Home News Breaking News ദേശീയ തലസ്ഥാന മേഖലയിലെ രണ്ടാമത്തെ രാജ്യാന്തര വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിനു സമര്‍പ്പിച്ചു

ദേശീയ തലസ്ഥാന മേഖലയിലെ രണ്ടാമത്തെ രാജ്യാന്തര വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിനു സമര്‍പ്പിച്ചു

Advertisement

ന്യൂഡല്‍ഹി: ദേശീയ തലസ്ഥാന മേഖല (എന്‍സിആര്‍)യിലെ രണ്ടാമത്തെ രാജ്യാന്തര വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്രമോദി  രാജ്യത്തിനു സമര്‍പ്പിച്ചു. നോയിഡ രാജ്യാന്തര വിമാനത്താവളം യാഥാര്‍ഥ്യമാകുന്നതോടെ ഡല്‍ഹിയില്‍ നിന്നുള്ള യാത്ര കൂടുതല്‍ സൗകര്യപ്രദമാകും.

ബെംഗളൂരു, മുംബൈ, ഹൈദരാബാദ്, ലക്‌നൗ, ഡെറാഡൂണ്‍, ഹുബ്ലി (കര്‍ണാടക) എന്നിവിടങ്ങളിലേക്കാകും ആദ്യ സര്‍വീസുകള്‍. ആഭ്യന്തര സര്‍വീസുകള്‍ തുടങ്ങിയ ശേഷം രാജ്യാന്തര സര്‍വീസുകള്‍ പ്രഖ്യാപിക്കും. ദുബായ്, സിംഗപ്പൂര്‍ സൂറിക് എന്നിവിടങ്ങള്‍ക്കാണ് ആദ്യ പരിഗണന.

നോയിഡയില്‍ നിന്ന് കേരളത്തിലേക്ക് അടക്കം ആഭ്യന്തര വിമാനങ്ങള്‍ ആരംഭിക്കുന്നതോടെ യാത്രാനിരക്കിലും വലിയ കുറവുണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത്. ടിക്കറ്റ് നിരക്കില്‍ ഡല്‍ഹി വിമാനത്താവളത്തെ അപേക്ഷിച്ച് നോയിഡയില്‍ 10 -15% വരെ കുറവുണ്ടാവുമെന്നാണു കരുതപ്പെടുന്നത്. സ്വിസ് കമ്പനിയായ സൂറിക് എയര്‍പോര്‍ട്ട് ഇന്റര്‍നാഷനല്‍ എജിയുടെ ഉപകമ്പനിയായ യമുന ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡും നോയിഡ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡും ചേര്‍ന്നാണു വിമാനത്താവളം നിര്‍മിച്ചത്. 2021 നവംബര്‍ 26നു പ്രധാനമന്ത്രി നരേന്ദ്ര മോദിയാണു നോയിഡ വിമാനത്താവളത്തിനു തറക്കല്ലിട്ടത്.

വികസനത്തിന്റെ പുതിയ അധ്യായത്തിന് ഉത്തര്‍പ്രദേശില്‍ തുടക്കം കുറിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ക്കും രാജ്യത്തിനു മൊത്തത്തിലും പദ്ധതിയുടെ ഗുണം ലഭിക്കും. പശ്ചിമേഷ്യന്‍ സംഘര്‍ഷം കാരണം ഭക്ഷണം, ഗ്യാസ്, ഇന്ധനം എന്നിവയ്ക്ക് ബുദ്ധിമുട്ടു നേരിടുന്നുണ്ട്. പ്രതിസന്ധിക്കെതിരെ ലോകരാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയും പോരാടുകയാണ്. സാധാരണക്കാരെയും ജനങ്ങളെയും ബുദ്ധിമുട്ട് ബാധിക്കാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

also read:

ആദ്യഘട്ടത്തില്‍ യുപി സര്‍ക്കാരിന്റെ 200 എസി ബസുകള്‍ വിവിധ ഭാഗങ്ങളില്‍ നിന്നു വിമാനത്താവളത്തിലേക്കു സര്‍വീസ് നടത്തും. ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ മെട്രോ സ്റ്റേഷന്‍, നോയിഡ സെക്ടര്‍ 35, സിക്കന്ദപുര്‍, ഖുര്‍ജ എന്നിവിടങ്ങളില്‍ നിന്നാണു നേരിട്ട് ബസ് ലഭിക്കുക. വിമാനത്താവളത്തിലേക്കായി പ്രത്യേക എയര്‍പോര്‍ട്ട് മെട്രോ ലൈനിന്റെ പണിയും നടക്കുന്നുണ്ട്. ഡല്‍ഹി മെട്രോയുമായും നോയിഡയിലെ അക്വാലൈനുമായും അതു ബന്ധിപ്പിക്കും. 2030 അവസാനത്തോടെ പണി പൂര്‍ത്തിയാകുമെന്നാണു വിവരം. ഓണ്‍ലൈന്‍ ടാക്‌സികള്‍ക്കായി പ്രത്യേക സൗകര്യം ഉണ്ട്. വിമാന സര്‍വീസുകള്‍ ഏപ്രില്‍ 16 നു ശേഷമേ ആരംഭിക്കൂ. ആദ്യഘട്ടത്തില്‍ ഇന്‍ഡിഗോ, ആകാശ എയര്‍, എയര്‍ ഇന്ത്യ എക്‌സ്പ്രസ് എന്നീ കമ്പനികള്‍ സര്‍വീസ് നടത്തും. ഒരു ദിവസം 30 സര്‍വീസുകള്‍ ആണുള്ളത്.

Advertisement