Home News Local പരിസ്ഥിതി സ്നേഹിയായ പഞ്ചായത്ത് പ്രസിഡന്റ് ഇനി മന്ത്രിയുടെ അഡീഷണല്‍പ്രൈവറ്റ് സെക്രട്ടറി

പരിസ്ഥിതി സ്നേഹിയായ പഞ്ചായത്ത് പ്രസിഡന്റ് ഇനി മന്ത്രിയുടെ അഡീഷണല്‍പ്രൈവറ്റ് സെക്രട്ടറി

ശാസ്താംകോട്ട. പരിസ്ഥിതി സ്നേഹിയായ പടിഞ്ഞാറേകല്ലടയുടെ മുന്‍ പ്രസിഡന്‍റ് ബി തൃദീപ് കുമാറിന്‍റെ പുതിയ സ്ഥാന ലബ്ദ്ധി നാടിന് ആഹ്ളാദമായി. കരമണല്‍ഖനനം മൂലം നാശപ്രായമായ പഞ്ചായത്തിനെ തിരികെ കൊണ്ടുവരാന്‍ ഖനനം തടയുകയും തൊഴില്‍ നഷ്ടമായവര്‍ക്കുവേണ്ടി സോളാര്‍പദ്ധതി വിഭാവനചെയ്യുകയും ചെയ്ത ഈ കോണ്‍ഗ്രസ് നേതാവ് മന്ത്രി ബിന്ദുകൃഷ്ണയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കപ്പെട്ടിരിക്കയാണ്.

കല്ലട ആറിന്‍റ തീരത്ത് പടിഞ്ഞാറേകല്ലട പഞ്ചായത്ത് ഖനനം മൂലം കുപ്രസിദ്ധി ആര്‍ജ്ജിച്ച കാലമായിരുന്നു 2000ന് ശേഷമുള്ള കാലം. ചെളികുത്തി തീര്‍ന്നപ്പോള്‍ സ്വര്‍ണനിറമുള്ള മണല്‍ തോപ്പുകളില്‍ കണ്ടെത്തി. ഇത് കണക്കില്ലാതെ കുത്തിക്കോരാന്‍ കരാറുകാര്‍ പറന്നിറങ്ങി. എല്ലാ പാർട്ടിക്കാരും ഖനനത്തിന് അനുകൂലമായിരുന്നു. നാട് മണൽ ചെളി കരാറുകാരുടെ നിയന്ത്രണത്തിലായി.  ഒരു നിയമ വ്യവസ്ഥക്കും അധികാരികള്‍ക്കും ഇത് നിയന്ത്രിക്കാനാവാതെവന്നതോടെ പരിസ്ഥിതിപ്രവര്‍ത്തകര്‍ സമരവുമായി എത്തി. പടിഞ്ഞാറേകല്ലട സംരക്ഷണ സമിതിയുടെ പ്രവര്‍ത്തകനായിരുന്ന ബി തൃദീപ് കുമാര്‍ അടുത്ത പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചു ജയിച്ചു. കോണ്‍ഗ്രസ് ഭൂരിപക്ഷം നേടിയ പഞ്ചായത്തില്‍ ഇടതുപക്ഷത്തെയും യുവാക്കളായ ചിലര്‍ ഖനനത്തെ എതിര്‍ക്കുന്നവരായി രംഗത്തുണ്ടായിരുന്നു.

പഞ്ചായത്തില്‍ നിന്നും ഖനന സംഘങ്ങളെ പുറത്താക്കുന്നതിന് കോടതി ഉത്തരവുപോലും പര്യാപ്തമാവാതിരുന്നകാലം, പൊലീസും റവന്യൂവും പ്രാദേശിക രാഷ്ട്രീയ കക്ഷികളും എല്ലാം കരമണല്‍ഖനനക്കാര്‍ക്കുവേണ്ടി നിന്നു. പഞ്ചായത്ത് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട തൃദീപ്കുമാര്‍ എല്ലാ യുവാക്കളേയും ചേര്‍ത്ത് ശക്തമായ നടപടിക്കായി ഇറങ്ങി.ജില്ലാ കലക്ടറെ കണ്ട് പഞ്ചായത്തിന് പുറത്തേക്കുള്ള മുഴുവന്‍ റോഡുകളിലും പൊലീസ് പിക്കറ്റു സ്ഥാപിക്കുകയും പഞ്ചായത്തില്‍ ഖനനം നിരോധിച്ച് ഉത്തരവാകുകയും ചെയ്തു.

വള്ളങ്ങളെ പഞ്ചായത്തിന്‍റെ പുഞ്ചകളില്‍നിന്നും പുറത്താക്കിയത് ചരിത്ര സംഭവമായിരുന്നു. ഒരു പാട് എതിര്‍പ്പുകളെ നേരിട്ടാണ് തൃദീപ് വിപ്ളവകരമായ ആ നേട്ടം സാധ്യമാക്കിയത്. നാട്ടുകാര്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്ന പ്രശ്നം മുന്നോട്ടുവച്ച് ആണ് എല്ലാവരും ഖനനം പ്രോല്‍സാഹിപ്പിച്ചിരുന്നത്. ബദല്‍തൊഴില്‍സാധ്യതകള്‍ അന്വേഷിച്ച് വലിയ സെമിനാറുകള്‍ നടന്നു. അതിലേക്ക് എസ്എം വിജയാനന്ദ് അടക്കമുള്ള പ്രമുഖരെ എത്തിക്കാന്‍ തൃദീപിനുകഴിഞ്ഞു. അന്ന് ചര്‍ച്ചകളിലൂടെ വിഭാവനചെയ്തതാണ് സോളാര്‍ പദ്ധതി . ഖനനം മൂലം പാഴ്‌നിലമായ പാടങ്ങൾക്കുമീതേ ഫ്ലോട്ടിങ് സോളാർ പാനലുകൾ.  അതാണ് അടുത്തിടെ ഇന്ത്യന്‍പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയില്‍ വന്ന് നിര്‍മ്മാണോദ്ഘാടനം നടത്തിയത്.ഖനനം പൂര്‍ണമായി നിലച്ച പഞ്ചായത്തില്‍ ഇപ്പോഴും നാലുമാസത്തിലൊരിക്കല്‍ ജില്ലാ കലക്ടറുടെ ഖനന നിരോധന ഉത്തരവു പുതുക്കാറുണ്ട്. രാഷ്ട്രീയ കളികള്‍മൂലം പഞ്ചായത്തില്‍ പക്ഷേ പിന്നെ കോണ്‍ഗ്രസ് അധികാരത്തിലെത്തിയില്ലെന്ന് വേറേ കാര്യം. തൃദീപ് അഭിഭാഷകവൃത്തിയുമായി മുന്നോട്ടുപോയി. കഴിഞ്ഞ പഞ്ചായത്തില്‍ വീണ്ടും തൃദീപ് മെമ്പറായിരുന്നു. ശാസ്താംകോട്ട തടാക സംരക്ഷണ സമിതി പ്രവര്‍ത്തകന്‍ എന്ന നിലയില്‍ തടാക സംരക്ഷണ സമരത്തിലും തൃദീപ് സജീവ സാന്നിധ്യമായിരുന്നു. ഡിസിസി ജനറല്‍ സെക്രട്ടറിയായ തൃദീപിന് മന്ത്രിയുടെ ഓഫിസിലെ ശ്രദ്ധേയമായ ചുമതലയാണ് പാര്‍ട്ടി ഇപ്പോള്‍ ഏല്‍പ്പിച്ചുനല്‍കിയത്.

കുന്നത്തൂര്‍ താലൂക്കില്‍ യുവനേതാക്കളില്‍ ശാന്തനും ഭാവനാസമ്പന്നനുമായ തൃദീപിന്‍റെ സ്ഥാനലബ്ദ്ധിയില്‍ നാടിന് ഒട്ടാകെ ആഹ്ളാദമാണ്