16.40 ഗ്രാം എംഡിഎംഎയും 10 എണ്ണം വീതം കൊള്ളുന്ന 1690 സ്ട്രിപ്പ് മാരക ലഹരി ഗുളികകളുമായി യുവാവ് പിടിയില്‍

കൊല്ലം: കൊല്ലം ഈസ്റ്റ് പോലീസും ഡാന്‍സാഫും സംയുക്തമായി നടത്തിയ പരിശോധനയില്‍ എംഡിഎംഎയും പതിനായിരക്കണക്കിന് ലഹരി ഗുളികയുമായി യുവാവ് പിടിയില്‍. മയ്യനാട് വലിയവിള സുനാമി ഫ്‌ളാറ്റ് ബ്ലോക്ക് നമ്പര്‍ 16/1-ല്‍ ശരത്ത് (25) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി ട്രെയിനില്‍ മുംബൈയില്‍ നിന്നും കൊല്ലത്ത് എത്തിയ ശേഷം ലഹരി മരുന്നുമായി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തു നിന്നും ഇയാള്‍ പിടിയിലാവുകയായിരുന്നു. ഇയാളില്‍ നിന്നും 16.40 ഗ്രാം എംഡിഎംഎയും 10 എണ്ണം വീതം കൊള്ളുന്ന 1690 സ്ട്രിപ്പ് മാരക ലഹരി ഗുളികകളുമാണ് പോലീസ് കണ്ടെടുത്തത്. പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ജില്ലയിലെ തീരദേശ മേഖലകളിലും സുനാമി ഫളാറ്റുകളിലും മറ്റുമുള്ള വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും വിതരണം ചെയ്യുന്നതിനായാണ് ഇവ എത്തിച്ചത്. ഇയാള്‍ മുമ്പും സമാനമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. മുമ്പ് ഗോവയില്‍ നിന്നുമാണ് ലഹരി പദാര്‍ത്ഥങ്ങള്‍ എത്തിച്ചിരുന്നതെന്നും എന്നാല്‍ കൂടുതല്‍
ലാഭം നേടുന്നതിനായി ഇത്തവണ നേരിട്ട് മുംബൈയില്‍ നിന്നും വ്യാവസായിക
അടിസ്ഥാനത്തില്‍ ലഹരി ഗുളികകള്‍ എത്തിക്കുകയായിരുന്നുവെന്നും ഇയാള്‍ പറഞ്ഞു. ഇതിന്റെ മറവില്‍ എംഡിഎംഎയും കച്ചവടം നടത്തുകയായിരുന്നു. ജില്ലയിലെ ആന്റി നര്‍ക്കോട്ടിക്ക് ചുമതല വഹിക്കുന്ന എസിപി സക്കറിയ മാത്യുവിന്റെ നേതൃത്വത്തില്‍ എസ്‌ഐ കണ്ണന്‍ പ്രകാശിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് ടീം അംഗങ്ങളും കൊല്ലം ഈസ്റ്റ് പോലീസ് ഇന്‍സ്‌പെക്ടര്‍ അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സംയുക്തമായാണ് പ്രതിയെ പിടികൂടിയത്.

Advertisement