മകളെയും ഇയാൾ നിർബന്ധിച്ചു. എന്നാൽ, ലക്ഷ്മി ദുർഗയും അമ്മയും നാഗേന്ദ്രയുടെ ആവശ്യത്തെ എതിർത്തു. ഇതേച്ചൊല്ലി വീട്ടിൽ പ്രശ്നങ്ങളുമുണ്ടായി. ഇതിന്റെ തുടർച്ചയായാണ് നാഗേന്ദ്ര കോളേജിലെത്തി മകളെ കുത്തിപരിക്കേൽപ്പിച്ചതെന്നും പൊലീസ് പറഞ്ഞു.





























