കഞ്ചാവ് വില്‍പനയെന്ന വിവരം അന്വേഷിച്ചു ചെന്നപ്പോള്‍ തുളസി സ്വന്തം കഞ്ചാവുമരത്തിന്‍റെ കാറ്റേറ്റ് വിലസുന്നു, കൊട്ടാരക്കരയില്‍ എക്സൈസുകാരെ ഞെട്ടിച്ച കഞ്ചാവുവേട്ട

കൊട്ടാരക്കര : കഞ്ചാവ് ഉപയോഗവും വില്‍പ്പനയും നടത്തിയെന്ന വിവരം പരിശോധിക്കാന്‍ എത്തിയ എക്‌സൈസുകാര്‍ അന്തംവിട്ടു. മരം പോലെ വളര്‍ന്ന സ്വന്തം കഞ്ചാവിന്റെ കാറ്റേറ്റ് തുളസി വിലസുന്നു.
വീട്ടില്‍ കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയതിന് കൊട്ടാരക്കര താലൂക്കില്‍ മേലില വില്ലേജില്‍ കണിയാന്‍കുഴി കാരാണിയില്‍ തുളസിയാണ് എക്സൈസ് വകുപ്പിന്റെ പിടിയിലായത്.

തുളസി, കഞ്ചാവ് ഉപയോഗിക്കുകയും വില്‍ക്കുകയും ചെയ്യുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. തുടര്‍ന്ന് ഇവരുടെ വീട്ടുമുറ്റത്ത് നിന്ന് 10 അടി ഉയരവും 61 ശിഖരത്തോടും കൂടിയ വിളവെടുക്കാന്‍ പാകമായ കഞ്ചാവ് ചെടി കണ്ടെടുക്കുകയായിരുന്നു. കഞ്ചാവ് വാങ്ങുന്നതിന് കൂടുതല്‍ ചിലവ് വരുന്ന സാഹചര്യത്തിലാണ് നട്ടുവളര്‍ത്താന്‍ തീരുമാനിച്ചതെന്ന് തുളസി പറഞ്ഞു. വീട്ടുമുറ്റത്ത് തുളളിച്ചെടി നടുംപോലെ വളരെ പവിത്രമായാണ് തുളസി കഞ്ചാവുചെടി വളര്‍ത്തിയിരുന്നത്. തോട്ടക്കാരിയുടെ ഇരട്ടിയോളം വളര്‍ന്നനിലയിലായിരുന്നു കഞ്ചാവ്.

എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സഹദുള്ള പി.എയുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ പ്രിവന്റീവ് ഓഫീസര്‍ ഷിലു .എ, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ നഹാസ്.റ്റി, സുനില്‍ ജോസ്, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ ജിഷ, എക്സൈസ് ഓഫീസര്‍ മുബിന്‍ എന്നിവര്‍ പങ്കെടുത്തു.

Advertisement