Home News Local ഏഴാംമൈലിൽ വാഹനാപകടം:പാറ കയറ്റിയെത്തിയ ടോറസ് ലോറി പാഞ്ഞു കയറി രണ്ട് കാറുകൾ തകർന്നു;ആളപായം ഒഴിവായത് തലനാരിഴയ്ക്ക്

ഏഴാംമൈലിൽ വാഹനാപകടം:പാറ കയറ്റിയെത്തിയ ടോറസ് ലോറി പാഞ്ഞു കയറി രണ്ട് കാറുകൾ തകർന്നു;ആളപായം ഒഴിവായത് തലനാരിഴയ്ക്ക്

Advertisement

ശാസ്‌താംകോട്ട:ദേശീയ പാതയിൽ ഏഴാംമൈലിൽ പാറ കയറ്റിയെത്തിയ ടോറസ് ലോറി പാഞ്ഞുകയറി രണ്ട് കാറുകൾ തകർന്നു.വ്യാഴം പകൽ 12 ഓടെയാണ് സംഭവം.അടൂർ ഭാഗത്തു നിന്നുമെത്തിയ ലോറി നെടിയവിള റോഡിൽ നിന്നും ഏഴാംമൈൽ ജംഗ്ഷനിലേക്ക് കയറുകയായിരുന്ന കാറിൻ്റെ മുൻ ഭാഗത്ത് ഇടിക്കുകയും,തുടർന്ന് നിയന്ത്രണം വിട്ട ലോറി എതിർഭാഗത്ത് നിർത്തിയിട്ടിരുന്ന മറ്റൊരു കാറിലേക്ക് ഇടിച്ചു കയറുകയുമായിരുന്നു.

ഇടിയുടെ ആഘാതത്തിൽ ഈ കാർ പൂർണമായും തകർന്നു.കാറിൽ യാത്രക്കാർ ഇല്ലാതിരുന്നതിനാൽ ഒഴിവായത് വൻ ദുരന്തമാണ്.യാത്രക്കാർ വാഹനം നിർത്തിയിട്ട് തൊട്ടടുത്ത എടിഎം ൽ കയറിയിരുന്നു.ലോറി ആദ്യം ഇടിച്ച കാർ ഭാഗികമായി തകരുകയും യാത്രക്കാർക്ക് നിസാര പരിക്കേൽക്കുകയും ചെയ്തു.

അശാസ്ത്രീയ റോഡ് നിർമ്മാണം കാരണം കൊല്ലം,പത്തനംതിട്ട ജില്ലാ അതിർത്തിയായ ഏഴാംമൈൽ ജംഗ്ഷനിൽ അപകടങ്ങൾ പതിവാണെന്ന് നാട്ടുകാർ പറയുന്നു.ഒരാഴ്ച മുമ്പ് കാറും ബൈക്കും കൂട്ടിമുട്ടിയുണ്ടായ അപകടത്തിൽ മണ്ണടി സ്വദേശിയായ 23 കാരൻ മരിക്കുകയും മാതാവിന് പരിക്കോൽക്കുകയും ചെയ്തിരുന്നു.വാഹനങ്ങൾ കൂട്ടിമുട്ടിയുള്ള അപകടങ്ങൾ പതിവാണ്.അടിയന്തിരമായി ജംഗ്ഷനിൽ സിഗ്‌നൽ ലൈറ്റ് സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.എന്നാൽ കൊല്ലം,പത്തനംതിട്ട ജില്ലാ അതിർത്തി,കുന്നത്തൂർ,അടൂർ താലൂക്ക് അതിർത്തി,കടമ്പനാട്,കുന്നത്തൂർ, പോരുവഴി പഞ്ചായത്ത് അതിർത്തി,ശൂരനാട്,ശാസ്താംകോട്ട, ഏനാത്ത് പോലീസ് സ്റ്റേഷൻ അതിർത്തി എന്നിവയായതിനാൽ ഏഴാംമൈലിനെ അധികൃതർ അവഗണിക്കുകയാണെന്ന് പ്രദേശവാസികളും വ്യാപാരികളും ആരോപിക്കുന്നു.

Advertisement