കുന്നത്തൂർ:രണ്ട് വിവാഹങ്ങൾ മറച്ചുവച്ച് കുന്നത്തൂരിൽ നിന്നും പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതിയെ വിവാഹം കഴിച്ച കൊല്ലം കണ്ണനല്ലൂർ സ്വദേശി റെജി (39),ബന്ധുവായി എത്തിയ മാവേലിക്കര കൊല്ലകടവ് സ്വദേശി ജിജോ (22) എന്നിവരെ കുടുക്കിയത് തന്ത്രപരമായ നീക്കങ്ങളിലൂടെ.
ജോബിൻ എന്ന വ്യാജ പേരാണ് റെജി യുവതിയോടും ബന്ധുക്കളോടും പറഞ്ഞിരുന്നത്.മുമ്പ് കണ്ണനല്ലൂർ,നല്ലില എന്നിവിടങ്ങളിൽ നിന്നായി രണ്ട് വിവാഹങ്ങൾ കഴിച്ചിട്ടുള്ള ഇയ്യാൾക്ക് ഇരു വിവാഹങ്ങളിലുമായി നാല് മക്കളുമുണ്ട്.മൂന്നാം വിവാഹം കഴിച്ചതറിഞ്ഞ ഇതിൽ ഒരു യുവതി കുന്നത്തൂരിൽ അന്വേഷണം നടത്തിയതും ശാസ്‌താംകോട്ട പൊലീസിൽ നൽകിയ പരാതിയുമാണ് വഴിത്തിരിവായത്.കഴിഞ്ഞ ഞായറാഴ്ചയാണ് കുന്നത്തൂർ സ്വദേശിനിയുമായുള്ള വിവാഹം ആർഭാടപൂർവ്വം നടന്നത്.യുവതിയും യുവാവും തിരുവനന്തപുരത്തെ ഒരു സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരായിരുന്നു.വർഷങ്ങളായി ഇവർ സൗഹൃദത്തിലാണെന്നും പലപ്പോഴും യുവതിയുടെ വീട്ടിൽ എത്താറുണ്ടായിരുന്നെന്നും പറയപ്പെടുന്നു.ഈ ബന്ധമാണ് വിവാഹത്തിലേക്ക് നയിച്ചത്.
ജാതി മാറി വിവാഹം കഴിക്കുന്നതിനാൽ വീട്ടുകാർ സഹകരിക്കില്ലെന്ന് ഇയ്യാൾ യുവതിയുടെ വീട്ടുകാരെ വിശ്വസിപ്പിച്ചിരുന്നു.ഇതിനാൽ യുവതിയുടെ പിതാവ് വിവാഹശേഷം ഇവർക്ക് കഴിയാൻ കല്ലുവാതുക്കലിൽ വാടക വീടും എടുത്തു നൽകിയിരുന്നു.വിവാഹത്തിൻ്റെ പിറ്റേ ദിവസമാണ് ഇയ്യാൾ രണ്ടാമത് വിവാഹം കഴിച്ച യുവതിയും മക്കളും ഇയ്യാളെ തേടിയെത്തിയത്.എന്നാൽ ജംഗ്ഷനിലെ കച്ചവടക്കാരോടും ഓട്ടോ ഡ്രൈവർമാരോടും അന്വേഷിച്ചെങ്കിലും
ഇയ്യാളെ കുറിച്ച് വിവരങ്ങളൊന്നും അറിയാത്തതിനാൽ എല്ലാവരും കൈമലർത്തി.കഴിഞ്ഞ ദിവസം തൊട്ടടുത്ത ക്ഷേത്രത്തിൽ ഒരു വിവാഹം നടന്നിരുന്നതായി ഇവർ യുവതിയെ അറിയിക്കുകയും ചെയ്തു.വിവാഹക്ഷണ കത്തിൽ യുവാവ് വ്യാജപേരാണ് നൽകിയിരുന്നത്.തുടർന്ന് ചൊവ്വാഴ്ച ഇവർ ശാസ്‌താംകോട്ട പൊലീസിൽ പരാതി നൽകി.പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങൾ പുറത്തെത്തിയത്.തുടർന്ന് നേരിട്ട് ഇടപെടാതെ,മൂന്നാം വിവാഹത്തിനിരയായ യുവതിയുടെ വീട്ടുകാരെ പൊലീസ് വിവരങ്ങൾ ധരിപ്പിച്ചു.ബുധനാഴ്ച വൈകിട്ടോടെ അടൂരിൽ ഒരു ബന്ധു മരിച്ചതായും ഇതിൽ പങ്കെടുക്കാൻ എത്തണമെന്നും യുവതിയുടെ പിതാവ് അറിയിച്ചു.ഇതനുസരിച്ച് രാത്രി 8 ഓടെ യുവതിയുടെ വീട്ടിലെത്തിയ യുവാവിന് കാര്യങ്ങളത്ര പന്തിയല്ലെന്ന് ബോധ്യമായി.
ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇയ്യാളെ പിടികൂടി പൊലീസിനു കൈമാറുകയായിരുന്നു.തുടർന്ന് രാത്രി 11.30 ഒടെ തട്ടിപ്പിപ്പുവീരനെ തിരക്കി ഓട്ടോയിലെത്തിയ മാവേലിക്കര കൊല്ലകടവ് സ്വദേശി ജിജോയെയും (22) നാട്ടുകാർ പിടികൂടി പൊലിസിന് കൈമാറി.കല്ലുവാതുക്കലിൽ നിന്നും യുവതിയുടെ വീട്ടിലേക്ക് എത്തുമ്പോൾ കൂടെ കൂട്ടിയ ജിജോയെ പുത്തൂരിൽ നിർത്തിയിട്ടാണ് പോയത്.എത്താൻ വൈകിയതിനെ തുടർന്നാണ് ഇയ്യാൾ ഓട്ടോ പിടിച്ച് തിരക്കിയെത്തിയത്.വിവാഹ ആലോചനയുടെ തുടക്കം മുതൽ ബന്ധു ചമഞ്ഞെത്തിയത് ഇയ്യാളായിരുന്നു.അതിനിടെ ജിജോ വിദേശ ജോലിയുമായി ബന്ധപ്പെട്ട് റെജിയുടെ കെണിയിൽ അകപ്പെട്ടതായാണ് വിവരം.വിദേശത്ത് ജോലി തരപ്പെടുത്താമെന്ന് അറിയിച്ച് പലപ്പോഴായി ജിജോയുടെ വീട്ടുകാരിൽ നിന്നും 35 ലക്ഷം രൂപ തട്ടിയെടുത്തിരുന്നുവത്രേ.മാസങ്ങൾക്കു മുമ്പ് ജിജോയെ തട്ടിക്കൊണ്ടുപോയി തൻ്റെ കസ്റ്റഡിയിൽ നിർത്തിയ ശേഷം വിദേശത്താണെന്ന് വീട്ടുകാരെ അറിയിച്ചു.മകൻ വിദേശത്താണെന്ന് കരുതിയിരിക്കവേയാണ് വീട്ടകാരെ തേടി പൊലീസിൻ്റെ വിളി എത്തിയത്.


































