Home News Breaking News യാക്കോബായ സഭാ നേതൃത്വവുമായുള്ള ചര്‍ച്ചയില്‍ അഭിമാനമെന്ന് മലയാളത്തില്‍ കുറിപ്പെഴുതി പ്രധാനമന്ത്രി

യാക്കോബായ സഭാ നേതൃത്വവുമായുള്ള ചര്‍ച്ചയില്‍ അഭിമാനമെന്ന് മലയാളത്തില്‍ കുറിപ്പെഴുതി പ്രധാനമന്ത്രി

Advertisement

ന്യൂഡല്‍ഹി: യാക്കോബായ സഭാ നേതൃത്വവുമായുള്ള ചര്‍ച്ചയില്‍ അഭിമാനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മാര്‍ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയനെ നേരില്‍ കാണാന്‍ സാധിച്ചതില്‍ ഏറെ അഭിമാനമുണ്ടെന്നും കൂടിക്കാഴ്ചയില്‍ വിവിധ വിഷയങ്ങള്‍ ചര്‍ച്ചയായെന്നും മോദി എക്‌സില്‍ കുറിച്ചു. മലയാളത്തിലാണ് പ്രധാനമന്ത്രി കുറിച്ചത്.

‘അന്ത്യോഖ്യയുടെയും കിഴക്കന്‍ പ്രദേശങ്ങളുടെയും പാത്രിയര്‍ക്കീസും, ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷനുമായ പരിശുദ്ധ മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയനെ നേരില്‍ കാണാന്‍ സാധിച്ചതില്‍ ഏറെ അഭിമാനിക്കുന്നു. വിവിധ വിഷയങ്ങളില്‍ ഞങ്ങള്‍ സമഗ്രമായ ചര്‍ച്ച നടത്തി’ എന്നായിരുന്നു മോദി മലയാളത്തില്‍ കുറിച്ചത്.

ഇന്ന് ഉച്ചയോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും യാക്കോബായ സഭാ പ്രതിനിധികളും തമ്മിലുള്ള നിര്‍ണായക കൂടിക്കാഴ്ച നടന്നത്. സഭകള്‍ തമ്മിലുള്ള ഐക്യം, ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍, ദീര്‍ഘകാലമായി നിലനില്‍ക്കുന്ന സഭാ തര്‍ക്കം എന്നിവയായിരുന്നു ചര്‍ച്ചയിലെ പ്രധാന വിഷയങ്ങള്‍. വിഘടിച്ചു നില്‍ക്കുന്ന സഭകള്‍ ഒന്നിക്കേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി ഓര്‍മപ്പെടുത്തി. കോടതിക്ക് പുറത്തുള്ള തര്‍ക്കപരിഹാരത്തിനാണ് മുന്‍ഗണന നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സഭകള്‍ക്കിടയിലെ ഐക്യം വിശ്വാസികളുടെയും സമൂഹത്തിന്റെയും പുരോഗതിക്ക് അനിവാര്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ആവശ്യമായ ഇടപെടലുകള്‍ നടത്താമെന്ന് അദ്ദേഹം സഭാ പ്രതിനിധികള്‍ക്ക് ഉറപ്പ് നല്‍കി. സഭാ തര്‍ക്കത്തിന് പുറമെ, ന്യൂനപക്ഷ വിഭാഗങ്ങളിലെ പിന്നാക്കക്കാര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളും സഭ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ന്യൂനപക്ഷങ്ങളിലെ അര്‍ഹരായ വിഭാഗങ്ങള്‍ക്ക് നീതി ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സജീവമായി ഇടപെടണമെന്ന് സഭാ പ്രതിനിധികള്‍ ആവശ്യപ്പെട്ടു.

Advertisement