ക്രിക്കറ്റ്‌ മത്സരത്തിനിടെ ഗ്യാലറിയിൽ പ്രണയ രംഗങ്ങൾ, ലൈവ് ആയി കണ്ട് നാട്ടുകാർ

ഓസ്ട്രേലിയ-പാകിസ്ഥാൻ ബോക്സിങ് ഡേ ടെസ്റ്റിനിടെ കമിതാക്കൾ ഗ്യാലറിയുടെ മൂലയിൽ പ്രണയാതുരരായത് ബിഗ് സ്‌ക്രീനിൽ തത്സമയം കണ്ട് കാണികൾ ഞെട്ടി. ടെസ്റ്റിന്റെ മൂന്നാം ദിനത്തിൽ ഗ്യാലറിയുടെ ഒരു മൂലയിൽ വെച്ചുള്ള കമിതാക്കളുടെ രംഗമാണ് ക്യാമറാമാൻ പകർത്തി സ്റ്റേഡിയത്തിലെ ബിഗ് സ്‌ക്രീനിൽ ലൈവായി പ്രദർശിപ്പിച്ചത്. 
ഒരു ലക്ഷത്തോളം കാണികളെ ഉൾക്കൊള്ളാവുന്ന മെൽബൺ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ ഒഴിഞ്ഞ ഒരു മൂലയിലാണ് ആരും ശ്രദ്ധിക്കാതെ കമിതാക്കൾ ഒരുമിച്ചിരുന്നത്. കാമുകി കാമുകന്റെ മടിയിൽ തലവെച്ചു കിടക്കുമ്പോഴാണ് ക്യാമറാമാൻ ഇരുവരെയും സൂം ചെയ്ത് തഴുകുന്ന രംഗം സ്റ്റേഡിയത്തിലെ ബിഗ് സ്‌ക്രീനിൽ ലൈവായി കാണിച്ചത്. 
 ബിഗ് സ്‌ക്രീനിൽ കമിതാക്കളുടെ രംഗം കണ്ടതോടെ സ്റ്റേഡിയത്തിലുണ്ടായിരുന്ന കാണികൾ ഒന്നടങ്കം കരഘോഷത്തേടെ ആർപ്പുവിളിക്കുകയായിരുന്നു. ബിഗ് സ്‌ക്രീനിൽ തങ്ങൾ ഇരുവരെയും കാണിച്ചത് ശ്രദ്ധയിൽപ്പെട്ടതോടെ കാമുകി ഉടനെ ചാടിയെണീറ്റ് മുഖം മറച്ച് നടന്നു നീങ്ങി. കാമുകനാകട്ടെ കൈയിലുണ്ടായിരുന്ന ടവ്വൽ കൊണ്ട് മുഖം മറച്ച് നാണത്തോടെ തലകുനിച്ചു. സംഭവം സമൂഹമാധ്യമങ്ങളിലും വൈറലാണ്.

Advertisement