27.6 C
Kollam
Wednesday 15th July, 2026 | 06:44:24 PM
Home News Breaking News കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസിലെ പ്രോസിക്യൂഷൻ അനുമതി സംബന്ധിച്ച കോടതിയലക്ഷ്യ നടപടി, സംസ്ഥാന സർക്കാരിനെതിരെ...

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസിലെ പ്രോസിക്യൂഷൻ അനുമതി സംബന്ധിച്ച കോടതിയലക്ഷ്യ നടപടി, സംസ്ഥാന സർക്കാരിനെതിരെ കടുത്ത വിമർശനവുമായി കേരള ഹൈക്കോടതി

കൊച്ചി.കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസിലെ പ്രോസിക്യൂഷൻ അനുമതി സംബന്ധിച്ച കോടതിയലക്ഷ്യ നടപടിയിൽ, സംസ്ഥാന സർക്കാരിനെതിരെ കടുത്ത വിമർശനവുമായി കേരള ഹൈക്കോടതി. കോടതിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച ശേഷം മാപ്പപേക്ഷ നൽകുന്നത് വിഷയത്തിന്റെ ഗൗരവം കുറയ്ക്കില്ലെന്ന് ജസ്റ്റിസ് ബദറുദ്ദീൻ വ്യക്തമാക്കി. മാപ്പപേക്ഷ സ്വീകരിക്കണമോ, കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ട് പോകണമോയെന്ന കാര്യത്തിൽ കോടതി വിധി പറയാനായി മാറ്റി

പ്രോസിക്യൂഷൻ അനുമതി നൽകാനുള്ള അധികാരം സർക്കാരിനാണെന്നും എന്നാൽ അത് നിയമപരമായും രേഖകളുടെ അടിസ്ഥാനത്തിലുമായിരിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഏകപക്ഷീയമായോ പക്ഷപാതപരമായോ അനുമതി നിഷേധിച്ചാൽ കോടതി അത് റദ്ദാക്കുമെന്നും, ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ കോടതിയലക്ഷ്യ നടപടിയും സ്വീകരിക്കുമെന്നും ജസ്റ്റിസ് ബദറുദ്ദീൻ മുന്നറിയിപ്പ് നൽകി.

കോടതി ഉത്തരവുകളെ വെല്ലുവിളിക്കുന്ന സമീപനം അംഗീകരിക്കാനാവില്ലെന്നും, “കോടതിയുടെ പരിശോധനയ്ക്ക് വിധേയരാകില്ല” എന്ന സന്ദേശം നൽകുന്ന നടപടികൾ ഭരണഘടനാ സംവിധാനത്തിന് വിരുദ്ധമാണെന്നും കോടതി നിരീക്ഷിച്ചു. 17 വർഷത്തെ സർവീസുള്ള ഒരു ഉദ്യോഗസ്ഥൻ കോടതിക്കെതിരെ ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉന്നയിച്ചതും, ആ രേഖ വാർത്താസമ്മേളനത്തിൽ പ്രചരിപ്പിക്കാൻ നൽകിയതും നീതിന്യായ വ്യവസ്ഥയെ സമ്മർദ്ദത്തിലാക്കാനുള്ള ശ്രമമായാണ് കോടതി വിലയിരുത്തിയത്. ഇത്തരത്തിലുള്ള നടപടികൾ അനുവദിക്കാനാവില്ലെന്നും ജസ്റ്റിസ് വ്യക്തമാക്കി. ഇത് നാക്കുപിഴയല്ലെന്നും ബോധപൂർവം ആസൂത്രണം ചെയ്ത നടപടി ആണെന്നും ഹരജിക്കാരൻ്റെ അഭിഭാഷകനും കോടതിയെ അറിയിച്ചു. ഇതിനിടെ, പ്രോസിക്യൂഷൻ അനുമതി ഉത്തരവ് ഇതുവരെ സി.ബി.ഐയ്ക്ക് കൈമാറിയിട്ടില്ലെന്ന് സി.ബി.ഐ സ്റ്റാൻഡിംഗ് കൗൺസിൽ കോടതിയെ അറിയിച്ചു. തുടർന്ന്, ഉത്തരവ് ഇന്നുതന്നെ സി.ബി.ഐയ്ക്ക് കൈമാറാൻ സെക്രട്ടറിക്ക് ഹൈക്കോടതി നിർദേശം നൽകി. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും
.

LEAVE A REPLY

Please enter your comment!
Please enter your name here