കാർ തടഞ്ഞ യുവാവ് ബോണറ്റിൽ; നിർത്താതെ വാഹനമോടിച്ച് യുവതിയുടെ ധാർഷ്‌ട്യം

Advertisement

ബെംഗളൂരു: യുവാവിനെ ബോണറ്റില്‍ വലിച്ചിഴച്ച് ഒരുകിലോമീറ്ററോളം കാറോടിച്ച് യുവതി. ബെംഗളൂരു നഗരത്തിലെ ജ്ഞാനഭാരതി നഗറിലാണ് സംഭവം. പ്രിയങ്ക എന്ന യുവതിയാണ് ദർശൻ എന്ന യുവാവിനെ തന്റെ എസ്‌യുവി കാറിന്റെ മുകളിൽവച്ച് കാറോടിച്ചത്. ബോണറ്റിൽനിന്ന് ഇറങ്ങാൻ കഴിയാതെ ദർശൻ, ബോണറ്റിൽ തൂങ്ങിപ്പിടിച്ചു നിൽക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.

ഇരുവരുടെയും വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചതിനു ശേഷമുണ്ടായ വാക്കുതർക്കമാണ് അതിക്രമത്തിൽ കലാശിച്ചത്. വാക്കുതർക്കത്തിനിടെ പ്രിയങ്ക വിരൽചൂണ്ടി സംസാരിച്ചെന്ന് ദർശൻ പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു. പ്രിയങ്ക പോകുന്നതു തടഞ്ഞപ്പോൾ, കാർ വേഗത്തിൽ മുൻപോട്ട് എടുക്കുകയും താൻ ബോണറ്റിലേക്ക് കയറിപോകുകയുമായിരുന്നെന്നു പരാതിയിൽ ചൂണ്ടിക്കാട്ടി.

ഇരുവരെയും ഉൾപ്പെടെ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. യശ്വന്ത്, സുജൻ, വിനയ് എന്നിവരാണ് അറസ്റ്റിലായ മറ്റു മൂന്നു പേർ. വധശ്രമക്കുറ്റമാണ് പ്രിയങ്കയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. ദർശന്റെ സുഹൃത്തുക്കള്‍ പ്രിയങ്കയുടെ കാറിന്റെ ചില്ല് തല്ലിത്തകര്‍ത്തു.

Advertisement