കാരാളി മുക്കിനെ സൗദി അറേബ്യപോലെ ആക്കണമെന്നാണ് അബ്ദുൽ റഹിമാന്‍റെ സ്വപ്നം പക്ഷേ നാട്ടുകാര്‍ സഹകരിക്കണം

ശാസ്താംകോട്ട:വിദേശത്തെ നിരത്തുകളും അവിടുത്തെ വൃത്തിയും ഒക്കെ കണ്ട് അതിശയിക്കുന്നവരും അവിടെ കൃത്യമായി അത് മറവു ചെയ്യുന്നവരും നാട്ടിലെത്തുമ്പോള്‍ വീട്ടിലെ ചവറും അഴുക്കും വാരി റോഡിലിടും. അത്തരം നൂറുകണക്കിന് ആള്‍ക്കാര്‍ കടന്നുപോകുന്ന കാരാളിമുക്കില്‍ ഈ വയോധികന്‍റെ പ്രവൃത്തി കണ്ണ് നനയിക്കും. വൃത്തിയുടെയും വെടിപ്പിൻ്റെയും കാര്യത്തിൽ കാരാളി മുക്കിനെ നന്നാക്കാൻ തുനിഞ്ഞിറങ്ങിയിരിക്കുകയാണ് 72 കാരനായ കണത്താർകുന്നം, പാട്ടുപുരവടക്കതിൽ അബ്ദുൽ റഹിമാൻ. കാരാളിമുക്കിലുള്ള രണ്ട് റെയിൽവേ മേൽപ്പാലങ്ങളുടെ മുകളിലും ഇതിനോടനുബന്ധിച്ചുള്ള വഴികളിലും കാടുപിടിച്ചും മാലിന്യം കുന്നുകൂടിയും കിടന്ന സ്ഥലങ്ങൾ വൃത്തിയാക്കുന്ന തിരക്കിലാണ് ഇപ്പോൾ ഇദ്ദേഹം.

കടപുഴ ഭാഗത്തേക്കുള്ള പാലം വ്യത്തിയാക്കി കഴിഞ്ഞു.ഇപ്പോൾ ശാസതാംകോട്ട ഭാഗത്തേക്കുള്ള പാലം വ്യത്തിയാക്കി കൊണ്ടിരിക്കുകയാണ്. വെറുതേ കാടുകൾ വെട്ടി പോവുകയല്ല. ഈ ഭാഗത്തുള്ള പുല്ല് വരെ ചെത്തി, യാത്രയ്ക്ക് അസൗകര്യമായി പാലത്തിൽ കിടക്കുന്ന മൺകൂനകൾ വരെ അവിടെ നിന്ന് മാറ്റിയാണ് വൃത്തിയാക്കുന്നത്. 37 വർഷം സൗദിയിലെ റോഡുകളും പാർക്കുകളും ഉൾപ്പെടെയുള്ള പൊതു സ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കുകയും ചെടികളും മറ്റും വെച്ച് പിടിപ്പിക്കുന്ന ജോലി ചെയ്തുവരികയായിരുന്നു.രണ്ട് മാസം മുമ്പാണ് നാട്ടിൽ വന്നത്.

കാരാളിമുക്കിലെ രണ്ട് പാലങ്ങളുടെയും കാട് മൂടി കിടക്കുന്ന അവസ്ഥ കണ്ട് ഇത് വൃത്തിയാക്കാൻ സ്വയം സന്നദ്ധനായി ഇറങ്ങുകയായിരുന്നു. കാരാളിമുക്ക്
ജുമാ മസ്ജിദിലെ നിസ്ക്കാരത്തിന് ശേഷം സമയം പോലെയാണ് വൃത്തിയാക്കൽ നടക്കുന്നത്. ഇപ്പോഴത്തെ പ്രവർത്തി തുടങ്ങിയിട്ട് രണ്ടാഴ്ച പിന്നിട്ടിട്ടുണ്ട്. തിരക്കേറിയ റോഡിൽ ഇദ്ദേഹം ചെയ്യുന്ന പ്രവർത്തനം കണ്ടിട്ട് പലരും അഭിനന്ദനവുമായി വന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം മറ്റൊരാൾ കുടി സ്വയം സന്നദ്ധനായി ഇദ്ദേഹത്തോടൊപ്പം ചേർന്നിരുന്നു.
വൃത്തിയാക്കുന്ന ഭാഗങ്ങളിൽ ചെടികളും മറ്റും വച്ച് പിടിപ്പിക്കുവാനും ലക്ഷ്യമിടുന്നു.

Advertisement