പേസാക്രമണത്തില്‍ തകര്‍ന്നടിഞ്ഞ് ദക്ഷിണാഫ്രിക്ക… 55ന് ഓളൗട്ട്… ആറുവിക്കറ്റുമായി സിറാജ്

ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം ആദ്യ സെഷനില്‍ ഇന്ത്യന്‍ പെയ്സര്‍മാരുടെ തകര്‍പ്പന്‍ പ്രകടനത്തിന് മുന്നില്‍ തകര്‍ന്നടിഞ്ഞ് ദക്ഷിണാഫ്രിക്ക. 23.2 ഓവറില്‍ 55 റണ്‍സിന് അവര്‍ ഓളൗട്ടായി. സിറാജ് ഒമ്പതോവറില്‍ 15 റണ്‍സിന് ആറ് വിക്കറ്റ് സ്വന്തമാക്കി (93156). ജസ്പീത് ബുംറയും (81252) മുകേഷ് കുമാറും (41102) രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. കയ്ല്‍ വരെയ്നെയാണ് (15) ടോപ്സ്‌കോറര്‍. വരയ്നെയും ഡേവിഡ് ബെഡിംഗാമും (12) തമ്മിലുള്ള 19 റണ്‍സാണ് ഉയര്‍ന്ന കൂട്ടുകെട്ട്. മറ്റാരും അഞ്ചിലേറെ സ്‌കോര്‍ ചെയ്തില്ല. ലഞ്ചിന് ഏറെ മുമ്പെ ദക്ഷിണാഫ്രിക്ക പവിലിയനിലേക്ക് മടങ്ങി. 1932 ല്‍ 45 ന് പുറത്തായതാണ് ഇതിന് മുമ്പ് ദക്ഷിണാഫ്രിക്കയുടെ ചെറിയ സ്‌കോര്‍.
45 റണ്‍സെടുക്കുമ്പോഴേക്കും ആതിഥേയര്‍ക്ക് ഏഴു വിക്കറ്റ് നഷ്ടപ്പെട്ടു. എട്ട് റണ്‍സെടുക്കുമ്പോഴേക്കും ഓപണര്‍മാര്‍ തിരിച്ചുകയറി. 15 റണ്‍സാവുമ്പോഴേക്കും നാലു വിക്കറ്റും 34 റണ്‍സാവുമ്പോഴേക്കും അഞ്ചാമത്തെ വിക്കറ്റും ഷ്ടപ്പെട്ടു. ആശാര്‍ദുല്‍ താക്കൂറിനെ ഒഴിവാക്കി മുകേഷ്‌കുമാറിനെ കൊണ്ടുവന്ന ഇന്ത്യ പ്രസിദ്ധ് കൃഷ്ണയെ നിലനിര്‍ത്തി. സുഖം പ്രാപിച്ച രവീന്ദ്ര ജദേജക്കു വേണ്ടി ആര്‍. അശ്വിന്‍ ഒഴിഞ്ഞു കൊടുത്തു.
എട്ട് റണ്‍സെടുക്കുമ്പോഴേക്കും ഓപണര്‍മാരെ ദക്ഷിണാഫ്രിക്കക്ക് നഷ്ടപ്പെട്ടിരുന്നു. അയ്ദന്‍ മാര്‍ക്റമാണ് (2) ആദ്യം മടങ്ങിയത്. സ്ലിപ്പില്‍ യശസ്വി ജയ്സ്വാള്‍ പിടിച്ചു. ആദ്യ ടെസ്റ്റില്‍ ഇന്ത്യയുടെ മാംസത്തിലെ മുള്ളായി നിന്ന ഡീന്‍ എല്‍ഗറെ (4) സിറാജ് ബൗള്‍ഡാക്കി. ടോണി ഡിസോര്‍സിയെ (2) വിക്കറ്റ്കീപ്പര്‍ കെ.എല്‍ രാഹുല്‍ പിടിച്ചു. എട്ടാം ഓവറില്‍ ഡേവിഡ് ബെഡിംഗാമിനെയും (12) മാര്‍ക്കൊ യാന്‍സനെയും (0) സിറാജ് പുറത്താക്കി. ബെഡിംഗാം സ്ലിപ് ക്യാച്ചില്‍ പുറത്തായപ്പോള്‍ യാന്‍സന്‍് കീപ്പര്‍ക്ക് പിടികൊടുത്തു. ബുംറയുടെ പന്ത് ട്രിസ്റ്റന്‍ സ്റ്റബ്സിന്റെ (3) ബാറ്റിലും പാഡിലും തട്ടിയുയര്‍ന്ന് ഫോര്‍വേഡ് ഷോര്‍ട്ലെഗില്‍ രോഹിത് ശര്‍മയുടെ കൈയില്‍ വിശ്രമിച്ചു.

Advertisement