തമിഴ്നാട്ടിലും ദുരന്തം വിതച്ച് കനത്ത മഴയും കാറ്റും മിന്നലും. മിന്നലേറ്റ് വിദ്യാർഥിയടക്കം മൂന്ന് പേർ മരിച്ചു.കടലൂരിലാണ് സെൽഫി എടുക്കുന്നതിനിടെ മുന്ന് വിദ്യാർഥികൾക്ക് മിന്നലേൽക്കുന്നതും ഒരാൾ മരിച്ചതും. ഒരു കർഷകനും ഒരു വീട്ടമ്മയുമാണ് മരിച്ച മറ്റു രണ്ടു പേർ.
ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ചുഴലിക്കാറ്റാണ് തമിഴ്നാട്ടിലുടനീളം നാശം വിതച്ചത്. ചെന്നൈയടക്കം തമിഴ്നാടിൻറെ എല്ലാ മേഖലകളിലും വീശിയടിച്ച കാറ്റും മഴയും ഒറ്റ ദിവസമാണ് മൂന്ന് പേരുടെ ജീവനെടുത്തത്. കടലോര മേഖലകളിൽ അര മണിക്കൂറോളം കനത്ത മഴയും കാറ്റും ഉണ്ടായിരുന്നു. കടലൂരിൽ കടൽത്തീരത്ത് മൂന്ന് വിദ്യാർഥികൾ സെൽഫിയെടുക്കുന്നതിനിടെയാണ് ഇടിയും മിന്നലും ഉണ്ടാകുന്നത്. മിന്നലേറ്റ മൂന്നു പേരിൽ പുതുപ്പാളയം സ്വദേശി ഹരിഹരൻ സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. സിത്താമൂരിൽ തെങ്ങ് കടപുഴകി വീട്ടിനു മുകളിലേക്ക് വീണാണ് ഒരു മരണം ഉണ്ടായത്. അടുക്കളയിൽ ഭക്ഷണം പാകം ചെയ്യുകയായിരുന്ന കന്നിയമ്മാളാണ് തൽക്ഷണം മരിച്ചത്.
തെങ്കാശി, തേനി കോയമ്പത്തൂർ മേഖലയിൽ ഒരു മണിക്കൂറിലേറെ വീശിയടിച്ച കാറ്റ് ഒരു ജീവനെടുക്കുകയും നിരവധി വീടുകൾക്ക് കേടുവരുത്തുകയും വ്യാപകമായി കൃഷി നാശം ഉണ്ടാക്കുകയും ചെയ്തു. ഇടിമിന്നലേറ്റാണ് തേനിയിൽ കർഷകൻ മരിച്ചത്. ചെന്നൈയിലടക്കം തുട8ച്ചയായി ലഭിച്ച കനത്ത മഴ കൊടും ചൂടിന് ആശ്വാസമായെങ്കിലും ജനങ്ങളുടെ സ്വത്തുവകകൾക്കുണ്ടായ നാശം വളരെ വലുതാണ്. ഈ മാസം ഇരുപത് വരെ മഴയും കാറ്റും തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്.



































