കേരളത്തിലും ഒരുങ്ങുന്നു ഒരു വെറൈറ്റി പാലം…. ഉയര്‍ത്താനും താഴ്ത്താനും കഴിയുന്ന ലിഫ്റ്റ് ബ്രിഡ്ജ് തിരുവനന്തപുരത്ത്

കേരളത്തിലും ഒരുങ്ങുന്നു ഒരു വെറൈറ്റി പാലം. ഉയര്‍ത്താനും താഴ്ത്താനും കഴിയുന്ന ലിഫ്റ്റ് ബ്രിഡ്ജ് പാലം തിരുവനന്തപുരം കരിക്കകത്താണ് യാഥാര്‍ത്ഥ്യമാകുന്നത്. ദേശീയ ജലപാത വികസനത്തിന്റെ ഭാഗമായി പാര്‍വതിപുത്തനാറിന് കുറുകെയാണ് പാലം നിര്‍മിച്ചത്. അഞ്ച് മീറ്റര്‍ വരെ ഉയരത്തിലേക്ക് പാലം ഉയര്‍ത്താന്‍ കഴിയും. ഹൈഡ്രോളിക്, ഇലക്ട്രിക് മോട്ടോറുകള്‍ ഇതിനായി ഉപയോഗിക്കും. ഒരു വര്‍ഷം സമയമെടുത്ത് മൂന്നര കോടി ചെലവഴിച്ചാണ് ലിഫ്റ്റ് ബ്രിഡ്ജ് നിര്‍മിച്ചത്. ഉള്‍നാടന്‍ ജലഗതാഗത വകുപ്പിന്റെ നേതൃത്വത്തിലായിരുന്നു നിര്‍മാണം. ഫെബ്രുവരി 20ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പാലത്തിന്റെ ട്രയല്‍ റണ്‍ പൂര്‍ത്തിയായി.
വിഴിഞ്ഞം പദ്ധതി യാഥാര്‍ത്ഥ്യമായ ശേഷം കൂടുതല്‍ ചരക്ക് നീക്കം ജലമാര്‍ഗം നടത്തേണ്ടിവരും. അതെല്ലാം മുന്നില്‍ക്കണ്ടാണ് ലിഫ്റ്റ് ബ്രിഡ്ജ് കരിക്കകത്ത് നിര്‍മിച്ചത്. ജലഗതാഗതത്തിന് കൂടി ഉപകാരപ്പെടുന്ന വിധത്തില്‍ ആംഫീബിയന്‍ രീതിയിലാണ് ലിഫ്റ്റ് ബ്രിഡ്ജിന്റെ നിര്‍മാണം. ബസ്, ചരക്കുലോറി ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്ക് കയറാന്‍ കഴിയും.

Advertisement