അടച്ചുപൂട്ടപ്പെട്ട മൈനാഗപ്പള്ളി റെയില്‍വേ ഗേറ്റിന് അപ്പുറത്തുനിന്നും ജില്ലാ കലക്ടര്‍ക്ക് ഒരു തുറന്ന കത്ത്

ശാസ്താംകോട്ട. റെയില്‍വേ പാതമൂലം വികസനം മുരടിച്ചുപോയ പഞ്ചായത്താണ് മൈനാഗപ്പള്ളി.ഇരട്ടിപ്പാതവന്നതോടെ ഇവിടെ ദുരിതം ഇരട്ടിക്കുകയാണ് ചെയ്തത്. പണ്ട് വല്ലോരുകാലത്തും ഗേറ്റ് അടച്ചിടുന്നത് ഇപ്പോള്‍ നിരന്തരമുള്ള പ്രക്രിയയായി മാത്രമല്ല. ഗേറ്റുകളില്‍ കുടുങ്ങി ജീവനുകള്‍ പിടഞ്ഞു തീരുന്നതും ട്രയിനുകളും ബസുകളും നഷ്ടമാകുന്നതും എത്രയോ നാട്ടുകാര്‍ കണ്ടിരിക്കുന്നു.ആരുടെയോ വികസനത്തിന്‍റെ പേരില്‍ അപ്രതീക്ഷിതമായി കിടങ്ങ് കുഴിച്ച് ഒരു ഗേറ്റ് അടച്ചുപൂട്ടി ഒരുമേഖലയെ ദശാബ്ദങ്ങള്‍ പിന്നിലാക്കുന്നതെന്ത് വികസനമാണെന്നിവര്‍ അടഞ്ഞ വഴിക്ക് അപ്പുറം നിന്ന് ചോദിക്കുന്നത് അധികാരികളോടാണ്. മാധ്യമ പ്രവര്‍ത്തകന്‍ സിബി സത്യന്‍ സമൂഹമാധ്യമത്തിലെഴുതിയ കൊല്ലം ജില്ലാ കലക്ടര്‍ക്ക്‌ ഒരു തുറന്ന കത്ത്‌ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. കത്ത് ചുവടേ

ബഹുമാനപ്പെട്ട കൊല്ലം ജില്ലാ കലക്ടര്‍ക്കു മുമ്പാകെ സമര്‍പ്പിക്കുന്ന അപേക്ഷ.

ബഹുമാനപ്പെട്ട കലക്ടര്‍ മാഡം റയില്‍വേക്കു നല്‍കിയ എന്‍.ഒ.സി വഴി റെയില്‍വേ ഗേറ്റ്‌ പൂട്ടപ്പെട്ടു വഴിയടഞ്ഞുപോയ മനുഷ്യരാണ്‌ ഞങ്ങള്‍ മൈനാഗപ്പള്ളിക്കാര്‍. ദയവു ചെയ്‌ത്‌ ഈ എന്‍.ഒ.സി പിന്‍വലിച്ച്‌ മൈനാഗപ്പള്ളിയിലെ LC 62 നമ്പര്‍ റെയില്‍വേ ഗേറ്റ്‌ വീണ്ടും തുറന്നു തരാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന്‌ അപേക്ഷിക്കുന്നു.

റെയില്‍വേ ഗേറ്റുകളാല്‍ ചുറ്റപ്പെട്ട പ്രദേശമാണ്‌ മൈനാഗപ്പള്ളി. റെയില്‍വേ പാത വന്ന കാലം മുതല്‍ ഇന്നുവരെ ഈ ഗേറ്റുകള്‍ക്കപ്പുറവുമിപ്പുറവുമായി തളച്ചു കിടക്കപ്പെട്ടു കിടക്കുകയാണ്‌ ഈ സ്ഥലം. കരുനാഗപ്പള്ളി ദേശീയ പാതയേയും തെങ്കാശി ദേശീയ പാതയേയും കണകട്‌ ചെയ്യുന്ന ഏറ്റവും പ്രധാനപ്പെട്ട റോഡിന്റെ ഏറ്റവും പ്രധാനപ്പെട്ട സമാന്തര റോഡാണിത്‌. മാസത്തില്‍ രണ്ടു തവണയെങ്കിലും മൈനാഗപ്പള്ളി തടത്തില്‍ മുക്ക്‌ പ്രധാന റെയില്‍വേ ഗേറ്റ്‌ പണി മുടക്കുമ്പോള്‍ ഗതാഗതം തിരിച്ചു വിടുന്നത്‌ ഇതു വഴിയാണ്‌. ഈ ഗേറ്റ്‌ അടയ്‌ക്കുന്നതോടെ ഗതാഗതം തിരിച്ചു വിടണ്ട സാഹചര്യം ഉണ്ടായാല്‍ ഏതാണ്ട്‌ നാല്‌ കിലോമീറ്റര്‍ എങ്കിലും അധികം സഞ്ചരിക്കേണ്ടി വരും. ഈ സാഹചര്യം കൃത്യമായി ഉള്‍ക്കൊള്ളാതെയാണ്‌ ഇപ്പോള്‍ തീരുമാനം ഉണ്ടായിരിക്കുന്നത്‌.

ആയിരക്കണക്കിന്‌ മനുഷ്യര്‍ ഉപയോഗിക്കുന്ന റോഡാണിത്‌. ഓരോ ഗേറ്റടവ്‌ സമയത്തും നിരവധി വാഹനങ്ങളാണ്‌ ഇവിടെ കാത്തു കിടക്കുന്നത്‌. ഇത്രയും വാഹനങ്ങള്‍ പ്രധാന റോഡിലേക്കു പോയാല്‍ ഇതിനകം തന്നെ കനത്ത ട്രാഫിക്‌ കുരുക്ക്‌ നേരിടുന്ന പ്രധാന റോഡില്‍ അതിഭീമമായ കുരുക്ക്‌ ഉണ്ടാകും.

മൈനാഗപ്പള്ളിയില്‍ എന്നെങ്കിലും റെയില്‍വേ മേല്‍പ്പാലം വരികയാണെങ്കില്‍ ഗതാഗതം തിരിച്ചു വിടാന്‍ ഉപകരിക്കുന്ന ഏക മാര്‍ഗം കൂടിയാണിത്‌. മേല്‍പ്പാലത്തിനു വേണ്ടി കിഫ്‌ബി അപ്രോച്ച്‌ റോഡ്‌ നിര്‍മ്മിക്കാന്‍ കല്ലിട്ടിട്ടുണ്ട്‌. ഈ മേല്‍പാലത്തിന്‌ റെയില്‍വേ അനുമതി കൂടി ലഭിക്കുകയാണെങ്കില്‍ ഗതാഗതം തിരിച്ചു വിടാനുള്ള ഏക മാര്‍ഗമാണ്‌ ഈ ഗേറ്റ്‌ നിര്‍മാര്‍ജനത്തിലൂടെ ഇല്ലാതാകുന്നത്‌. ആയിരക്കണക്കിന്‌ സ്‌കൂള്‍ വിദ്യാര്‍ഥികള്‍, സ്ഥിരം യാത്രക്കാര്‍ തുടങ്ങിയവര്‍ക്ക്‌ കടുത്ത ദുരിതമാണ്‌ ഇതുവഴി ഉണ്ടാകുന്നത്‌. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക്‌ വളരെ തിരക്കേറിയ റോഡിലൂടെ നടന്ന്‌ സ്‌കൂളില്‍ പോകേണ്ടിവരും. പാളം മുറിച്ചു കടക്കുമ്പോള്‍ ഉണ്ടാകുന്ന ഓരോ അപകടങ്ങ്‌ള്‍ക്കും ആര്‌ ഉത്തരവാദിത്തം വഹിക്കും..

കരുനാഗപ്പള്ളി മാളിയേക്കല്‍ ജംഗ്‌ഷനില്‍ മേല്‍പ്പാല നിര്‍മ്മാണം നടക്കുന്നതു മൂലം കടുത്ത യാത്രാ ദുരിതമാണ്‌ ശാസ്‌താം കോട്ട കരുനാഗപ്പള്ളി റോഡില്‍ നിലവിലുള്ളത്‌. അത്‌ വീണ്ടും ഇരട്ടിയാക്കുന്ന നടപടിയാണ്‌ ഇപ്പോള്‍ അങ്ങയുടെ എന്‍ഒ.സി കാരണം ഉണ്ടായിരിക്കുന്നത്‌.

ഇതു മാത്രവുമല്ല, ഇത്തരമൊരു എന്‍.ഒ.സി നല്‍കുമ്പോള്‍ പാലിക്കണ്ട ചിട്ടവട്ടങ്ങള്‍ ഒന്നും പാലിക്കാതെയാണ്‌ ഇക്കാര്യത്തില്‍ നടപടികള്‍ ഉണ്ടായിരിക്കുന്നത്‌. ചട്ടപ്രകാരം ബന്ധപ്പെട്ട പോലീസ്‌ സ്‌റ്റേഷനില്‍ നിന്ന്‌ റിപ്പോര്‍ട്ട്‌ വാങ്ങിയിട്ടില്ലെന്നും മോട്ടോര്‍ വാഹനവകുപ്പ്‌ എന്‍ഫോഴ്‌സ്‌മെന്റ്‌ സ്‌ക്വാഡിന്റെ റിപ്പോര്‍ട്ട്‌ മാത്രമാണ്‌ ചോദിച്ചിട്ടുള്ളതെന്നും (78167/2023/FCDCKLM, 157371/2023) റെയില്‍വേയ്‌ക്കു നല്‍കിയ കത്തില്‍ നിന്ന്‌ ബോധ്യമാകുന്നു. ബഹുമാനപ്പെട്ട ജില്ലാ കളക്ടര്‍ക്കു വേണ്ടി ഡെപ്യൂട്ടി കളക്ടര്‍ ആര്‍. ബീനാറാണിയാണ്‌ ഈ കത്ത്‌ ഒപ്പിട്ടിരിക്കുന്നത്‌. എന്നാല്‍ അങ്ങയുടെ പേരില്‍ ഇതേ ബീനാറാണി എന്‍ഫോഴ്‌സ്‌മെന്റ്‌ സ്‌ക്വോഡിന്‌ നല്‍കിയ കത്തില്‍ ട്രാഫിക്‌ വഴിതിരിച്ചു വിടുന്നതുമായി ബന്ധപ്പെട്ട അഭിപ്രായം മാത്രമാണ്‌ ചോദിച്ചിരിക്കുന്നത്‌. പ്രാദേശികമായ പ്രശ്‌നങ്ങളോ ട്രാഫിക്കോ ഒന്നും ഇക്കാര്യത്തില്‍ പരിഗണിച്ചിട്ടില്ല എന്നാണ്‌ മനസിലാക്കാന്‍ ആകുന്നത്‌.

ഇതോടൊപ്പം അടച്ചു പൂട്ടിയ കരുനാഗപ്പള്ളി മാരാരിത്തോട്ടം ഗേറ്റിന്റെ കാര്യത്തിലും സമാനമായ നടപടി തന്നെയാണ്‌ ഉണ്ടായത്‌. ഇത്രയും ജനവിരുദ്ധമായ ഒരു നടപടി സ്വീകരിക്കുന്നതിനു മുമ്പ്‌ യാതൊരു അടിസ്ഥാനപഠനവും കൊല്ലം കലക്ടറേറ്റ്‌ നടത്തിയില്ല എന്നത്‌ ഞെട്ടിക്കുന്നു. എന്നു മാത്രവുമല്ല, ഇത്‌ കൊല്ലം ആര്‍ടിഒയ്‌ക്കു കൈമാറുന്നതിനു പകരം കൊട്ടാരക്കര റൂറല്‍ എന്‍ഫോഴ്‌സ്‌മെന്റിന്‌ കൈമാറിയതും സംശയാസ്‌പദവും കൊല്ലം കളക്ടറേറ്റില്‍ ഒരു സംഘം ജീവനക്കാര്‍ ഈ ജനവിരുദ്ധ നടപടിക്കു അനധികൃതമായി കൂട്ടു നിന്നുവെന്ന സംശയം ജനിപ്പിക്കുന്നതുമാണ്‌.

ബഹുമാനപ്പെട്ട കളക്ടറെ ഞങ്ങള്‍ കൊല്ലം നിവാസികള്‍ ഇനി ഓര്‍ക്കുന്നത്‌ ഞങ്ങളുടെ ഒക്കെ യാത്രാദുരിതം ഇരട്ടിയാക്കിയ ഒരാളായിട്ടാകരുത്‌. ജനനന്മയുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്‌ത ഒരാളായിട്ടാകണം. അതുകൊണ്ടു തന്നെ ഈ എന്‍ഒസി റദ്ദു ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നഭ്യര്‍ഥിക്കുന്നു.

വിനയപൂര്‍വം
സിബി സത്യൻ
മൈനാഗപ്പള്ളി

Advertisement