നമിതയുടെ കോഫി ഷോപ്പിൽ സർപ്രൈസ് വിസിറ്റുമായി മമ്മൂട്ടി; ചിത്രങ്ങൾ

Advertisement

കൊച്ചി: നമിത പ്രമോദ് തുടങ്ങിയ പുതിയ കോഫി ഷോപ്പിൽ സർപ്രൈസ് അതിഥിയായി എത്തി മെഗാ സ്റ്റാർ മമ്മൂട്ടി. നമിത തന്നെയാണ് മമ്മൂട്ടിക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് ഈ വിവരം ആരാധകരെ അറിയിച്ചത്. ‘‘നോക്കൂ ആരാണ് സമ്മർ ടൗൺ റെസ്റ്റോ കഫെയിൽ എത്തിയിരിക്കുന്നത്. ഇതിൽ കൂടുതൽ മറ്റെന്തുവേണം. ഈ വലിയ സർപ്രൈസിന് നന്ദി മമ്മൂക്ക.’’–നമിത പ്രമോദ് കുറിച്ചു.

കൊച്ചി പനമ്പളളി നഗറിലാണ് നമിത പുതിയ റസ്റ്ററന്റ് തുടങ്ങിയിരിക്കുന്നത്. സമ്മർ ടൗൺ റെസ്റ്റോ കഫെ എന്നാണ് കടയുടെ പേര്. കഴിഞ്ഞ ദിവസമായിരുന്നു ഉദ്ഘാടനം. നമിതയുടെ അടുത്ത സുഹൃത്തുക്കളായ അനു സിത്താര, അപർണ ബാലമുരളി, രജിഷ വിജയൻ, മിയ എന്നിവർ ചേർന്നാണ് കോഫി ഷോപ്പ് ഉദ്ഘാടനം ചെയ്തത്. നാദിർഷയുടെ മക്കളായ ആയിഷ, ഖദീജ, മീനാക്ഷി ദിലീപ് എന്നിവരടക്കം നിരവധിപേർ ഉദ്ഘാടനത്തിന് എത്തിയിരുന്നു.

വസ്ത്രവ്യാപാരരംഗത്തും നൃത്ത രംഗത്തും വിജയം നേടിയ നടിമാർ മലയാളത്തിൽ സജീവമാണ്. എന്നാൽ അതിൽ നിന്നൊക്കെ മാറി ചിന്തിച്ചാണ് തന്റെ സ്വപ്ന പദ്ധതിയുമായി നമിത എത്തുന്നത്.

ജയസൂര്യ നായകനായ ഈശോയിലാണ് നമിത പ്രമോദ് ഒടുവിൽ അഭിനയിച്ചത്. ചിത്രം സോണി ലിവിൽ ഡയറക്ട് ഒടിടി റിലീസായിരുന്നു. തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം മൊഴി മാറ്റി എത്തിയിരുന്നു. കാളിദാസ് ജയറാം നായകനാകുന്ന രജ്നി, ഗോകുൽ സുരേഷിന്റെ എതിരെ, ആസിഫ് അലിയുടെ എ രഞ്ജിത് സിനിമ എന്നിവയാണ് നമിതയുടെ പുതിയ പ്രോജക്ടുകൾ.

Advertisement