പൊരിവെയിലത്തു നിര്‍ത്തിയിട്ട കാറില്‍ കയറുക ബുദ്ധിമുട്ടുള്ള കാര്യമാണ്…. കാറിലെ ചൂട് കുറയ്ക്കാന്‍ ഇതാ എളുപ്പവഴി

ചൂട് ദിനം പ്രതി കൂടിവരികയാണ്. ഈ പൊരിവെയിലത്തു കാറുമായി നിരത്തിലിറങ്ങുമ്പോള്‍ നിര്‍ത്തിയിട്ട കാറില്‍ കയറുക ബുദ്ധിമുട്ടുള്ള കാര്യമാണ്. ചുട്ടുപൊള്ളുന്ന അകത്തളം യാത്ര മടുപ്പിക്കും. കാര്‍ ഓടിത്തുടങ്ങി അല്‍പം കഴിഞ്ഞാല്‍ മാത്രമെ ഉള്ളിലെ താപം കുറഞ്ഞു ക്രമപ്പെടുകയുള്ളു. ഈ അവസരത്തില്‍ എസി പരമാവധിയിട്ട് ചൂടു കുറയ്ക്കാന്‍ ശ്രമിക്കുന്നവരായിരിക്കും നമ്മളില്‍ പലരും. എന്നാല്‍ ഈ നടപടി ഫലപ്രദമാണോ? കാറിനകത്തെ ചൂടു പെട്ടെന്നു കുറയ്ക്കാനുള്ള എളുപ്പവഴി.
വെയിലത്തു നിര്‍ത്തിയിട്ട കാറിലേക്ക് കയറുമ്പോള്‍ പുറത്തുള്ളതിനെക്കാളും ചൂടു അടച്ചിട്ട അകത്തളത്തില്‍ അനുഭവപ്പെടും. ഈ അവസരത്തില്‍ ആദ്യം ചെയ്യേണ്ടത് കാറിനകത്തുള്ള ചൂടുവായു പുറത്തേക്കു വിടുകയാണ്. ഇതിനു വേണ്ടി ആദ്യം കാറിലെ വിന്‍ഡോ മുഴുവന്‍ താഴ്ത്തണം. ഒന്നോ, രണ്ടോ മിനിട്ടുകള്‍ വിന്‍ഡോ താഴ്ത്തി കാറോടിക്കാന്‍ ശ്രമിക്കണം. കാറില്‍ സണ്‍റൂഫുണ്ടെങ്കില്‍ അതും തുറന്നുവെയ്ക്കാം. പുറത്തുനിന്നും ശുദ്ധവായു കടക്കുമ്പോള്‍ കാറിനകത്തെ ചൂടുവായു പുറത്തേക്കു കടക്കും.
ചൂടു കുറയ്ക്കാന്‍ മറ്റൊരു വഴി കൂടിയുണ്ട്. ഇതിനു വേണ്ടി യാത്രക്കാരുടെ വശത്തെ വിന്‍ഡോ ആദ്യം താഴ്ത്തണം. ശേഷം ഡ്രൈവറുടെ വശത്തുള്ള ഡോര്‍ അഞ്ചു തവണ തുറക്കുകയും അടയ്ക്കുകയും ചെയ്യുക. ഇത്തരത്തില്‍ അകത്തെ ചൂടുവായുവിനെ പുറത്തേക്ക് പമ്പു ചെയ്തു വിടാം. നിമിഷങ്ങള്‍ക്കകം കാറിനകത്തെ താപം കുറയ്ക്കാന്‍ ഈ നടപടിക്ക് സാധിക്കും.
എസി പരമാവധിയിട്ട് കാര്‍ തണുപ്പിക്കാനാണ് മിക്കവരും ശ്രമിക്കാറ്. എന്നാല്‍ ഈ നടപടി കാര്യമായ ഗുണം ചെയ്യില്ല. കാരണം പരമാവധി കൂട്ടിയിട്ടാല്‍ കാറിനത്തെ വായു വലിച്ചെടുത്ത് അകത്തളം തണുപ്പിക്കാന്‍ എസി ശ്രമിക്കും. അതുകൊണ്ടു പുറത്തെക്കാള്‍ ചൂട് ഉള്ളിലുള്ളപ്പോള്‍ താപം പെട്ടെന്നു കുറയില്ല. ഈ അവസരത്തില്‍ എസി സാധാരണ പോലെ പ്രവര്‍ത്തിപ്പിച്ചിടുക. പുറത്തുനിന്നും വായു വലിച്ചെടുത്തു ഉള്ളിലെ താപം കുറയ്ക്കാനാണ് ഈ സന്ദര്‍ഭത്തില്‍ എസി ശ്രമിക്കുക.
കാറിനകത്തെ ചൂട് തെല്ലൊന്നു കുറഞ്ഞാല്‍ ഡോര്‍ വിന്‍ഡോകള്‍ താഴ്ത്തി എസി പരമാവധി ക്രമീകരിക്കാം. ഈ സമയം കൊണ്ടു കാറിനുള്ളിലെ താപം ക്രമപ്പെട്ടിരിക്കും.

Advertisement