യശസ്വിയുടെ കരുത്തില്‍ മികച്ച സ്‌കോറിലേക്ക് ഇന്ത്യ

ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റില്‍ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സെന്ന മികച്ച സ്‌കോറില്‍. ഇതോടെ ഇന്ത്യയുടെ ലീഡ് 322 റണ്‍സായി. ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍ നേടിയ സെഞ്ച്വറിയും ശുഭ്മാന്‍ ഗില്ലിന്റെ അര്‍ധ സെഞ്ച്വറിയുമാണ് ഇന്ത്യക്ക് കരുത്തായത്. യശസ്വി 133 പന്തുകള്‍ നേരിട്ട് ഒന്‍പത് ഫോറും അഞ്ച് സിക്സും സഹിതം 104 റണ്‍സ് എടുത്തു. താരം റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങി. ടെസ്റ്റിലെ മൂന്നാം സെഞ്ച്വറിയും ഈ പരമ്പരയിലെ രണ്ടാം ശതകവുമാണ് യശസ്വി കുറിച്ചത്. 65 റണ്‍സുമായി ശുഭ്മാന്‍ ഗില്‍ ബാറ്റിങ് തുടരുന്നു. കുല്‍ദീപ് യാദവാണ് ഗില്ലിനൊപ്പം ക്രീസില്‍. താരം മൂന്ന് റണ്‍സെടുത്തു.
യശസ്വി റിട്ടയേര്‍ഡ് ചെയ്തതിനു പിന്നാലെ എത്തിയ രജത് പടിദാര്‍ പൂജ്യത്തില്‍ പുറത്തായി നിരാശപ്പെടുത്തി. രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യക്ക് രോഹിതിനെയാണ് ആദ്യം നഷ്ടമായത്. ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറി നേടിയ രോഹിത് രണ്ടാം ഇന്നിങ്‌സില്‍ 19 റണ്‍സില്‍ പുറത്തായി. ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന്റെ പോരാട്ടം 319 റണ്‍സില്‍ അവസാനിപ്പിച്ചാണ് ഇന്ത്യ രണ്ടാം ഇന്നിങ്‌സ് തുടങ്ങിയത്. ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 445 റണ്‍സിനു പുറത്തായി. 126 റണ്‍സ് ലീഡുമായാണ് മൂന്നാം ദിനം ഇന്ത്യ ബാറ്റിങ് തുടങ്ങിയത്.

Advertisement