പുനലൂർ – ചെങ്കോട്ട പാതയിൽ വൈദ്യുതീകരണം നാളെമുതൽ

പുനലൂർ: നീണ്ട കാത്തിരിപ്പിനൊടുവിൽ പുനലൂർ – ചെങ്കോട്ട റെയിൽപ്പാതയിൽ കേരളത്തിൽനിന്നുള്ള വൈദ്യുതീകരണം ആരംഭിക്കുന്നു.

ഇതിന്റെ ഭാഗമായി ഇടമണിൽ ഭൂമിപൂജ നടത്തി. തിങ്കൾ മുതൽ പ്രവർത്തനങ്ങൾ ആരംഭിക്കും. ഏപ്രിൽ മുതൽ തമിഴ്‌നാട്ടിലെ ചൊങ്കോട്ടയ്‌ക്കും ഭഗവതിപുരത്തിനും ഇടയിൽ വൈദ്യുതീകരണ പ്രവൃത്തി ആരംഭിച്ചിരുന്നു. ഇവിടെ വൈദ്യുതിതൂണുകൾ സ്ഥാപിക്കുകയാണ്‌. ഒരേസമയം കേരളത്തിൽനിന്നും തമിഴ്‌നാട്ടിൽനിന്നും പണി നടക്കുന്നതിനാൽ കൂടുതൽ വേഗത കൈവരും.

പുനലൂർ – ചെങ്കോട്ട പാതയുടെ വൈദ്യുതീകരണത്തിന് 61.32 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. 2023 ഫെബ്രുവരിയിൽ പ്രവൃത്തി പൂർത്തിയാക്കാനാണ് റെയിൽവേ ലക്ഷ്യമിടുന്നത്. പശ്ചിമഘട്ടത്തിൽ ഉൾപ്പെട്ടതിനാലും നിരവധി തുരങ്കങ്ങളും പാലങ്ങളും ഉൾപ്പെടുന്നതിനാലും ഇത്‌ വെല്ലുവിളിയാണ്‌. അതേസമയം രണ്ടുമാസം മുമ്പ് വൈദ്യുതീകരണം പൂർത്തിയാക്കി സുരക്ഷാകമ്മീഷണറുടെ അനുമതി ലഭിച്ച പുനലൂർ – കൊല്ലം പാതയിൽ എന്നു മുതലാണ് ഇലക്‌ട്രിക് എൻജിൻ ഓടുകയെന്നത്‌ റെയിൽവേ വ്യക്തമാക്കിയിട്ടില്ല.

Advertisement