കരുനാഗപ്പള്ളി നഗരസഭയിലേക്കുള്ള കുടിവെള്ള പദ്ധതിക്ക് ദേശീയ പാതയിലൂടെ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സംയുക്ത പരിശോധന നടന്നു

കരുനാഗപ്പള്ളി. നഗരസഭയിലേക്കുള്ള കുടിവെള്ള പദ്ധതിക്ക് ദേശീയ പാതയിലൂടെ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സംയുക്ത പരിശോധന നടത്തി.

കുടിവെള്ള പദ്ധതി നടപ്പാക്കുന്നതിന് ചവറ കോലത്ത് മുക്കിൽ നിന്ന് കരുനാഗപ്പള്ളി വരെ ദേശീയ പാതയിലൂടെ പൈപ്പ് ലൈൻ സ്ഥാപിക്കേണ്ടതുണ്ട്.ഇതിന് അനുമതി ലഭിച്ചാൽ മാത്രമെ ടെൻഡർ നടപടികളിലേക്ക് കടക്കാനാകൂ. ഇതിനായി കഴിഞ്ഞ മേയിൽ നഗരസഭ കത്ത് നൽകിയിട്ടും മറുപടി ഉണ്ടായില്ല. നഗരസഭ ചെയർമാൻ്റെ നേതൃത്വത്തിൽ ബന്ധപ്പെട്ട അധികൃതരെയും സമീപിച്ചിരുന്നു.ഇതിനെ തുടർന്നാണ് പരിശോധന നടത്തിയത്.നിലവിലുള്ള സാഹചര്യത്തിൽ ദേശീയ പാതയിലൂടെ പുതുതായി പൈപ്പ് ലൈൻ സ്ഥാപിക്കുക ബുദ്ധിമുട്ടാണെന്നാണ് ഉദ്യോഗസ്ഥരുടെ പ്രാഥമിക വിലയിരുത്തൽ.45 മീറ്റർ വീതിയുള്ള ദേശീയ പാതയിൽ ഇരുവശത്തും രണ്ട് മീറ്റർ വീതം വീതിയിലുള്ള സ്ഥലത്താണ് പൈപ്പ് ലൈനുകളും കേബിൾ ലൈനുകളും സ്ഥാപിക്കുന്നത്.ഇതിന് മുകളിലൂടെയാണ് നടപ്പാത നിർമ്മിക്കുക.നിലവിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈനുകൾ ഇതുവഴി മാറ്റി സ്ഥാപിച്ചു വരികയാണ് പുതിയ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് മതിയായ സ്ഥലമില്ലെന്നാണ് കണക്കാക്കുന്നത്.

ശാസ്താംകോട്ടയിൽ നിന്നുള്ള ജലം ചവറവഴി കരുനാഗപ്പള്ളിയിലെത്തിച്ച് വിതരണം ചെയ്യുന്നതാണ് കുടിവെള്ള പദ്ധതി ഇതിനായി ചവറ കോലത്ത് മുക്കിൽ നിന്ന് കരുനാഗപ്പള്ളി താച്ചയിൽ മുക്ക് വരെ ഏഴര കിലോമീറ്ററാണ് പൈപ്പ് ലൈൻ സ്ഥാപിക്കേണ്ടത് ‘ ആദ്യഘട്ട നിർമ്മാണത്തിനായി 13.5 കോടി രൂപയുടെ ഭരണാനുമതിയും ലഭിച്ചിട്ടുണ്ട്. ദേശീയ പാതയിലൂടെ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് അനുമതി ലഭിച്ചാൽ ലഭിച്ചാൽ മാത്രമേ ടെൻഡർ നടപടികളിലേക്ക് കടക്കാനാകൂ. കുടിവെള്ള ക്ഷാമം രൂക്ഷമായ കരുനാഗപ്പള്ളിയിൽ മറ്റ് മാർഗമില്ലാത്ത സാഹചര്യത്തിലാണ് ശാസ്താംകോട്ടയിൽ നിന്ന് വെള്ളം എത്തിക്കുന്നതിനുള്ള പദ്ധതി ആലൊചിച്ചത്.ദേശീയപാത പുനർനിർമ്മാണം പൂർത്തിയാകുന്നതിന് മുമ്പായി പൈപ്പ് ലൈൻ സ്ഥാപിച്ചാൽ മാത്രമേ പദ്ധതി നടപ്പാക്കാനാകൂ. പ്രശ്നം വീണ്ടും ജലവിഭവ വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി അടിയന്തര പരിഹാരത്തിന് ശ്രമിക്കുകയാണ് നഗരസഭാധികൃതർ ‘ നഗരസഭ ചെയർമാൻ കോട്ടയിൽ രാജു, ദേശീയപാത റെസിഡൻസ് എൻജിനീയർ ഗൗരീശങ്കർ, വാട്ടർ അതോറിറ്റി അസിസ്റ്റൻ്റ് എൻജിനീയർ ശ്രീകുമാർ ,ദേശീയപാത നിർമ്മാണ കമ്പനി വിശ്വസമുദ്രയുടെ പ്രോജക്ട് മാനേജർ രാധാകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന ‘

Advertisement