‘മുഴുവൻ വെള്ളം കയറിയാലും ബോട്ട് താഴില്ല’; നൂതന ആശയവുമായി വിദ്യാർഥിനികൾ

അമ്പലപ്പുഴ: ഹൗസ് ബോട്ട് ദുരന്തങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ സുരക്ഷക്കായി എയർ ബാഗ് സംരക്ഷണവുമായി പത്താം ക്ലാസ് വിദ്യാർഥിനികൾ. ആലപ്പുഴ കാർമ്മൽ അക്കാദമി എച്ച്എസിലെ മാളവിക ബ്രിജിത്, ഐശ്വര്യ ബിജു എന്നീ വിദ്യാർഥികളാണ് ഹൗസ് ബോട്ട് സുരക്ഷക്കായി നൂതന മാർഗങ്ങൾ ആലപ്പുഴ റവന്യൂ ശാസ്ത്രമേളയിൽ അവതരിപ്പിച്ചത്. വാട്ടർ, എയർ, ഫയർ (ഡബ്ല്യുഎഎഫ്) സെക്യൂരിറ്റി സിസ്റ്റമാണ് ഇവർ അവതരിപ്പിച്ചത്.

‘ബോട്ടിൽ വെള്ളം കയറിയാൽ ഉള്ളിൽ ഘടിപ്പിച്ചിരിക്കുന്ന സെൻസർ അതു മനസിലാക്കി ആദ്യം അലാറം മുഴങ്ങും. പിന്നീട് ബോട്ടിന്റെ ഇരുഭാഗത്തും ഉറപ്പിച്ചിരിക്കുന്ന നീണ്ട എയർ ബാഗുകളിൽ കമ്പ്രസറിൽ നിന്ന് വായു നിറയും. ബോട്ട് മുഴുവൻ വെള്ളം കയറിയാലും ഇതുമൂലം വെള്ളത്തിൽ താഴില്ല. തീ പടർന്നാൽ ഊഷ്മാവ് തിരിച്ചറിഞ്ഞ് അലാറം അടിക്കുകയും, ബോട്ടിനു മുകളിൽ നിറച്ചു വെച്ചിരിക്കുന്ന പൈപ്പിൽക്കൂടി വെള്ളം മഴ പോലെ വീണ് തീയണയും.’ മാധ്യമങ്ങളിൽ ബോട്ടപകടങ്ങൾ സാധാരണമായതോടെയാണ് ഇത്തരത്തിലുള്ള സുരക്ഷയെ കുറിച്ചുള്ള ചിന്തകൾ തുടങ്ങിയതെന്നാണ് വിദ്യാർത്ഥിനികൾ പറയുന്നത്. അധ്യാപികമാരായ നാൻസി, മിന്റു എന്നിവരും ഇവരുടെ സഹായത്തിനായി ഒത്തുചേർന്നപ്പോഴാണ് നവീന സുരക്ഷക്കായുള്ള കണ്ടു പിടിത്തം നടത്താനായതെന്നും വിദ്യാർഥിനികൾ പറഞ്ഞു.

Advertisement