ഒരു വട്ടം കൂടി കവിയുടെ ഓര്‍മ്മകള്‍ മേയുന്ന തിരുമുറ്റത്ത് പിന്മുറക്കാരെത്തി, സ്മരണകളുടെ നെല്ലിമരം കുലുക്കി അത് കടന്നുപോയി. കടിഞ്ഞൂല്‍പ്രണയകഥയും ഉപ്പും അക്ഷരവും സര്‍ഗസംഗീതവും ഗോതമ്പുമണികളും അലകളുയര്‍ത്തിയ സായന്തനമായിരുന്നു അത്. കേരള സര്‍വകലാശാല ഒരുക്കിയ ഒഎന്‍വി സ്മരണ

ചവറ. അരികുവല്‍ക്കരിക്കപ്പെട്ട എല്ലാവരോടും കവിതകളിലൂടെ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച ഒഎന്‍വിയും സച്ചിദാനന്ദനും മലയാളത്തിന്റെ ബ്രാന്‍ഡ് അംബാസിഡര്‍മാരാണെന്ന് മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു.

കവി ഒഎന്‍വി കുറുപ്പിന്റെ സ്മരണാര്‍ഥം കേരള സര്‍വകലാശാല ഏര്‍പ്പെടുത്തിയ 2020 െസാഹിത്യ പുരസ്‌കാരം കവി സച്ചിദാനന്ദന് സമര്‍പ്പിക്കുകയായിരുന്നു അവര്‍. കേരള സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ.വി പി മഹാദേവന്‍പിള്ള അധ്യക്ഷനായി. സാംസ്‌കാരിക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനും നടനും സംവിധായകനുമായ മധുപാല്‍ ഒഎന്‍വി അനുസ്മരണ പ്രഭാഷണം നടത്തി. കേരള സര്‍വകലാശാല പ്രോ വൈസ് ചാന്‍സിലര്‍ പ്രഫ. പിപി അജയകുമാര്‍ ഉപഹാര സമര്‍പ്പണം നടത്തി.

സുജിത് വിജയന്‍പിള്ള എംഎല്‍എ, സിന്‍ഡിക്കേറ്റ് അംഗങ്ങളായ ഡോ. നജീബ്,ജി.മുരളീധരന്‍,രഞ്ജു സുരേഷ്,കെഎച്ച് ബാബുജാന്‍, എ അജിത്കുമാര്‍,പ്രഫ.കെ ജി ഗോപ്ചന്ദ്രന്‍, ജെ ജയരാജന്‍,ആര്‍ അരുണ്‍കുമാര്‍,ഡോ കെബി മനോജ്, പുരസ്‌കാര നിര്‍ണയ സമിതി ചെയര്‍മാന്‍ പ്രഫ. ദേശമംഗലം രാമകൃഷ്ണന്‍,കവി ചവറ കെഎസ് പിള്ള, ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്‌റ് സന്തോഷ് തുപ്പാശേരി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്‌റ് കെ.എസ് ഉഷാകുമാരി,കേരള സര്‍വകലാശാല മലയാള വിഭാഗം മേധാവി ഡോ. സീമജെറോം ,റജിസ്ട്രാര്‍ ഡോ.കെഎസ് അനില്‍കുമാര്‍, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി വിജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചുൂ. ഒഎന്‍വി സംഗീതാര്‍ച്ചനയും നടന്നു.