വയല്‍ പാട്ടുകളിലൂടെ ഉയര്‍ന്നുവന്ന കലയ്ക്ക് കറുപ്പും വെളുപ്പുമില്ലെന്ന് സത്യഭാമമാര്‍ ഓര്‍ക്കണം,കുരീപ്പുഴ

എം നിസാര്‍ സ്മാരക കവിതാ അവാര്‍ഡ് ബി സി രാജേഷിന് സമര്‍പ്പിച്ചു

ശാസ്താംകോട്ട. കല വയല്‍ പാട്ടുകളിലൂടെയാണ് ഉയര്‍ന്നുവന്നതെന്നും കലാ പ്രവര്‍ത്തനത്തെ ജാതീയമായി വേര്‍തിരിക്കരുതെന്നും കവി കുരീപ്പുഴ ശ്രീകുമാര്‍ പറഞ്ഞു. താളിയോലയും പേപ്പറും പേനയും മാറ്റി മൊബൈലും ഫേസ് ബുക്കുംവഴി കല വളരുന്ന കാലത്ത് ജാസി ഗിഫ്റ്റും രാമകൃഷ്ണനും അപമാനിതരാകുന്നു,കലയ്ക്ക് കറുപ്പും വെളുപ്പുമില്ലെന്ന് സത്യഭാമമാര്‍ ഓര്‍ക്കണം. അദ്ദേഹം പറഞ്ഞു. പടിഞ്ഞാറേകല്ലട ഇഎംഎസ് ഗ്രന്ഥശാലയുടെ എം നിസാര്‍ സ്മാരക കവിതാ അവാര്‍ഡ് ബി സി രാജേഷിന് സമര്‍പ്പിക്കുകയായിരുന്നു കുരീപ്പുഴ. കവിതയ്ക്കുവേണ്ടി തന്റെ ഹൃദയത്തില്‍ ഒരറ മാറ്റിവച്ച കവിയാണ് ഡോ. രാജേഷ് എന്ന് അദ്ദേഹം പറഞ്ഞു.
സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്‌റ് പികെ ഗോപന്‍ ഉദ്ഘാടനം ചെയ്തു. വിജ്ഞാനം വികസനത്തിന് സെമിനാര്‍ ഡോ. സി ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

ഗ്രന്ഥശാലാ പ്രസിഡന്‌റ് ഷാജിഡെന്നീസ് അധ്യക്ഷത വഹിച്ചു. ഡോ. കെ ബി ശെല്‍വമണി വിഷായാവതരണം നടത്തി എന്‍ഡോവുമെന്റ് വിതരണം ചവറ കെ എസ് പിള്ള നിര്‍വഹിച്ചു. കവി പെരുമ്പുഴ ഗോപാലകൃഷ്ണപിള്ള, കവിയും സിനിമാ സംവിധായകനുമായ ഇഞ്ചക്കാട് ബാലചന്ദ്രന്‍, ഉഷാലയം ശിവരാജന്‍,കവി എം സങ്, ഹരികുറിശേരി, രാജേഷ് ബിസി, സെക്രട്ടറി എസ് രഘു, എസ്.ഷാനവാസ്, ശ്രീകലാ രാജ് എന്നിവര്‍ പ്രസംഗിച്ചു . പരിപാടിക്ക്മുന്നോടിയായി നടത്തിയ കവിയരങ്ങ് കവി ശാസ്താംകോട്ട ഭാസ് ഉദ്ഘാടനം ചെയ്തു.

Advertisement