പി മാധവൻ പിള്ള സ്മാരക ഹിന്ദി അധ്യാപക പുരസ്കാരം സുധീർ ഗുരുകുലത്തിന്

ശാസ്താംകോട്ട: പുരോഗമന പ്രസ്ഥാനങ്ങളുടെ സഹയാത്രികനും അധ്യാപകനും സാംസ്കാരിക പ്രവർത്തകനുമായ അന്തരിച്ച പി.മാധവൻ പിള്ളയുടെ ഓർമ്മയ്ക്കായി പള്ളിശേരിക്കൽ ഇ എം.എസ്.ഗ്രന്ഥശാല ഏർപ്പെടുത്തിയ പി മാധവൻ പിള്ള സ്മാരക ഹിന്ദി അധ്യാപക പുരസ്കാരത്തിന് കരുനാഗപ്പള്ളി കെന്നഡി സ്കൂളിലെ ഹിന്ദി അധ്യാപകനായ സുധീർ ഗുരുകുലം അർഹനായി.

പതിനായിരം രൂപയും ശില്പവുമാണ് അവാർഡ്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം, പരിസ്ഥിതി -സാംസ്കാരിക രംഗങ്ങളിലെ സംഭാവനകൾ | അക്കാദമിക് മികവ് എന്നിവ മുൻനിർത്തിയാണ് സുധീർ ഗുരുകുലത്തിന് അവാർഡ് നൽകുന്നത്.പി.മാധവൻ പിള്ള നോവൽ അവാർഡിന് കരുനാഗപ്പള്ളി ഗവ.മോഡൽ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനായ വേളൂർ ബിജുവിൻ്റെ മലയപ്പൂപ്പൻ എന്ന നോവലിനും കർഷക ശ്രേഷ്ഠ പുരസ്കാരം എച്ച്.അബ്ദുൾ നാസറിനും സമ്മാനിക്കും പ്രഭാഷകനും ഗ്രന്ഥകാരനുമായ പി.കെ.അനിൽകുമാർ, ശ്രീനാരായണ ഗുരു ഓപ്പൺ സർവ്വകലാശാല അധ്യാപകൻ ഡോ.എൻ നൗഫൽ, അഖിലേന്ത്യാ അവാർഡീ ടീച്ചേഴ്സ് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി വി.എൻ.സദാശിവൻപിള്ള എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് ജേതാക്കളെ നിശ്ചയിച്ചത്.

മെയ് 2 വ്യാഴാഴ്ച വൈകിട്ട് 5ന് പള്ളിശേരിക്കൽ കാഞ്ഞിര വിളജംഗ്ഷനിൽ ഡോ.സുജിത് വിജയൻ പിള്ള MLA ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാർ പുരസ്കാരങ്ങൾ വിതരണം ചെയ്യുമെന്ന് ഇ.എം.എസ്.ഗ്രന്ഥശാല പ്രസിഡൻറ് ആര്‍ കൃഷ്ണകുമാർ ,സെക്രട്ടറി ഇ യാസിം എന്നിവർ അറിയിച്ചു

Advertisement