ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ ദശകങ്ങളായി നിലനിന്നിരുന്ന ഡിഎംകെ-എഐഎഡിഎംകെ സീസാ പൊളിറ്റിക്സിന് അന്ത്യം കുറിച്ച് നടൻ വിജയ്‌യുടെ തമിഴക വെട്രി കഴകം (TVK) സംസ്ഥാനത്തെ പ്രധാനരാഷ്ട്രീയ കക്ഷിയാകുന്നു. ഇന്ന് രാവിലെ പുറത്തുവന്ന വോട്ടെണ്ണൽ സൂചനകൾ പ്രകാരം, പല മണ്ഡലങ്ങളിലും എഐഎഡിഎംകെയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിക്കൊണ്ട് ടിവികെ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. ഭരണകക്ഷിയായ ഡിഎംകെ വ്യക്തമായ ഭൂരിപക്ഷത്തോടെ ലീഡ് നിലനിർത്താൻ ഒരുങ്ങുമ്പോഴേക്കും വലിയ അട്ടിമറി നടത്തി വിജയ് ഒന്നാമത്തേക്ക് കുതിച്ചു കയറുന്നു.
ടിവികെ സ്ഥാപകൻ വിജയ് മത്സരിച്ച തിരുച്ചിറപ്പള്ളി (ഈസ്റ്റ്), പെരമ്പൂർ എന്നീ രണ്ട് മണ്ഡലങ്ങളിലും ആദ്യഘട്ടം മുതൽക്കേ ലീഡ് നിലനിർത്തുകയാണ്. തിരുച്ചി ഈസ്റ്റിൽ ഡിഎംകെയുടെ ഇണിഗോ ഇരുദയരാജിനെക്കാൾ 1,600-ഓളം വോട്ടുകൾക്ക് വിജയ് മുന്നിലാണ്. മിക്ക മണ്ഡലങ്ങളിലും ഡിഎംകെയും ടിവികെയും തമ്മിലുള്ള നേരിട്ടുള്ള മത്സരമാണ് നടക്കുന്നത്. എടപ്പാടി കെ. പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള എഐഎഡിഎംകെയ്ക്ക് വൻ തിരിച്ചടിയാണ് ഫലസൂചനകൾ നൽകുന്നത്. തമിഴ്നാട്ടിലെ പരമ്പരാഗത ദ്രാവിഡ രാഷ്ട്രീയ സമവാക്യങ്ങൾ തിരുത്തിക്കുറിച്ചു കൊണ്ട് വിജയ് ഒരു നിർണ്ണായക ശക്തിയായി ഉയർന്നുവരുന്നത് വരും ദിവസങ്ങളിൽ സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കുമെന്ന് ഉറപ്പാണ്.
തമിഴ് ദേശീയവാദി സീമാന്റെ എൻടികെ വോട്ട് വിഹിതത്തിൽ മുന്നേറ്റം നടത്തുന്നുണ്ടെങ്കിലും സീറ്റുകളുടെ കാര്യത്തിൽ ഇതുവരെ ചലനം സൃഷ്ടിക്കാനായിട്ടില്ല. സംസ്ഥാനത്തെ 62 കേന്ദ്രങ്ങളിലായി കനത്ത സുരക്ഷയിലാണ് വോട്ടെണ്ണൽ നടക്കുന്നത്




































