കായൽ ദുരന്തത്തിന്റെ ഓർമകളിൽ കണ്ണീരണിഞ്ഞ് ശാസ്താംകോട്ട

Advertisement

ശാസ്താംകോട്ട : അന്നൊരു ശനിയാഴ്ച ആയിരുന്നു.കൃത്യമായി പറഞ്ഞാൽ 1982 ജനുവരി 16.ശാസ്താംകോട്ട ചന്തയിൽ നിന്നും മകരപൊങ്കാലയ്ക്കുള്ള സാധനങ്ങളും വാങ്ങി അമ്പലക്കടവിൽ നിന്നും വെട്ടോലിക്കടവിലേക്കുള്ള വള്ളത്തിൽ കയറിയവരിൽ ഏറെയും സ്ത്രീകളും കുട്ടികളുമായിരുന്നു.പടിഞ്ഞാറെ കല്ലടയിലേക്കുള്ള ആ യാത്രക്കിടയിൽ കായലിന്റെ നടുമധ്യത്തിലെത്തവേ കരക്കാറ്റിൽ വള്ളം ആടിയുലഞ്ഞു.സ്ത്രീകളുടെയും കുട്ടികളുടെയും ആർത്തനാദം അകലങ്ങളിലേക്ക് അലയടിച്ചെത്തി.

നാട് വിറച്ച നിമിഷങ്ങൾ.വെട്ടോലിക്കടവിൽ നിന്നും രക്ഷാപ്രവർത്തനത്തിനായി എത്തിയ വള്ളത്തിൽ പ്രാണരക്ഷാർത്ഥം ആളുകൾ ചാടിക്കയറി.ഇതോടെ ആ വള്ളവും മുങ്ങിതാണു.രക്ഷാപ്രവർത്തിന് എത്തിയവരടക്കം രണ്ട് വള്ളങ്ങളിലുമായി ശാസ്താംകോട്ട തടാകം കവർന്നത് 24 ജീവനുകൾ.മരിച്ചവരിലേറെയും സ്ത്രീകളും കുട്ടികളുമായിരുന്നു.അപകട വിവരമറിഞ്ഞ് കായൽ തീരത്തേക്ക് ഓടിയെത്തിയവരിൽ പലർക്കും കാഴ്ചക്കാരായി നോക്കിനിൽക്കാനേ കഴിഞ്ഞുള്ളു..22 പേരെയാണ് പടിഞ്ഞാറെ കല്ലടയ്ക്ക് മാത്രം നഷ്ടമായത്.അപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് വളരെ കുറച്ചുപേർ മാത്രം.ഫയർഫോഴ്സ് അടക്കമുള്ള സംവിധാനങ്ങളുടെ അഭാവവും തുടക്കത്തിൽ രക്ഷാപ്രവർത്തനത്തെ ബാധിച്ചു.

കേരളത്തെ ഞെട്ടിച്ച കായൽ ദുരന്തത്തിന് തിങ്കളാഴ്ച 41 വർഷം തികയുമ്പോഴും ശാസ്താംകോട്ടക്കാരുടെ ഉള്ളിൽ നിന്നും ഞെട്ടൽ വിട്ടു മാറിയിട്ടില്ല.ദുരന്തത്തിന്റെ ഓർമകളിൽ നാട് വീണ്ടും കണ്ണീരണിയുകയാണ്.പടിഞ്ഞാറെ കല്ലടയ്ക്കും ശാസ്താംകോട്ടയ്ക്കും അന്നത്തെ ആ കറുത്ത ശനിയാഴ്ച ഒരിക്കലും മറക്കാൻ കഴിയാത്തതാണ്.
ദുരന്തത്തിന്റെ ഓർമദിനത്തിൽ മരണം കവർന്നവരുടെ ഉറ്റവരും ഉടയവരും ജനപ്രതിനിധികളും സുഹൃത്തുക്കളുമടക്കം തിങ്കളാഴ്ച തടാക തീരത്ത് ഒത്തുചേരും.തങ്ങളുടെ പ്രിയപ്പെട്ടവരുടെ ഓർമകൾക്കു മുമ്പിൽ വിങ്ങിപ്പൊട്ടിയ മനവുമായി അവർ 24 മൺചെരാതുകളിൽ ദീപം തെളിയിച്ച് കായലിൽ ഒഴുക്കും. 2016മുതലാണ് ഉറ്റവരെ നഷ്ടമായവരെ ഒന്നിച്ചുകൂട്ടി ദിനാചരണം നടത്തുന്നതെന്ന് സംഘാടനത്തിന് നേതൃത്വം നല്‍കുന്ന മുന്‍ പഞ്ചായത്ത് അംഗം എസ് ദിലീപ് കുമാര്‍ പറഞ്ഞു. ഇവര്‍ക്കായി ഒരു സ്മാരകം എന്ന ചിന്ത ഇതുവരെയും യാഥാര്‍ഥ്യമാക്കാനായിട്ടില്ല.

Advertisement