പടിഞ്ഞാറെ കല്ലട വെട്ടിയതോട് പാലം നിര്‍മ്മാണം: കാല്‍നടയാത്രക്കാര്‍ക്കുള്ള വഴിയും മുന്നറിയിപ്പില്ലാതെ അടച്ചു; ദുരിതത്തിലായി ഗ്രാമവാസികള്‍


പടിഞ്ഞാറെ കല്ലട: വെട്ടിയതോട് പാലം നിര്‍മ്മാണത്തിന്റെ ഭാഗമായി പൂര്‍ണമായ വഴി അടക്കല്‍ ജനം അപകടത്തിന്‍റെ ട്രാക്കിലേക്ക്,അടിയന്തര ശ്രദ്ധയില്ലെങ്കില്‍ ദുരന്തമാകും. വഴിഅടച്ചതോടെ ഈ പ്രദേശത്തെ ആളുകള്‍ വലിയ ദുരിതമാണ് നേരിട്ടിരുന്നത്.എന്നാല്‍ കാല്‍നടക്കാര്‍ക്കും ബൈക്കുകള്‍ക്കും മറ്റും പോകാനായി ചെറിയ വഴി സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. ഇത് ഇവരുടെ യാത്രാദുരിതത്തെ ചെറിയ തോതില്‍ കുറയ്ക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ഇപ്പോള്‍ യാതൊരു മുന്നറിയിപ്പും ഇല്ലാതെ ഈ പാതയും മാറ്റിയത് പ്രദേശത്ത് വലിയ യാത്രാദുരിതം ഉണ്ടാക്കിയിരിക്കുകയാണ്. ഇവിടെയുള്ള ആളുകള്‍ക്ക് പുറത്തേക്ക് പോകണമെങ്കില്‍ റെയില്‍വേ ട്രാക്കില്‍ കൂടി നടന്ന് പോകേണ്ട സ്ഥിതിയാണ്. നിരന്തരം ട്രെയിന്‍ അപകടങ്ങള്‍ ഉണ്ടാകുന്ന ഈ മേഖല ജനങ്ങളുടെ പേടിസ്വപ്‌നമാണ്. ഇത് വഴിയാണ് ഇപ്പോള്‍ ചെറിയ കുട്ടികള്‍ സ്‌കൂളിലേക്ക് പോലും പോകേണ്ടി വരുന്നത്.വഴി പൂര്‍ണമായി അടയക്കേണ്ട ആവശ്യം ഉണ്ടായിരുന്നില്ലെന്നും ആക്ഷേപമുണ്ട്.

പാലം നിര്‍മ്മാണം പൂര്‍ത്തിയാകുന്നത് വരെ തങ്ങള്‍ എങ്ങനെ പുറംലോകത്തേക്ക് കടക്കാതിരിക്കുമെന്നാണ് ഇവരുടെ ചോദ്യം. റെയില്‍വേ ട്രാക്കും പുഞ്ചയും കായലും കല്ലട ആറും അതിരിടുന്ന മേഖലയില്‍ തങ്ങളുടെ യാത്രാദുരിതം പരിഹരിക്കാന്‍ ബന്ധപ്പെട്ടവര്‍ ഉടന്‍ ഇടപെടണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. കുട്ടികളുടെ സ്‌കൂളിലേക്കുള്ള പോക്കും ജോലിക്ക് പോകേണ്ടവരുടെയും രോഗികളുടെയും മറ്റും ആവശ്യം പരിഗണിച്ച് അടിയന്തര നടപടി എടുത്തേ തീരൂ എന്നും പ്രദേശവാസികള്‍ ആവശ്യപ്പെടുന്നു.

Advertisement