ചവറ. വിദ്യാർഥികളെ കിട്ടാതെ സകൂൾ പൂട്ടി. ചവറ ഉപജില്ലയിലെ വടക്കുംഭാഗം എൻഎസ്എസ് എൽപി സ്കൂളാണ് പൂട്ടിയത്. വടക്കുംഭാഗം എൻഎസ്എസ് കരയോഗത്തിന്റെ ഉടമസ്ഥതയിലുള്ള എയ്‌ഡഡ് സ്കൂളിൽ ആറാം പ്രവൃത്തിദിനത്തിലെ കണക്കെടുപ്പിൽ ഒരു വിദ്യാർഥിപോലും ഉണ്ടായില്ല.
പ്രവേശനോത്സവത്തിൽ ചില പൂർവവിദ്യാർഥികൾ മാത്രമാണ് പങ്കെടുത്തത്. കഴിഞ്ഞ അധ്യയനവർഷം അവസാനിക്കുന്പോൾ രണ്ട് ഡിവിഷനുണ്ടായിരുന്നു. മാർച്ച് 31ന് പ്രധാനാധ്യാപികയും മെയ് 31ന് മറ്റൊരു അധ്യാപികയും വിരമിച്ചു. ഇതോടെ കുട്ടികൾ ടിസി വാങ്ങിപ്പോയി.
ഏറെ ചരിത്രപ്രാധാന്യമുള്ള സ്കൂൾ 1959ൽ ആണ് പ്രവർത്തനംതുടങ്ങിയത്. പ്രദേശത്തെ വീടുകളിൽ മൺകുടം വച്ച് ദിവസവും ഒരുപിടി അരിയിട്ട് കുടം നിറയുമ്പോൾ അരി വിറ്റ് ഉണ്ടാക്കിയ പണത്തിന് നിർമ്മിച്ച സ്കൂൾ ആണ് പൂട്ടിയത്.
പല സമുദായങ്ങളുടെയും സ്‌കൂൾ നിലനിർത്താൻ ആ സമുദായം പ്രത്യേക ശ്രദ്ധ ചെലുത്തുമ്പോൾ എൻ എസ് എസ് അത്തരമൊരു ശ്രമവും നടത്തുന്നില്ലെന്ന് സമുദായാംഗങ്ങൾക്കുതന്നെ ആക്ഷേപമുണ്ട്.
ഇംഗ്ലീഷ് മീഡിയം സിബിഎസ് ഇ സ്കൂളുകളിലേക്ക് കുട്ടികളെ അയയ്ക്കാനാണ് രക്ഷിതാക്കൾക്ക് താല്പര്യമേറെ. സംസ്ഥാന സിലബസ് മതിയെന്നു വയ്ക്കുന്നവരെ എയിഡഡ് സ്കൂളുകൾ വാഹനമടക്കം സൗകര്യങ്ങളുമായി റാഞ്ചി കൊണ്ടുപോകും. ഓരോ കുട്ടിക്കും ഇത്ര രൂപ എന്ന് നിശ്ചയിച്ച് ചിലവിട്ടാണ് ഇത്തരം സ്കൂളുകാർ കുട്ടികളെ റാഞ്ചുക ഇതിന്നോട് പോരടിക്കാനാവാതെ ഡിവിഷൻ നഷ്ടമായി അതിൻ്റെ പാരമ്യത്തിലാണ് പൂട്ടിക്കെട്ടൽ.



































